കേരളവും തമിഴ്‌നാടും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന് അത്ര എളുപ്പത്തില്‍ പരിഹാരമുണ്ടാക്കിയെടുക്കാന്‍ കേന്ദ്രത്തിനു കഴിയുമെന്നു തോന്നുന്നില്ല. പരിഹാരമാര്‍ഗങ്ങള്‍ക്കു വഴിയറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ഇപ്പോള്‍ എല്ലാവരും. പ്രതിരോധമന്ത്രി കഴിഞ്ഞ ദിവസം കേരളത്തിലെത്തി നടത്തിയ പ്രസ്‌താവന കൂടി ചേര്‍ത്തുവച്ചാല്‍ പ്രതിസന്ധിയുടെ ആഴം കൂടുതല്‍ ബോധ്യമാവും. കേന്ദ്രം പ്രശ്‌നത്തിലിടപെടണമെന്നു പറയുന്നവര്‍ എങ്ങനെയെന്നുകൂടി പറയുന്നില്ല എന്നാണ് എ.കെ. ആന്റണിയുടെ ആക്ഷേപം. ദേശീയ കക്ഷികള്‍ക്ക് ഒന്നിലും നിലപാടില്ല. പ്രാദേശിക കക്ഷികളായ കേരളാ കോണ്‍ഗ്രസുകളുടെയും ദ്രാവിഡ പാര്‍ട്ടികളുടെയും വികാരവിക്ഷോഭങ്ങള്‍ക്ക് അങ്ങനെയൊന്നും അടിയറവു പറയാനാവില്ലെന്ന ധ്വനിയാണ് എ.കെയുടെ നാവില്‍നിന്നു പുറത്തുചാടിയത്. ചിദംബരത്തെപ്പോലെ അപക്വമാവാനോ പറഞ്ഞതു പിന്‍വലിക്കാനോ അദ്ദേഹമില്ല. ഏതായാലും ഇക്കാലത്തിനിടയില്‍ ഇങ്ങനെയെങ്കിലും എ.കെ. പ്രതികരിച്ചതും വലിയ ആശ്വാസം. പൊതുവേ കൗശലം കൂടുതലാണ് എ.കെ. ആന്റണിക്ക്. എന്നാല്‍ മന്‍മോഹന്‍സിംഗിന്റെ അതികൗശലത്തെ ആന്റണിക്കുപോലും തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല. മുല്ലപ്പെരിയാറിന്റെ പിന്‍മറനീക്കി പലരുടെയും കൗശലങ്ങള്‍ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നുണ്ട്. ബ്രിട്ടീഷുകാരന്‍ നാടുവിടുമ്പോള്‍ പകര്‍ന്നുനല്‍കിയ ശീലങ്ങള്‍ നമ്മുടെ നാട്ടില്‍ എല്ലാ മേഖലകളിലും ബാക്കി നില്‍ക്കുന്നുണ്ട്. പോലീസ് മുറയും കോടതിഭാഷയും മാത്രമല്ല ഭരണതന്ത്രവും തുടര്‍ച്ചയെന്നോണം നമ്മള്‍ കാത്തുസൂക്ഷിക്കുന്നുണ്ട്. ഭിന്നിപ്പിച്ചു നിര്‍ത്തിയാല്‍ ഭരണം സുഗമമാക്കാമെന്നത് ബ്രിട്ടീഷുകാരനു മാത്രമല്ല നമ്മുടെ ഭരണാധികാരികള്‍ക്കും നല്ല വശമുണ്ട്. ഭിന്നിപ്പിക്കല്‍ തന്ത്രമാണ് മുല്ലപ്പെരിയാര്‍ എന്നു തീര്‍പ്പു കല്‍പ്പിക്കുന്നില്ലെങ്കിലും വായിച്ചെടുക്കാവുന്ന ചില കാണാച്ചരടുകള്‍ ഇതിലുണ്ട്. ആളിപ്പടര്‍ന്ന ഒരു സമരത്തിന്റെ ശുഭപര്യവസാനത്തിന് മുഴുവന്‍ മലയാളികളും കാതോര്‍ത്തിരിക്കുകയായിരുന്നു. പക്ഷേ, ഒരു പാറ്റയുടെ ആയുസ് മാത്രമേ ആ ഉയര്‍ച്ചയ്‌ക്കു കണ്ടുള്ളൂ. സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രി കര്‍ട്ടനു പിന്നില്‍നിന്നും മന്ത്രിമാരും പ്രതിപക്ഷ നേതാവും മുന്‍നിരയില്‍ നിന്നും ഉയര്‍ത്തിവിട്ട സമരത്തിന് ഇങ്ങനെയൊരു ഗതി വന്നതിന്റെ പിന്നിലെ കെണികള്‍ അന്വേഷിക്കാതിരുന്നുകൂടാ. സര്‍വകക്ഷിസംഘത്തിനു കൃത്യമായ ഒരു ഉറപ്പും ലഭിക്കാതെ കേരളത്തിലെ നേതാക്കളില്‍നിന്ന് ഉറപ്പുവാങ്ങിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ കൗശലത്തിനു സാധിച്ചു. ഫലം കേരളത്തിലെ സമരത്തിനു കെടുവെള്ളമൊഴിച്ചു. അച്യുതാനന്ദനേക്കാള്‍ മുമ്പു പിണറായിയും പിന്‍മാറി. ഭരണപ്രതിപക്ഷഭേദമന്യേ സമരമുഖത്തെ ആവേശം തല്ലിക്കെടുത്തി. തളര്‍ന്ന സമരത്തെ മാണിസാര്‍ എന്തു പറഞ്ഞാലും ഒരുമാസമല്ല ഒരു വര്‍ഷംകൊണ്ടും ഉശിരോടെ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ ഇനി അത്ര എളുപ്പം കഴിയണമെന്നില്ല. അതിനിടെ പിറവത്തെ കുഞ്ഞിന്റെ പിറവി കൂടിയുണ്ടു മുമ്പില്‍. നമ്മെ തളര്‍ത്തിയപ്പോള്‍ തമിഴ്‌നാടിനു പുതിയ ഊര്‍ജം കിട്ടി. അതിന്റെ ആവേശത്തില്‍ അതിര്‍ത്തികള്‍ ഉപരോധിച്ചും മലയാളികള്‍ക്കുനേരേ അക്രമം അഴിച്ചുവിട്ടും അവര്‍ കൂടുതല്‍ സമ്മര്‍ദതന്ത്രങ്ങള്‍ പയറ്റിത്തുടങ്ങി. പിന്‍മാറ്റത്തിന്റെ ജാള്യം അപ്പോഴാണു രാഷ്‌ട്രീയ നേതൃത്വത്തിനു ബോധ്യമാവുന്നത്. തലയൂരാന്‍ ജില്ലാ നേതൃത്വത്തിനുമേല്‍ സമരം കെട്ടിയേല്‍പ്പിച്ച് പുതിയ കൗശലം മെനഞ്ഞു, രാഷ്‌ട്രീയ പാര്‍ട്ടികള്‍. എന്താണ് ഒരു സമരത്തില്‍ മുമ്പോട്ടുവച്ച ആവശ്യം? സമരത്തില്‍നിന്നു പിന്നോട്ടു നില്‍ക്കാന്‍ അതില്‍ എന്ത് ഉറപ്പു കിട്ടി? വിഷയം ചര്‍ച്ചചെയ്യാന്‍ സമരം നിര്‍ത്തണമെന്നാണെങ്കില്‍ ഇരുഭാഗത്തോടും ആവശ്യം അംഗീകരിപ്പിക്കാന്‍ പ്രധാനമന്ത്രിക്കു കഴിയണമായിരുന്നു. ഇവിടെയാണു കൗശലങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നത്. ദുര്‍ബലമായ കേരളത്തിന്റെ പ്രതിഷേധങ്ങളേക്കാളും ബലക്കുറവുള്ള കേരള എം.പിമാരുടെ കൈകളേക്കാളും തമിഴ് കരുത്ത് കേന്ദ്രത്തിനു ബോധ്യമാണ്. ഒപ്പം തമിഴകത്തു ശക്‌തിയാര്‍ജിച്ചുവരുന്ന കൂടംകുളം ആണവനിലയത്തിനെതിരേയുള്ള സമരവും. കൂടംകുളം സമരത്തിനു കേരളത്തിന്റെ മണ്ണില്‍നിന്നു പിന്തുണ വര്‍ധിച്ചുവരികയായിരുന്നു. ആണവ നിലയം കമ്മിഷന്‍ ചെയ്യാന്‍ അടുത്തെത്തുന്നതിനനുസരിച്ചു സമരത്തിന്റെ തീക്ഷ്‌ണതയും വര്‍ധിക്കും. മുല്ലപ്പെരിയാറിനേക്കാള്‍ പ്രാധാന്യവും പ്രസക്‌തിയും കേന്ദ്രസര്‍ക്കാരിന് ആണവനിലയമാവുന്നത് അതിനാലാണ്. രണ്ടു സംസ്‌ഥാനങ്ങളുടെയും ഭാവിയെ ബാധിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണു രണ്ടു പ്രശ്‌നങ്ങളും. ആണവനിലയത്തില്‍ യോജിച്ച സമരത്തിന്റെ സാധ്യതയെ മുല്ലപ്പെരിയാറിന്റെ വേറിട്ട സമരത്തിലൂടെ മറികടക്കണമെന്നുള്ള കൗശലം പ്രവര്‍ത്തിച്ചാല്‍ കേന്ദ്രത്തെ സംബന്ധിച്ചിടത്തോളം അതില്‍ അധാര്‍മികതയൊന്നുമില്ല. അഞ്ചു വര്‍ഷത്തോളമായി ഇടുക്കിയിലെ ചപ്പാത്തില്‍ നടക്കുന്ന സമരത്തിനു പൊടുന്നനെ അന്തര്‍ദേശീയമാനം കൈവന്നത് അടിക്കടിയുണ്ടായ ഭൂചലനത്തില്‍ നിന്നാണ്. ഇതിനുമുമ്പ് ഇങ്ങനെയൊരിക്കലും മുല്ലപ്പെരിയാര്‍ സമരത്തിന് ഇത്ര തീക്ഷ്‌ണത കൈവന്നിട്ടില്ല. മാധ്യമങ്ങളും രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളും സമരത്തെ ഈവിധം ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. വിവാദങ്ങളും ബഹളങ്ങളുമുണ്ടാകുമ്പോള്‍ അതില്‍മാത്രം മുഴുവന്‍ ശ്രദ്ധയും നിലനിര്‍ത്തുക എന്ന പൊതുശീലം കേരളീയന്റേതു മാത്രമായി മാറിയിരിക്കുന്നു. ജനകീയ പ്രശ്‌നങ്ങളിലും സമരങ്ങളിലും മാധ്യമങ്ങള്‍ അതിരുവിട്ടു ശ്രദ്ധകേന്ദ്രീകരിക്കുമ്പോള്‍ അതിനിടയിലൂടെ രൂപം പ്രാപിച്ചുവരുന്ന കൗശലങ്ങളും കൗശലക്കാരേയും തിരിച്ചറിയാതെ പോവും. പ്രധാനമന്ത്രിയുടെ കൗശലത്തിലൂടെ കേരളത്തിലെ സമരങ്ങള്‍ക്കു തീക്ഷ്‌ണത കുറച്ചപ്പോള്‍ തമിഴകം ജ്വലിപ്പിച്ചു നിര്‍ത്തി. ബ്രിട്ടീഷ് തന്ത്രങ്ങളുടെ തുടര്‍ച്ച നമ്മുടെ ഭരണാധികാരികളും എടുത്തുപയറ്റിയെന്നു ചിന്തിക്കുന്നവരെ പഴിക്കരുത്. മലയാളികളും തമിഴനും പോരു വിളിച്ചാല്‍, ചോര ചിന്തിയാല്‍ അപരിഹാര്യമായ ദേശീയ ദുരന്തമായിരിക്കും സംഭവിക്കുക. നഷ്‌ടപ്പെടുന്നത്, വിളക്കിച്ചേര്‍ക്കാന്‍ കഴിയാത്ത ഒരു നല്ല അയല്‍പക്ക കണ്ണിയും. കേരളത്തിന്റെ സമരങ്ങളത്രയും സമാധാനപൂര്‍ണമായിരുന്നു. എന്നാല്‍ നിയന്ത്രണം വിട്ടുപോകാതിരിക്കാന്‍ മലയാളി എത്ര സംയമനം പാലിച്ചിട്ടും കാര്യമില്ല. ആയിരക്കണക്കായ നമ്മുടെ മലയാളി വിദ്യാര്‍ഥികള്‍ക്കു പഠിക്കാന്‍ തമിഴ്‌നാട് ഇപ്പോള്‍ സുരക്ഷിതസ്‌ഥലമല്ല. ധൈര്യമായി ഒരു വാഹനവുമായി മലയാളിക്കു തമിഴ്‌നാട് അതിര്‍ത്തിക്കപ്പുറത്തേക്കു ചെന്നുകൂടാ. വ്യവസായികളും കച്ചവടക്കാരും അധികകാലം അവിടെ കഴിഞ്ഞുകൊള്ളണമെന്നില്ല. നമ്മുടെ മുഖ്യമന്ത്രി മലയാളിയുടെ സുരക്ഷ ഉറപ്പാക്കാന്‍ ജയലളിതയ്‌ക്ക് അയയ്‌ക്കുന്ന കത്തുകള്‍ക്കൊക്കെ കൃത്യമായ മറുകുറി കിട്ടുന്നുണ്ടെങ്കിലും വിട്ടുമാറാത്ത ഭീതിയിലാണ് ഓരോ മലയാളിയും. ആശങ്കയിലും ഭീതിയിലും നാളുകള്‍ തള്ളിനീക്കുന്ന മലയാളിയുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കാനല്ലാതെ ആശ്വാസം പകരാന്‍ ആര്‍ക്കുമാവുന്നില്ല. ഇതിനിടയില്‍ എണ്ണ ഒഴിച്ച് സമരത്തിനു വീര്യം പകര്‍ന്നവര്‍ ഓരോരുത്തരായി അപ്രത്യക്ഷമാവുകയും ചെയ്യുന്നു. കൊടുംതണുപ്പില്‍ ചപ്പാത്തിലേയും പെരിയാറിലേയും വള്ളക്കടവിലേയും സമരപ്പന്തലില്‍ സാധാരണക്കാര്‍ അനിശ്‌ചിതമായി സമരം തുടരുന്നു. കേരളത്തിന്റെ സമരത്തിനു മുകളില്‍ വെള്ളം ചൊരിഞ്ഞു കെടുത്തിയശേഷം നമ്മുടെ പ്രധാനമന്ത്രി പോയതു റഷ്യയിലേക്കാണ്. അവിടെയെത്തി നടത്തിയ പ്രസ്‌താവന ഇരു സംസ്‌ഥാനത്തേയും ജനങ്ങളെ മറുചിന്തയ്‌ക്കു പ്രേരിപ്പിക്കേണ്ടതുണ്ട്. കൂടംകുളത്തെ സമരങ്ങള്‍ മറികടന്ന് ആണവനിലയത്തിന്റെ പ്രവര്‍ത്തനം ഉടനെ കമ്മിഷന്‍ ചെയ്യാന്‍ പോവുന്നു. ഭീതിയും ആശങ്കയുംമൂലം ഒരുമിച്ചു സമരമുഖത്തേക്കു വന്നുകൊണ്ടിരിക്കുന്ന അയല്‍പക്ക സംസ്‌ഥാനങ്ങളിലെ ജനങ്ങളെ രണ്ടുദിശയിലേക്കു നീക്കാന്‍ അറിഞ്ഞോ അറിയാതെയോ കേന്ദ്രത്തിനു കഴിഞ്ഞുവെന്നു സാരം. പ്രധാനമന്ത്രിയുടെ തമിഴ്‌നാട് സന്ദര്‍ശനത്തിലൂടെ അതിന്റെ സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. തലവേദനയില്ലാതെ ആണവനിലയം പ്രവര്‍ത്തിപ്പിക്കാന്‍ പ്രയോഗിക്കുന്ന കൗശലങ്ങള്‍ വിജയിപ്പിക്കണമെങ്കില്‍ തമിഴ്‌നാട്ടില്‍ അല്‍പം വിയര്‍ക്കേണ്ടിവരും. മലയാളികളായ കേന്ദ്രമന്ത്രിമാരും കോണ്‍ഗ്രസ് നേതൃത്വവും എന്തു വിശദീകരണം നല്‍കിയാലും തമിഴ്‌നാടിന്റെ മുഴുവന്‍ ഡിമാന്‍ഡുകളും നേടിയെടുക്കാനുള്ള ഇച്‌ഛാശക്‌തി ദീര്‍ഘനാളായി ദ്രാവിഡ രാഷ്‌ട്രീയം നേടിക്കഴിഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലേക്ക് അങ്ങോട്ടുചെന്ന പ്രധാനമന്ത്രിയില്‍നിന്നു കേന്ദ്രസേനയെ അയയ്‌ക്കാമെന്ന ഉറപ്പുവാങ്ങാന്‍ തമിഴര്‍ക്കു കഴിഞ്ഞുവെന്നതും ഡല്‍ഹിയില്‍ തിരിച്ചെത്തിയ ഉടനെ ദേശീയ ദുരന്ത നിവാരണ അഥോറിട്ടിയുടെ കീഴില്‍ രൂപീകരിച്ച വിദഗ്‌ധസമിതിയെ മരവിപ്പിച്ചതും ദ്രാവിഡ രാഷ്‌ട്രീയത്തിന്റെ കരുത്തു തന്നെയാണ്. ഇതിലൂടെ കൂടംകുളത്തെ ആണവനിലയം സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ ജയലളിതയില്‍നിന്നു സമ്മതം വാങ്ങിക്കാനുള്ള പ്രധാനമന്ത്രിയുടെ കൗശലം വിജയിക്കുമോയെന്നു കണ്ടറിയാം. തമിഴകത്തു രൂപപ്പെട്ടുവരുന്ന ദേശീയചിന്തയ്‌ക്കു കൂടംകുളവും മുല്ലപ്പെരിയാറും വീര്യംപകരുന്ന കാഴ്‌ച അത്ര ചെറുതായി കാണരുത്. വൈകോയുടേയും നെടുമാരന്റേയും വിജയകാന്തിന്റേയും നിലപാടുകള്‍ക്കു ലഭിക്കുന്ന സ്വീകാര്യതയെ നിരാകരിക്കാനോ എതിര്‍ക്കാനോ കരുണാനിധിയും ജയലളിതയും മുതിരാത്തതിലും കൗശലമുണ്ട്. അത്ര വലിയ തമിഴ് വികാരമാണു ജ്വലിച്ചുയരുന്നത്. വടക്കുകിഴക്കന്‍ സംസ്‌ഥാനങ്ങളെപ്പോലെ വിദൂരമല്ലാത്തെ ഭാവിയില്‍ പ്രത്യേക തമിഴ്‌വാദത്തിന് ഈ അസ്വസ്‌ഥതകളെല്ലാം കരുത്തുപകരുകയാണു ചെയ്യുക. ഫലത്തില്‍ പതുക്കെ നമ്മുടെ ഫെഡറല്‍ സംവിധാനമത്രയും നോക്കുകുത്തിയായിത്തീരും. നമ്മുടെ സമരങ്ങള്‍ക്കു വീര്യംകുറയ്‌ക്കാന്‍ പ്രധാനമന്ത്രിയില്‍നിന്നു ലഭിക്കാതെപോയ ഉറപ്പിനേക്കാള്‍ ജയലളിതയുടെ ബ്ലാക്ക്‌മെയില്‍ കൗശലമാണു കാരണമായതെന്നുവേണം വിലയിരുത്താന്‍. തമിഴ്‌നാട് ബജറ്റിലെ കൈക്കൂലി ഹെഡില്‍ നിന്നു ചെലവഴിച്ചതിന്റേയും കമ്പത്തേയും തേനിയിലേയും മലയാളി ഉദ്യോഗസ്‌ഥരുടേയും രാഷ്‌ട്രീയ നേതൃത്വത്തിന്റേയും സ്വത്തുവിവരങ്ങളെല്ലാം പുറത്തുവന്നേക്കുമെന്ന വാര്‍ത്തയ്‌ക്കു പിന്നാലെയാണ് ഈ തലയൂരല്‍ കൗശലം പുറത്തായത്. പല സന്ദര്‍ഭങ്ങളിലും പുറത്തേക്കു പ്രകടിപ്പിക്കുന്ന വികാരങ്ങള്‍ കാര്യക്ഷമമായി പ്രതിഫലിപ്പിക്കാന്‍ നമുക്കു കഴിയാറില്ല. അതുകൊണ്ടാണു നിയമപോരാട്ടങ്ങളില്‍ പരാജയങ്ങള്‍ക്കു വഴിയൊരുങ്ങുന്നത്. പുതിയ ഡാമിന്റെ ആവശ്യകതയ്‌ക്കു മതിയായ ന്യായങ്ങള്‍ ഇല്ലെങ്കില്‍ ഒരു സംസ്‌ഥാനത്തെ ജനതയെ ഒന്നായി പരിഹാസ്യരാക്കാതിരിക്കാന്‍ പിന്‍മാറലാണു ബുദ്ധി. ശാസ്‌ത്രീയ പഠനങ്ങള്‍ എന്തായാലും അണകെട്ടിയേ മതിയാവൂ എന്നു പറയുന്നവര്‍ക്കു കച്ചവട കൗശലം വല്ലതുമുണ്ടെങ്കില്‍ അതും തിരിച്ചറിയേണ്ടതുണ്ട്. ജനതയ്‌ക്കിടയില്‍ പൊളിക്കാനാവാത്ത മതിലുകള്‍ തീര്‍ക്കാന്‍ വേണ്ടിയാവരുത് നമ്മുടെ സമരങ്ങളും പരിഹാരങ്ങളുമൊന്നും. അണക്കെട്ട് ഇനിയും ദീര്‍ഘകാലം നിന്നേക്കാം. എന്നാല്‍ അതിനുമുമ്പു നമ്മുടെ ബന്ധങ്ങളത്രയും പൊട്ടിച്ചുകളയരുത്. മുല്ലപ്പെരിയാറിലും കൂടംകുളത്തിലും അയല്‍പക്കങ്ങളുടെ യോജിച്ച മുന്നേറ്റത്തിനു നമുക്കു കൈകോര്‍ക്കാം. |