ഈസ്റ്റേണ്‍ മുളകുപൊടിയിലെ മായം - ഒരു ഓണ്‍ലൈന്‍ വേട്ടക്കഥ
സ്പൈഡര്മാന് സിനിമയിലെ പ്രശസ്തമായ ഒരു ഡയലോഗാണ് - "with great power, comes great responsibility" എന്നത്. ശക്തനാകാന്‍ പോകുന്ന സ്പൈഡര്മാന് അദ്ദേഹത്തിന്റെ വളര്ത്തച്ഛന് കൊടുക്കുന്ന ഉപദേശമാണ് ഇത്. ഓണ്‍ലൈന്‍ സമൂഹവും ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും രണ്ട് കാര്യങ്ങളാണ് തിരിച്ചറിയാതെ പോകുന്നത് - 1) തങ്ങള്‍ക്കു വലിയ ശക്തി ഉണ്ടെന്നുള്ളത്. 2) തങ്ങള്‍ക്ക് അതിനോടൊത്ത ഉത്തരവാദിത്വമുണ്ടെന്നുള്ളത്.
ഈസ്റ്റേണ്‍ കോണ്ടിമെന്റ്സ് അമേരിക്കയിലേയ്ക്കു കയറ്റിയയക്കേണ്ട മുളകുപൊടി സാമ്പിളില്‍ സുഡാന് ഡൈ (sudan IV) എന്ന വിഷപദാര്‍ത്ഥം വളരെ ചെറിയ അളവില്‍ കണ്ടെത്തുന്നതോടെയാണ് കുഴപ്പങ്ങളുടെ തുടക്കം. ഈസ്റ്റേണില്‍ റെയ്ഡ് നടത്തി വിഷം കലര്‍ന്ന ഭക്ഷണം പിടിച്ചെടുത്തു, ഈസ്റ്റേണ്‍ നമ്മളെ വിഷം തീറ്റിക്കുന്നു, മുഖ്യധാരാ മാദ്ധ്യമങ്ങളെ ഈസ്റ്റേണ്‍ വിലയ്ക്കെടുത്തു, അതുകൊണ്ട് അവ വാര്‍ത്ത മുക്കുന്നു എന്നിങ്ങനെയായി വാര്‍ത്തകളുടെ സ്വഭാവം. ഒരു വശത്ത് പാവം ഉപഭോക്താവ് (അഥവാ നമ്മള്). മറുവശത്ത് കോടികളുടെ വിറ്റുവരവുള്ള വ്യവസായ ഭീമനും നമുക്ക് തൊടാന്‍ പറ്റാത്ത ഭീമന്മാരായ മാദ്ധ്യമങ്ങളും.
ഇങ്ങനെ ഒരു റെയ്ഡിന്റെ വാര്‍ത്ത ആദ്യം പുറത്തുവന്നത് അതുവരെ അധികമാരും കേട്ടിട്ടില്ലാത്ത ഒരു പത്രത്തിലും (നഗരം) ഒരു ഓണ്‍ലൈന്‍ മാദ്ധ്യമത്തിലുമാണ് (onionlive). ഏതു പത്രത്തിന്റെ ക്ലിപ്പാണെന്ന് വ്യക്തമല്ലാത്ത, ഒരു പത്രക്കട്ടിങ്ങിന്റെ ചിത്രം ഫെയ്സ്ബുക്കില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടു. 6000-ല്‍ അധികം പേര് ഷെയര്‍ ചെയ്ത ആ പത്ര ക്ലിപ് പറയുന്നത് 100 മില്ലീഗ്രാം കറിപ്പൊടിയില്‍ 14 മില്ലീഗ്രാം സുഡാന് ഡൈ കണ്ടെത്തിയെന്നാണ്. ഒണിയന്‍ ലൈവ് ഇതേ അളവുകള്‍ ആവര്‍ത്തിക്കുന്നു.
ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ ഈസ്റ്റേണ്‍ എന്ന വ്യവസായ ഭീമനോടുള്ള രോഷം പതഞ്ഞുപൊന്തി. ഇതിനെ പ്രതിരോധിക്കാന്‍ ഈസ്റ്റേണ്‍ കമ്പനി റ്റ്വിറ്ററിലും ഫെയ്സ്ബുക്കിലും അക്കൗണ്ടുകള്‍ തുടങ്ങി, തങ്ങളുടെ ഒരു കേന്ദ്രത്തിലും ഒരു റെയ്ഡും നടന്നിട്ടില്ല എന്ന് ഈസ്റ്റേണ്‍ പറയുന്നു. എന്നാല്‍ മുളകുപൊടിയില്‍ മായം കണ്ടെത്തിയോ എന്നതിനെപ്പറ്റി അവര്‍ മിണ്ടിയില്ല.
ഈസ്റ്റേണ്‍ 'മായം കലര്‍ന്ന' മുളകുപൊടി കുഴിച്ചുമൂടുന്ന ദൃശ്യങ്ങള്‍ യൂട്യൂബിലും എത്തി.
ഇതിനിടയില്‍ ഡൂള്‍ ന്യൂസ് സ്പൈസസ് ബോര്‍ഡില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി എത്തി. ആ റിപ്പോര്‍ട്ടില്‍ പറയുന്നത് - "Analysis of the samples drawn from the consignment notified by you has shown the presence of Sudan IV as per enclosed analytical report" എന്നാണ്. അതായത് ഈസ്റ്റേണ്‍ കമ്പനി notify ചെയ്ത കണ്‍സൈന്‍മെന്റിലാണ് മായം കണ്ടെത്തിയത്. റെയ്ഡ് നടത്തി പിടിച്ചെടുത്തതല്ല, അവര്‍ പരിശോധനയ്ക്കയച്ച സാമ്പിളിലാണ് പ്രശ്നമെന്ന്. കണ്സൈന്മെന്റ് (ചരക്ക്) 15 ദിവസത്തിനകം നശിപ്പിക്കാനാണ് കത്തു കൊടുത്തിട്ടുള്ളത്, റെയ്ഡ് നടത്തി ഓണ്‍ ദ് സ്പോട്ട് നശിപ്പിക്കലല്ല നടന്നത്. എന്നാല്‍ നവംബര്‍ 9-നു റെയ്ഡ് നടത്തി പിടിച്ചെടുത്ത സാമ്പിളിലാണ് മാരകവിഷം എന്ന് ഡൂള്‍ ന്യൂസ് അതേ റിപ്പോര്‍ട്ടില്‍ എഴുതുന്നു.
അതേ റിപ്പോര്‍ട്ട് പറയുന്നത് മുളകുപൊടിയില്‍ കണ്ടെത്തിയ സുഡാന് IV-ന്റെ അളവ് ഒരു കിലോഗ്രാമില്‍ 14 മൈക്രോഗ്രാം ആണെന്നാണ്. എന്നാല്‍ ഡൂള്‍ ന്യൂസ് ഈ റിപ്പോര്‍ട്ട് നോക്കി എഴുതിയപ്പോള്‍ അത് 14 മില്ലീഗ്രാം ആയി. 1200 കിലോ മുളകുപൊടിയുടെ ചരക്കാണ് നശിപ്പിച്ചത്, ആ ഒന്നേകാല്‍ ടണ്ണിലും കൂടി 16.8 മില്ലീഗ്രാമേ സുഡാന് IV വരുന്നുള്ളൂ. ഇതിനെയാണ് ഒരു കിലോയില്‍ 14 മില്ലീഗ്രാം എന്നെഴുതിയത്.
ഡൂള്‍ ന്യൂസും മറ്റ് ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളും പറയുന്നത് മാരകവിഷം കണ്ടെത്തി എന്നാണ്. സുഡാന് IV മാരകവിഷമല്ല - ഏതാനും മില്ലീഗ്രാം അകത്തുചെന്നാല്‍ ഉടനേ കാന്‍സര്‍ വന്ന് മരിക്കണമെന്നില്ല. തുടര്‍ച്ചയായി സുഡാന് ഡൈ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ കാന്‍സര്‍ വരാം, അതുകൊണ്ട് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ സുഡാന് ഡൈ കലര്‍ന്ന ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത് എന്ന് പഠനങ്ങള്‍ പറയുന്നു. ഈ റിസ്ക് ഉള്ളതുകൊണ്ടും, ഭക്ഷണത്തില്‍ സ്വാഭാവികമായി ഉള്‍പ്പെടാത്ത - കൃത്രിമമായി നിര്‍മ്മിക്കുന്ന കളറിങ്ങ് ഏജന്റ് ആയതുകൊണ്ടും, ഭക്ഷ്യ പദാര്‍ത്ഥങ്ങളില്‍ സുഡാന് ഡൈ കലരുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ നിരോധിച്ചിരിക്കുന്നു.
ഒരു ടീസ്പൂണ്‍ മുളകുപൊടിയുടെ ഭാരം 4 ഗ്രാം (4000 മില്ലീഗ്രാം) വരും. 14 മില്ലീഗ്രാം എന്നത് ഒരു ടീസ്പൂണിന്റെ ഇരുന്നൂറ്റമ്പതിലൊന്നേ ഉള്ളൂ. കൈകൊണ്ട് ഒരല്പം മുളകുപൊടി നുള്ളിയെടുത്താല്‍ അതിന് 14 മില്ലീഗ്രാമിലും കൂടുതല്‍ ഭാരം കാണും. ഒന്നേകാല്‍ ടണ്ണില്‍ 14 മില്ലീഗ്രാം മായം കലര്‍ത്തിയിട്ട് ഈസ്റ്റേണ്‍ കമ്പനി എന്തു നേടാനാണ്? ഒന്നേകാല്‍ ടണ്‍ മുളകുപൊടിയുടെ നിറം കൂടുമോ? അങ്ങനെ നിറം മാറുമെങ്കില്‍ ഇതിലും നല്ലത് ഒരു ടീസ്പൂണ്‍ സുഡാന് ഡൈ കലര്‍ത്തി അറബിക്കടലിനു ചുവന്ന നിറം കൊടുക്കുന്നതായിരിക്കും. അതേസമയം ഇങ്ങനെ കലര്‍ത്തിയാല്‍ വിദേശരാജ്യങ്ങളില്‍ ബോര്‍ഡര്‍ പോര്ട്ടുകളിലുള്ള ചെക്കിങ്ങില്‍ അവര്‍ സുഡാന് ഡൈ കണ്ടെത്തും, ആ ചരക്ക് (കണ്സൈന്മെന്റ്) നിരസിക്കും, മുളകുപൊടിയും ഷിപ്പിങ്ങ് ചാര്‍ജ്ജും കമ്പനിയ്ക്ക് നഷ്ടമാകും. അറിഞ്ഞുകൊണ്ട് ഇങ്ങനെ ഒരു അബദ്ധം ഒരു കമ്പനിയും കാണിക്കില്ല. ചരക്കു കയറ്റിയയച്ച് അവിചാരിതമായി മായം കണ്ടെത്തുന്നതിലും നല്ലതാണ് ചരക്കു കയറ്റിയയക്കുന്നതിനു മുന്നേ മായം കലര്‍ന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്. ഭക്ഷണം കയറ്റിയയക്കുന്നതിനു മുന്നേ ഗുണനിലവാരം പരിശോധിക്കുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, ഇരുപത്തഞ്ചു വര്‍ഷമായി ചെയ്യുന്നതാണെന്ന് അവര്‍ തന്നെ പറയുന്നു.
തീര്‍ച്ചയായും ഈസ്റ്റേണ്‍ കമ്പനി എത്ര ചെറിയ അളവിലായാലും ഈ ചരക്കില്‍ എങ്ങനെ മായം കലരാന്‍ ഇടവന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. മായം കലരുന്നതിലൂടെ അവര്‍ക്കു ലക്ഷക്കണക്കിനു നഷ്ടമാണ് വരുന്നത്. ഒരുപക്ഷേ അവര്‍ വാങ്ങിയ വറ്റല്‍ മുളകില്‍ നിന്നാകാം, അല്ലെങ്കില്‍ പാക്കിങ്ങിലെ നിറം ഇളകി കലര്‍ന്നതാകാം. ഇത് അവര്‍ ഒഴിവാക്കേണ്ടതാണ്.
എസ്ഡിപിഐ നടത്തിയ പ്രതിഷേധം">
എന്നാല്‍ ഈസ്റ്റേണ്‍ കമ്പനി മായം കലര്‍ത്തി ആളെ കൊല്ലുന്നു എന്ന പ്രചരണവും, കണക്കുകള്‍ ആയിരവും പതിനായിരവും മടങ്ങ് പെരുപ്പിച്ചുള്ള പ്രചരണവും ഒരു വ്യവസായത്തോടു ചെയ്യുന്ന അനീതിയാണ്. അമേരിക്കന്‍ വിപണിയില്‍ ഈസ്റ്റേണ്‍ കറിമസാല വാങ്ങുന്ന ഒട്ടുമിക്ക മലയാളികള്‍ക്കും ഫെയ്സ്ബുക്ക് അക്കൗണ്ട് കാണും. അവരില്‍ ഒരു വലിയ ഭാഗം ഈ പ്രചരണം കണ്ടുകാണും. ഈ പ്രചരണം കൊണ്ടുതന്നെ ഈസ്റ്റേണ്‍ കമ്പനിയ്ക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നതിലൂടെ ഡൂള്‍ ന്യൂസും മറുനാടന്‍ മലയാളിയും നഗരം പത്രവും മറ്റും ഒരു കമ്പനിയുടെ വിപണിയെ തകര്‍ക്കുകയാണ്.
ഇനി കേരളത്തില്‍ വില്‍ക്കുന്ന ഭക്ഷണത്തില്‍ ഇവര്‍ മായം കലര്‍ത്തുന്നുണ്ടോ എന്നാണ് പേടിയെങ്കില്‍ - ഡൂള്‍ ന്യൂസിനോ നഗരം പത്രത്തിനോ ആര്‍ക്കു വേണമെങ്കിലും - ഈസ്റ്റേണ്‍, മേളം, നിറപറ, തുടങ്ങിയ കറിമസാലകളുടെയും പലചരക്കു കടയില്‍ ലൂസായി കിട്ടുന്ന മുളകുപൊടിയുടെയും സാമ്പിള്‍ എടുത്ത് ഇതേ സ്പൈസസ് ബോര്‍ഡ് ടെസ്റ്റിങ്ങ് ലാബില്‍ പോകാമായിരുന്നു. മണിക്കൂറുകള്‍ക്കകം ഏതിലൊക്കെ സുഡാന് ഡൈ എത്ര അളവില്‍ ഉണ്ടെന്ന് കണ്ടെത്താമായിരുന്നു. പക്ഷേ സ്കൂപ്പ് ജേണലിസം ആ സാവകാശം കാണിക്കുന്നില്ല, കൈയില്‍ കിട്ടിയ ലാബ് റിപ്പോര്‍ട്ട് പോലും നേരെ വായിച്ചു നോക്കുന്നില്ല. പകരം എടുത്തുചാടി വിഭ്രാന്തി പടര്‍ത്തുകയാണ് - മാദ്ധ്യമങ്ങളെ സംബന്ധിച്ചിടത്തോളം പേടി പെട്ടെന്നു വിറ്റുപോകുന്ന ചരക്കാണ്.
കള്ളന് എന്നും പറഞ്ഞ് ഒരാളെ മരത്തില്‍ കെട്ടിയിട്ടാല്‍ വഴിയേ പോകുന്നവരൊക്കെ ധാര്‍മികരോഷം കൊണ്ട് അയാളെ കേറി അടിച്ചിട്ടു പോകും. അയാള്‍ കള്ളനാണോ എന്നു നോക്കാറില്ല. ഓണ്‍ലൈന്‍ സമൂഹത്തിന്റെ സ്വഭാവവും അതുതന്നെയാണ് - വാര്‍ത്തയുടെ നിജസ്ഥിതി പരിശോധിക്കാതെ ധാര്‍മ്മികരോഷം കൊള്ളും. നാളെ പത്തനംതിട്ടയില്‍ കെമിക്കല്‍ മഴപെയ്യും എന്നൊരു പത്രക്കുറിപ്പ് ഉണ്ടാക്കി ഇറക്കിയാലും അത് റീഷെയര്‍ ചെയ്യാന്‍ നൂറുപേരെക്കിട്ടും.
ഇന്ന് ഓണ്‍ലൈന്‍ സമൂഹത്തിന്റെ വലിപ്പം കൂടി വരികയാണ്. പ്രക്ഷോഭം നടത്താനും ഒരു സര്‍ക്കാരിനെ മറിച്ചിടാനുമൊക്കെ കഴിയുന്ന ഒരു വലിയ ശക്തിയാണ് ഓണ്‍ലൈന്‍ സമൂഹം.
ഇങ്ങനെ സ്വന്തം റീച്ച് തിരിച്ചറിയാതെ, വാലും തലയും നോക്കാതെ വാര്‍ത്ത ഇറക്കുന്ന, അതിന്റെ നിജസ്ഥിതി പരിശോധിക്കാതെ പ്രചരിപ്പിക്കുന്ന ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളോടും സമൂഹത്തോടും ഒന്നേ പറയാനുള്ളൂ - with great power, comes great responsibility.
സിമി ഫ്രാന്‍സിസ് നസറേത്ത്
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net