[www.keralites.net] Read what the King of Kochi did with the Temple Treasure

 

കൊച്ചിരാജ്യത്തിന്റെ നിലവറ നിധി റെയില്‍പ്പാതയായി
കൊച്ചി: ശ്രീപത്മനാഭന്റെ നിലവറയിലെ നിധിയും അതിന്റെ വിനിയോഗവും വിവാദമാകുമ്പോള്‍ ക്ഷേത്രത്തിലെ സ്വര്‍ണ നെറ്റിപ്പട്ടംവരെ വിറ്റ് റെയില്‍പ്പാത നിര്‍മിച്ച കൊച്ചി രാജ്യചരിത്രത്തിലെ തിളക്കമാര്‍ന്ന ഏട് വിസ്മൃതിയില്‍ .
ഖജനാവിലെ അവസാന തരി പൊന്നും ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ 14 സ്വര്‍ണ നെറ്റിപ്പട്ടവും ഉപയോഗിച്ച് ഷൊര്‍ണൂരില്‍നിന്ന് എറണാകുളത്തേക്ക് 100 കിലോമീറ്റര്‍ റെയില്‍പ്പാതയാണ് നിര്‍മിച്ചത്. പണം തികയാതെ വന്നപ്പോള്‍ രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങളും വിറ്റു.
രാജകുടുംബത്തില്‍നിന്നും ബ്രിട്ടീഷ് ഭരണാധികാരികളില്‍നിന്നും എതിര്‍പ്പു നേരിട്ടാണ് രാജര്‍ഷി എന്നറിയപ്പെട്ട രാമവര്‍മ (1895-1914) ഷൊര്‍ണൂര്‍ -എറണാകുളം റെയില്‍പ്പാത നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഖജനാവിലെ പണം ചെലവഴിക്കുന്നതിലായിരുന്നു എതിര്‍പ്പ്.
മലബാര്‍വരെ എത്തിയ പാത കൊച്ചിയിലേക്കു നീട്ടുമെന്ന തീരുമാനത്തില്‍ രാജാവ് ഉറച്ചുനിന്നു. അങ്ങനെയെങ്കില്‍ നിര്‍മാണച്ചെലവ് കൊച്ചിരാജ്യം വഹിക്കണമെന്ന് ബ്രിട്ടീഷ് റെസിഡന്റ് ഉപാധിവച്ചു. മദ്രാസ് റെയില്‍വേ കമ്പനിയിലെ ഫ്രെഡറിക് നിക്കോള്‍സണ്‍ എന്ന എന്‍ജിനിയറെക്കൊണ്ട് പാതയുടെ റിപ്പോര്‍ട്ട് തയ്യാറാക്കി.
62 മൈല്‍ (100 കിലോമീറ്റര്‍) പാതയ്ക്ക് 70 ലക്ഷം രൂപ നിര്‍മാണ ച്ചെലവ് കണക്കാക്കി. കൊച്ചിയിലെ അന്നത്തെ നീക്കിയിരിപ്പ് 40 ലക്ഷം രൂപമാത്രം. രാജാവ്് പിന്മാറിയില്ല.
ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിലെ 15 സ്വര്‍ണ നെറ്റിപ്പട്ടങ്ങളില്‍ പതിന്നാലും വില്‍ക്കാന്‍ തീരുമാനമായി. ബാക്കി പണത്തിന് രാജകുടുംബാംഗങ്ങളുടെ ആഭരണങ്ങളുടെ ഒരുഭാഗം വിറ്റു.
1899ല്‍ പണി തുടങ്ങി. നിര്‍മാണം പുരോഗമിക്കുമ്പോള്‍ രാജാവിനുള്ള പിന്തുണ കുറഞ്ഞുവന്നു. രാജ്യം സാമ്പത്തികപ്രതിസന്ധിയിലായി. ട്രഷറിയിലെ നീക്കിയിരിപ്പ് വെറും രണ്ടുദിവസത്തേക്കുമാത്രമായി ചുരുങ്ങിയിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു.
1902ല്‍ പാത തീര്‍ന്നപ്പോള്‍ ചെലവ് 84 ലക്ഷത്തോളമായിരുന്നു. ആ വര്‍ഷം ജൂണ്‍ രണ്ടിന് പാതയിലൂടെ ആദ്യ ചരക്കുവണ്ടി ഓടി. യാത്രാവണ്ടി ഓടിത്തുടങ്ങിയത് ജൂലൈ 16ന്. ഇരുമ്പും മരവും കൊണ്ടുണ്ടാക്കിയ ആറു ബോഗികള്‍ക്കുപുറമെ രാജാവിനുമാത്രമായി പ്രത്യേക സലൂണുണ്ടായിരുന്നു. നഗരത്തിലെ രാംമോഹന്‍ കൊട്ടാരത്തിനുപിന്നിലെ (പിന്നീട് ഹൈക്കോടതി) ടെര്‍മിനലില്‍ രാജാവിനും വിഐപികള്‍ക്കുമായി പ്രത്യേക വിശ്രമമുറിയും.
മഹാത്മാഗാന്ധിയും പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹാദൂര്‍ ശാസ്ത്രിയും വൈസ്രോയിമാരായിരുന്ന ഇര്‍വിനും കഴ്സണുമൊക്കെ പില്‍ക്കാലത്ത് ഇവിടെ തീവണ്ടിയിറങ്ങിയത് ചരിത്രം.
ചാലക്കുടിയില്‍നിന്ന് പറമ്പിക്കുളം-നെല്ലിയാമ്പതി വനമേഖലയിലൂടെ ചിന്നാര്‍വരെ നീണ്ട 49.5 കിലോമീറ്റര്‍ ട്രാംവേ നിര്‍മിച്ചതും രാജര്‍ഷിതന്നെ. 1951ല്‍ നിര്‍ത്തലാക്കിയ ഈ പാതയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്.
കൊച്ചി രാജ്യത്തെ ശേഷിച്ച സമ്പത്തു മുഴുവന്‍ നാലുപതിറ്റാണ്ടുമുമ്പാണ് പുരാവസ്തുവകുപ്പ് ഏറ്റെടുത്തത്. ക്ഷേത്രത്തിന് കിഴക്കേനടയിലെ കളഞ്ചം പാലസിലായിരുന്നു നിധിസൂക്ഷിപ്പ്.
വാസ്കോഡഗാമ സമ്മാനിച്ച രത്നംപതിച്ച കിരീടവും മറ്റ് ആഭരണങ്ങളും ഹില്‍പാലസില്‍ പ്രദര്‍ശനത്തിനു വച്ചിട്ടുണ്ട്. രാജകുടുംബം ലേലത്തില്‍ വില്‍ക്കാന്‍ തുനിഞ്ഞ ഇവ ഒരുകോടി രൂപ നല്‍കിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. വില്‍ക്കാതെ ബാക്കിവച്ച ഒരു സ്വര്‍ണ നെറ്റിപ്പട്ടം ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വൃശ്ചികോത്സവത്തിന് തൃക്കേട്ട ദിവസം ആനക്ക് ചാര്‍ത്താറുണ്ട്


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___