ബംഗളുരു: മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ നിലനിര്‍ത്തുക, പുതിയ ഡാം പൂര്‍ണമായും കേന്ദ്രത്തിന്റെ ചെലവില്‍ നിര്‍മ്മിക്കുക, കരാറില്‍ കാലാനുസൃതമായ മാറ്റം വരുത്തുക, അന്തര്‍ സംസ്‌ഥാന നദികളുടേയും ഡാമുകളുടേയും ചുമതല കേന്ദ്ര സര്‍ക്കാരില്‍ നിക്ഷിപ്‌തമാക്കാന്‍ നിയമനിര്‍മാണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരളത്തില്‍നിന്നും തമിഴ്‌നാട്ടില്‍നിന്നും 10 ലക്ഷം വീരശൈവ-ലിംഗായത്തുകള്‍ പ്രധാനമന്ത്രിക്ക് കത്തയയ്‌ക്കണമെന്ന് ആള്‍ ഇന്ത്യാ വീരശൈവ മഹാസഭ ദേശീയ ജനറല്‍ ബോഡി യോഗം നിര്‍ദേശിച്ചു. തമിഴ്‌നാട്ടില്‍നിന്നുള്ള പ്രതിനിധികള്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കിലും ജനറല്‍ബോഡിയുടെ ഭൂരിപക്ഷ തീരുമാനം ഒടുവില്‍ അംഗീകരിച്ചു. ഒത്തുതീര്‍പ്പ് വ്യവസ്‌ഥകള്‍ ദേശീയ പ്രസിഡന്റ് ഭീമണ്ണ ഖണ്‍ട്രെയാണ് മുന്നോട്ടുവച്ചത്. ഡിസംബര്‍ 3ന് നടന്ന വര്‍ക്കിംഗ് കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചിരുന്നു. എന്നാല്‍ ജനറല്‍ ബോഡി യോഗത്തില്‍ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ദേശീയ പ്രസിഡന്റ് ഒത്തുതീര്‍പ്പ് വ്യവസ്‌ഥകള്‍ മുന്നോട്ടുവച്ചത്. കേരളത്തിനു പുറമേ കര്‍ണാടക, ആന്‌ധ്ര, മഹാരാഷ്‌ട്ര, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ സംസ്‌ഥാനങ്ങളില്‍നിന്നുള്ളവര്‍ വ്യവസ്‌ഥകള്‍ അംഗീകരിച്ചതോടെ തമിഴ്‌നാട് അംഗങ്ങളും യോജിച്ചു. അഡ്വ. ജനറല്‍ കെ.പി. ദണ്ഡപാണിയുടെ കാര്യത്തില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കേരള താല്‍പര്യത്തേക്കാള്‍ ഈഴവ താല്‍പര്യത്തിന് മുന്‍തൂക്കം നല്‍കിയതായി അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് വീരശൈവ സഭ സംസ്‌ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോന്‍ ആരോപിച്ചു. വീരശൈവ-ലിംഗായത്ത് ധര്‍മ്മത്തെ സ്വതന്ത്ര മതമായി പ്രഖ്യാപിക്കണമെന്നും ഭാരതീയ നവോത്ഥാന നായകന്‍ ബസവേശ്വരനെപ്പറ്റി എല്ലാ സംസ്‌ഥാനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ബംഗളുരു തരളബാലു കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ ഭീമണ്ണ ഖണ്‍ട്രെ അധ്യക്ഷത വഹിച്ചു. കേരള സംസ്‌ഥാന ജനറല്‍ സെക്രട്ടറി കെ.വി. ശിവന്‍, കേന്ദ്ര കമ്മിറ്റി അംഗം എന്‍.സി. രാജേന്ദ്രന്‍, അഡ്വ. കെ.വി. രാജേന്ദ്രന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. |