► Kerala Friends ◄ പാണിയേലി പോരിലേക്ക് ഒരു യാത്ര...


റണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ പട്ടണത്തിനടുത്തുള്ള പാണിയേലി പോരിലേക്കുള്ള എന്റെ ഈ യാത്രക്ക് കൂട്ടിനായി സുഹൃത്തുക്കള്‍ പലരെയും വിളിച്ചു. പക്ഷെ സ്ഥലത്തിന്റെ പേര് കേട്ടപ്പോള്‍ ആരും വന്നില്ല . കാരണം ഒരാഴ്ച മുന്‍പ് ഭൂതത്താന്‍ കെട്ട് ഡാം മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതും, പാണിയേലി പോരിലെ പുഴയില്‍ വെള്ളം പൊങ്ങി പാറപ്പുറത്ത് കുടുങ്ങിയ സഞ്ചാരികളെ വടം കെട്ടി അതിലൂടെ രക്ഷിച്ചതും മറ്റും എല്ലാവരും വായിച്ചിരുന്നു. പിന്നെ കുറെ പേര്‍ പലപ്പോഴായി അപകടത്തില്‍ പെട്ട് മരിച്ചിട്ടുണ്ടെന്നും പോര് അപകടകരമായ സ്ഥലമാണ് എന്നും ഈ യാത്രക്ക് മുന്‍പേ പല തവണ അവര്‍ കേട്ടിരുന്നു. അതിരപ്പിള്ളി - വാഴച്ചാലില്‍ നൂറോളം പേര്‍ ഇതുവരെ മരിച്ചിട്ടുണ്ടെന്നും എന്നിട്ടും ആളുകള്‍ അവിടെ പോകുന്നില്ലേ എന്നും മറ്റും ഞാന്‍ പറഞ്ഞു നോക്കി. ഒരു രക്ഷയും ഇല്ല - ആരും വരാന്‍ സമ്മതം മൂളിയില്ല. പക്ഷേ ഇത്തരം ഭയത്തിന്റെ പേരും പറഞ്ഞു വീട്ടിലിരിക്കാന്‍ എന്റെ മനസ്സ് അനുവദിക്കുന്നുമില്ല. അവസാനം ഞാന്‍ ഭാര്യയെയും ഒന്നരയും നാലരയും വയസുള്ള കുട്ടികളെയും കൂട്ടി മറ്റാരോടും പറയാതെ എറണാകുളത്തു നിന്നും ബൈക്കില്‍ പാണിയേലി പോരിലേക്കുള്ള യാത്ര പുറപ്പെട്ടു. 



എറണാകുളത്തു നിന്നും ഏകദേശം അമ്പതു കിലോമീറ്റര്‍ ദൂരത്തിലാണ് പാണിയേലി പോര് . ആലുവ - പെരുമ്പാവൂര്‍ - വല്ലം - കോടനാട് വഴിയാണ് ഞങള്‍ പാണിയേലി പോരിലേക്ക് പോകാന്‍ തിരഞ്ഞെടുത്തത് . പെരുമ്പാവൂരില്‍ നിന്നും കുറുപ്പമ്പടി, മനക്കപ്പടി,വേങ്ങൂര്‍, വഴി വേറെ ഒരു റൂട്ട് ഉണ്ട് എന്നും അഞ്ചു കിലോമീറ്റര്‍ ലാഭമാണ് ആ വഴി എന്നും കേട്ടിരുന്നു. പക്ഷെ പരീക്ഷിക്കാന്‍ പോയില്ല. അറിയാത്ത വഴി ചോദിച്ചു പതുക്കെ പോകുന്നതിനേക്കാള്‍ നല്ലത് അറിയുന്ന വഴിയിലൂടെ വേഗത്തില്‍ പോകുന്നതാണ് എന്ന് തോന്നി. അടുത്തിടെ ടാര്‍ ചെയ്ത നല്ല റോഡുകള്‍ ഞങ്ങളുടെ യാത്രക്ക് പിന്തുണയേകി. 

പാണിയേലി പോരിനു പത്തു കിലോമീറ്റര്‍ മുന്‍പാണ് പ്രശസ്ഥമായ കോടനാട് ആന വളര്‍ത്തല്‍ കേന്ദ്രം. അതിന്റെ ഭാഗമായി കുറച്ചു മൃഗങ്ങളുമായി ഒരു മൃഗശാലയും , ഒരു പാര്‍ക്കും ഉണ്ട് . അതിലെ മൃഗങ്ങളെ കൂടുതല്‍ സൌകര്യത്തിൽ‍, സ്വാഭാവിക വനത്തിന്റെ അന്തരീക്ഷത്തില്‍ മാറ്റി പാര്‍പ്പിക്കാനായി കോടനാടിനു രണ്ടു കിലോമീറ്റര്‍ അകലെ കപ്രിക്കാട്ട് എന്ന സ്ടലത്ത് അഭയാരണ്യം എന്ന പേരില്‍ ഒരു മൃഗശാലയും അടുത്തിടെ തുടങ്ങിയിട്ടുണ്ട് . മുന്‍പ് കണ്ടിട്ടുള്ളതായത് കൊണ്ട് അവിടെയെങ്ങും കയറാതെയാണ് ഞങള്‍ പോരിലെത്തിയത് .



പോരിലെത്തുന്നതിനു കുറച്ചു മുന്‍പ് റോഡരികില്‍ ആണ് ടിക്കറ്റ്‌ കൌണ്ടര്‍. പത്തു രൂപയാണ് ഒരാള്‍ക്ക് ടിക്കറ്റ്‌ നിരക്ക് , ബൈക്കിനു അഞ്ചു രൂപയും. അവിടെ നിന്നും ടിക്കറ്റ്‌ എടുത്തു വീണ്ടും വണ്ടിയില്‍ മുന്നൂറു മീറ്റര്‍ പോയാലാണ് പോരിന്റെ പ്രവേശന കവാടത്തില്‍ എത്തുക . വനശ്രീ പ്രവര്‍ത്തകരായ സ്ത്രീകള്‍ ആണ് ടിക്കറ്റ്‌ പരിശോധിച്ച് ആളുകളെ കടത്തിവിടുന്നത് . സംശയം തോന്നുന്ന ചിലരുടെ ബാഗുകള്‍ അവര്‍ പരിശോധിക്കുന്നുമുണ്ട് . യാത്രകള്‍ക്ക് ആവേശം പകരാനുള്ള "കുപ്പികള്‍ " ഉണ്ടോ എന്നതാണ് പരിശോധനയുടെ മുഖ്യ ഉദ്യേശം . അവിടെ നടന്ന പല മരണങ്ങളുടെയും പിന്നില്‍ മദ്യപാനമായിരുന്നു കാരണക്കാരന്‍ എന്ന സത്യം അവര്‍ മനസ്സിലാക്കിയത് കൊണ്ടാണ് അടുത്ത കാലത്തായി ഈ ശക്തമായ പരിശോധന എന്ന് അറിയാന്‍ കഴിഞ്ഞു. 

ഒരു ആവേശത്തിന് യാത്ര പുറപ്പെട്ടുവെങ്കിലും ഭാര്യയെയും രണ്ടു ചെറിയ കുട്ടികളെയും കൊണ്ട് അറിയാത്ത ഒരു കാട് കയറുന്നത് മണ്ടത്തരമല്ലേ എന്ന ഒരു ചോദ്യം മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ വണ്ടി പാര്‍ക്ക് ചെയ്യുന്നിടത്ത് കുറെ വണ്ടികളേയും കുടുംബങ്ങളെയും കണ്ടപ്പോള്‍ ആശ്വാസമായി. ഈ യാത്രയില്‍ ഞങ്ങള്‍ തനിച്ചല്ലല്ലോ എന്ന അറിവ് അമ്പതിലേറെ കിലോമീറ്റര്‍ നീണ്ട യാത്രയുടെ ക്ഷീണം മാറ്റാനും യാത്രതുടരാനും ഉള്ള ആവേശം തന്നു എന്നതാണ് സത്യം .



പാണിയേലി പോരിന്റെ പ്രധാന ആകര്‍ഷണം പെരിയാര്‍ നദിയാണ്. മനുഷ്യവാസം അധികമില്ലാത്ത കാട്ടില്‍ നിന്നും ഒഴുകിവരുന്ന പെരിയാര്‍ നദിയിലെ വെള്ളം പാറക്കൂട്ടങ്ങളില്‍ തട്ടി പോരടിച്ചു ശബ്ദം ഉണ്ടാക്കുന്നതുകൊണ്ടാണ് ഈ സ്ഥലത്തിനു പാണിയേലി പോര് എന്ന പേര് വന്നത് കേട്ട് കേള്‍വിയുണ്ട് . കാട്ടിലെ വഴിയിലൂടെ നടന്ന് പെരിയാര്‍ നദിയെയും കണ്ട് ആ വെള്ളത്തില്‍ കളിച്ചുല്ലസിക്കാനാണ് മുഖ്യമായും ആളുകള്‍ ഇവിടെ എത്തുന്നത് . 

പോരിന്റെ മുഖ്യ കവാടത്തില്‍ നിന്നും ഏകദേശം മുന്നൂറു മീറ്റര്‍ ദൂരം കാട്ടിലൂടെ, പെരിയാരിനരുകിലൂടെ നടക്കാനായി നടപ്പാത ഒരുക്കിയിട്ടുണ്ട് . ഈ പാതയുടെ അവസാനത്തിലായി ഒരു ഏറുമാടവും മുള കൊണ്ടുള്ള ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട് . അത് കഴിഞ്ഞു നടന്നാല്‍ പിന്നെ പൂര്‍ണമായും കാടാണ് . ആ കാട്ടിലൂടെ, വെള്ളം കവിഞ്ഞൊഴുകുന്ന പാറകള്‍ക്കിടയിലൂടെ പെരിയാറിന്റെ ചെറിയ കൈവഴികളെ പലതവണ മുറിച്ചു കടന്നാല്‍ ഒരു വെള്ളച്ചാട്ടം കാണാം.



വേനല്‍ക്കാലമായതിനാല്‍ പുഴയില്‍ വെള്ളം കുറവായിരുന്നു. എന്നിട്ടും ആ വെള്ളത്തിന്റെ, ഒഴുക്കിന്റെ ശക്തി മനസ്സിലാക്കിയത് പുഴ മുറിച്ചു കടന്നപ്പോള്‍ ആണ് . കാല്‍ മുട്ട് വരെ മാത്രമേ വെള്ളം ഉള്ളൂ, എന്നിട്ട് പോലും നമ്മളെ അകലേക്ക്‌ ഒഴുക്കികൊണ്ടുപോകുമോ എന്ന് ഭയപ്പെടുത്തുന്ന ശക്തിയിലാണ് പുഴയോഴുകുന്നത് . ആ ചെറിയ പുഴ മുറിച്ചു കടക്കാതെ വെള്ളചാട്ടത്തിനരുകില്‍ എത്താന്‍ വേറെ മാര്‍ഗം ഒന്നും കണ്ടില്ല.വഴി ചോദിക്കാന്‍ വേറെ ആരെയും അടുത്തു കാണാനുമില്ല. ഞാന്‍ മാത്രം ആദ്യം ഇറങ്ങി പുഴയില്‍ വലിയ കുഴികള്‍ ഇല്ല എന്നും മറ്റു അപകടങ്ങള്‍ ഇല്ല എന്നും ഉറപ്പു വരുത്തി. പിന്നെ ഭാര്യയെയും മക്കളെയും ചേര്‍ത്ത് പിടിച്ചു പതുക്കെ പതുക്കെ വെള്ളത്തിലൂടെ പുഴയെ മുറിച്ചു കടന്നു. ഇതിനിടയില്‍ എതിരെയുള്ള കാട്ടില്‍ നിന്നും വന്ന ഒരു ചേട്ടന്‍ ഞങ്ങളുടെ കഷ്ടപ്പാട് കണ്ടു അപ്പുറത്ത് ഒരു മുള കൊണ്ടുള്ള പാലം ഉണ്ട് എന്നും അതിലൂടെ കടക്കമായിരുന്നില്ലേ എന്നും ചോദിച്ചു . "തിരിച്ചു വരുമ്പോള്‍ പാലത്തിലൂടെ കടക്കാം എന്ന് വിചാരിച്ചാണ്. പുഴ മുറിച്ചു കടക്കുന്നതിന്റെ രസം പാലത്തിലൂടെ നടന്നാല്‍ കിട്ടില്ലല്ലോ ചേട്ടാ" ...എന്ന് മാത്രം പറഞ്ഞു ചമ്മല്‍ പുറത്തു കാണിക്കാതെ വീണ്ടും നടന്നു. 



നടക്കുന്ന വഴിയില്‍ പാറകള്‍ക്കിടയില്‍ ചെറുതും വലുതും ആയ ഒരു പാട് കുഴികള്‍ കണ്ടു. പോരിനെ ഒരു അപകടകാരിയാക്കുന്നത് ഈ കുഴികള്‍ ആണ്.  ചിലത് വളരെ ആഴത്തിലും വീതിയിലും ഉള്ളതായിരുന്നു. നല്ല മഴക്കാലത്ത് ഈ പുഴയുടെ ഒഴുക്കില്‍ പെട്ടാല്‍ ചിലപ്പോള്‍ ആളുടെ ശരീരം ഈ കുഴികളില്‍ കുടുങ്ങിയിരിക്കും അത്രേ. അങ്ങിനെ വന്നാല്‍ ശവശരീരം പോലും കിട്ടാന്‍ ബുദ്ധിമുട്ടാകും എന്നാണ് കേട്ടിരിക്കുന്നത്. 

വേനലായതുകൊണ്ട് ഒഴുക്കില്‍ പെട്ട് അപകടം ഉണ്ടാകാന്‍ സാദ്ധ്യത വളരെ കുറവാണ് എന്നറിയാമായിരുന്നു, എന്നാല്‍ എവിടെയെങ്കിലും കാല്‍ വഴുതി വീണാല്‍ പാറകളില്‍ തലയടിച്ചു അപകടം ഉറപ്പാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചു ഓരോ ചുവടും വെച്ചു. എങ്കിലും ആ നടപ്പ് വളരെ രസകരമായി തോന്നി . ഒരു പാറയില്‍ നിന്നും മറ്റൊരു പാറയിലേക്ക്‌ ചാടുകയും ചിലയിടങ്ങളില്‍ വെള്ളത്തില്‍ ഇറങ്ങുകയും കയറുകയും ചെയ്യുന്നത് എന്നെപ്പോലെ തന്നെ മകനും ഭാര്യക്കും ഇഷ്ടപ്പെട്ടു എന്ന് അവരില്‍ നിന്നും മനസ്സിലായി. നല്ല സ്ഥലങ്ങളില്‍ നിന്ന് ഫോട്ടോയെടുത്തു പതുക്കെ പതുക്കെ ആയിരുന്നു യാത്ര.



മറ്റൊരു കാര്യവും ശ്രദ്ധയില്‍ പെട്ടു. കുടുംബമായി വരുന്നവര്‍ ആരും പുഴ മുറിച്ചു കടന്ന് ഈ പാറക്കൂട്ടങ്ങളിലൂടെ നടന്നു വെള്ളച്ചാട്ടത്തിനരുകിലേക്ക് വരുന്നില്ല എന്നത് . അത് കൊണ്ട് തന്നെ അവിടെ ആളുകള്‍ വളരെ കുറവായിരുന്നു. പലയിടങ്ങളിലായി ഏകദേശം പത്തോളം പേര്‍ മാത്രം. പക്ഷെ ഇവിടെ വരെ വന്നിട്ട് ആ വെള്ളച്ചാട്ടം കാണാതെ മടങ്ങുക എന്നത് എനിക്ക് ചിന്തിക്കാനാവാത്ത കാര്യമായിരുന്നു. മറ്റൊന്നും ആലോചിക്കാതെ പാറക്കൂട്ടങ്ങളിലൂടെ യാത്ര തുടര്‍ന്ന് ഒടുവില്‍ പ്രധാന പുഴയിലെ വെള്ളച്ചാട്ടത്തിനരുകില്‍ എത്തി. 


വേനല്‍ക്കാലമായതിനാല്‍ പറഞ്ഞു കേട്ട പോലെ ഒരു വലിയ വെള്ളച്ചാട്ടം ഒന്നും അവിടെ ഉണ്ടായിരുന്നില്ല. എങ്കിലും കാട്ടില്‍ നിന്നും വെള്ളം ഒഴുകി വന്നു മുകളിലെ പാറക്കൂട്ടങ്ങളില്‍ നിന്നും അല്പം താഴെയുള്ള പാറകളില്‍ പതിക്കുന്ന കാഴ്ച കണ്ണിനും മനസ്സിനും കുളിര്‍മ്മയേകി . മഴക്കാലത്തു മാത്രമേ ഈ വെള്ളച്ചാട്ടത്തെ അതിന്റെ പൂര്‍ണ രൂപത്തില്‍ ആസ്വദിക്കാന്‍ കഴിയൂ. എന്നാല്‍ അപകടകാരിയായ പുഴയേയും പാറകള്‍ക്കിടയിലെ ചതിക്കുഴികളെയും മറികടന്നു ഇവിടെ എത്തുക ഒരു പക്ഷേ അസാദ്ധ്യം ആയിരിക്കും. 


കാട്ടിനുള്ളില്‍ നിന്നും ഒഴുകി വരുന്ന വെള്ളത്തിനു നല്ല തണുപ്പായിരുന്നു. കുട്ടികളെ ഭാര്യയെ ഏല്‍പ്പിച്ചു വെള്ളച്ചാട്ടത്തിനു അല്പം മാറി പുഴയില്‍ മുങ്ങിക്കിടന്നു. മനസ്സിനെയും ശരീരത്തെയും തണുപ്പിച്ചു കൊണ്ട് പോരിലെ വെള്ളം എന്നിലൂടെയും പതഞ്ഞൊഴുകി. 



പെരുമ്പാവൂര്‍ പട്ടണം കഴിഞ്ഞാല്‍ നല്ല ഹോട്ടെലുകള്‍ ഒന്നും ഇല്ല. ഉള്ള സ്ഥലങ്ങളില്‍ എല്ലാ സമയത്തും ഭക്ഷണം കിട്ടുമെന്ന് ഉറപ്പും ഇല്ലാത്തതിനാല്‍ വീട്ടില്‍ നിന്നും ഭക്ഷണവും വെള്ളവും കൊണ്ട് വന്നിരുന്നു. അതും കഴിച്ചു കുടുംബവുമായി കുളിക്കാനിറങ്ങി. സാധാരണ ഇത്തരം സ്ഥലങ്ങളില്‍ കൂട്ടം കൂടിയിരുന്നു മദ്യപിക്കുന്ന ആളുകളെയൊന്നും അവിടെ കണ്ടില്ല എന്നത് വല്ലാത്ത ഒരു ആശ്വാസം തന്നെ ആയിരുന്നു. പ്രവേശന കവാടത്തിലെ പരിശോധനയുടെ ഫലമായിരുന്നു അത്. 

ആളുകളുടെ തുറിച്ചു നോട്ടങ്ങളില്ലാതെ, മറ്റു ചിന്തകളില്ലാതെ ഒരു പാട് സമയം ഭാര്യയും കുട്ടികളുമായി കുളിച്ചും കളിച്ചും സമയം ചിലവഴിച്ചു. കളികള്‍ക്കിടയില്‍ മക്കള്‍ രണ്ടുപേരും പുഴയിലെ വെള്ളം ആവശ്യത്തിലധികം കുടിക്കുന്നുണ്ടായിരുന്നു. മിനറല്‍ വാട്ടരിനെക്കാള്‍ പരിശുദ്ധമായ ഈ പുഴയിലെ വെള്ളം അവര്‍ക്ക് അസുഖം വരുത്തില്ല എന്ന് ഉറപ്പായതിനാല്‍ ഞാന്‍ അത് തടയാന്‍ ശ്രമിച്ചതുമില്ല.



മടക്കയാത്രയില്‍ പോരിലെത്തുന്ന ആളുകള്‍ക്ക് സംരക്ഷണത്തിനായി നില്‍ക്കുന്ന ഒരു ഗാര്‍ഡ് ചേട്ടനെ പരിചയപ്പെട്ടു. കാടുകളെയും പുഴകളെയും ഒരു പാട് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോള്‍ പാണിയേലി പോരില്‍ നിന്നും ഭൂതത്താന്‍ കെട്ട് ഡാം വരെ കാട്ടിലൂടെ പതിനാലു കിലോമീറ്റര്‍ ദൂരത്തില്‍ സാഹസിക യാത്രക്ക് പറ്റിയ ഒരു ട്രെക്കിംഗ് റൂട്ട് ഉണ്ട് എന്നും പത്തുപേരെങ്കിലും ഉള്ള ടീം ആയി ഇവിടെ നിന്നും ട്രെക്കിംഗ് നടത്താറുണ്ടെന്നും അയാള്‍ പറഞ്ഞു തന്നു.വന്യ മൃഗങ്ങളെയും കണ്ടു കാട്ടിലൂടെ പുഴകള്‍ കടന്നുള്ള ആ യാത്ര വളരെ സാഹസികവും രസകരവും ആണ് എന്ന് അയാള്‍ കൂട്ടിച്ചേര്‍ത്തു . ഒരു പുതിയ യാത്രക്ക് പറ്റിയ അറിവ് പകര്‍ന്ന ചേട്ടന് നന്ദിയും പറഞ്ഞു തിരിച്ചു നടന്നു.



സമയം അഞ്ചരയായി. വന്ന പോലെ തന്നെ മടക്കയാത്രയില്‍ വളരെ ശ്രദ്ധിച്ചത് കൊണ്ട് ആര്‍ക്കും ഒരപകടവും കൂടാതെ തിരിച്ചു പുഴയരുകിലെ നടപ്പാതയിലെത്തി. മനസ്സില്ലാ മനസ്സോടെ പോരിനോട് യാത്ര പറഞ്ഞു. കാട്ടില്‍ നിന്നും വരുന്ന തണുത്ത കാറ്റും കൊണ്ട് , കാടിന്റെയും പുഴയുടെയും സംഗീതവും കേട്ട് , ഒരു കയ്യില്‍ മകനെയും മറു കയ്യില്‍ ഭാര്യയെയും ചേര്‍ത്ത് പിടിച്ചു നടന്നപ്പോള്‍ മനസ്സില്‍ ആലോചിച്ചിരുന്നത് സുഹൃത്തുക്കളെ കുറിച്ചായിരുന്നു. അവരോടു പോരിനെ കുറിച്ചു പറയണം, ഫോട്ടോ കാണിച്ചു കൊടുക്കണം, നമ്മള്‍ സൂക്ഷിച്ചാല്‍ പോര് അപകടകാരിയാവില്ലെന്നും അവരെ ബോദ്ധ്യപ്പെടുത്തണം . എന്നിട്ട് ജീവിതത്തിലെ മറക്കാനാവാത്ത ഒരു ദിവസം തന്ന ഈ പോരില്‍ അവരോടൊത്ത് വീണ്ടും ഒരു ദിവസ്സം ചിലവഴിക്കണം. 

ഇത്തരം യാത്രകളും സൌഹൃദങ്ങളും ഇല്ലെങ്കില്‍ പിന്നെ എന്തിനാണ് എനിക്കീ ജീവിതം ?
 
സസ്നേഹം 
മധു മാമന്‍ 
എന്റെ ഈ യാത്ര ഇഷ്ടപ്പെട്ടുവെങ്കില്‍ കൂടുതല്‍ യാത്രകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക ..മധു മാമന്റെ യാത്രകള്‍ ...

--
For ALL Rain Lover's - http://www.youtube.com/watch?v=vPpgRKyHm_0
 
ഈ പേജ് ഒന്ന് ലൈക്ക് ( LIKE ) ചെയ്യണേ IN FACE BOOK ( Online Kerala Friends Group Member pages,Friends Pls Click Like,Pls Promote )
 
( In Face Book ) http://www.facebook.com/pages/Biyon/160856410643221

http://www.facebook.com/pages/Mahadeven-Thampy/150549765016729

 
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml