രാജപ്പന്‍ ഒരു സൂചകമായിരുന്നു. ശ്രീനിവാസന്‍ സൃഷ്ടിച്ച ഒന്നാന്തരമൊരു പ്രതിരൂപം. റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തില്‍ പുറത്തുവന്ന 'ഉദയനാണ് താര'ത്തിലെ രാജപ്പനെ പെട്ടെന്നൊന്നും ആരും മറക്കില്ല. സിനിമാരംഗത്തുള്ളവരായാലും സാമൂഹിക-സാംസ്കാരിക രംഗത്തുള്ളവരായാലും രാജപ്പന്‍ ഞാന്‍ തന്നെയല്ലേ എന്ന് ഒരിക്കലെങ്കിലും സ്വയം ചോദിച്ചിരിക്കും. കാരണം ഓരോ മനുഷ്യന്റെയും ഉള്ളിലേയ്ക്കിറങ്ങിച്ചെന്നാല്‍ അവരില്‍ ഒരു രാജപ്പനെ കണ്ടെത്താനാവും. ഇക്കാലത്ത് പ്രത്യേകിച്ചും. അവര്‍ ആശയങ്ങളുടെ മോഷ്ടാക്കളാണ്. അപ്രതീക്ഷിതമായി വന്നു ചേരുന്ന ഭാഗ്യങ്ങളും ജനസമ്മതിയും കൊണ്ട് അഹങ്കാരികളായവരാണ്. പൊങ്ങച്ചത്തിന്റെ നിറകുടങ്ങളാണ്. ഞാനെന്ന ഭാവം മാത്രം കൈമുതലായുള്ളവരാണ്.
'ഉദയനാണ് താരം' സംഭവിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ആളുകളുടെ മനസ്സില്‍ എന്തുകൊണ്ടാണ് രാജപ്പന്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്? അവര്‍ നിത്യ ജീവിതത്തില്‍ പലയിടത്തുവച്ചും രാജപ്പന്‍മാരെ കണ്ടുമുട്ടുന്നതു കൊണ്ടാണ് അത്. മനുഷ്യന്റെ ഞാനെന്ന ഭാവത്തെ കണക്കിന് പരിഹസിച്ച പൊതുജനത്തിന് മുന്നില്‍ അപഹാസ്യരാക്കി വിട്ട സിനിമാ എഴുത്തുകാര്‍ വിരളമാണ്. ശ്രീനിവാസന്‍ ആ ഗണത്തില്‍ അഗ്രഗണ്യനാവുന്നു. അഴകിയ രാവണന്‍, ഉദയനാണ് താരം, ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം തുടങ്ങിയ നിരവധി സിനിമകളിലൂടെ അദ്ദേഹമത് തെളിയിച്ചു കഴിഞ്ഞു.
രാജപ്പനെ ഇപ്പോള്‍ വീണ്ടും ഓര്‍മയിലേയ്ക്കു കൊണ്ടുവരുന്നത് 'പൃഥിരാജപ്പന്‍' എന്ന ശീര്‍ഷകത്തില്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ്. യു ട്യൂബിലൂടെ ആദ്യം എത്തിയ ആ വീഡിയോ പിന്നീട് ഇ മെയിലുകളും ഫെയ്സ് ബുക്ക് വാള്‍പോസ്റ്റും വഴി ലക്ഷക്കണക്കിന് ആളുകളിലേയ്ക്ക് എത്തിക്കഴിഞ്ഞു. ഓരോ ദിവസവും ഇമെയില്‍ ബോക്സ് തുറക്കുമ്പോള്‍ ആദ്യം കാണുന്നത് ആരെങ്കിലും അയച്ചു തരുന്ന ഈ വീഡിയോ ലിങ്കാണ്. ഒരു പക്ഷേ ഉദയനാണ് താരത്തിനു ലഭിച്ചിടത്തോളം തന്നെ പ്രശസ്തി പതിനൊന്നു മിനിറ്റോളമുള്ള ഈ വീഡിയോയ്ക്കും ലഭിച്ചു കഴിഞ്ഞു.
മലയാളത്തിന്റെ യുവനടനും നിര്‍മാതാവുമൊക്കെയായ പൃഥിരാജ്, ഭാര്യ സുപ്രിയ എന്നിവരുമായി ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖമാണ് 'പൃഥിരാജപ്പന്റെ' വിഷയം. കൈരളി ചാനല്‍ വിട്ട് ഏഷ്യാനെറ്റില്‍ എത്തിയ ബ്രിട്ടാസ് അവിടെ ആദ്യമായി നടത്തുന്ന അഭിമുഖം എന്ന നിലയില്‍ അതുകാണാന്‍ ആകാംക്ഷയുണ്ടായിരുന്നു. അഭിമുഖം കണ്ടു കഴിഞ്ഞപ്പോള്‍ നിരാശയാണ് തോന്നിയത്. പൃഥിരാജ് എന്ന നടന്‍ ഇങ്ങനെയൊന്നുമായിരുന്നില്ല ആ അഭിമുഖത്തില്‍ നിറഞ്ഞുനില്‍ക്കേണ്ടിയിരുന്നത്. പൊതുവേ, ഞാനെന്നഭാവവും, സ്വല്‍പ്പം അഹങ്കാരവുമൊക്കെയുള്ള ഒരു നടനായിട്ടാണ് പൃഥിരാജ് ഫീല്‍ഡില്‍ അറിയപ്പെടുന്നത്. അസൂയാലുക്കളുടെ കുപ്രചരണമെന്നോ, ശത്രുക്കള്‍ പറഞ്ഞു പരത്തുന്ന നുണക്കഥയെന്നോ എല്ലാം അതിനെ വ്യാഖ്യാനിക്കാമായിരുന്നു.
ജനങ്ങള്‍ക്ക് തന്നെക്കുറിച്ചുള്ള ധാരണ(തെറ്റുദ്ധാരണയുമാവാം) മാറ്റിയെടുക്കാനുള്ള നല്ലൊരു ഫ്ലാറ്റ്ഫോമായി ഏഷ്യാനെറ്റ് അഭിമുഖത്തെ പൃഥിരാജിന് മാറ്റിയെടുക്കാമായിരുന്നു. അതിനുപകരം, ആ ധാരണകളെ ഒന്നുകൂടി അരക്കിട്ടുറപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഞാനെന്ന ഭാവം, താന്‍പോരിമ, മറ്റുള്ളവരോടുള്ള പുച്ഛം എന്നിവയൊക്കെയാണ് പൃഥിരാജ് ആ അഭിമുഖത്തിനിടയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ വച്ചത്. ഇംഗ്ലീഷ് ഭംഗിയായി സംസാരിക്കുന്ന നടന്‍ സൗത്ത് ഇന്ത്യയില്‍ പൃഥിരാജല്ലാതെ മറ്റാരുണ്ട് എന്നൊക്കെ ചോദിച്ച്, നവവധു സുപ്രിയ മേനോനും തന്റെ റോള്‍ ഭംഗിയാക്കി. പലപ്പോഴും അഭിമുഖം തീര്‍ത്തും അരോചകമായി. താന്‍ ഒരു വലിയ സംഭവമാണെന്നു സ്ഥാപിക്കുകയാണോ പൃഥിരാജിന്റെ ലക്‌ഷ്യം എന്ന് പ്രേക്ഷകര്‍ സംശയിച്ചാല്‍ തെറ്റുപറയാനാവില്ല.
ഏതായാലും ഈ അഭിമുഖം കണ്ടു രോഷാകുലനായ ഒരാള്‍, അല്ലെങ്കില്‍ ഒരു സംഘം ആളുകള്‍ ചേര്‍ന്നാണ് ഇപ്പോള്‍ വിവാദമായിരിക്കുന്ന വീഡിയോ നിര്‍മിച്ചു പ്രചരിപ്പിക്കുന്നത്. ശ്രീനിവാസന്റെ രാജപ്പനെ പൃഥിരാജിന്റെ സ്വത്വത്തോട് ചേര്‍ത്തുവയ്ക്കുന്ന വീഡിയോ അല്പം കടന്നകൈയാണെന്ന് പറയാതെ തരമില്ല. എന്നാല്‍ സാങ്കേതിക തികവോടെയാണ് അതു നിര്‍മിച്ചിരിക്കുന്നത്. ആവശ്യത്തിനു ക്ലിപ്പിങ്ങുകള്‍ അവസരോചിതമായി എഡിറ്റു ചെയ്തുണ്ടാക്കിയ വീഡിയോ, പൃഥിരാജിന്റെ ചാനല്‍ അഭിമുഖം കണ്ടവര്‍ക്ക് കൂടുതല്‍ രസിക്കുമെന്നകാര്യം ഉറപ്പ്.
മലയാളിയെ അറിയാത്തതാവാം ഒരു പക്ഷേ പൃഥിരാജിന് പറ്റിയ അബദ്ധം. പുറം നാടുകളില്‍ വളരുന്ന മലയാളികള്‍ക്ക് കേരളത്തിലുള്ളവരോട് പുച്ഛമാണെന്ന് പൊതുവേ പറയാറുണ്ട്. പക്ഷേ, തന്നെ നടനാക്കിയതും സ്റ്റാര്‍ ആക്കിയതും മലയാളി പ്രേക്ഷകര്‍ ആണെന്ന കാര്യം വിസ്മരിക്കാമോ? ചിലപ്പോള്‍, പൃഥിയുടെ പ്രായമായിരിക്കാം പ്രശ്നം. അറുപതു വയസാകുമ്പോള്‍ സിനിമയില്‍ ചെറുപ്പക്കാരനായി അഭിനയിക്കുന്ന കാര്യം ചിന്തിക്കാന്‍ പോലുമാകില്ല എന്ന് ഈ നടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ആരെയൊക്കെയോ ഉന്നം വച്ചുള്ള അഭിപ്രായമാണ്. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് നടന്റെ പ്രായത്തെയല്ല. ഒരു കഥാപാത്രം അയാളുടെ കൈയില്‍ ഭദ്രമാണോ എന്നാണു അവര്‍ നോക്കുന്നത്. പ്രേക്ഷകന്‍ കൈവിട്ടാല്‍ നടന്‍ ഒന്നുമല്ലാതാകും. എത്രയോ ഉദാഹരണങ്ങള്‍ നമുക്കുമുന്നിലുണ്ട്. അഹങ്കാരത്തിന്റെ പരമകോടിയിലെത്തുമ്പോള്‍ ശ്രീനിവാസന്റെ രാജപ്പനും സംഭവിക്കുന്നത് അതാണ്. എന്നാല്‍, അയാള്‍ അറിയാതെയും അയാളെ ഭയപ്പെടുത്തിയും ചിത്രീകരിച്ച് ഒരു സിനിമ പൂര്‍ത്തിയാവുമ്പോള്‍, ആ സിനിമയിലെ രാജപ്പന്റെ അഭിനയം കണ്ടു ജനം കൈയടിക്കുന്നുണ്ട്. പ്രേക്ഷകന്‍ ഉള്‍ക്കൊള്ളുന്നത് കഥാപാത്രത്തെയാണ് എന്നതിന്റെ തെളിവാണ് ആ കൈയടി.
പൃഥിരാജ് നല്ല നടനാണ്. ചില പ്രത്യേക കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. ജനം ഇഷ്ടപ്പെടുന്നത് ആ നടനെയാണ്. പൃഥിരാജ് രാജപ്പനായാല്‍ അതേ ജനം പുറം തിരഞ്ഞു നില്‍ക്കും. അതുണ്ടാവാതിരിക്കട്ടെ.
Source : Email
Ulakam Chuttum Valibhan Making Video - http://www.youtube.com/watch?v=lV3VEgUw5K0&feature=related
PAMPUKALI - http://www.youtube.com/watch?v=1xUEmJCsKdQ&feature=player_embedded
Our Group Member Actress Mithra Kurian Face Book Page ( New Members Pls Click Like In Face Book ) - http://www.facebook.com/actressmithrakurianoffcial
Our Group Member Music Directer Vinu Thomas Face Book Page ( New Members Pls Click Like In Face Book )
http://www.facebook.com/pages/Music-Director-Vinu-Thomas/159113804164000
Our Website - http://onlinekeralafriends.com/
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
Complaints / Suggestions??? Write to keralafriendsmoderator@gmail.com