കാസര്‍കോട്: കാസര്‍കോട്ടും ഒരു പ്രമുഖ നേതാവിനെതിരെ യുവതി 'പാര്‍ട്ടികോടതി'യെ സമീപിച്ചു. തൊഴിലാളി നേതാവായ ഇദ്ദേഹത്തിനെതിരെ യുവതി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയതായാണ് അറിയുന്നത്.
കഴിഞ്ഞ ജില്ലാ കമ്മിറ്റി യോഗത്തില്‍ യുവതിയുടെ പരാതി ചര്‍ച്ചയ്‌ക്കെടുക്കാതെ മാറ്റിവെയ്ക്കുകയാണുണ്ടായത്. അധ്യാപികജോലി നോക്കുന്ന കാഞ്ഞങ്ങാടിന് സമീപം താമസിക്കുന്ന യുവതിയാണ് നേതാവിനെതിരെ പരാതിയുമായി രംഗത്തിറങ്ങിയത്. 35കാരിയായ യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. യുവതിയെ സഹകരണസംഘത്തിന്റെ ചുമതലക്കാരിയാക്കാമെന്ന് നേതാവ് വാഗ്ദാനം ചെയ്തിരുന്നതായി പറയുന്നുണ്ട്.
ചില ആരോപണങ്ങളുടെ പേരില്‍ നേരത്തെ തന്നെ സമ്മര്‍ദ്ദത്തിലായ പാര്‍ട്ടി യുവതി നല്‍കിയ പരാതി പാര്‍ട്ടിയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മാറ്റിവെയ്ക്കുകയാണുണ്ടായത്. നേതാവിനെതിരെ പരാതി നല്‍കിയ യുവതിയെ കൊണ്ട് അത് പിന്‍വലിപ്പിക്കാനുള്ള ശ്രമവും ചില കേന്ദ്രങ്ങളില്‍ നിന്നും നടക്കുന്നതായി സൂചനയുണ്ട്. പാര്‍ട്ടി ശക്തികേന്ദ്രത്തിലാണ് യുവതിയുടെ വീടെങ്കിലും പ്രാദേശിക നേതൃത്വത്തെപ്പോലും അറിയിക്കാതെയാണ് യുവതി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കിയിരിക്കുന്നത്. യുവതി നല്‍കിയ പരാതിയുടെ ഉള്ളടക്കം ഇനിയും പുറത്ത് വരാത്തതിനാല്‍ ഏത് തരത്തിലുള്ള പീഢനമാണോ, സാമ്പത്തിക ഇടപാടാണോ മറ്റെന്തെങ്കിലുമാണോ നേതാവിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് അറിവായിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി പാര്‍ട്ടി കേന്ദ്രങ്ങളില്ലെല്ലാം നേതാവിനെതിരെ യുവതി നല്‍കിയ പരാതി തന്നെയാണ് മുഖ്യചര്‍ച്ചാവിഷയം.
പരാതിക്കാരിയായ യുവതിയെ ഒരു ചാനല്‍ പ്രതിനിധി ബന്ധപ്പെട്ടപ്പോള്‍ ഒന്നും പ്രതികരിക്കാതെ യുവതി ഒഴിഞ്ഞുമാറുകയായിരുന്നു. നേതാവിനെതിരെ പരാതി നല്‍കിയ കാര്യമന്വേഷിച്ച മാധ്യമപ്രവര്‍ത്തകരോട് പരാതികിട്ടിയിട്ടുണ്ടെന്ന രീതിയിലുള്ള പ്രതികരണമാണ് ജില്ലയിലെ പാര്‍ട്ടിയുടെ പ്രധാന നേതാവ് സൂചിപ്പിച്ചത്. അടുത്ത ജില്ലാ കമ്മിറ്റിയോഗത്തില്‍ പരാതി ചര്‍ച്ച ചെയ്‌തേക്കും. ഈ വിഷയം മൂടിവെച്ചാല്‍ വരാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ വിവാദം ശക്തമായി പ്രതിഫലിക്കാനും സാധ്യതയുണ്ട്. യുവതിയുടെ പരാതി സംബന്ധിച്ച് പ്രാദേശിക നേതൃത്വം പറയുന്നത് ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നാണ്.
പി. ശശിക്കെതിരെയും വി.വി രമേശനെതിരേയും നടപടിയെടുത്ത് ഈയിടെ സി.പി.എം ശുദ്ധികലശത്തിന് തുടക്കം കുറിച്ചിരുന്നു. ഇതിലൂടെ പാര്‍ട്ടിയുടെ യശസ്സ് ഉയര്‍ന്നതായാണ് സാധാരണ പ്രവര്‍ത്തകര്‍ പറയുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ മറ്റു പാര്‍ട്ടികളില്‍ നിന്നും ഇത്തരത്തില്‍ ആരോപണവിധേയരായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടതായി ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് സി.പി.എം നടപടികള്‍ ശ്രദ്ധേയമാകുന്നത്.