കോട്ടയം: നഗരത്തിലെ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വെടിയുതിര്‍ത്ത് മോഷണം നടത്തിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. എറണാകുളത്തെ കതൃക്കടവ് ഡീനെസ്റ്റ് വില്ലയില്‍ കുരിശിങ്കല്‍ മനോജ് സേവ്യറാണ് പിടിയിലായത്. മറ്റൊരു പ്രതിയായ മുരുകേശന്‍ മോഷണം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ കുമരകം പൊലീസിന്റെ പിടിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ജൂലൈ 14 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ വെള്ളിയാഴ്ച വൈകുന്നേരം നാലോടെ മോഷണം നടന്ന കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു.
മനോജ് സേവ്യറിന് ഇടുക്കി ശാന്തന്‍പാറയില്‍ ഏലത്തോട്ടമുള്‍പ്പെടെ കോടികളുടെ ആസ്തിയുള്ളതായി പൊലീസ് കണ്ടെത്തി. ആദ്യം പിടിയിലായ തമിഴ്‌നാട് തേവാരം സ്വദേശി മുരുകേശന്‍ മനോജിന്റെ തോട്ടത്തിലെ തൊഴിലാളിയാണ്. മുരുകേശനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മനോജിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് ഏറ്റുമാനൂര്‍ സി.ഐ ബിജു കെ. സ്റ്റീഫന്റെ നേതൃതത്തില്‍ സൈബര്‍സെല്ലിന്റെ സഹായത്തോടെ എറണാകുളത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ബിസിനസില്‍ നഷ്ടമുണ്ടായതിനെ തുടര്‍ന്നുണ്ടായ ലക്ഷങ്ങളുടെ കടബാധ്യത പരിഹരിക്കുന്നതിന് മനോജ് മുരുകേശനെക്കൂട്ടി മോഷണത്തിനിറങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എറണാകുളത്ത് സ്വന്തമായി കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍ ബിസിനസ് നടത്തുകയാണ് മനോജ്. ഭാര്യയാണ് കമ്പ്യൂട്ടര്‍ സ്ഥാപനം നോക്കി നടത്തുന്നത്. 12വര്‍ഷം ഇയാള്‍ ദുബൈയിലായിരുന്നു. ഒരുവര്‍ഷം മുമ്പാണ് തിരിച്ചുവന്നത്. മൂന്ന്‌വര്‍ഷം മുമ്പ് കതൃക്കടവ് ഭാഗത്ത് ഫ്‌ളാറ്റ് വാടകക്കെടുത്തു. ഒരുവര്‍ഷം മുമ്പാണ് ശാന്തന്‍പാറയില്‍ പത്തേക്കര്‍ ഏലത്തോട്ടം വാങ്ങിയത്.
ദുബൈയില്‍ സാമ്പത്തികമാന്ദ്യം വന്നതോടെ ബിസിനസ് മോശമായി 45ലക്ഷം രൂപ കടമുണ്ടായി. ഇത് വീട്ടാന്‍ ആദ്യം ഏലത്തോട്ടം വില്‍ക്കാന്‍ ആലോചിച്ചു. എന്നാല്‍, കുലീന കുടുംബത്തില്‍ ജനിച്ചുവളര്‍ന്നയാളായതിനാലും ഭാര്യവീട്ടുകാര്‍ നല്ല നിലയിലായതിനാലും തോട്ടം വില്‍ക്കാന്‍ മനസ്സ് വന്നില്ല. തുടര്‍ന്നാണ് മോഷണം ആസൂത്രണം ചെയ്തത്. ഇതിനായി മുരുകനെയും കൂടെക്കൂട്ടുകയായിരുന്നു. മോഷണത്തിനായി രണ്ടുമാസം മുമ്പ് എറണാകുളത്ത് നിന്ന് പുതിയ ബൈക്കും വാങ്ങി. ആസൂത്രണങ്ങള്‍ക്കുശേഷം കവര്‍ച്ചക്കായി തിങ്കളാഴ്ചയാണ് ഇരുവരും പുറപ്പെട്ടത്. ഏറ്റുമാനൂരില്‍ മോഷണം നടത്താനായിരുന്നു ആദ്യം പരിപാടി. പിന്നീട് കോട്ടയത്തേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ ഏറ്റുമാനൂര്‍ ടൗണിലെ സ്വര്‍ണക്കടകള്‍ നിരീക്ഷിച്ചു. അന്ന് ലോഡ്ജില്‍ താമസിച്ച് ബുധനാഴ്ച രാവിലെ കോട്ടയത്തേക്ക് തിരിച്ചു. പകല്‍ മുഴുവന്‍ നഗരത്തില്‍ ചുറ്റിക്കറങ്ങി, അതിനിടെ ബൈക്കില്‍ മാറി ഒട്ടിക്കാന്‍ കോട്ടയം നഗരത്തിലെ കടയില്‍ നിന്ന് നമ്പര്‍ സ്റ്റിക്കര്‍ വാങ്ങി. രാത്രി പാമ്പാടിയിലെ ലോഡ്ജില്‍ മുറിയെടുത്തു.
പിന്നീട് കാര്‍ അവിടെ പാര്‍ക്ക് ചെയ്ത ശേഷം ഓട്ടോയിലാണ് കോട്ടയം ടൗണില്‍ വന്നത്. നേരത്തേ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളുമെടുത്ത് ഗാന്ധി സ്‌ക്വയറില്‍ എത്തി അവിടെ പാര്‍ക്ക് ചെയ്തിട്ട് സ്വര്‍ണക്കടയില്‍ എത്തുകയായിരുന്നു. മോഷണശേഷം മുരുകേശനെ ബസില്‍ കയറ്റിവിട്ട മനോജ് ബൈക്ക് ഒളിപ്പിച്ചശേഷം വൈക്കത്തേക്കുപോയി. വൈക്കത്ത് കാണാമെന്നായിരുന്നു മുരുകേശനോടു പറഞ്ഞിരുന്നത്.അവിടെ മുരുകേശനെ കാണാത്തതിനെ തുടര്‍ന്ന് എറണാകുളത്തേക്കുപോയി.
6.30ഓടെ ഭാര്യയുടെ വീട്ടിലെത്തി പിറ്റേന്ന് തന്നെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ തീരുമാനിച്ചെങ്കിലും മുരുകനെ വിളിച്ച മൊബൈല്‍ ഫോണിന്റെ ടവര്‍ മനസ്സിലാക്കി ഏറ്റുമാനൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് കതൃക്കടവിലെ ഫ്‌ളാറ്റിലെത്തിയിരുന്നു.