സിഡ്‌നി കീഴടക്കാന്‍ സച്ചിന്‍ സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ചൊവ്വാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് വേദിയാകുമ്പോള്‍ വീണ്ടും ലോകം സച്ചിന്‍ തെണ്ടുല്‍ക്കറിലേക്ക് കേന്ദ്രീകരിക്കുന്നു. സച്ചിന്‍ തെണ്ടുല്‍ക്കര്‍ കരിയറിലെ നൂറാം സെഞ്ച്വറി സിഡ്‌നിയില്‍ കൈവരിക്കുമെന്ന് കരുതുന്നവരേറെയാണ്. കളിച്ച നാല് ടെസ്റ്റുകളില്‍ മൂന്നിലും സെഞ്ച്വറി നേടിയിട്ടുള്ള സിഡ്‌നി സച്ചിന്റെ പ്രിയപ്പെട്ട ഗ്രൗണ്ടാണ്. ഇവിടെയാണ് സച്ചിന്‍ കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്ന് (241*) നേടിയതും.
സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന നൂറാമത്തെ ടെസ്റ്റ് മത്സരമാണ് ഇത്. സിഡ്‌നിയിലെ നൂറാം മത്സരത്തില്‍ സച്ചിന്‍ നൂറാം സെഞ്ച്വറി നേടിയാല്‍ അതിന് തിളക്കമേറും. ലിറ്റില്‍ മാസ്റ്ററുടെ സിഡ്‌നിയിലെ മികവ് ഓസ്‌ട്രേലിയന്‍ താരങ്ങളെപ്പോലും അസ്വസ്ഥരാക്കുന്നുണ്ട്. മെല്‍ബണില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 73 റണ്‍സാണ് സച്ചിന്‍ നേടിയത്. ഓസ്‌ട്രേലിയയില്‍ മികച്ച തുടക്കമിടാന്‍ ഇതോടെ സച്ചിനായി. ആ മത്സരത്തില്‍ 122 റണ്‍സിന് തോറ്റ ഇന്ത്യക്ക് വിജയത്തോടെ പരമ്പരയില്‍ തിരിച്ചുവരേണ്ടതുണ്ട്. സച്ചിന്റെ സെഞ്ച്വറിയോടെ വിജയമാഘോഷിക്കാനായാല്‍ അതും ഇരട്ടി മധുരമാകും.
കരിയറിലെ 51 ടെസ്റ്റ് സെഞ്ച്വറികളില്‍ മൂന്നെണ്ണം സച്ചിന്‍ നേടിയത് സിഡ്‌നിയിലാണ്. നാല് ടെസ്റ്റു കളിലെ ഏഴിന്നിങ്‌സുകളില്‍നിന്നായി 664 റണ്‍സാണ് സച്ചിന്റെ നേട്ടം. ശരാശരി 221.33 റണ്‍സ്. ഇവിടെ നേടിയ മൂന്ന് സെഞ്ച്വറി പ്രകടനങ്ങളിലും സച്ചിന്‍ നോട്ടൗട്ടായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്.
1992-ലാണ് സച്ചിന്‍ സിഡ്‌നിയില്‍ ആദ്യ സെഞ്ച്വറി നേടിയത്. അത് സച്ചിന്റെ രണ്ടാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ ആദ്യ സെഞ്ച്വറിയും. 148 റണ്‍സോടെ പുറത്താകാതെ സച്ചിന്‍ നിന്ന മത്സരം സമനിലയില്‍ അവസാനിച്ചു. എട്ടുവര്‍ഷത്തിനുശേഷം 2000-ല്‍ സിഡ്‌നിയില്‍ സച്ചിനെത്തിയപ്പോള്‍, രണ്ടിന്നിങ്‌സിലും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ആദ്യ ഇന്നിങ്‌സിലെ 45 റണ്‍സായിരുന്നു മികച്ച പ്രകടനം. മത്സരം ഇന്ത്യ ഇന്നിങ്‌സിലും 141 റണ്‍സിനും തോറ്റു.
2004-ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ കരിയറിലെ മികച്ച ഇന്നിങ്‌സുകളിലൊന്ന് പിറന്നു. ആദ്യ ഇന്നിങ്‌സില്‍ 241 റണ്‍സോടെ സച്ചിന്‍ പുറത്താകാതെ നിന്നു. ഇന്ത്യ 705 റണ്‍സ് ആദ്യ ഇന്നിങ്‌സിലുയര്‍ത്തിയ മത്സരത്തിന്റെ രണ്ടാമിന്നിങ്‌സില്‍ 60 റണ്‍സെടുത്ത സച്ചിന്‍ വീണ്ടും കീഴടങ്ങാതെ നിന്നു. നാലുവര്‍ഷത്തിനുശേഷം വീണ്ടും സച്ചിന്‍ സിഡ്‌നിയിലെത്തി. ആദ്യ ഇന്നിങ്‌സില്‍ 154 റണ്‍സോടെ സച്ചിന്‍ പുറത്താകാതെ നിന്നു. രണ്ടാമിന്നിങ്‌സില്‍ 12 റണ്‍സിന് പുറത്തായി. ഇപ്പോഴത്തെ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ വിസ്മയ പ്രകടനത്തില്‍ (1.5 ഓവറില്‍ അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റ്) മത്സരം ഓസ്‌ട്രേലിയ 122 റണ്‍സിന് സ്വന്തമാക്കി.
സിഡ്‌നിയില്‍ സച്ചിന്റെ മികവ് നൂറാം സെഞ്ച്വറിയിലേക്ക് കുതിക്കുമോ എന്ന ആശങ്ക ഓസ്‌ട്രേലിയന്‍ താരം മൈക്ക് ഹസി തുറന്നുപ്രകടിപ്പിച്ചു. നൂറ് സെഞ്ച്വറികള്‍ എന്ന അപൂര്‍വ നേട്ടത്തിന് സച്ചിന് ഒരു സെഞ്ച്വറി കൂടി മതിയെന്നത് എതിര്‍ ടീമംഗം എന്ന നിലയ്ക്ക് തന്നെ ആശങ്കപ്പെടുത്തുന്നുവെന്ന് ഹസി പറഞ്ഞു. സിഡ്‌നിയില്‍ മികച്ച പ്രകടനമാണ് സച്ചിന്‍ നടത്തിയിട്ടുള്ളത്. എങ്കിലും ഈ പരമ്പരയില്‍ നൂറാം സെഞ്ച്വറി അനുവദിക്കില്ലെന്ന ഓസീസ് വാശി നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ഹസി പറഞ്ഞു.
ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ സച്ചിന്റെ നൂറാം സെഞ്ച്വറിക്കുവേണ്ടി കാത്തിരിക്കുകയാണെന്ന ധാരണ തെറ്റാണെന്നാണ് ഹസിയുടെ പക്ഷം. ഓസ്‌ട്രേലിയന്‍ ടീമിലെ ഒരാള്‍ പോലും സച്ചിന്‍ സെഞ്ച്വറി നേടണമെന്ന് ആഗ്രഹിക്കുന്നില്ല. മെല്‍ബണില്‍ നല്ല തുടക്കമാണ് സച്ചിന് കിട്ടിയത്. എന്നാല്‍ അത് സെഞ്ച്വറിയിലെത്താതെ നോക്കാന്‍ ഓസീസ് ബൗളര്‍മാര്‍ക്കായി-ഹസി പറയുന്നു.
സിഡ്‌നിയില്‍ മികവ് കാട്ടിയിട്ടുള്ളത് സച്ചിന്‍ മാത്രമല്ല. കളിച്ച മൂന്ന് ടെസ്റ്റുകളിലും സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് വി.വി.എസ്. ലക്ഷ്മണ്‍. മൂന്ന് കളികളിലെ അഞ്ച് ഇന്നിങ്‌സുകളില്‍നിന്ന് 96.20 ശരാശരിയോടെ 481 റണ്‍സ് സിഡ്‌നിയില്‍നിന്ന് ലക്ഷ്മണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
PRASOON
║ ▌│█║▌║│ █║║▌█ ║
╚»+91 9447 1466 41«╝
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net