മൂന്നുനേരം മൂക്കുമുട്ടെ ഫാസ്റ്റ്ഫുഡ്
''കഴിക്കാറായില്ലേ, സമയം ഒമ്പതാവണു.''''എന്താ കൂട്ടാനുള്ളത്?'' ''മീന്‌ണ്ട്, പിന്നെ മെഴുക്കുപുരട്ടീം (മുളക് കൊണ്ടാട്ടവും അച്ചാറും പപ്പടവും എന്നുമുണ്ടാകും. പ്രത്യേകിച്ച് പറയേണ്ടല്ലോ.) ''ദാ വരുന്നു വിളമ്പിക്കോ.''
അതൊക്കെ പണ്ട്, ഭര്‍ത്താവ് ജോലി കഴിഞ്ഞുവരുമ്പോഴേക്കും ''ഊണും കാലായി'' എന്നു പറയാന്‍ അടുക്കളജീവിതം നയിക്കുന്ന പെണ്ണുങ്ങളുടെകാലത്ത് ഇന്ന് ഭാര്യയും ഭര്‍ത്താവും ജോലിക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോകുമ്പോള്‍ വീടും അടുക്കളയും ഉറങ്ങും. വൈകിട്ട് ജോലിക്ഷീണവുമായി വീട്ടിലെത്തുമ്പോള്‍ മീന്‍കറിയും മെഴുക്കുപുരട്ടീം ഉണ്ടാക്കി തീന്‍മേശ സമൃദ്ധമാക്കാന്‍ ആര്‍ക്കും തോന്നുകയില്ല. അതുകൊണ്ട്.
''ഡിന്നറിന്ന് പുറത്തുനിന്നാക്കിയാലോ. വല്ലാത്ത ക്ഷീണം. എനിക്കിനി കിച്ചണില്‍ കേറാന്‍ വയ്യ.''
''ഒ. കെ. പൊയ്‌ക്കളയാം.''
ഇങ്ങനെ തുടങ്ങിയ പല കുടുംബങ്ങളും ഇപ്പോള്‍ രാത്രിയും ഭക്ഷണം പുറത്തുനിന്നാക്കി. വീട്ടില്‍നിന്ന് കഴിക്കുന്ന സ്‌ഥിരം രുചിയില്‍നിന്നൊഴിവാകാം. പുറത്ത് കാത്തുനില്‍ക്കുന്നത് വിഭവങ്ങളുടെ ഒരു നോണ്‍വെജിറ്റേറിയന്‍ ഓണസദ്യയാണ്. പൊറോട്ട, ഷവര്‍മ്മ, ഷവായ്, ചില്ലിചിക്കനില്‍ തുടങ്ങുന്ന ചിക്കന്‍വിഭവങ്ങള്‍. പിസ്സ, ദാക്കോസ്, ഹോട്ട് ഡോഗ്, ബര്‍ഗര്‍, കട്‌ലറ്റ്, സ്‌റ്റാന്റ്‌വിച്ച്... എണ്ണിത്തിട്ടപ്പെടുത്താന്‍ പ്രയാസമുള്ളത്രയും ഐറ്റംസ്. സമയം ലാഭം. ഒന്നു പുറത്തോട്ടിറങ്ങാം എന്ന ഗുണവുമുണ്ട്. എല്ലാം അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍.
അടുത്തകാലത്ത് പുറത്തുവരുന്ന കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത് മലയാളിയുടെ മാറിയ ഭക്ഷണരീതി വളരെ അപകടത്തിലേക്കാണെന്നാണ്. ഫാസ്‌റ്റ്ഫുഡ് വിഭവങ്ങളും ബേക്കറികളും മറ്റും മലയാളിയുടെ മരണം വേഗത്തിലാക്കുകയാണ്. കണ്ണില്‍ വരെ സ്വാദൂറുന്ന രീതിയില്‍ തയാറാക്കി വച്ചിരിക്കുന്ന ഫാസ്‌റ്റ്ഫുഡ് വിഭവങ്ങള്‍ വയറുനിറയെ തിന്നുമ്പോള്‍ സൂക്ഷിക്കുക; നമ്മുടെ കരളും ഹൃദയവും റിസ്‌കിലാണ്. രോഗങ്ങളുടെ ഒരു പട്ടികതന്നെ മലയാളിയെ ബാധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യവെബ്‌സൈറ്റ് പുറത്തിറക്കിയ കണക്കുകളനുസരിച്ച് കേരളത്തിലെ തനി ഗ്രാമീണവാസികളല്ലാത്ത എല്ലാ ജനങ്ങളിലും ഫാസ്‌റ്റ്ഫുഡ് പ്രേമം ഉണ്ട്. നഗരത്തില്‍ ആഴ്‌ചയില്‍ മൂന്നുദിവസമെങ്കിലും രാത്രിഭക്ഷണം മാത്രം ഫാസ്‌റ്റ്ഫുഡുകളിലാക്കുന്നത് അറുപതുശതമാനം കൂടുംബങ്ങളിലാണ്.
അതിവേഗം; ബഹുകേമം?
വൈകിട്ടു നാമിപ്പോള്‍ വീട്ടില്‍ തന്നെയിരിക്കുന്നത് വളരെ അപൂര്‍വമാണ്. മിക്ക ദിവസവും സന്ദര്‍ശകരോ പാര്‍ട്ടിയോ സിനമയോ വൈകുന്നേരങ്ങളെ പങ്കുവയ്‌ക്കും. അടുക്കളേല്‍ കേറി രാത്രി ഭക്ഷണമുണ്ടാക്കാനൊന്നും നേരമുണ്ടാവാതായി. അപ്പോഴാണ് അതിവേഗം ഭക്ഷണം കഴിക്കാനായി നഗരത്തില്‍ ഫാസ്‌റ്റ്ഫുഡുകള്‍ തുറന്നത്. ഒറ്റക്കാഴ്‌ചയില്‍ തന്നെ വായില്‍ വെള്ളമൂറിക്കുന്നതരത്തില്‍ മാലയായി തൂക്കിയിട്ടിരിക്കുന്ന ചിക്കന്‍. എല്ലാവരും രാത്രിയിലെ കഞ്ഞിയും ചപ്പാത്തിയും ഒക്കെ മറന്നു. പി. ഡബ്ല്യൂ.ഡി. ജീവനക്കാരനായ കൊല്ലം സ്വദേശി സജീവന് ഫാസ്‌റ്റ്ഫുഡ് സന്ദര്‍ശിക്കുന്നതിന് ഒരു കാരണംകൂടിയുണ്ട്. ''മക്കളുടെ ശരീരം കുറച്ച് നന്നാവേം ചെയ്യും. രണ്ടാളും നല്ല മെലിഞ്ഞിട്ടാ.''
ചില്ലുകൂട്ടില്‍ തൂക്കിയിട്ട ചുവന്നനിറമുള്ള ഇറച്ചിക്കഷണം കഴിക്കാനായി പോകുമ്പോള്‍ ഓര്‍ക്കേണ്ട ചില കാര്യങ്ങളുണ്ട്. ഫാസ്‌റ്റ്ഫുഡ് വിഭവങ്ങളില്‍ അടങ്ങിയിരിക്കുന്നത് കൂടിയ അളവില്‍ കൊഴുപ്പും പഞ്ചസാരയും, ഉപ്പും, രുചിവര്‍ദ്ധനസാധനങ്ങളും നിറം കിട്ടാന്‍ ഉപയോഗിക്കുന്ന വസ്‌തുവുമാണ്. എണ്ണയില്‍ പൊരിച്ചെടുത്ത് പാതിയെണ്ണയോടെ മുന്നില്‍ കൊണ്ടുവന്നുവയ്‌ക്കുന്ന ചുവന്ന ഇറച്ചിക്കഷണത്തില്‍ ഒരു മനുഷ്യനാവശ്യമുള്ളതിലധികം കൊഴുപ്പാണ് ലഭിക്കുന്നത്. ശരീരത്തിനാവശ്യമായ മറ്റു ഘടകങ്ങള്‍ ലഭിക്കുന്നുമില്ല. ഫാസ്‌റ്റ്ഫുഡുകളില്‍നിന്ന് കിട്ടുന്ന മിക്കവാറും എല്ലാ വിഭവങ്ങളുടെയും ദോഷം ഇതുതന്നെയാണ്.
അമിതമായ കൊഴുപ്പടങ്ങിയ ഈ ഭക്ഷണങ്ങള്‍ കൊളസ്‌ട്രോള്‍ അടിയുന്നതിനും ഹൃദ്‌രോഗം വരുത്തുന്നതിനും കാരണമാവുന്നു. കേരളത്തിലെ ഹൃദ്രോഗികളുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവരികയാണ്. ഒരു മനുഷ്യനാവശ്യമായ കലോറി ദിവസം 2000 കെ. ആണ്. അമിതമായി അടിയുന്ന കൊഴുപ്പാണ് ഇന്ന് ഭൂരിഭാഗവും ആവശ്യമായ ധാന്യകത്തിന്റെ കുറവില്‍ മലയാളികള്‍ പൊണ്ണത്തടിയന്‍മാരാവുകയാണ്.
ചിക്കനായാലും ബീഫായാലും സാമ്പാറായാലും ചമ്മന്തിയായാലും വരെ ടച്ചിംഗ്‌സായി പൊറോട്ടയുപയോഗിക്കാനാണ് ആളുകള്‍ക്ക് താല്‌പര്യം. സാമാന്യം രുചിയും വയറുനിറയുമെന്ന കാരണവുമുണ്ട് പൊറോട്ട തീറ്റയ്‌ക്ക്. ഗോതമ്പിലെ പോഷകാംശമുള്ള തവിടും നാരും കളഞ്ഞതിനുശേഷം കിട്ടുന്ന അവശിഷ്‌മാണ് മൈദ. പൊറോട്ടയിലും നമുക്ക് ലഭിക്കുന്ന ബേക്കറികളിലധികവും മൈദയാണ്. പോഷകാംശ അളവ് തീരെ കുറഞ്ഞ മൈദ പൊണ്ണത്തടിയും രോഗങ്ങളും കൂട്ടുന്നുണ്ട്. ഇന്റര്‍നെറ്റില്‍ മൈദ വിരുദ്ധസമരം ശക്‌തിപ്രാപിച്ചുവരികയാണ്. 'പോസ്‌റ്ററൊട്ടിക്കാനുണ്ടാക്കിയ മൈദ എന്ന പശ കൊണ്ട് ആരാണ് പൊറോട്ടയുണ്ടാക്കിയത്?' എന്നാണ് അവരുടെ ചോദ്യം.
മലയാളികളുടെ സമീകൃതാഹാരം
അവിയല്‍, അരിയുണ്ട, ഗോതമ്പുപായസം, ചുരളിത്തോരന്‍, തൊറമാങ്ങ, കിണ്ണത്തപ്പം. മലയാളികളുടെ തീന്‍മേശയില്‍ നിറഞ്ഞിരുന്ന ഒരുപാട് വിഭവങ്ങള്‍... ചുറ്റുവട്ടത്തുനിന്നും ഭക്ഷണം കണ്ടെത്തിയിരുന്നവരായിരുന്നു നമ്മള്‍. വീട്ടിലൊരു പച്ചക്കറിത്തോട്ടം വളരെ അപൂര്‍വമായി മാത്രം ഇപ്പോഴുമുണ്ട്.
പരമ്പരാഗത ഭക്ഷണങ്ങളായ ഇഡ്‌ഡലിയും സാമ്പാറും പരിപ്പുകറിയും ചോറും തരുന്ന പോഷകഗുണങ്ങളൊന്നും ഫാസ്‌റ്റ്ഫുഡില്‍നിന്ന് ലഭിക്കില്ല. രാവിലെ മുഴുവയറും ഉച്ചയ്‌ക്ക് മുക്കാല്‍വയറും രാത്രി അരവയറും കഴിച്ചിരുന്നതായിരുന്നു മലയാളിയുടെ പാരമ്പര്യം. മൂന്നുനേരവും മൂക്കുമുട്ടെ തിന്ന് ആവശ്യത്തിന് വ്യായാമമില്ലാതെ മലയാളി മരിച്ചുകൊണ്ടിരിക്കുകയാണ്.
ഹൃദ്‌രോഗങ്ങള്‍: കൊഴുപ്പ് ശരീരത്തിലടിയുന്നത് കാരണം ഹൃദ്‌രോഗം വരാനുള്ള സാധ്യത വളരെയേറെയാണ്. കൊഴുപ്പ് കൂടുന്നതുകൊണ്ട് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നതും എച്ച്.ഡി.എല്‍. കുറയുന്നതും ഹൃദ്‌രോഗത്തിന് കാരണമാണ്.
പ്രമേഹം: കൊഴുപ്പുണ്ടാക്കുന്ന അമിതവണ്ണം പ്രമേഹത്തിനും കാരണമാകും. ഫാസ്‌റ്റ്ഫുഡ് ഭക്ഷണങ്ങളിലും ബേക്കറികളിലും അടങ്ങിയിരിക്കുന്ന അമിതമായ പഞ്ചസാരയും പ്രമേഹത്തിന് കാരണമാണ്.
ഡൈസ്ലിപീസീമിയ: രക്‌തത്തില്‍ വി.പി.ഡിന്റെ അളവ് ക്രമാതീതമായി കൂടുമ്പോള്‍ ഉണ്ടാകുന്ന രോഗങ്ങളാണിത്. കൊഴുപ്പ് കൂടുന്നതുതന്നെയാണ് ഇതിനും കാരണം.
പോളിസിസിറ്റിക് ഓവര്‍ലേ സിന്‍ട്രം: സ്‌ത്രീകളില്‍ ഭാരം കൂടുന്നതുമൂലമുണ്ടാകുന്ന പ്രശ്‌നമാണിത്. ഇതു ചെറുപ്പത്തില്‍തന്നെ സ്‌ത്രീകളില്‍ വന്ധ്യതവരാന്‍ കാരണമാണ്.
സ്ലിപ് അപ്‌നിയ: ഉറങ്ങുന്ന സമയത്ത് പെട്ടെന്ന് ശ്വാസംകിട്ടാതെ വലയുന്നതാണ് സ്ലിപ് അപ്‌നിയ എന്നു പറയുന്നത്. അമിതവണ്ണമുള്ളവര്‍ക്കാണിത് സാധാണയായി ബാധിക്കുക.
വാതം: ശരീരത്തിന്റെ ഭാരവും യൂറിക് ആസിഡിന്റെ ബലവുമാണ് വാതത്തിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍. സന്ധികള്‍ക്ക് അമിതഭാരം നല്‍കുന്ന അധികജോലിയും ഇതിന് കാരണമാകും.
കരള്‍ അസുഖങ്ങള്‍: ശരീരത്തിലടിയുന്ന കൊഴുപ്പ് ദഹനപ്രക്രിയയ്‌ക്ക് വിധേയമാവാതെ അടിഞ്ഞുകൂടുന്നു. ഇത് കരളില്‍ ചെന്നടിയുന്നു. വിവിധ കരള്‍രോഗങ്ങള്‍ ഇതുമൂലമുണ്ടാകാം.
സ്‌ട്രോക്ക് (പക്ഷാഘാതം):
രക്‌തസമ്മര്‍ദ്ദം കൂടിയ ആളുകളിലാണിത് സാധാരണയായി വരിക. അമിതഭക്ഷണം, കൊളസ്‌ട്രോളും പക്ഷാഘാതത്തിന് കാരണമാകും. രക്‌തധമനികള്‍ അടിഞ്ഞ് തലച്ചോറില്‍ ആവശ്യമുള്ള ഓക്‌സിജനും രക്‌തവും കിട്ടാതിരിക്കുമ്പോള്‍ സ്‌ട്രോക്ക് വരാം.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net