തമിഴക മാധ്യമങ്ങളില്‍ കേരള സര്‍ക്കാര്‍ പരസ്യം
ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതു മാത്രമാണ് തമിഴ്നാടിന് തുടര്‍ന്ന് വെള്ളം നല്‍കാനും കേരളത്തിന്‍െറ സുരക്ഷക്കുമുള്ള ഏക പോംവഴിയെന്ന് കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 'തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ' എന്ന തലക്കെട്ടില്‍ തിങ്കളാഴ്ച തമിഴ്നാട്ടിലെ പ്രമുഖ തമിഴ്, ഇംഗ്ളീഷ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച അരപ്പേജ് പരസ്യത്തിലാണ് ഇക്കാര്യം പറയുന്നത്.
തമിഴ്നാടിന് ഇന്ന് ലഭിക്കുന്ന അതേ അളവ് ജലം പുതിയ അണക്കെട്ടില്‍നിന്ന് ലഭ്യമാക്കുമെന്ന് ഡിസംബര്‍ ഒമ്പതിന് ചേര്‍ന്ന കേരള നിയമസഭാ സമ്മേളനം ഐകകണ്ഠ്യേന തീരുമാനിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍നിന്ന് തമിഴ്നാടിന് എപ്പോഴും വെള്ളം നല്‍കാന്‍ കേരളത്തിന് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യം സുപ്രീംകോടതി, ഉന്നതാധികാരസമിതി, കേന്ദ്ര-തമിഴ്നാട് സര്‍ക്കാറുകള്‍ എന്നിവര്‍ക്കു മുമ്പാകെ അസന്ദിഗ്ധമായി വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങളുടെ പ്രതിബദ്ധതയുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. പുതിയ അണക്കെട്ട് നിര്‍മാണം മാത്രമാണ് തമിഴ്നാടിന് വെള്ളം ലഭിക്കാനും കേരളത്തിന്‍െറ സുരക്ഷ ഉറപ്പാക്കാനുമുള്ള ഏക പോംവഴി. ഇരുഭാഗത്തിന്‍െറയും വിജയത്തിന് ഇതാണ് മാര്‍ഗം -പരസ്യത്തില്‍ പറയുന്നു.
സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും നീണ്ട കാലത്തെ പാരമ്പര്യമുള്ള ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ക്കിടയില്‍ തെറ്റായ ധാരണകള്‍ ഉളവാക്കാനും അത് തീവ്രമാക്കാനും മുല്ലപ്പെരിയാര്‍ പ്രശ്നം വഴിവെക്കില്ളെന്നതിന് കേരള സര്‍ക്കാര്‍ ഉത്തരവാദമേല്‍ക്കുന്നു. ഒട്ടേറെ മേഖലകളില്‍ നാം പരസ്പരം ആശ്രയിക്കുന്നവരാണ്.
കേരളത്തിലെ നിരവധി തൊഴിലാളികളും ജീവനക്കാരും വിദ്യാര്‍ഥികളും തമിഴ്നാട്ടിലും അവിടെ നിന്നുള്ളവര്‍ കേരളത്തിലും ജീവിക്കുന്നു. അവര്‍ എപ്പോഴും സമാധാനത്തോടെയും സൗഹാര്‍ദത്തോടെയുമാണ് കഴിയുന്നത്. പതിനായിരക്കണക്കിന് ഭക്തജനങ്ങള്‍ ശബരിമലക്ക് വരുന്നുണ്ട്. അവിടെ ഒരു പ്രശ്നവുമില്ല.
എന്നാല്‍, പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്ന തരത്തില്‍ അപ്രതീക്ഷിതമായി തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചിരിക്കുന്നു. നമ്മുടെ നല്ല ബന്ധത്തില്‍ കരിനിഴല്‍ വീഴ്ത്താവുന്ന ഒരു സംഭവവും ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല. കേരളത്തിലുള്ള മുഴുവന്‍ തമിഴ്നാട്ടുകാരുടെയും അന്തസ്സും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള എല്ലാ നടപടികളും കേരള സര്‍ക്കാര്‍ കൈക്കൊള്ളുമെന്ന് ഉറപ്പുനല്‍കുന്നു. അതുപോലെ തമിഴ്നാട്ടിലെ മലയാളികളുടെ സംരക്ഷണത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവാദിത്തമേല്‍ക്കുമെന്ന് വിശ്വസിക്കുന്നു. സമാധാനത്തിനും സൗഹാര്‍ദത്തിനും കോട്ടമുണ്ടാക്കുന്ന വൈകാരിക പ്രവര്‍ത്തനങ്ങള്‍ കൈവെടിഞ്ഞ് കൂടുതല്‍ ആത്മനിയന്ത്രണത്തോടെ എല്ലാവരും സമാധാനം കാത്തുസൂക്ഷിക്കണമെന്നും പരസ്യത്തിലൂടെ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പുതിയ ഡാം നിര്‍മാണം തുടങ്ങിയെന്ന് പ്രചാരണം
ചെന്നൈ: മുല്ലപ്പെരിയാറില്‍ കേരള സര്‍ക്കാര്‍ പുതിയ ഡാമിന്‍െറ നിര്‍മാണജോലികള്‍ തുടങ്ങിയതായി പത്രവാര്‍ത്ത. സണ്‍ ടി.വി ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള 'തമിഴ് മുരസു' പത്രം ചൊവ്വാഴ്ച മുഖ്യവാര്‍ത്തയായാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട് പ്രസിദ്ധീകരിച്ചത്. ഡാം നിര്‍മാണത്തിനായി വനത്തില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ വെട്ടിനീക്കുന്നതായും തമിഴ്നാട്ടുകാരുടെ കുടിലുകള്‍ക്ക് തീവെച്ചതായും വാര്‍ത്തയില്‍ പറയുന്നു. വിവരം പുറത്തറിയാതിരിക്കാന്‍ തമിഴ്നാട്ടുകാരെ കേരള പൊലീസ് തടഞ്ഞുവെച്ചിരിക്കുകയാണെന്നും വാര്‍ത്തയിലുണ്ട്.
രണ്ടാഴ്ചയോളം നീണ്ട സംഘര്‍ഷത്തിന് നേരിയ അയവുണ്ടാകുന്നതിനിടയിലാണ് പ്രകോപനപരമായ വാര്‍ത്തയുമായി ഡി.എം.കെ അനുകൂല പത്രം രംഗത്തിറങ്ങിയത്. കേരളം മരം മുറിച്ചുനീക്കുന്നതു സംബന്ധിച്ച് വിവരമില്ളെന്ന് തമിഴ്നാട് വനം വകുപ്പധികൃതര്‍ പറഞ്ഞതായും വാര്‍ത്തയിലുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പഠിക്കാന്‍ കേന്ദ്ര സാങ്കേതികവിദഗ്ധര്‍ എത്തുംമുമ്പെ അണക്കെട്ടിലെ വിള്ളലുകള്‍ സിമന്‍റ് തേച്ച് അടക്കാന്‍ തമിഴ്നാട് അധികൃതര്‍ ശ്രമം തുടങ്ങി.
അണക്കെട്ടിലെ വിള്ളലുകളില്‍ സിമന്‍റ് പ്രത്യേക പശ ചേര്‍ത്ത് ഉപകരണം വഴി നിറക്കാനാണ് ശ്രമം തുടങ്ങിയത്. ഇതിന് സിമന്‍റും മറ്റ് സാധനങ്ങളും വണ്ടിപ്പെരിയാര്‍ വള്ളക്കടവ് വഴി തമിഴ്നാട് അധികൃതര്‍ അണക്കെട്ടിലെത്തിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ഭൂകമ്പത്തെത്തുടര്‍ന്ന് രൂപപ്പെട്ട വിള്ളലുകളും സീപേജ് വാട്ടറിന്‍െറ അളവ് വര്‍ധിച്ചതും മറ്റും പഠിക്കാനാണ് ഈമാസം 23, 24 തീയതികളില്‍ കേന്ദ്ര വിദഗ്ധര്‍ എത്തുന്നത്.
സുപ്രീംകോടതി ഉന്നതാധികാര സമിതി നിര്‍ദേശപ്രകാരം സാങ്കേതികവിദഗ്ധരായ ഡോ. തട്ടേ, സി.ഡി. മേത്ത എന്നിവരാണ് ആദ്യം പരിശോധനകള്‍ നടത്തുക. ഇതിനുപിന്നാലെ കേരളം ആവശ്യപ്പെട്ടത് പ്രകാരം റൂര്‍ക്കി ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞരും അണക്കെട്ട് പരിശോധിച്ച് ബലക്ഷയം വിലയിരുത്താന്‍ എത്തുന്നുണ്ട്. ഈമാസം 27നാണ് റൂര്‍ക്കിയിലെ വിദഗ്ധര്‍ അണക്കെട്ട് സന്ദര്‍ശിക്കുക. ഈ സാഹചര്യത്തിലാണ് വിള്ളലുകള്‍ മുഴുവന്‍ അടക്കാന്‍ സാമഗ്രികളടക്കം തൊഴിലാളികളെ തമിഴ്നാട് അണക്കെട്ടിലെത്തിച്ചിട്ടുള്ളത്.
വിള്ളലുകള്‍ അടച്ച് വിദഗ്ധരെക്കൊണ്ട് തമിഴ്നാടിന് അനുകൂല റിപ്പോര്‍ട്ട് ഉണ്ടാക്കുകയാണ് തമിഴ്നാട് അധികൃതരുടെ ലക്ഷ്യമത്രെ.