
പീഡനം എന്ന വാക്ക്, ലൈംഗിക പീഡനം എന്നതിന്റെ ചുരുക്കെഴുത്തായി മാറിയിട്ട് കാലം കുറേയായി. കവിയൂരും കിളിരൂരും വിതുരയും ഐസ്ക്രീമും കോതമംഗലവുമൊക്കെ പീഡനം എന്ന വാക്കിന്റെ അകമ്പടിയില്ലാതെ അധികമൊന്നും നാം കേള്‍ക്കാറില്ല. പല പീഡന കേസുകളിലും പ്രതികളുടെ എണ്ണം പത്തും നൂറും ഇരുന്നൂറുമൊക്കെയാണെന്നതും നമുക്കിന്നൊരു അത്ഭുതമല്ല. ഇനിയേതെങ്കിലും പീഡന കേസില്‍ പ്രതികള്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായിപ്പോയാലാണ് നമ്മുടെ ചൂണ്ടു വിരല്‍ മൂക്കിന്‍ തുമ്പത്ത് സ്ഥാനം പിടിക്കുന്നതും മുഖത്ത് ആശ്ച്യര്യ ഭാവം വിരിയുന്നതും. (ത്രീജീ അഴിമതിക്കോടികള്‍ മാറ്റിവരഞ്ഞ നമ്മുടെ അഴിമതി സങ്കല്‍പ്പങ്ങളില്‍ 'ബാലകൃഷ്ണപ്പിള്ളയൊക്കെ ഒരു അഴിമതിക്കാരനാണോ' എന്ന ചോദ്യമുയരുമ്പോലെ 'ഇതൊക്കെയൊരു പീഡനമാണോ' എന്ന ലൈന്‍!) ഇക്കാലമത്രയും മാധ്യമങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ആഘോഷമാക്കിയും നമ്മില്‍ പലരും ആസ്വാദ്യകരമാക്കിയും കൊണ്ടാടി പോന്ന പീഡന പരമ്പരകളില്‍ ഒടുവിലത്തെ വാര്‍ത്തകള്‍, വല്ലാതെ ചങ്ക് കീറി കടന്നു പോകുന്നവയാണ്. നമ്മള്‍ വായിച്ചറിഞ്ഞ പീഡനങ്ങളിലെ ഇരകളുടെ പ്രായം രണ്ടു മുതല്‍ എണ്‍പത്തിയഞ്ചു വരെയായിരുന്നുവെങ്കിലും പ്രതികള്‍ പലപ്പോഴും പതിനെട്ടു മുതല്‍ മേലോട്ട് പ്രായമുള്ളവരായിരുന്നു. എന്നാല്‍, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തു വന്ന പീഡന കഥകളിലെ നായകന്മാര്‍ പീഡനം എന്ന മലയാള വാക്ക് തെറ്റാതെ എഴുതിപ്പഠിക്കാത്ത, ഉച്ഛാരണ ശുദ്ധിയോടെ പറയാന്‍ പ്രായമായിട്ടില്ലാത്ത കൊച്ചു കുട്ടികളാണെന്നത് ധാര്‍മികതയിലും സദാചാര മൂല്യങ്ങളിലും വിശ്വസിക്കുന്നവരെ തളര്‍ത്താതിരിക്കുന്നതെങ്ങനെ! കമ്പ്യൂട്ടറും മൊബൈലും ആധുനികതയുടെ സകലമാന സിംബലുകളും മക്കള്‍ക്ക് ആവോളം അനുവദിച്ചു കൊടുക്കുന്ന മോഡേണ്‍ സൊസൈറ്റിയില്‍ സദാചാരത്തെ കുറിച്ച് മിണ്ടാമോ എന്നറിയില്ല. എന്നാലും ഇതൊക്കെ കാണുമ്പോള്‍ ചിലത് പറയാതിരിക്കാനുമാവുന്നില്ല.
ഉണ്ണിമാങ്ങയും കുന്നിക്കുരുവും മഷിത്തണ്ടും അടയാളപ്പെടുത്തിയ കുട്ടിക്കാലത്തെ താലോലിക്കുന്ന നമുക്ക്, മക്കളുടെ മനസ്സും അത്രയൊക്കെയേ കാണാന്‍ സാധിക്കൂ എന്നിടത്താണ് നമ്മുടെ നിസ്സഹായതയുടെ തുടക്കം. സെക്സിന്റെ ബാലപാഠങ്ങള്‍ നാം പഠിച്ചു തുടങ്ങിയ പ്രായമാവുമ്പോഴേക്കും നമ്മുടെ മക്കള്‍ അച്ഛനും അമ്മയുമായി മാറുന്ന ദുഃഖസത്യം അത്രപെട്ടെന്നൊന്നും ഉള്‍ക്കൊള്ളാന്‍ നമുക്ക് സാധിച്ചു കൊള്ളണമെന്നില്ല. എന്നാല്‍ സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിനൊപ്പമോ അതിനുമപ്പുറമോ ചാടിപ്പോയ ഒരു തലമുറയെ ജുവനൈല്‍ ഹോമിന്‍റെ ചുറ്റുമതിലിനുള്ളില്‍ തേടിപ്പോകേണ്ടിവരുന്ന ദുരവസ്ഥ സൃഷ്ടിച്ചതില്‍ നാഴികക്ക് നാല്‍പത് വട്ടം മതങ്ങളെയും സദാചാര മൂല്യങ്ങളെയും തെറി വിളിക്കുന്നവര്‍ വഹിച്ച പങ്ക് ചെറുതല്ല. മുഹമ്മദായാല്‍ മുസ്ലിമായെന്നും രാമനായാല്‍ ഹിന്ദുവായെന്നും ജോസഫായാല്‍ കൃസ്ത്യാനിയായെന്നും ധരിച്ചു പോയ പാരമ്പര്യ മതവിശ്വാസികള്‍ക്കും ഈ പ്രതിപ്പട്ടികയില്‍ ഒഴിവുകഴിവില്ല. 'തന്റെ കരളിന്റെ കഷണമായ ഏക മകള്‍ ഫാത്വിമ മോഷ്ടിച്ചാല്‍ അവളുടെ കരവും ഛേദിക്കുമെന്നു' പഠിപ്പിച്ചയാളാണ് യഥാര്‍ത്ഥ മുഹമ്മദ്. പിന്നെയങ്ങനെ സ്വന്തം മകളെ ഭോഗിക്കുന്ന, കൂട്ടിക്കൊടുക്കുന്ന നവമുഹമ്മദലിമാരെ ആ അതുല്യപ്രവാചകന്‍റെ അനുയായി ഗണത്തില്‍ എണ്ണാന്‍ സാധിക്കും? കാമ ഭ്രാന്തില്‍ മകളെ ലൈംഗികോപകരണമാക്കുന്ന രാമനും ജോസാഫുമെങ്ങനെ പുരാണവും ഖുര്‍ബാനയും പറഞ്ഞു മേനി നടിക്കും? അര്‍ദ്ധരാത്രി അന്യപുരുഷനൊപ്പം ഊരുച്ചുറ്റിയാല്‍ പുരോഗമന വാദിയും അവരെ ചോദ്യം ചെയ്താല്‍ പുരാതനവാദിയുമായി മാറുന്ന സമകാലിക ലോകത്ത്, ഈ അരാജകത്വത്തിന് പതിനെട്ടു വയസ്സ് തികയണമെന്ന നിയമം പാലിക്കപ്പെട്ടാല്‍ മതിയെന്നാണ് പുതുതലമുറക്ക് നല്‍കപ്പെടുന്ന വിദ്യാ-ആഭാസം. അങ്ങിനെയെങ്കില്‍ ആ മതില്‍ക്കെട്ടു കൂടി തച്ചു തകര്‍ക്കാന്‍ എട്ടു വയസ്സുകാരനും പത്തു വയസ്സുകാരനും ഇറങ്ങിപ്പുറപ്പെട്ടാല്‍ ഏതു സദാചാരമൂല്യമാപിനി വെച്ചവരെ തടയാന്‍ സാധിക്കും? ലൈംഗിക പങ്കുവെപ്പിന്റെ വയസ്സ് നിര്‍ണയത്തിനു ഒരു കോടതിക്കും അധികാരമില്ലെന്ന് അവര്‍ വാദിച്ചാല്‍ എന്ത് മറുവാദമുയര്‍ത്തി പ്രതിരോധിക്കും?
പിതാവ് വലിച്ചെറിഞ്ഞ ബീഡിക്കുറ്റി വലിച്ചു ശീലിച്ച 'പുകവലിയന്മാരുടെ' പിന്‍ഗാമികളിലൊരാളെ ഇന്നത്തെ പത്രത്താളില്‍ കണ്ടു; ചില്ലറ വ്യത്യാസങ്ങളോടെ. കുട്ടികള്‍ക്ക് മുമ്പിലിരുന്നു പുകവലിക്കുന്ന, മദ്യപിക്കുന്ന പുരോഗമനവാദികളെക്കാള്‍ ഒരുപടി മുന്നിലായിരുന്നു ഈ കഥയിലെ പിതാവ്. ഇവിടെ ബീഡിക്കുറ്റിയല്ല താരം, മദ്യക്കുപ്പിയും നീലച്ചിത്ര സീഡിയുമാണ്. നോക്കണം സംസ്കാരികാധപതനത്തിന്റെ പോക്ക്! ചിത്രത്തിലെ നായിക്കക്ക് പകരം ആ പത്തു വയസ്സ് കാരന്റെ മനസ്സ് കണ്ടെത്തിയത് നാലര വയസ്സുകാരിയായ കളിക്കൂട്ടുകാരി. ഒടുവില്‍, ആമ്പല്‍ പൂവിറുത്തും തുമ്പിക്ക് പിന്നാലെ വട്ടം ചുറ്റിയും തളര്‍ന്നിരിക്കുമ്പോള്‍ ചരല്‍ കല്ലെറിഞ്ഞു ഓളങ്ങള്‍ സൃഷ്ടിക്കേണ്ട കുളക്കടവില്‍, അപക്വമനസ്സിന്‍റെ കാമപൂര്‍ത്തീകരണശ്രമം ഒരു കൊലപാതകമായി പരിണമിച്ചപ്പോള്‍ എല്ലാ വിരലുകളും ചൂണ്ടിയത് ആ പിതാവിലേക്കായതില്‍ അത്ഭുതമില്ല. ലഹരി ഹരമാണെന്നു പാടിയില്ലെങ്കില്‍ പഴഞ്ചനാവുമെന്ന്, സ്ത്രീ സ്വാതന്ത്ര്യമെന്നാല്‍ താന്തോന്നിത്തമാണെന്ന് സമ്മതിച്ച് അവരോടൊപ്പം സിന്ദാബാദ് വിളിച്ചില്ലെങ്കില്‍ പിന്തിരിപ്പനായി ചാപ്പയടിക്കപ്പെടുമെന്ന് മനസ്സിലാക്കുന്നൊരു തലമുറ ധാര്‍മികക്കും നൈതികതക്കും സ്വന്തം വ്യാഖ്യാനങ്ങള്‍ ചമയ്ച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!
തുറന്നു വെച്ചും അതിര്‍വരമ്പ് അതിലംഘിച്ചും മക്കളെ വളര്‍ത്തിയാല്‍ പീഡനങ്ങള്‍ ഇല്ലാതാക്കാമെന്ന സ്ഥിരം പല്ലവി തകര്‍ന്നു വീണത് പാശ്ചാത്യ നാടുകളില്‍ നാം കണ്ടതാണ്. ഒളിക്കേണ്ടത് ഒളിച്ചും തടയേണ്ടത് തടഞ്ഞും തന്നെ മക്കളെ വളര്‍ത്തണം. പേര് വെക്കുമ്പോള്‍ അറബി ഭാഷയിലായാലോ, പേരെടുത്ത ക്ഷേത്രത്തില്‍ വെച്ച് ചോറൂണ് നടത്തിയാലോ, മുഖ്യശ്രേഷ്ഠന്‍റെ കാര്‍മികത്വത്തില്‍ മാമോദീസ മുക്കിയാലോ എല്ലാം തികഞ്ഞെന്ന തോന്നല്‍ മതവിശ്വാസികള്‍ തിരുത്തണം. ധാര്‍മികതയും സദാചാര ബോധവും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുക്കുന്നതാവണം നമ്മുടെ ഗാര്‍ഹികാന്തരീക്ഷം. വേലിക്കെട്ടുകളില്ലാത്ത സ്വാതന്ത്ര്യവാദികളായി സ്വയം മാറുമ്പോള്‍ സ്വന്തം മകനും മകളും മനസ്സിലുണ്ടാവാതെ പോകുന്നിടത്താണ് ഭൗതികവാദിയുടെ പരാജയം. സമൂഹം നിര്‍ണയിക്കുന്ന സദാചാരമൂല്യങ്ങള്‍ അടിച്ചു തകര്‍ത്തു കൊടിനാട്ടിയാല്‍ വിപ്ലവം വരുമെന്ന അഹങ്കാരം ഉപേക്ഷിക്കാന്‍ അവരും തയ്യാറാവണം. മദ്യപിച്ചാലേ കഥയും കവിതയും വിരിയുകയുള്ളൂവെങ്കില്‍ ആ സൃഷ്ടികള്‍ മുട്ടയില്‍ തന്നെ ചത്ത് പോകുന്നതാണ് നല്ലത്. ആണും പെണ്ണും കെട്ടി മറിഞ്ഞാലേ പുരോഗമനം വരികയുള്ളൂവെങ്കില്‍ നാട് ആ അവസ്ഥയില്‍ തുടരുന്നതാണ് ഉത്തമം. അല്ലാതെ, മദ്യത്തിന്റെ അവശിഷ്ടത്തില്‍ നിന്നും പൊട്ടിവിരിയുന്ന ഭാവനാ കുസുമങ്ങളോ വ്യഭിചാരശാലകളില്‍ നിന്നുയരുന്ന സീല്‍ക്കാരങ്ങളോ ഒരായിരം നരകങ്ങളെ പ്രസവിക്കുകയല്ലാതെ ഒരു നാട്ടിനെയും സ്വര്‍ഗരാജ്യമാക്കി മാറ്റിയതായി നാം പഠിച്ചിട്ടില്ല.
