[www.keralites.net] വാട്ട് ആന്‍ ഐഡിയ!

 

വാട്ട് ആന്‍ ഐഡിയ!

Fun & Info @ Keralites.net


ഏതാനും വര്‍ഷം മുന്‍പ്, കൊച്ചിയിലെ ഫിസാറ്റില്‍ നിന്ന് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് പൂര്‍ത്തിയാക്കിയ നെല്‍വിന്‍ ജോസഫ് എന്ന തൃപ്പൂണിത്തുറക്കാരന്‍ ഒരു ഐഡിയ പറഞ്ഞു; കൂട്ടുകാരോടും വീട്ടുകാരോടും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ വീടുകളിലേയും ഓഫീസുകളിലേയും വൈദ്യുതി ലാഭിക്കാനുള്ള സാങ്കേതിക വിദ്യയെപ്പറ്റിയാണ് അവന്‍ പറഞ്ഞത്. കേട്ടവര്‍ കേട്ടവര്‍ അവനെ കളിയാക്കി ചിരിച്ചു: 'എന്‍ജിനീയറിങ് കഴിഞ്ഞതോടെ വട്ടായോ...?'

പഠിച്ചിറങ്ങുമ്പോള്‍ ബിസിനസ് തുടങ്ങണമെന്ന സ്വപ്‌നം ഉപേക്ഷിച്ച് അവന്‍ ബാംഗ്ലൂര്‍ക്ക് വണ്ടികയറി. അവിടെ ഒരു അന്താരാഷ്ട്ര ഐടി കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍ തലയ്ക്കകം മുഴുവന്‍ തന്റെ ഐഡിയ വികസിച്ചുവികസിച്ചുവരികയായിരുന്നു. അവന് ഇരുപ്പുറച്ചില്ല. മൂന്ന് മാസത്തിനുള്ളില്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങി. ഇതിനിടെ തന്റെ ഐഡിയ കേട്ട് നിതിന്‍, സഞ്ജയ്, അവിനാശ് എന്നീ സുഹൃത്തുക്കളെത്തി. വലിയ താമസമില്ലാതെ 2008 ആഗസ്തില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തു, 'ആര്‍ട്ടിന്‍ ഡൈനാമിക്‌സ്'.

ഇന്‍ക്യുബേഷന്‍ സൗകര്യത്തിനായി തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിനെ ഇതിനിടെ അവര്‍ സമീപിച്ചു. 20 ദിവസം കൊണ്ട് ടെക്‌നോപാര്‍ക്കില്‍ ഓഫീസ് റെഡി. അവിടെ നിന്ന് അവര്‍ക്ക് ഇതുവരെ താഴേക്ക് നോക്കേണ്ടി വന്നില്ല. കമ്പ്യൂട്ടര്‍, പ്രിന്റര്‍, കോപിയര്‍, ഫാക്‌സ് തുടങ്ങിയ ഉപകരണങ്ങളുടെ പാഴായി പോകുന്ന വൈദ്യുതി 30-35 ശതമാനം വരെ ലാഭിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവര്‍ വികസിപ്പിച്ചത്. 'ഐഡിയ ക്ലിക്ഡ്'.

10 ലക്ഷം രൂപ മൂലധവുമായി തുടങ്ങിയ കമ്പനി രണ്ടാമത്തെ വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 60 ലക്ഷം രൂപയാണ് വിറ്റുവരവ് പ്രതീക്ഷിക്കുന്നത്. ലാഭം റീ ഇന്‍വെസ്റ്റ് ചെയ്ത് കൂടുതല്‍ നേട്ടമുണ്ടാക്കുകയാണ് ഈ ചെറുപ്പക്കാര്‍. ടെക്‌നോപാര്‍ക്കില്‍ നാല് സീറ്റ് ഓഫീസ് സ്‌പേസില്‍ പ്രവര്‍ത്തനം തുടങ്ങിയ ആര്‍ട്ടിന്‍ ഡൈനാമിക്‌സിന് ഇപ്പോള്‍ 26 ജീവനക്കാരുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

*****
പാലക്കാട് അല്‍ അമീന്‍ എന്‍ജിനീയറിങ് കോളേജിലെ അവസാന വര്‍ഷ ബിടെക്ക് (ഇലക്ട്രിക്കല്‍) വിദ്യാര്‍ഥിയായ അധീഷ് തലേക്കരയുടെ മനസ്സില്‍ നാളെയുടെ കമ്യൂണിക്കേഷന്‍ വിപ്ലവമെന്ന് വിശേഷിപ്പിക്കുന്ന ഒരു ബിസിനസ് ഐഡിയയുണ്ട്. ബ്ലുടൂത്ത് അധിഷ്ഠിത ചാനല്‍.

എന്നാല്‍ ഇതെപ്പറ്റി പറഞ്ഞപ്പോള്‍ ആരും അവനെ കളിയാക്കി ചിരിച്ചില്ല. തന്റെ കൂട്ടുകാരുമൊത്ത് ഈയിടെ കൊച്ചിയില്‍ നടന്ന ഒരു പരിപാടിയില്‍ തന്റെ ബിസിനസ് ഐഡിയ അവതരിപ്പിച്ചപ്പോള്‍ സദസ്സില്‍ നിന്ന് നിര്‍ത്താത്ത കൈയടി. അവനും കൂട്ടുകാര്‍ക്കും ആത്മവിശ്വാസം വര്‍ധിച്ചു. ഇവരുടെ കമ്പനിക്ക് ഇന്‍ക്യുബേഷന്‍ സൗകര്യമൊരുക്കാന്‍ കൊച്ചിയിലെ ഇന്നോവേഷന്‍ ലാബ് മുന്നോട്ടു വന്നിട്ടുണ്ട്.

*****
ടെക് ലോകത്ത് പുതിയ പുതിയ ഐഡിയകള്‍ക്കാണ് വില. ഒരു കാലത്ത് പുതിയ ബിസിനസ് ഐഡിയകളുമായി സിലികോണ്‍ വാലിയിലേക്ക് വണ്ടികയറിയിരുന്ന മലയാളി യുവത്വത്തിന് ഇപ്പോള്‍ കേരളത്തില്‍ തന്നെ തന്റെ ഐഡിയ ഡെവലപ് ചെയ്ത് വലിയ 'ബിസിനസ് സംഭവ'മാക്കാനുള്ള സൗകര്യമുണ്ട്. ഇന്‍ക്യുബേഷന്‍ സെന്ററുകളാണ് ഇതിന് അവസരമൊരുക്കുന്നത്.


എന്താണ് ഈ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ?


തള്ളക്കോഴി മുട്ട വിരിയിച്ച് കുഞ്ഞിനെ ചിറകിനടിയില്‍ സൂക്ഷിച്ചു, ഭക്ഷണം തേടാനും മറ്റുള്ള ജീവികളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും പഠിപ്പിച്ച്, അവരെ സ്വയം പര്യാപ്തരാക്കുന്ന അതേ മോഡല്‍ തന്നെയാണ് ഇന്‍ക്യുബേഷന്‍ സെന്ററുകളും ചെയ്യുന്നത്. വളര്‍ച്ചാ സാധ്യതയുള്ള ബിസിനിസ് ഐഡിയകള്‍ ഡെവലപ് ചെയ്ത് മികച്ച ബിസിനസ് സംരംഭങ്ങളാക്കി മാറ്റാന്‍ അവസരമൊരുക്കുന്നു ഇത്തരം ഇന്‍ക്യുബേഷന്‍ സെന്ററുകള്‍.

തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്ക്, കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) എന്നിവിടങ്ങളിലാണ് ടെക്‌നോളജി ഇന്‍ക്യുബേഷന്‍ സെന്ററുകളുള്ളത്. ഈയിടെ കൊച്ചിയില്‍ ഇന്നോവേഷന്‍ ലാബ് എന്ന ഇന്‍ക്യുബേഷന്‍ സെന്ററും ആരംഭിച്ചിട്ടുണ്ട്. ഐടി, ടെക്‌നോളജി, ടെലികോം തുടങ്ങി വിവരാധിഷ്ഠിത ബിസിനസ്സുകള്‍ക്കുള്ള സൗകര്യമാണ് ഇത്തരം ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ ഒരുക്കുന്നത്.

ഭാവിസാധ്യതയുള്ള ബിസിനസ് ഐഡിയകളുമായി എത്തുന്ന ചെറുപ്പക്കാര്‍ക്ക് കമ്പനി തുടങ്ങാന്‍ ഓഫീസ് സ്‌പേസ് നല്‍കുകയും വളരാന്‍ ആവശ്യമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയുമാണ് ഇന്‍ക്യുബേറ്ററുകള്‍. നിശ്ചിത കാലയളവിലേക്ക് തുച്ഛമായ വാടകയ്‌ക്കോ ഓഹരിപങ്കാളിത്തത്തിലോ ആണ് ഓഫീസ് സ്‌പേസ് നല്‍കുക.


ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ നല്‍കുന്ന സേവനങ്ങള്‍


വളരെ കുറഞ്ഞ മുതല്‍മുടക്കില്‍ ഓഫീസ് സ്‌പേസും അഡ്രസ്സും ലഭിക്കുമെന്നതാണ് ഇന്‍ക്യുബേഷന്‍ സെന്ററുകള്‍ നല്‍കുന്ന ഏറ്റവും വലിയ സവിശേഷത.

ഓഫീസ് സ്‌പേസിന് പുറമെ ഒട്ടേറെ കോമണ്‍ അമിനിറ്റീസും ലഭിക്കും. ഫ്രന്റ് ഓഫീസ്, റിസപ്ഷന്‍, ലോബി, ടെലിഫോണ്‍ സൗകര്യം, ഇന്റര്‍നെറ്റ് സൗകര്യം, എയര്‍കണ്ടീഷനര്‍, വൈദ്യുതി, കോണ്‍ഫറന്‍സ് റൂമുകള്‍, സെക്യൂരിറ്റി എന്നിവയൊക്കെ കോമണായിരിക്കും. അതിനാല്‍ തന്നെ പ്രാരംഭ ചെലവുകള്‍ കുറയ്ക്കാനാവും. പുതിയൊരു കമ്പനിയെ സംബന്ധിച്ചടത്തോളം ഇതൊക്കെ സ്വന്തമായി സജ്ജമാക്കണമെങ്കില്‍ ലക്ഷങ്ങള്‍ തന്നെ വേണ്ടിവരും.

കമ്പനികള്‍ക്ക് ആവശ്യമായ ടെക്‌നിക്കല്‍, മാനേജീരിയല്‍ സഹായങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. അതുവഴി പുതുസംരംഭങ്ങളുടെ പരാജയസാധ്യത കുറയ്ക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായങ്ങളും സബ്‌സിഡികളും നേടിയെടുക്കാനാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇവര്‍ നല്‍കും.
കമ്പനികള്‍ക്ക് വികസനത്തിനും മുന്നോട്ടുള്ള നടത്തിപ്പിനും കൂടുതല്‍ മുതല്‍മടക്ക് ആവശ്യമായി വരുന്ന ഘട്ടത്തില്‍ പുതിയ നിക്ഷേപകരെയും വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളെയും ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍മാരെയുമൊക്കെ സംഘടിപ്പിച്ചുകൊടുക്കാനും ഇന്‍ക്യുബേറ്റര്‍മാര്‍ ശ്രദ്ധിക്കാറുണ്ട്.

മാര്‍ക്കറ്റിങ്, ലീഗല്‍, അക്കൗണ്ടിങ്, ട്രെയിനിങ് എന്നീ വിഷയങ്ങളില്‍ ആവശ്യമായ കണ്‍സള്‍ട്ടന്‍സി സേവനങ്ങളും നല്‍കുന്നുണ്ട്. പേറ്റന്റ്, ട്രേഡ് മാര്‍ക്ക് എന്നിവയൊക്കെ നേടാനുള്ള സഹായവുമുണ്ടാവും.


ഐഡിയയ്ക്ക് പണം


ബിസിനസ് ഐഡിയകള്‍ വികസിപ്പിക്കാന്‍ പണമില്ലെന്ന് കരുതി വിഷമിക്കേണ്ട. കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ടെക്‌നോപ്രനര്‍ പ്രൊമോഷന്‍ പ്രോഗ്രാം (TePP) അനുസരിച്ചാണ് ധനസഹായം ലഭിക്കുന്നത്. ടെക്‌നോളജി അധിഷ്ഠിത കണ്ടെത്തലുകള്‍ക്കാണ് പണം.

കമ്പ്യൂട്ടര്‍ അധിഷ്ഠിത ഐഡിയകള്‍ വികസിപ്പിക്കാന്‍ ആദ്യ ഘട്ടത്തില്‍ 75,000 രൂപ വരെ ലഭിക്കും. വ്യക്തിഗത ഇന്നോവേറ്റര്‍മാര്‍ക്കാണ് ഇത്. പിന്നീട് വാണിജ്യ സാധ്യതയുള്ളവ വികസിപ്പിക്കാന്‍ വ്യക്തികള്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ക്കും 15 ലക്ഷം രൂപ വരെ കിട്ടും.

ആദ്യ ഘട്ടത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ഐഡിയ വിജയകരമായി നടപ്പാക്കിയാല്‍ വീണ്ടും പണം. രണ്ടാം ഘട്ടത്തില്‍ എന്റര്‍പ്രൈസ് ഇന്‍ക്യുബേഷനായി ആദ്യം 7.5 ലക്ഷം രൂപ വരെയും പിന്നീട് സ്ഥാപനം തുടങ്ങാന്‍ 45 ലക്ഷം രൂപ വരെയുമാണ് ലഭിക്കുക.  

with warm regards.....

saju soman
doha qatar
mob:+974-77706627


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Get great advice about dogs and cats. Visit the Dog & Cat Answers Center.

.

__,_._,___