[www.keralites.net] വെള്ളാപ്പളളി സ്‌പീക്കിംഗ്‌

 

വെള്ളാപ്പളളി സ്‌പീക്കിംഗ്‌

Fun & Info @ Keralites.net

മുല്ലപ്പെരിയാറിനെക്കുറിച്ചായാലും മുല്ലവള്ളിയെക്കുറിച്ചായാലും വെള്ളാപ്പള്ളി പറയുമ്പോള്‍ അതിനു പുതുമയുടെ 'ടച്ച്‌.' എസ്‌.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി, എസ്‌.എന്‍. ട്രസ്‌റ്റ് സെക്രട്ടറി തുടങ്ങിയ അനേകം പദവികള്‍ വഹിക്കുന്ന അദ്ദേഹത്തിന്റെ ഉള്ളില്‍ തരളിതമായ ഒരു ഹൃദയമുണ്ട്‌. മനുഷ്യസങ്കടങ്ങളില്‍ കേഴുന്ന പച്ചമനുഷ്യനുണ്ട്‌. തൃശൂര്‍ അമല ആശുപത്രിയില്‍ കിടക്കുന്ന സുകുമാര്‍ അഴീക്കോട്‌ എന്ന 'എതിരാളി'യെ കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെള്ളാപ്പള്ളി കരഞ്ഞുപോയി.


? അഴീക്കോടിനെ കണ്ടപ്പോള്‍ കരഞ്ഞതെന്തിന്‌.

* എങ്ങനെ കരയാതിരിക്കും? എന്റെ ഇരുപത്തഞ്ചാമത്തെ വയസില്‍ ഞാന്‍ പരിചയപ്പെട്ടതാണ്‌. അറുപത്തഞ്ച്‌ വയസുവരെ നല്ല അടുപ്പമായിരുന്നു. കണിച്ചുകുളങ്ങര സ്‌കൂളില്‍ പണ്ട്‌ അദ്ദേഹം പ്രസംഗിച്ച ദിവസം ഞാന്‍ സ്‌കൂളിനു പുറത്തുവന്ന്‌ അവിടെ നിരത്തിവച്ചിരുന്ന സൈക്കിളുകളുടെ എണ്ണം വരെ എടുത്തിട്ടുണ്ട്‌.


? പിന്നീടെന്താണ്‌ നിങ്ങള്‍ക്കിടയില്‍ സംഭവിച്ചത്‌.

* അത്‌ കാലം കുറേക്കഴിഞ്ഞാണ്‌. ശിവഗിരി അഡ്‌മിനിസ്‌ട്രേറ്റീവ്‌ കൗണ്‍സിലില്‍ ഞാന്‍ വന്നതോടെ സ്‌ഥിതി മാറി. എന്നെ മാറ്റണമെന്ന്‌ അദ്ദേഹം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാരോട്‌ ആവശ്യപ്പെട്ടു.



? ഇതോടെ സംഗതികള്‍ വഷളായി, അല്ലേ.

* സാധുവായ ഒരു മനുഷ്യനാണ്‌ അഴീക്കോട്‌. ചില പ്രത്യേക ശക്‌തികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയെന്നു മാത്രം. അഴീക്കോടിനെ മറ്റുള്ളവര്‍ ഉപയോഗിക്കുകയായിരുന്നു. 'എന്നെ വേണോ, വെള്ളാപ്പള്ളിയെ വേണോ' എന്നായിരുന്നു അഴീക്കോട്‌ നായനാരോടു ചോദിച്ചത്‌. വെള്ളാപ്പള്ളിയെ മതിയെന്ന്‌ നായനാര്‍ പറയുകയും ചെയ്‌തു. അങ്ങനെ അകല്‍ച്ച വന്നു.


? എങ്കിലും കരയുകയെന്നുവച്ചാല്‍.

* ദുഃഖം തോന്നും. അദ്ദേഹം ആശുപത്രിക്കിടക്കയില്‍ കിടന്ന്‌ എന്നോടു പറഞ്ഞത്‌ 'ഞാന്‍ വീട്ടിലോട്ടു വരും. തുഷാറിനോട്‌ ഇവിടെ വരാന്‍ പറയണം' എന്നായിരുന്നു. ശോഷിച്ച ശരീരവുമായി രോഗത്തോടു യുദ്ധംചെയ്യുന്ന ആ മനുഷ്യന്റെ വാക്കുകേട്ട്‌ ഞാന്‍ കരഞ്ഞു. കരയാതിരിക്കാന്‍ ഗൗരവം അഭിനയിച്ചുനോക്കി. നടന്നില്ല.


? ഇതുപോലെ എതിരാളികളോടെല്ലാം അനുതാപം തോന്നുമോ. അവരോടു ക്ഷമിക്കുമോ.

* ക്ഷമിക്കും. യാതൊരു തടസവുമില്ല. എനിക്കാരോടും ശത്രുതയില്ല. വ്യക്‌തിപരമായി വിരോധവുമില്ല. ഒരുകാര്യം നടത്താനായി ആരെങ്കിലും എന്റെ അടുത്തുവന്നാല്‍ ഒരുത്തരമുണ്ടാകും. 'നോക്കാം', 'പാര്‍ക്കലാം' എന്നു പറയില്ല. എന്നെക്കൊണ്ടു നടക്കാത്ത കാര്യമാണെങ്കില്‍ 'നടക്കില്ല സുഹൃത്തേ' എന്നു പറയും.


? മുല്ലപ്പെരിയാറില്‍ കേരളാ കോണ്‍ഗ്രസാണോ സൂപ്പര്‍സ്‌റ്റാര്‍.

* മാണിസാര്‍ ഒന്നു പറയുമ്പോള്‍ ജോസഫ്‌ അതിനെ കടത്തിവെട്ടി ശബ്‌ദമുയര്‍ത്തുന്നു. കൈ പൊങ്ങുകേലെന്നു പറഞ്ഞ ജോസഫ്‌ രണ്ടു കൈയും ഭയങ്കരമായി പൊക്കി മീഡിയയുടെ മുമ്പില്‍നില്‍ക്കുന്നു.

? നേതാക്കള്‍ വോട്ടര്‍മാര്‍ക്കു സ്‌നേഹം വാരിക്കോരി നല്‍കി.

* ഇമേജ്‌ വര്‍ധിപ്പിക്കാനാണ്‌ എല്ലാവരുടെയും ശ്രമം. മാണിയേക്കാള്‍ കേമനാണു ഞാന്‍ എന്നു വരുത്താനാണ്‌ ജോസഫ്‌ തുനിയുന്നത്‌. മൂന്നു കാര്യങ്ങളില്‍ കുഴഞ്ഞുനില്‍ക്കുകയാണ്‌ അദ്ദേഹം. ഒന്ന്‌ - വിമാനയാത്രയിലെ കരിനിഴല്‍. രണ്ട്‌- എസ്‌.എം.എസ്‌. വിവാദം. മൂന്ന്‌ - കൂറുമാറ്റം. ഈ ചെളിയില്‍ ചവുട്ടിക്കുഴഞ്ഞ്‌ തലയൊപ്പം മുങ്ങിനില്‍ക്കുകയാണ്‌. ചെളി കഴുകിക്കളഞ്ഞ്‌ പുണ്യാളവേഷം കെട്ടാനുള്ള അടവുനയമാണ്‌ ജോസഫിന്റേത്‌.

? കമ്യൂണിസ്‌റ്റും കോണ്‍ഗ്രസുമൊക്കെ ഇതേ തന്ത്രങ്ങള്‍ മെനയുന്നില്ലേ.

* കമ്യൂണിസ്‌റ്റുകാരും കോണ്‍ഗ്രസുകാരും ഇങ്ങനെ തന്നെ. മുല്ലപ്പെരിയാര്‍ സമരപ്പന്തലില്‍ ചെന്നപ്പോള്‍ ഒരു കമന്റ്‌ ഞാന്‍ കേട്ടു. ഒരു സുഹൃത്ത്‌ പറയുകയാണ്‌, എല്ലാവരും പെറ്റുകിടക്കണപോലെയല്ലേ കിടക്കുന്നത്‌ എന്ന്‌. വാസ്‌തവമല്ലേ? പെറ്റുകിടക്കുന്നതുപോലെയല്ലേ കിടന്നത്‌? യാഥാര്‍ഥ്യബോധത്തോടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആര്‍ക്കും താല്‍പര്യമില്ല.

? മലയാളിയും തമിഴനും. രണ്ടു സംസ്‌കാരങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായില്ലേ.

* മലയാളിയും തമിഴരും ഇരട്ടപെറ്റ ആണ്‍കുട്ടികളാണ്‌. ഈ ആണ്‍കുട്ടികളെ തമ്മില്‍ത്തല്ലിക്കുന്നത്‌ രാഷ്‌ട്രീയക്കാരാണ്‌. അതില്‍ ഏറ്റവും കൂടുതല്‍ ജോസഫിനു പങ്കുണ്ട്‌. പേടിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമാധാനാന്തരീക്ഷം തകര്‍ത്തതില്‍ പ്രധാനി ജോസഫാണ്‌.

? മുല്ലപ്പെരിയാര്‍ ഒരു തലവേദനയായി അവശേഷിക്കുമോ.

* മുല്ലപ്പെരിയാര്‍ എന്നു പറഞ്ഞ്‌ നാട്ടുകാരെ പേടിപ്പിക്കാതിരിക്കുക. മുല്ലപ്പെരിയാര്‍ സംബന്ധിച്ച കേസ്‌ സുപ്രീംകോടതിയുടെ പരിഗണനയിലാണ്‌. വിശദാംശങ്ങള്‍ പഠിക്കാന്‍ ഉന്നതാധികാരസമിതിയെയും കോടതി നിയോഗിച്ചിട്ടുണ്ട്‌. സംസ്‌ഥാനസര്‍ക്കാര്‍ നമ്മുടെ ഭാഗം പറഞ്ഞ്‌ തെളിവു നല്‍കുക. അനുകൂല തീരുമാനത്തിനായി കാത്തിരിക്കുക. അവരവര്‍ സ്വസ്‌ഥരായി അവരുടെ കര്‍മങ്ങള്‍ ചെയ്യുക.

? രാഷ്‌ട്രീയക്കാരുടെ വിഷമങ്ങള്‍ ആരുമറിയുന്നില്ല.

* സമരം ഇവിടെക്കൊണ്ടെത്തിച്ചവര്‍ കുഴഞ്ഞു. ഒരു സ്‌ഥലത്തും എത്തിക്കാനാവാത്ത സ്‌ഥിതിയിലായി. നാട്ടുകാര്‍ പമ്പരംപോലെ കറങ്ങുകയാണ്‌.

? മുല്ലപ്പെരിയാര്‍ സമരംവഴി കേരള കോണ്‍ഗ്രസിന്റെ ശക്‌തി വര്‍ധിച്ചിട്ടില്ലേ.

* തേളും തേരട്ടയും മണ്ണാനും മരങ്ങോടനും രാജവെമ്പാലയും എല്ലാംകൂടി ചേര്‍ന്ന്‌ ഒന്നിച്ചു. പുറത്തുനിന്നതിനെയെല്ലാം അകത്തിട്ടു. കാരണം, ശല്യമൊഴിവാക്കാമല്ലോ. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഐക്യമുന്നണിയുടെ കൂടെ രണ്ടാമത്തെ പ്രധാന കക്ഷിയാകാമെന്നു കരുതി. അതിലൂടെ രാഷ്‌ട്രീയനേട്ടം കൊയ്യാമെന്നും വിചാരിച്ചു.

? കെ.എം. മാണി.

* അദ്ദേഹം ക്ഷമ കാണിക്കുന്ന ബുദ്ധിമാനായ രാഷ്‌ട്രീയക്കാരനാണ്‌. വേലിയിലിരിക്കുന്ന പാമ്പിനെയെടുത്ത്‌ തോളേലിട്ടതുപോലെ ഈ ദുരവസ്‌ഥയില്‍ മാണി ദുഃഖിതനാണ്‌. ജോസഫിന്റെ കാര്യംതന്നെ നോക്കുക. മന്ത്രിസഭയിലിരിക്കുന്നയാള്‍ മന്ത്രിസഭാ തീരുമാനത്തിനു വിപരീതമായി 'ഞാനിപ്പോള്‍ സമരംചെയ്യും, രാജിവയ്‌ക്കും, മരണംവരെ നിരാഹാരമിരിക്കും' എന്നൊക്കെ പറയുകയാണ്‌. മാണിസാര്‍ മിണ്ടാതിരിക്കുന്നതു ബലഹീനതയല്ല. അദ്ദേഹത്തിന്റെ സംസ്‌കാരമാണ്‌.

? ഇതെല്ലാം മാണിയോടു പറഞ്ഞോ.

* ഞാനൊരു വേദിയില്‍വച്ച്‌ മാണിസാറിനോടു പറഞ്ഞു. മാണിസാറിന്റെ സകല ഗ്ലാമറും പോയി; പി.ജെ. ജോസഫിനെപ്പോലുള്ള ആളുകളെ കൂടെ നിര്‍ത്തിയതോടെ എന്ന്‌. മാണിസാര്‍ വേദിയിലിരുന്നു ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

? രാഷ്‌ട്രീയ വിശകലനത്തിലെ ഈ സൂക്ഷ്‌മത രാഷ്‌ട്രീയത്തിലിറങ്ങുന്നതിന്റെ ഭാഗമാണോ? പുതിയ പാര്‍ട്ടി യാഥാര്‍ഥ്യമാകുമോ.


* ഞങ്ങള്‍ രാഷ്‌ട്രീയപാര്‍ട്ടിയല്ല; രാഷ്‌ട്രീയശക്‌തിയാവുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. രാഷ്‌ട്രീയക്കാരുടെ വാലായിട്ട്‌ വാലാട്ടാനോ രാഷ്‌ട്രീയക്കാരുടെ ചൂലാകാനോ ഞങ്ങള്‍ തയാറല്ല. സാമൂഹികീനീതിക്കുവേണ്ടി ഉച്ചത്തില്‍ പറയും; പ്രവര്‍ത്തിക്കും.



? പാലായില്‍ മാണിയെ പിന്തുണച്ചത്‌ ഈ തീരുമാനത്തിന്റെ മുന്നോടിയാണോ.

* ഒരു പരിധിവരെ പിന്തുണ ഉണ്ടായിരുന്നു. വേറേ യോഗ്യതയുള്ള ആരുണ്ട്‌ അവിടെ?

? പുതിയ രാഷ്‌ട്രീയശക്‌തിയാകുന്നതിനുള്ള ആദ്യ നീക്കം ഗുണം ചെയ്‌തോ.


* ഗുണം ചെയ്‌തു. പണ്ട്‌ അവഗണിച്ചവര്‍ ഇപ്പോള്‍ മൈന്‍ഡ്‌ ചെയ്യുന്നുണ്ട്‌. ഞങ്ങളെ അവഗണിച്ചവരെക്കൊണ്ട്‌ അംഗീകരിപ്പിച്ചു. കാര്യങ്ങള്‍ക്കു മാറ്റമുണ്ടായി. ആവലാതികള്‍ കേള്‍ക്കാനുള്ള മനസെങ്കിലും കാണിക്കുന്നുണ്ട്‌. അവഗണിച്ചവരെ ഉപയോഗിച്ച്‌ അവഗണന തീര്‍ക്കുക എന്നതാണ്‌ രീതി. മുള്ളിനെ മുള്ളുകൊണ്ടെടുക്കുന്നതുപോലെയാണത്‌.

? വിലപേശലാണോ.

* അല്ല. അവകാശങ്ങള്‍ക്കുവേണ്ടി സമുദായത്തെ ഒന്നിച്ചുനിര്‍ത്തുക. സാമൂഹികസത്യങ്ങള്‍ തുറന്നുപറയും. മുഖം നോക്കാതെ തുറന്നുപറയും. രാഷ്‌ട്രീയശക്‌തിയാകുന്നതിന്റെ ഗുണപരമായ ഫലം പിന്നാക്കക്ഷേമവകുപ്പിന്റെ കാര്യത്തില്‍ കണ്ടുകഴിഞ്ഞു. ഇനിയും ഇങ്ങനെതന്നെ മുമ്പോട്ടുപോകും.

? സമദൂരവും ഇതിന്റെ മറ്റൊരു ലൈനല്ലേ.

* സമദൂരത്തിനകത്ത്‌ ഒരു ദൂരമുണ്ട്‌. അതെല്ലാവര്‍ക്കും അറിയാം. സമദൂരമെന്നതു കള്ളനാണയമാണ്‌.

? എന്‍.എസ്‌.എസിനോട്‌ അകല്‍ച്ചയുണ്ടോ?

* എല്ലാ സഹോദരന്മാര്‍ക്കും എന്നോടിഷ്‌ടമാണ്‌. എന്‍.എസ്‌.എസിലെ ചില നേതാക്കള്‍ക്ക്‌ എന്നോട്‌ അസൂയയുണ്ട്‌. ആശയപരമായി എല്ലാവരും ഒന്നാണെന്ന വിചാരം വേണം. മനസ്‌ വലുതാകണം. രാഷ്‌ട്രീയശക്‌തിയാകണമെന്നു ഞങ്ങള്‍ പറയുന്നത്‌ ഒരു സമുദായത്തിനു വേണ്ടിയല്ല. എല്ലാ സമുദായങ്ങള്‍ക്കും വേണ്ടിയാണ്‌. ഈഴവസമുദായത്തിനു മാത്രമല്ല, എല്ലാ സമുദായത്തിന്റെയും സാമൂഹികനീതിയുണ്ട്‌. അതിനായാണ്‌ ഞങ്ങള്‍ യുദ്ധം ചെയ്യുന്നത്‌.

? നാരായണപ്പണിക്കരെപ്പറ്റി.

* പണിക്കരുചേട്ടന്‍ നിഷ്‌കളങ്കനാണ്‌. നന്മകളുള്ള മനുഷ്യന്‍.

? സുഹൃത്തായിരുന്ന ഗോകുലം ഗോപാലനുമായി പിണങ്ങാന്‍ കാരണമെന്താണ്‌.

* സ്‌നേഹം ഭാവിച്ചെങ്കിലും കസേരയോടായിരുന്നു ഗോപാലനു താല്‍പര്യം. പെട്ടെന്ന്‌ ജനറല്‍ സെക്രട്ടറി ആകണം എന്നുള്ള വിചാരം. നേരേ ജനറല്‍ സെക്രട്ടറി ആകുക എന്നായിരുന്നു ഉദ്ദേശിച്ചത്‌. ആദ്യകാലത്ത്‌ രാമന്റെ മുമ്പില്‍ ഹനുമാനെന്ന പോലെയായിരുന്നു എന്റെ മുമ്പില്‍നിന്നിരുന്നത്‌.

? മകനെ പിന്‍ഗാമിയാക്കാന്‍ ശ്രമിക്കുന്നു എന്ന്‌ ആരോപണമുണ്ട്‌.


* ഒറ്റദിവസംകൊണ്ട്‌ പൊട്ടിവീണതല്ല. പടിപടിയായി ഉയര്‍ന്നാണ്‌ തുഷാര്‍ സ്‌ഥാനത്തെത്തിയത്‌. ജനങ്ങളാണ്‌ തുഷാറിനെ തെരഞ്ഞെടുത്തത്‌.

? ബിസിനസില്‍ക്കൂടി കിട്ടിയ പണമിറക്കിയാണ്‌ എസ്‌.എന്‍.ഡി.പി. യോഗം പിടിച്ചടക്കിയത്‌ എന്നു പറയുന്നവരുണ്ട്‌.

* ബിസിനസില്‍നിന്നു കിട്ടിയ പണംകൊണ്ടല്ല ഞാന്‍ ഈ സ്‌ഥാനത്തെത്തിയത്‌. ഗുരുവിന്റെ പേരുപറഞ്ഞു നടക്കുന്ന ചിലര്‍ ഒരു വിദ്യാഭ്യാസ സ്‌ഥാപനംപോലും ഗുരുവിന്റെ പേരില്‍ തുടങ്ങിയിട്ടില്ല. സ്വന്തം സ്‌ഥാപനങ്ങളില്‍ ഗുരുവിന്റെ ഒരു ചിത്രം പോലും വച്ചിട്ടില്ലാത്തവരാണു കുറ്റം പറയുന്നത്‌.

? എസ്‌.എന്‍.ഡി.പി. യോഗം വക സ്‌ഥാപനങ്ങളും മറ്റും വിറ്റു പണമുണ്ടാക്കി എന്ന്‌ ആരോപണമുണ്ട്‌.

* അതു ശരിയല്ല. വിറ്റിട്ടുണ്ടെങ്കില്‍, നടപടിക്രമങ്ങളെല്ലാം പാലിച്ചുകൊണ്ടു മാത്രമേ വിറ്റിട്ടുള്ളു.

? വി.എസിനെപ്പറ്റി.

* വി.എസുമായി ഇപ്പോള്‍ അകല്‍ച്ചയുമില്ല അടുപ്പവുമില്ല. ശരിക്കും പാവങ്ങളുടെ പടത്തലവനാണദ്ദേഹം. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്കു കീഴ്‌ത്തട്ടില്‍ നല്ല സ്വാധീനമുണ്ട്‌.

? അപ്പോള്‍ പിണറായിയോ.

* മികച്ച നേതാവാണ്‌. സ്‌നേഹിച്ചാല്‍ അതുപോലെ സ്‌നേഹിക്കും. വിളിച്ചാല്‍ തിരിച്ചും വിളിക്കും. നല്ല മനസാണ്‌.

? ഉമ്മന്‍ചാണ്ടിയെപ്പറ്റി.

* വലിയ നേതാവാണ്‌. ജനസമ്പര്‍ക്കപരിപാടിയുടെ കൂടെ ഗിന്നസ്‌ ബുക്കിലേക്കു കയറുകയല്ലേ? കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്‌.

? കമ്യൂണിസ്‌റ്റ് പാര്‍ട്ടിയെപ്പറ്റി പൊതുവിലുള്ള അഭിപ്രായം.


* പഴയ കമ്യൂണിസ്‌റ്റ് പാര്‍ട്ടിയും പുതിയതുമായി കടലും കടലാടിയും പോലുള്ള ബന്ധമേയുള്ളു. വായെടുത്താല്‍ പണ്ട്‌ സോഷ്യലിസമായിരുന്നു. സോഷ്യലിസം എന്ന വാക്ക്‌ ഇപ്പോള്‍ പറയുന്നുണ്ടോ? ആദര്‍ശരാഷ്‌ട്രീയം കുഴിച്ചുമൂടപ്പെട്ടു.

? ജാതി ചോദിക്കാത്ത ഒരു സമൂഹത്തിനുവേണ്ടി യത്നിക്കുന്നതിനു പകരം ജാതി ചോദിക്കുന്നു എന്നൊരു പരാതിയുണ്ട്‌.

* ജാതി പറയാന്‍ വൈകിപ്പോയതാണ്‌ ഈഴവന്‌ പറ്റിയ പരാജയം. മറ്റു പല സമുദായശക്‌തികളും രാഷ്‌ട്രീയക്കാരും ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ്‌ ശക്‌തിപ്രാപിക്കുന്നതു നമ്മള്‍ കാണുന്നുണ്ടല്ലോ.

? കുമാരനാശാന്റെ കസേരയിലാണല്ലോ ഇരിക്കുന്നത്‌.

* അയ്യോ! അല്ല. ആശാന്റെ കസേരയുടെ കാവല്‍ക്കാരനാണ്‌ ഞാന്‍. ആശാന്റെ കസേരയിലിരിക്കാനുള്ള യാതൊരറിവും എനിക്കില്ല. ആശാന്‍ ഇരുന്ന കസേരയുടെ കാവല്‍ക്കാരനായി ഇരുന്നുകൊണ്ട്‌ ആശാന്റെയും ഗുരുവിന്റെയും ആശയങ്ങളും അഭിലാഷങ്ങളും പ്രചരിപ്പിക്കുക എന്ന ദൗത്യമാണു ഞങ്ങള്‍ക്ക്‌.

? കേരളം എഴുപതുകളില്‍ ഉപേക്ഷിച്ച പഴയ ആചാരങ്ങള്‍ തിരിച്ചുവരുന്ന രീതികാണുന്നു. ചെറുപ്പക്കാര്‍പോലും ഈശ്വരവിശ്വാസം പരസ്യമായി പ്രകടിപ്പിക്കുന്ന കാലം. ആശാസ്യമാണോ ഇത്‌.

* ഈശ്വരന്‍ ഒരു വിശ്വാസമാണ്‌. വഴിയിലായാലും വള്ളത്തിലായാലും ഈശ്വരനെ വിചാരിക്കുന്നതു നല്ലതാണ്‌. വഴിയില്‍വച്ചാണ്‌ അവര്‍ കണ്ടതെങ്കില്‍ അതൊരു കുറവായിക്കാണേണ്ട. ഈശ്വരവിചാരംകൊണ്ട്‌ ഉള്ളില്‍ വെളിച്ചം കയറുമെങ്കില്‍ നല്ലതാണ്‌.

? സ്വതേ സന്തോഷവാനായി കാണപ്പെടുന്നതിന്റെ തത്വചിന്ത.

* എനിക്ക്‌ വളരെ സന്തോഷമാണ്‌. ഒരുപാടു പ്രതിസന്ധികളും പ്രയാസങ്ങളും ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ എന്നെ അംഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്ന ആയിരങ്ങളുടെ പ്രാര്‍ഥന എന്നോടൊപ്പമുണ്ട്‌. എനിക്കു വരുന്ന പാരിതോഷികങ്ങള്‍ എത്രമാത്രമാണ്‌ ഇവിടെ ഈ മുറിയില്‍ സൂക്ഷിച്ചിരിക്കുന്നത്‌. ഇതുപോലെ ആയിരക്കണക്കിനു സാധനങ്ങള്‍ അപ്പുറത്തെ മുറിയില്‍ കൂട്ടിയിട്ടിട്ടുണ്ട്‌. ഒരുപാടു സ്‌നേഹം ആളുകളില്‍നിന്നു കിട്ടിയിട്ടുണ്ട്‌. അതുകൊണ്ടാണ്‌ പത്തെഴുപത്തഞ്ച്‌ വയസായിട്ടും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ പോകാനുള്ള ഊര്‍ജവും ഉന്മേഷവും എനിക്കു കിട്ടുന്നത്‌.

? എതിരാളികള്‍ അങ്ങേക്കെതിരേ കൊടുത്ത കേസ്‌ ഹൈക്കോടതി തള്ളി. സന്തോഷിക്കാന്‍ മറ്റൊരു വക കൂടിയായി.

പറഞ്ഞല്ലോ, എനിക്കെപ്പോഴും സന്തോഷമാണ്‌. കേസിനുവേണ്ടി അവര്‍ കേസുണ്ടാക്കി. അവര്‍ മനഃപൂര്‍വമാണ്‌ കേസുണ്ടാക്കിയതെന്നു തെളിഞ്ഞു.

? പ്രസംഗങ്ങളിലും സംസാരത്തിലുമുള്ള 'വെള്ളാപ്പള്ളി ടച്ചി'ന്റെ രഹസ്യം.

നേര്‌ നേരേ പറയുന്നു. അത്രയേ ഉള്ളൂ. നേര്‌ നേരേ പറയുമ്പോള്‍ നേരായിട്ടു തോന്നും.

? ഏതുകാര്യത്തിലും അഭിപ്രായം പറയുന്ന ശീലം എങ്ങനെ വന്നു.

ചുറ്റും നടക്കുന്ന കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്‌. ഇത്രയും പ്രായവുമായി. പാര്‍ലമെന്ററി വ്യാമോഹവുമില്ല. അതുള്ളവര്‍ക്കല്ലേ എന്തെങ്കിലും പറയാന്‍ മടിയുള്ളൂ. ഞാന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങള്‍ പറയും.


? യോഗം ജനറല്‍ സെക്രട്ടറി, എസ്‌.എന്‍. ട്രസ്‌റ്റ് സെക്രട്ടറി എന്നതുള്‍പ്പെടെ ഒട്ടേറെ പദവികള്‍. കൂടാതെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍. ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു.

അതൊക്കെ നടക്കും. എനിക്കു ചീട്ടുകളിക്കാന്‍ പോകണ്ട, കള്ളു കുടിക്കണ്ട, സിനിമ കാണണ്ട. ഇരുപത്തിനാലു മണിക്കൂറും സമുദായത്തിനുവേണ്ടി സമയമുണ്ട്‌. മറ്റുള്ളവര്‍ക്ക്‌ അങ്ങനെയല്ല, ആറുമണി കഴിഞ്ഞാല്‍ സിനിമാകൊട്ടകയില്‍ പോകണം, ക്ലബില്‍ പോകണം, സിഗറട്ട്‌ വലിക്കണം. ഇതുപോലൊരു സ്വഭാവദൂഷ്യവുമെനിക്കില്ല.

? കര്‍ഷകരുടെ എണ്ണം നാട്ടില്‍ കുറഞ്ഞുവരുകയാണ്‌. കാര്‍ഷികോല്‍പന്നങ്ങള്‍ക്കു വിലയില്ല. എസ്‌.എന്‍.ഡി.പിയെ പോലെ ശക്‌തമായ വേരുകളുള്ള സംഘടനയ്‌ക്കു കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ തുടങ്ങിക്കൂടെ?

നല്ല ആശയമാണ്‌. ഇക്കാര്യം പരിഗണിക്കാം.

PRASOON

▌│█║▌║│ █║║▌█
»+91 9447 1466 41«


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___