ഷോപ്പിംഗ് മാളില്‍നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍ തന്റെ കാറിലേക്ക് കൗതുകത്തോടെ നോക്കുന്ന പത്തുവയസുകാ രനെയാണ് ഫെര്‍ണാഡ് കണ്ടത്. കാറില്‍ കയറുന്നതിനായി വാതില്‍ തുറന്നെങ്കിലും പെട്ടെന്ന് ആലോചിച്ചെന്നപോലെ തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി. ''പുതിയ കാറാണോ?'' അവന്‍ ചോദിച്ചു. അതെയെന്ന് ഫെര്‍ണാഡ് തലയാട്ടി. ''ഇതിന് എത്ര രൂപയായി'' ഉടനെയായിരുന്നു അടു ത്ത ചോദ്യം. ''വില അറിയില്ല, വിദേശത്തുള്ള ജ്യേഷ്ഠന്‍ പുതുവര്‍ഷ സമ്മാനമായി നല്കിയതാണ്.'' ഫെര്‍ണാഡ് മറുപടി പറയുമ്പോഴും അവന്‍ കാറിന്റെ ഭംഗി ആസ്വദിക്കുകയായിരുന്നു. ആ കുട്ടിയുടെ ചോദ്യവും ചുറുചുറുക്കുമൊക്കെ ചെറുപ്പക്കാരനില്‍ കൗതുകമുണര്‍ത്തി. ''എങ്ങോട്ടാണ് പോകേണ്ടത്?'' ഉത്തരം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു, ''കയറിക്കോളൂ.'' ആ വഴിയായിരുന്നു അയാള്‍ക്കും പോകേണ്ടിയിരുന്നത്. പറഞ്ഞുതീരുന്നതിനു മുന്‍പ് അവന്‍ കാറിന്റെ മുന്‍സീറ്റില്‍ കയറിയിരുന്നു. പുറകിലേ സീറ്റിലേക്കും സ്റ്റീരിയോയിലേക്കുമൊക്കെ മാറിമാറി നോക്കിയിട്ട് അവന്‍ ചോദിച്ചു: ''ചേട്ടന്‍ കുറച്ചു പൈസപോലും കൊടുത്തില്ലേ?'' ഇല്ലെന്നാള്‍ തലയാട്ടി. ''ഓ, എനിക്കും അങ്ങനെയൊരു ചേട്ടന്‍ ഉണ്ടായിരുന്നെങ്കില്‍!'' അവന്റെ ആത്മഗതം അല്പം ഉറക്കെയായി. എന്താണ് പറയേണ്ടതെന്ന് അറിയാതെ അയാള്‍ പകച്ചു. കാരണം, ആ പറച്ചിലില്‍ വേദനയുടെ ധ്വനിയുണ്ടായിരുന്നു. അല്പം കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: ''ആ കാണുന്ന വളവില്‍നിന്നും വലത്തേക്ക് തിരിഞ്ഞാണ് എന്റെ വീട്ടിലേക്ക് പോകുന്നത്.'' എന്നിട്ടവന്‍ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കിയിട്ട് ചോദിച്ചു, ''എന്നെ വീടിന്റെ മുന്‍പില്‍ ഇറക്കുമോ?'' ഫെര്‍ണാഡ് പുഞ്ചിരിയോടെ തലയാട്ടി. അയാള്‍ വിചാരിച്ചത്, കാറില്‍ ചെന്നിറങ്ങുന്നത് കൂട്ടുകാരെ കാണിക്കാനായിരിക്കുമെന്നാണ്. അവന്റെ വീടിരുന്ന തെരുവിലേക്ക് വാഹനം പ്രവേശിച്ചു. ''ആ കാണുന്ന വീടിന്റെ മുറ്റത്ത് നിര്‍ത്തിയാല്‍ മതി.'' അവന്‍ കൈചൂണ്ടി. പക്ഷേ, റോഡിന് വീതി കുറവായിരുന്നു. ഏതാലും അവന്റെ ആഗ്രഹം സാധിച്ചുകൊടുക്കാമെന്നു കരുതി ഫെര്‍ണാഡ് ഒരുവിധത്തില്‍ കാര്‍ അങ്ങോട്ട് കയറ്റി. വീടിന്റെ മുന്‍പിലെത്തിയപ്പോള്‍, ഒന്നു നില്ക്കണേ, ഞാനിപ്പോള്‍ വരാം എന്നു പറഞ്ഞു കൊണ്ട് അവന്‍ ഇറങ്ങിയോടി. കൂട്ടുകാരെ വിളിക്കാന്‍ പോയതായിരിക്കുമെന്നാണ് ഫെര്‍ണാഡ് കരുതിയത്. എന്നാല്‍, അയാളുടെ കണക്കുക്കൂട്ടലുകള്‍ തെറ്റിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. അവന്‍ അനിയനെ താങ്ങിപ്പിടിച്ചുകൊണ്ട് പതുക്കെ പുറത്തേക്ക് വന്നു. അഞ്ചു വയസു തോന്നിക്കുന്ന അവന് തനിയെ നടക്കാന്‍ കഴിയില്ലായിരുന്നു. ജന്മനാ വളഞ്ഞിരുന്ന കാല്‍ നേരെ ആക്കുന്നതിന് ഓപ്പറേഷന്‍ ചെയ്തിരിക്കുകയാണെന്ന് കാഴ്ചയില്‍ മനസിലാകുമായിരുന്നു. കാറിലേക്ക് വിരല്‍ ചൂണ്ടിയിട്ട് അവന്‍ അനുജനോട് പറഞ്ഞു, ''ഞാന്‍ വലുതാകുമ്പോള്‍ മോനും വാങ്ങിത്തരുന്നത് ഇതുപോലത്തെ കാറാണ്.'' അവന്‍ സന്തോഷത്തോ ടെ സഹോദരന്റെ മുഖത്തേക്ക് നോക്കി. അതുകേട്ടപ്പോള്‍ ഫെര്‍ണാഡ് കാറിലിരുന്നുകൊണ്ട് അനുജനോട് ചോദിച്ചു, ''മോന് കാറില്‍ കയറണോ?'' അവന്‍ തലയാട്ടി. അയാള്‍ അവനെ എടുത്ത് വാഹനത്തിലേക്ക് കയറ്റി. വാഹനം ചെന്നുനിന്നത് ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ മുന്‍പിലായിരുന്നു. പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി അണിഞ്ഞൊരുങ്ങിയ നിലയിലായിരുന്നു ആ പ്ര ദേശം മുഴുവനും. അയാള്‍ അവര്‍ക്കിഷ്ടപ്പെട്ട കുറേ സമ്മാനങ്ങള്‍ വാങ്ങി. കുട്ടികളെ വീട്ടിലിറക്കിയിട്ട് തിരിച്ചുപോരുമ്പോള്‍ ഫെര്‍ണാഡിന് വലിയ സന്തോഷം അനുഭവപ്പെട്ടു. ഇത്രയും വലിയൊരു ആനന്ദം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ലെന്ന് അയാള്‍ക്കു തോന്നി. മുന്‍ വര്‍ഷങ്ങളിലെ പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായതിലും പതിന്മടങ്ങ് ആനന്ദവും സംതൃപ്തിയും ഇപ്പോള്‍ തനിക്ക് അനുഭവപ്പെടുന്നുണ്ടെ ന്ന് അയാള്‍ക്ക് മനസിലായി. ഓരോ പുതുവര്‍ഷത്തിലും ധാരാളം തീരുമാനങ്ങള്‍ എടുക്കുന്നവരാണ് മലയാളികള്‍. സത്യസന്ധമായി വിലയിരുത്തിയാല്‍ അങ്ങനെയുള്ള മിക്ക തീരുമാനങ്ങള്‍ക്കും തീരെ ആയുസ് കുറവായിരുന്നു എന്നു മനസിലാകും. 2010 ല്‍ എടുത്ത എത്ര തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പരിശോധിച്ചാല്‍ അവയുമായി ഭൂരിപക്ഷത്തിനും അധിക ദൂരം മുന്നോട്ടു പോകാന്‍ കഴിഞ്ഞിട്ടില്ലെന്നതായിരിക്കും ഉത്തരം. പരാജയപ്പെട്ട തീരുമാനങ്ങളുടെ പൊതുസ്വഭാവം, അവയെല്ലാം സ്വന്തം നേട്ടങ്ങള്‍മാത്രം ലക്ഷ്യം വച്ചിട്ടുള്ളതായിരിക്കും എന്നതാണ്. ഇത്രയും കാലം സ്വന്തം താല്പര്യങ്ങള്‍മാത്രം ലക്ഷ്യ മാക്കിയിരുന്നെങ്കില്‍ ഈ പുതുവര്‍ഷത്തില്‍ വ്യത്യസ്തമായൊരു തീരുമാനം എടുക്കുന്നതിനെപ്പറ്റി എന്തുകൊണ്ട് ചിന്തിച്ചുകൂടാ? മുന്‍ വര്‍ഷങ്ങളിലെ തീരുമാനങ്ങളുമായി താരതമ്യം ചെയ്താല്‍ വളരെ നിസാരമാണ്. സാധിക്കുന്ന വിധത്തിലൊക്കെ മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുമെന്നൊരു തീരുമാനം എടുക്കാന്‍ കഴിയില്ലേ? ആദ്യം കണ്ട കഥയിലേതുപോലെ നിസാരമായ പ്രവൃത്തികളിലൂടെ നടപ്പിലാക്കാന്‍ സാധിക്കും. മറ്റുള്ളവരെ സഹായിക്കുക എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസിലേക്ക് വരുന്നത് മാനസിക രോഗികളെ സംരക്ഷിക്കുന്നതുപോലുള്ള വലിയ പദ്ധതികളായിരിക്കും. പക്ഷേ, അതൊക്കെ എല്ലാവര്‍ക്കും സാധിക്കുന്ന കാര്യങ്ങളല്ലല്ലോ. എന്നാല്‍, അങ്ങനെയുള്ളവരെ ക ണ്ടാല്‍ കല്ലെറിയില്ലെന്നും വിശന്നിട്ട് കൈനീട്ടിയാല്‍ ഒരു നേരത്തെ ഭക്ഷണമോ, ചായക്കുള്ള പണമോ നല്കുമെന്ന് ആര്‍ക്കും തീരുമാനിക്കാന്‍ കഴിയും. അതിനും സാധിക്കാത്ത സാഹചര്യങ്ങളില്‍ അവരെ സഹായിക്കാന്‍ കഴിയുന്ന നല്ല സമരിയാക്കാരെ അയക്കണമേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ആര്‍ക്കാണ് സാധിക്കാത്തത്? (അവരെ അല്ലാതെ സഹായിക്കുന്ന അവസരങ്ങളിലും പ്രാര്‍ത്ഥിക്കണം). യാത്രചെയ്യുമ്പോള്‍ അല്പം ഒതുങ്ങിയിരുന്ന് നില്ക്കാന്‍ ബുദ്ധിമുട്ടുള്ള ഒരാള്‍ക്കുകൂടി സീറ്റ് നല്കാനും ബസിന്റെ ബോര്‍ഡു വായിക്കാന്‍ കഴിയാത്ത പ്രായമായ ഒരാളെ സഹായിക്കാനുമൊക്കെ എല്ലാവര്‍ക്കും കഴിയും. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനാണെങ്കില്‍, ഓഫീസില്‍ എ ത്തുന്ന സാധാരണക്കാരുടെ സംശയങ്ങള്‍ക്ക് നല്ല രീതിയില്‍ മറുപടി കൊടുക്കാം. |