തൃശൂര്‍: ചില ഒട്ടോറിക്ഷകളുടെ കണ്ണാടികള്‍ കള്ളം പഠിച്ചിരിക്കുന്നു. വാഹനങ്ങളുടെ യാത്ര സുഗമമാക്കുന്നതിനായി വശങ്ങളിലേക്ക് നോക്കേണ്ട കണ്ണാടികള്‍ പിന്നിലെ യാത്രക്കാരനെ അഥവാ യാത്രക്കാരിയെ നോക്കുന്നു. ഡ്രൈവറുടെ മനസ്സിലെ കള്ളത്തരമാണ് ഇത്തരം കണ്ണാടികളില്‍ പ്രതിഫലിക്കുന്നത്.ഇത്തരം മൂന്ന് ഓട്ടോറിക്ഷകള്‍ വെസ്റ്റ് പോലീസ് കഴിഞ്ഞദിവസം പിടികൂടി.
ഒരു മുന്നറിയിപ്പ് എന്നനിലയില്‍ വളരെ കുറച്ചേ പിടികൂടിയുള്ളൂ. ഇത്തരം ഓട്ടോകള്‍ മുഴുവന്‍ പിടിക്കുകയാണെങ്കില്‍ പോലീസ് സ്റ്റേഷന്‍ മുറ്റം നിറയും എന്നാണ് പോലീസ് അധികൃതര്‍ പറയുന്നത്. പിന്നിലുള്ള യാത്രക്കാരെ കാണുന്നതിനായി കൂടുതല്‍ കണ്ണാടികള്‍ വാഹനത്തില്‍ സ്ഥാപിക്കുന്ന വിരുതന്മാരുമുണ്ട്. പിടികൂടിയ വാഹനങ്ങളില്‍ രണ്ടെണ്ണം ഇത്തരത്തിലുള്ളതാണ്. ഇരുവശത്തെയും കണ്ണാടികള്‍ക്കു പുറമെ ഉള്ളില്‍ ഒരു കണ്ണാടികൂടി ഇവര്‍ സ്ഥാപിക്കുന്നു. ഇതിന്റെ നോട്ടം മുഴുവന്‍ പിന്നിലെ യാത്രക്കാരുടെ നേരെയായിരിക്കും. വാഹനത്തില്‍ വരുത്തുന്ന ഇത്തരം മാറ്റങ്ങള്‍ പെര്‍മിറ്റ് നിര്‍ദേശങ്ങളുടെ ലംഘനമാണ് എന്ന് പോലീസ് പറയുന്നു. അതിന്റെ പേരില്‍തന്നെയായിരിക്കും ഇത്തരക്കാര്‍ക്കെതിരെ കേസ് എടുക്കുകയെന്നും പോലീസ് മുന്നറിയിപ്പുനല്‍കുന്നു.
സിറ്റി പോലീസ് കമ്മീഷണര്‍ വിജയന്റെ നിര്‍ദേശപ്രകാരമാണ് വെസ്റ്റ് സിഐ സി.ആര്‍. രാജേഷിന്റെ നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു പരിശോധന സംഘടിപ്പിച്ചത്. ഇതുസംബന്ധിച്ച് വ്യക്തിപരമായ പരാതികള്‍ ഒന്നുമില്ല. എന്നാല്‍ ഇത്തരം നോട്ടങ്ങളെക്കുറിച്ചു മുമ്പുതന്നെ ആരോപണങ്ങള്‍ ഉണ്ട്.
ഓട്ടോറിക്ഷയുടെ രണ്ടുവശത്തെ കണ്ണാടികളും ഇത്തരം കള്ളനോട്ടങ്ങള്‍ക്ക് പാകത്തിനാണ് വെയ്ക്കുന്നത്. പുറത്തെ കാഴ്ചകള്‍ കാണാവുന്ന രീതിയില്‍ സ്ഥാപിക്കേണ്ട ഇത് ഉള്ളിലേക്ക് തിരിച്ചുവെയ്ക്കുന്നു. ഇതെല്ലാംകൂടിയാകുമ്പോള്‍ ഓട്ടോഡ്രൈവര്‍ക്ക് റോഡിലേക്ക് ശ്രദ്ധിക്കാന്‍ കഴിയില്ല. മൂന്നും നാലും കണ്ണാടിയിലൂടെ ഉള്ളിലെ യാത്രക്കാരെ ആളും തരവും നോക്കി വീക്ഷിക്കേണ്ടിവരും.
പിന്നെ റോഡ് നോക്കാനെവിടെ സമയം. ലക്കും ലഗാനുമില്ലാതെ ഓടുന്ന വാഹനങ്ങളും പൊട്ടിപ്പൊളിഞ്ഞ റോഡിനും പുറമെ ഇത്തരം അശ്രദ്ധകൂടിയാകുമ്പോള്‍ അപകടം വരാന്‍ എളുപ്പവഴിയൊരുക്കലാകും.