കേരളം സമീപകാലങ്ങളില്‍ താളംതെറ്റുന്ന ജീവിതത്തിന്റെയും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും നാടായി മാറിക്കൊണ്ടിരിക്കുകയാണ്. കാലാനുസൃതമായ മാറ്റങ്ങളിലൂടെ കേരളസമൂഹം ഉരുത്തിരിഞ്ഞുവരുമ്പോള്‍ മുഖച്ഛായ മാറുന്നത് സ്വാഭാവികം. പാശ്ചാത്യവത്കരണവും വിവരസാങ്കേതികവിദ്യയുടെ അതിപ്രസരവും മൂലം ശരാശരി മലയാളിയുടെ സ്വഭാവത്തിലും ശീലങ്ങളിലും വ്യതിയാനം വന്നുകൊണ്ടിരിക്കുന്നു. ഇന്ന് മലയാളി സ്വന്തം കുടുംബത്തിലേക്കും സ്വന്തം പ്രശ്‌നങ്ങളിലേക്കും മാത്രം ഉള്‍വലിയുന്നതുകൊണ്ട് സാമൂഹിക ജീവിതത്തിലുള്ള ഇടപെടലുകളും സേവനപ്രവര്‍ത്തനങ്ങളും കുറഞ്ഞുവരികയാണ്. അനുദിനം വര്‍ധിച്ചുവരുന്ന മത്സരബുദ്ധിയും കിടമത്സരവും സ്വാര്‍ഥബോധവുമെല്ലാം വ്യക്തികള്‍ തമ്മിലുള്ള പാരസ്പര്യത്തിന് വിള്ളല്‍ വീഴ്ത്തുന്നു. സഹാനുഭൂതിയുടെ കാര്യത്തിലും മലയാളി പിന്നാക്കം പോയിക്കൊണ്ടിരിക്കുന്നു.
ജീവിതത്തിന്റെ ഏതു മേഖലയിലും എന്തൊക്കെ സംഭവിച്ചാലും ഒരുതരം നിസ്സംഗതയോടെ എല്ലാറ്റിന്റെയും കാഴ്ചക്കാരനായി മാറുകയാണ് ശരാശരി മലയാളി. വ്യക്തിജീവിതത്തിലും സാമൂഹികജീവിതത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ നിസ്സംഗത മലയാളിയുടെ മാനസികനിലയുടെ മാറ്റത്തിനും കാരണമാകുന്നു.
ആധുനിക ജീവിതശൈലിയുടെ സമ്മര്‍ദങ്ങള്‍മൂലം സമൂഹത്തിലും കുടുംബവ്യവസ്ഥയിലും നിരവധി പ്രശ്‌നങ്ങള്‍ ഇന്ന് കേരളത്തിലുണ്ട്. കേരളത്തില്‍ മാനസികാരോഗ്യം നഷ്ടപ്പെടുന്നവരുടെ വര്‍ധനയ്ക്ക് നിരവധി ഘടകങ്ങളുണ്ട്. വിഷാദം, മദ്യപാനം, ആത്മഹത്യാപ്രവണത, മയക്കുമരുന്നുകളോടുള്ള ആസക്തി, അമിത ഉത്കണ്ഠ, നിത്യജീവിതത്തിലെ സംഘര്‍ഷങ്ങള്‍, വ്യക്തിബന്ധങ്ങളിലെ സംശയം, പെരുമാറ്റ വൈകല്യം തുടങ്ങിയ രോഗാവസ്ഥയിലകപ്പെടുന്നവരുടെ എണ്ണം കേരളത്തില്‍ വര്‍ധിച്ചുവരികയാണ്.
2001-ലെ കണക്കുപ്രകാരം 320 ലക്ഷം ജനസംഖ്യയുള്ള കേരളത്തില്‍ 32 ലക്ഷം പേര്‍ പലതരത്തിലുള്ള മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. ഇതില്‍ത്തന്നെ 6.4 ലക്ഷം പേര്‍ സ്‌കിസോഫ്രീനിയ, വിഷാദരോഗം, ഉന്മാദരോഗം തുടങ്ങിയ ഗുരുതര മാനസികരോഗങ്ങള്‍ അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം ഭാരതത്തില്‍ ഒരുലക്ഷത്തില്‍ 132 മനോരോഗികളുള്ളപ്പോള്‍ കേരളത്തിലിത് 253 ആണ്. ഭാരതത്തിലെ നിരക്കിനേക്കാള്‍ രണ്ടുമടങ്ങ് കൂടുതല്‍. ആത്മഹത്യയുടെ കാര്യത്തിലായാലും കഴിഞ്ഞ എട്ടുവര്‍ഷമായി നമ്മുടെ സംസ്ഥാനം തന്നെയാണ് മുന്നില്‍. കേരളത്തിലെ ആത്മഹത്യയുടെ കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒരു പ്രധാന കാരണം മാനസികരോഗങ്ങള്‍ തന്നെയാണ്. മദ്യപാനികളുടെ എണ്ണത്തിലും വന്‍ കുതിപ്പാണ് കേരളം കാണിക്കുന്നത്.
ഇന്നും മാനസികരോഗികളോടും അവരുടെ കുടുംബത്തോടും സമൂഹത്തില്‍ പുച്ഛം, അവഗണന എന്നിവ നിലനില്‍ക്കുന്നു. ഇതു മാറ്റിയെടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മാനസികരോഗങ്ങളെക്കുറിച്ചും കാരണങ്ങളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിപുലമായ രീതിയില്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഫലവത്തായ മാര്‍ഗം. ജീവിത പ്രതിസന്ധികള്‍ രൂക്ഷമാവുമ്പോള്‍ പലരുടെയും മനസ്സിന്റെ താളം തെറ്റുന്നു. ഇങ്ങനെയുള്ളവരില്‍ ഏറിയ പങ്കും പില്‍ക്കാലത്ത് മാനസികാസ്വാസ്ഥ്യങ്ങള്‍ അനുഭവിക്കുന്നു.