[www.keralites.net] ബിസിനസ് തുടങ്ങിക്കോളൂ... ഇതാ പണം

ബിസിനസ് തുടങ്ങിക്കോളൂ... ഇതാ പണം

 

ഗൂഗിളും ഫേസ്ബുക്കും ഇന്‍ഫോസിസുമൊന്നും പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിവീണതല്ല, ഈ ഭൂലോകത്ത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അവയും സ്റ്റാര്‍ട്ട് അപ് കമ്പനികളായിരുന്നു.
 
എന്‍ജിനീയറിങ്ങും എംബിഎയുമൊക്കെ കഴിഞ്ഞ് ലക്ഷങ്ങളുടെയും കോടികളുടെയും ജോബ് ഓഫര്‍ വേണ്ടെന്നുവെച്ച് സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ കേരളത്തില്‍ ഏറിവരികയാണ്.
 
ഇവരെ മാതൃകയാക്കാന്‍ മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കാത്തവര്‍ ഇന്ന് ആരുണ്ട്? പലരുടേയും മനസ്സില്‍ വളരെ ക്രിയാത്മകമായ ബിസിനസ് ഐഡിയകളുണ്ട്. 'പക്ഷെ, അവ നടപ്പാക്കാന്‍ പണമെവിടെ...?' സംരംഭകത്വത്തിലേക്ക് എടുത്തുചാടുന്നതില്‍ നിന്ന് ഇവരെ വിലക്കുന്നത് ഈ ചിന്തയാണ്.
 
പക്ഷെ, പുതുതായി ബിസിനസ് രംഗത്തേക്ക് ഇറങ്ങുന്നവര്‍ക്ക് പ്രാരംഭ മൂലധനം കണ്ടെത്താന്‍ ഇന്ന് ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട്. ബാങ്ക് വായ്പകള്‍ മുതല്‍ സര്‍ക്കാര്‍ ഗ്രാന്റ് വരെ ഇതില്‍ പെടുന്നു. ഓരോന്നിനെയും കുറിച്ച് പരിചയപ്പെടുത്തുകയാണ് ഇവിടെ. വിശദാംശങ്ങള്‍ക്ക് അതാത് സ്ഥാപനങ്ങളുമായോ ഇത്തരത്തില്‍ ഫണ്ട് കണ്ടെത്തിയവരുമായോ ബന്ധപ്പെടുക. ടെക്‌നോളജി അധിഷ്ഠിത ബിസിനസ്സാണെങ്കില്‍ തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലുള്ള ഇന്‍ക്യുബേഷന്‍ സെന്ററുമായി ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.technoparktbi.org ഫോണ്‍: 0471-2700222
 

ബാങ്ക് വായ്പ
മിക്കവാറും എല്ലാ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും വ്യവസായ വായ്പ ലഭ്യമാക്കുന്നുണ്ട്. ഓഫീസ് സ്‌പേസ് വിപുലീകരിക്കാനും ഏറ്റെടുക്കാനും ഫര്‍ണീഷ് ചെയ്യാനുമൊക്കെ എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ വായ്പ നല്‍കുന്നുണ്ട്. ഓഫീസ് സ്‌പേസ് തന്നെ ഈടായി നല്‍കാം. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 9-11.75 ശതമാനമാണ് പലിശ. ചില ബാങ്കുകള്‍ ഒരു കോടി രൂപ വരെ പലിശ നല്‍കുന്നുണ്ട്. ഓരോ ബാങ്കിലും പലിശ നിരക്കുകള്‍ വ്യത്യസ്തമായിരിക്കും. ബാങ്കുകള്‍ക്ക് പുറമെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍, ദേശീയ ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി എന്നിവയും ഇത്തരത്തില്‍ വായ്പ ലഭ്യമാക്കുന്നുണ്ട്.
 
ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം
ഈടായി ഒന്നും നല്‍കാനില്ലാത്തവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന സംരംഭമാണ് ക്രെഡിറ്റ് ഗ്യാരന്റി ഫണ്ട് ട്രസ്റ്റ് ഫോര്‍ മൈക്രോ ആന്‍ഡ് സ്‌മോള്‍ എന്റര്‍പ്രൈസസ് (സിജിടിഎംഎസ്ഇ). സിജിടിഎംഎസ്ഇയില്‍ അംഗങ്ങളായ ബാങ്കുകള്‍ വഴി ലഭ്യമാകുന്ന വായ്പയ്ക്ക് സിജിടിഎംഎസ്ഇ ഈടുനില്‍ക്കും. സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പരമാവധി ഒരു കോടി രൂപ വരെ ക്രെഡിറ്റ് ഗ്യാരന്റി സ്‌കീമില്‍ ലഭ്യമാണ്.
 
ഏഞ്ചല്‍ ഇന്‍വെസ്റ്റര്‍
പുതുസംരംഭങ്ങളില്‍ നിക്ഷേപമിറക്കുന്നവരെയാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നു പറയുന്നത്. ഇത്തരത്തിലുള്ള സ്ഥാപനങ്ങളും വ്യക്തികളുമുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ ചലച്ചിത്രതാരം ഇത്തരത്തില്‍ ഏതാനും കമ്പനികളില്‍ ഏഞ്ചല്‍ ഇന്‍വെസ്റ്റ്‌മെന്റ് നടത്തിയിട്ടുണ്ട്. സംരംഭങ്ങളില്‍ ഓഹരി പങ്കാളിത്തം എടുത്തുകൊണ്ടാണ് ഇവര്‍ നിക്ഷേപം നടത്തുക. സാധാരണ 40 ശതമാനം വരെ ഓഹരി പങ്കാളിത്തമെടുക്കാറുണ്ട്. രണ്ടും മൂന്നും വര്‍ഷം മുതല്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവര്‍ നിക്ഷേപം പിന്‍വലിച്ച് ലാഭമെടുക്കും.
 
സീഡ് ഇന്‍വെസ്റ്റേഴ്‌സ്
പുതുതായുള്ള സംരംഭങ്ങള്‍ക്ക് വളരാന്‍ വേണ്ട പണം നല്‍കുകയാണ് സീഡ് ഫണ്ടുകള്‍ ചെയ്യുന്നത്. പലപ്പോഴും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ തന്നെയാണ് സീഡ് ഫണ്ടുകളും കൈകാര്യം ചെയ്യുക. ഇവിടെയും പണത്തിന് പകരം ഓഹരിയാണ് ഇവര്‍ എടുക്കുക. നാലഞ്ച് വര്‍ഷം വരെ നിക്ഷേപകരായി തുടരും. തുടര്‍ന്ന് വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങള്‍ക്കായി ഇവര്‍ വഴിമാറും.
 
സിഡ്ബി റിസ്‌ക് ക്യാപ്പിറ്റല്‍
ഒരു സംരംഭം തുടങ്ങുമ്പോള്‍ മൂലധനത്തിന്റെ 65-70 ശതമാനം വരെ മാത്രമാണ് ബാങ്കുകള്‍ വായ്പ നല്‍കുന്നത്. പലപ്പോഴും ശേഷിച്ച തുക പൂര്‍ണമായി കണ്ടെത്താന്‍ സംരംഭകര്‍ക്ക് കഴിഞ്ഞു എന്നു വരില്ല. ഇത്തരക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് ചെറുകിട വ്യവസായ വികസന ബാങ്കായ സിഡ്ബി ആവിഷ്‌കരിച്ചിരിക്കുന്ന റിസ്‌ക് ക്യാപ്പിറ്റല്‍ ഫണ്ട്. ടേം ലോണിനെക്കാള്‍ പലിശ കൂടുമെങ്കിലും ഈടില്ലാതെ പണം കണ്ടെത്താമെന്നതാണ് സവിശേഷത.
 

ടെക്‌നോളജി അധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ടെക്‌നോളജി ഡെവലപ്‌മെന്റ് ബോര്‍ഡ് (ടിഡിബി)ഈ രംഗത്തുള്ള സംരംഭങ്ങള്‍ക്ക് വായ്പകള്‍, ഇക്വിറ്റി ഫണ്ടിങ്, ഗ്രാന്റ് എന്നിവ ലഭ്യമാക്കുന്നുണ്ട്. ടെക്‌നോളജി ഇക്യുബേഷന്‍ സെന്ററുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ പ്രാരംഭ ഫണ്ട് ലഭിക്കും. ടെക്‌നോപ്രനര്‍ പ്രൊമോഷന്‍ പ്രോഗ്രാമിലൂടെ ഗ്രാന്റായി 75,000 രൂപ മുതല്‍ 45 ലക്ഷം രൂപ വരെ ലഭിക്കാനും അവസരമുണ്ട്. തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ ഇന്‍ക്യുബേഷന്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തരത്തില്‍ ഗ്രാന്റ് ലഭിക്കുന്നുണ്ട്.
 
thanks mathrbhumi com
regards..maanu

www.keralites.net