★.·•Kerala Friends•·.★ മരുന്ന് വാങ്ങുമ്പോഴും കഴിക്കുമ്പോഴും.........

 
 
 
മരുന്നുകളുടെ ലോകത്താണ് മലയാളിയുടെ ജീവിതം. മെഡിക്കല്‍സ്റ്റോറില്‍ച്ചെന്ന് മരുന്നുവാങ്ങി സ്വയംചികിത്സ നടത്തുന്നവര്‍ ഏറെയാണ്. എന്നാല്‍, മരുന്നു വാങ്ങുമ്പോഴും കഴിക്കുമ്പോഴും ശ്രദ്ധയോടെ കാര്യങ്ങള്‍ അറിയുന്നവര്‍ കുറയും. അറിഞ്ഞാലും സൗകര്യപൂര്‍വം മറക്കാനാണ് പലര്‍ക്കും താത്പര്യം.

കുറിപ്പില്ലാതെ വാങ്ങുന്നത് അപകടം
ഡോക്ടറുടെ കുറിപ്പില്ലാതെ മരുന്നു വാങ്ങരുതെന്ന് ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരും ഒരുപോലെ മുന്നറിയിപ്പു നല്‍കുന്നു. ഓരോ രോഗിയുടെയും പ്രായം, അസുഖത്തിന്റെ പ്രകൃതം എന്നിവയനുസരിച്ച് മരുന്നുകളുടെ അളവിലും കഴിക്കേണ്ട രീതിയിലും മാറ്റമുണ്ടാകും. അതുപോലെ നേരത്തെ വാങ്ങിയ കുറിപ്പടി ഉപയോഗിച്ച് പിന്നീട് അസുഖം വരുമ്പോള്‍ മരുന്നുവാങ്ങുന്ന രീതിയും അപകടംചെയേ്തക്കാം. രോഗിയുടെ ആ സമയത്തുള്ള ശാരീരികാവസ്ഥ പരിശോധിച്ചാലേ മുന്‍പ് കുറിച്ച മരുന്ന് രോഗിക്ക് ഫലിക്കുമോ എന്ന് ഉറപ്പിക്കാന്‍ പറ്റൂ. അതുപോലെ മറ്റൊരാള്‍ ഉപയോഗിച്ച മരുന്ന് കൈമാറാനും പാടില്ല.

പഴയ മരുന്നുകള്‍
ഒരുതവണ അസുഖം വന്നപ്പോള്‍ വാങ്ങിയ മരുന്ന് ബാക്കിവെക്കുന്നതും വീണ്ടും ഉപയോഗിക്കുന്നതും നമ്മുടെ പതിവുരീതിയാണ്.
അസുഖം മാറിയാലും കോഴ്‌സ് പൂര്‍ത്തിയാക്കണം എന്ന നിര്‍ദേശം പാലിക്കാതിരിക്കുമ്പോഴാണ് മരുന്നുകള്‍ ബാക്കിയാവുന്നത്. വീടുകളില്‍ ബാക്കിയിരിക്കുന്ന മരുന്നുകള്‍ അലക്ഷ്യമായി വെച്ചാല്‍ കുട്ടികള്‍ അറിയാതെ എടുത്തുകഴിക്കാന്‍ സാധ്യതയുണ്ട്. ഇത് അപകടം വരുത്തും. കൂടാതെ, വീണ്ടും അസുഖം വരുമ്പോള്‍ ഡോക്ടറെ കാണിക്കാതെ സ്വയംചികിത്സ നടത്താനുള്ള പ്രവണതയും പഴയ മരുന്നുകളുടെ സൂക്ഷിപ്പുവഴി ഉണ്ടാകും.

കണ്ണിലും ചെവിയിലും ഒഴിക്കുന്ന തുള്ളിമരുന്നുകള്‍, ഒരുതവണ മുദ്ര പൊട്ടിച്ചവ ഏറെക്കാലം കഴിഞ്ഞ് വീണ്ടും ഉപയോഗിക്കുന്നത് അപകടം വരുത്തും. ഇത്തരം മരുന്നുകളില്‍ ഫംഗസ്ബാധ ഉണ്ടാകാന്‍ സാധ്യത ഏറെയാണ് എന്നോര്‍ക്കുക.

അലക്ഷ്യമായി സൂക്ഷിക്കല്‍
വോള്‍ട്ടേജ് സ്റ്റെബിലൈസര്‍, ഫാന്‍ റഗുലേറ്റര്‍, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കു മുകളില്‍ മരുന്നു സൂക്ഷിക്കുന്നത് വീടുകളിലെ സ്ഥിരം കാഴ്ചയാണ്. മിക്ക മരുന്നുകളും 25 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കേണ്ടവയാണ്.

അതുപോലെ വാഹനത്തില്‍ സ്ഥിരമായി സഞ്ചരിക്കുന്നവര്‍ കാറിന്റെ ഡാഷ് ബോര്‍ഡ്, ബൈക്കുകളുടെ പെട്രോള്‍ ടാങ്കിനു മുകളിലെ കവര്‍ തുടങ്ങിയവയില്‍ മരുന്നുകള്‍ സൂക്ഷിക്കുന്നത് കാണാറുണ്ട്. ഇതും ഗുണകരമല്ല. മെഡിക്കല്‍ ഷോപ്പുകളില്‍ പോലും സൂര്യപ്രകാശമേല്‍ക്കാതെ മരുന്നു സൂക്ഷിക്കാനുള്ള സംവിധാനം കുറവാണ്. കേരളത്തിലെ ശരാശരി താപനില മിക്കപ്പോഴും 30നു മുകളിലാണ് എന്ന കാര്യവും ഇവിടെ ഓര്‍ക്കേണ്ടതാണ്.

മരുന്നു വാങ്ങുമ്പോള്‍
നിര്‍മാണ തീയതി നോക്കി മരുന്നു വാങ്ങുന്നത് ഒരു ശീലമാക്കേണ്ടതാണ്. കഴിയുമെങ്കില്‍ ഉല്പാദന തീയതി അടുത്ത് ആകുന്നതാണ് നല്ലത്. കാലാവധി നാലോ അഞ്ചോ വര്‍ഷം ഉണ്ടാകുമെങ്കിലും കേരളത്തിലെ താപനില, ശരിയായ സൂക്ഷിപ്പ് സൗകര്യങ്ങളുടെ അഭാവം എന്നിവമൂലം കാലം ചെല്ലുന്തോറും മരുന്നിന്റെ വീര്യം കുറയാന്‍ സാധ്യതയുണ്ട്.

അതുപോലെ മരുന്നു വാങ്ങുമ്പോള്‍ കഴിക്കാനുള്ള കൃത്യമായ നിര്‍ദേശങ്ങള്‍ ചോദിച്ചറിയണം, കഴിയുന്നതും എഴുതി വാങ്ങണം. മെഡിക്കല്‍ ഷോപ്പുകളില്‍ യോഗ്യതയുള്ള ഫാര്‍മസിസ്റ്റുകളുണ്ടെങ്കില്‍ അവരോട് ചോദിക്കുന്നതാണ് ഉചിതം. ഇല്ലെങ്കില്‍ മരുന്നു കുറിച്ചുതന്ന ഡോക്ടറോട് തന്നെ നിര്‍ദേശം ആരായാം.
പാര്‍ശ്വഫലങ്ങളുള്ള മരുന്ന് (നേരിയതാണെങ്കിലും) കൂട്ടത്തിലുണ്ടോ എന്ന് എഴുതുന്ന ഡോക്ടറോട് തന്നെ ചോദിക്കണം.

കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
ദിവസം മൂന്നു നേരം എന്നെഴുതിയ മരുന്ന് സൗകര്യത്തിനായി വൈകുന്നേരത്തിനിടെ ഒന്നിച്ചു കഴിക്കുന്നവര്‍ ഏറെയാണ്. ഇത് മരുന്നിന്റെ പ്രവര്‍ത്തനക്ഷമത നശിപ്പിക്കും. ദിവസം മൂന്നുനേരം എന്നെഴുതിയ മരുന്ന് സാമാന്യമായി എട്ടുമണിക്കൂര്‍ ഇടവിട്ട് കഴിക്കണം എന്നര്‍ഥം. സമയത്തിന്റെ അനുപാതം പാലിച്ചാല്‍ മാത്രമേ രക്തത്തില്‍ മരുന്നിന്റെ പരമാവധി സാന്ദ്രത നിലനിര്‍ത്തി രോഗത്തെ ചെറുക്കാന്‍ പറ്റൂ. അതുപോലെ നാലുനേരം കഴിക്കേണ്ട മരുന്ന് ആറുമണിക്കൂര്‍ ഇടവിട്ടും രണ്ടുനേരം കഴിക്കേണ്ടവ 12 മണിക്കൂര്‍ ഇടവിട്ടുമാണ് കഴിക്കേണ്ടത്.

ഒരുനേരം മരുന്നു കഴിക്കാന്‍ മറന്നുപോകുന്നത് സ്വാഭാവികമായി സംഭവിക്കാറുണ്ട്. ഇത്തരം അവസരത്തില്‍ അടുത്ത ഡോസിന്റെ സമയത്തിനായി കാത്തുനില്‍ക്കാതെ കഴിക്കണം. എന്നിട്ട് അടുത്ത ഡോസിനായി കൃത്യമായ ഇടവേള കണക്കാക്കണം.

സ്ഥിരമായി മരുന്നു കഴിക്കുന്നവര്‍ക്കുപോലും അറിയാത്ത കാര്യമാണ് ടീസ്പൂണ്‍, ഔണ്‍സ് തുടങ്ങിയ അളവുകള്‍. അഞ്ചു മില്ലിലിറ്റര്‍ ആണ് ഒരു ടീസ്പൂണ്‍. നമ്മുടെ അടുക്കളകളിലൊന്നും ഈ കൃത്യമാ അളവുള്ള സ്പൂണ്‍ കിട്ടില്ലെന്നതിനാല്‍ പ്രത്യേകം ചോദിച്ചുവാങ്ങിയ ഒരെണ്ണ വീട്ടില്‍ കരുതുന്നതു നന്നായിരിക്കും. 30 മില്ലിലിറ്റര്‍ ഒരു ഔണ്‍സ്, 20 തുള്ളി ഒരു മില്ലിലിറ്റര്‍ എന്നിങ്ങനെയുള്ള അളവുകളും കൃത്യമായി പാലിക്കണം.

കുട്ടികള്‍ക്ക് സാധാരണയായി കൊടുക്കുന്ന ഒന്നാണ് ഡ്രൈസിറപ്പ്. ഇത് തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ കലക്കിയേ നല്‍കാവൂ. തിളച്ച വെള്ളം ഉപയോഗിക്കരുത്. കുറച്ചു വെള്ളം ചേര്‍ത്ത് നന്നായി ഇളക്കി ലയിപ്പിച്ചശേഷം കൂടുതല്‍ വെള്ളം ചേര്‍ക്കുന്നതാണ് ഉചിതം.

മരുന്നു കഴിക്കുന്നതില്‍ ശുഷ്‌കാന്തി കാണിക്കുന്നവര്‍ പോലും ശാസ്ത്രീയമായ രീതികള്‍ അവലംബിക്കാത്തതാണ് ചികിത്സ ഫലിക്കാതിരിക്കാനുള്ള കാരണങ്ങളിലൊന്ന്. ഇത്തരം കാര്യങ്ങളില്‍ ഒരല്പം ശ്രദ്ധവെച്ചാല്‍ മരുന്നിന്റെ യഥാര്‍ഥ ഗുണം രോഗിക്ക് ലഭ്യമാകുമെന്നകാര്യത്തില്‍ സംശയം വേണ്ട.
കടപ്പാട്: കെ.സി. അജിത്ത്കുമാര്‍,
ചെയര്‍മാന്‍, കേരള ഫാര്‍മസി കൗണ്‍സില്‍

--
You received this message because you are subscribed to the Google
Groups "Kerala friends കേരള കൂട്ടുകാര്‍" group.
To post to this group, send email to
Onlinekeralafriends@googlegroups.com
To unsubscribe from this group, send email to
Onlinekeralafriends+unsubscribe@googlegroups.com
For more options, visit this group at
http://groups.google.com/group/Onlinekeralafriends?hl=ml?hl=ml