മാതാപിതാക്കളെ ബഹുമാനിക്കാത്തവരും അവരെ ശുശ്രൂഷിക്കാത്തവരും സ്വന്തം മക്കളില്‍നിന്നും ആ ഗുണങ്ങള്‍ പ്രതീക്ഷിക്കാമോ?
''ഒന്നും ശാശ്വതമല്ല... മാറ്റംപോലും'' എന്ന് ഗ്രീക്ക് തത്വചിന്തകനായ പെര്‍മെനിഡസ് പറയുകയുണ്ടായി. നമ്മുടെ ദുഃഖങ്ങളോ സന്തോഷങ്ങളോ ജീവിതമോ ശാശ്വതമല്ല. ഈ പ്രപഞ്ചംപോലും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. എല്ലാം കടന്നുപോകുമെന്ന തിരിച്ചറിവിലേക്ക് കടന്നുവരുമ്പോള്‍ ജീവിതത്തെക്കുറിച്ച് മനുഷ്യന്‍ ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങും. മനുഷ്യജീവിതം മാറ്റത്തിന്റെ 'കലവറയാണ്.' ജീവിതം നഷ്ടപ്പെടലുകളുടെ, ഉപേക്ഷിക്കലുകളുടെ ഒരു ശൃംഖല തന്നെയാണ്. ശൈശവത്തില്‍നിന്ന് ബാല്യത്തിലേക്കും ബാല്യത്തില്‍നിന്ന് കൗമാരത്തിലേക്കും കൗമാരത്തില്‍നിന്ന് യുവത്വത്തിലേക്കും യുവത്വപ്രസരിപ്പില്‍നിന്ന് വാര്‍ധക്യത്തിലേക്കും, ഒടുക്കം മരണമെന്ന അപരിചിതനോടൊപ്പം പ്രയാണം ചെയ്യും.
വൃദ്ധയായ അമ്മയെ പുഴയില്‍ തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ച മകനെപ്പറ്റിയും പിതാവിനെ തലക്കടിച്ച് കൊന്ന മകനെപ്പറ്റിയുമൊക്കെയുള്ള വാര്‍ത്തകള്‍ പത്രങ്ങളില്‍ കണ്ടപ്പോള്‍ ഏറെ വേദന തോന്നി. മുതിര്‍ന്നവരെ ബഹുമാനിക്കുകയും അവരോട് അനുവാദം വാങ്ങുകയും ചെയ്യുന്ന ഒരു തലമുറ, അധ്യാപകര്‍ വരുമ്പോള്‍ ആദരപൂര്‍വം മുണ്ടിന്റെ മടക്കിക്കുത്ത് താഴ്ത്തി ബഹുമാനപുരസരം എഴുന്നേറ്റുനിന്നിരുന്ന ഒരു തലമുറ ഇന്ന് ഓര്‍മകളായി ചുരുങ്ങുന്നുണ്ടോ? മാതാപിതാക്കളെ തനിച്ചാക്കി സുഖമായി അന്യനാടുകളില്‍ അടിച്ചുപൊളിച്ചു ജീവിക്കുന്നവരുടെ പോക്ക് എവിടേക്കാണ്?
മറന്നുപോകുന്ന പാഠങ്ങള്‍ സ്വന്തം മക്കളെ പൊന്നുപോലെ ലാളിക്കുകയും അതേ മക്കളുടെ മുന്നില്‍വച്ച് വൃദ്ധരായ മാതാപിതാക്കളെ നിന്ദിക്കുകയും ചെയ്യുന്നവര്‍ക്ക്, വാര്‍ധക്യത്തില്‍ മക്കളില്‍നിന്ന് അതിനപ്പുറം പ്രതീക്ഷിക്കാനാവുമോ? ഇക്കൂട്ടര്‍ ഒരു കാര്യം മറന്നുപോകുന്നു, ഞാന്‍ വീട്ടിലെ പ്രായമായവരോട് കാണിക്കുന്നത് കണ്ടു പഠിക്കുന്ന കുട്ടികള്‍ എന്നോടും അങ്ങനെയേ പെരുമാറൂ എന്ന്. മനുഷ്യന്റെ ചിന്തകള്‍ വിചിത്രങ്ങളാണ്. ശിശു ആയിരിക്കുമ്പോള്‍ പ്രായമുള്ളവനാകുവാനും വാര്‍ധക്യത്തില്‍ നഷ്ടപ്പെട്ട ബാല്യകാല സ്മരണകള്‍ അയവിറക്കി അതിലേക്ക് തിരിച്ചുവരുവാനും ആഗ്രഹിക്കുന്നവരാണ് 'മനുഷ്യര്‍.' ഒരു മനുഷ്യനും ആഗ്രഹിക്കാത്ത ഒന്നാണ് വാര്‍ധക്യം. ആരോഗ്യം നശിച്ച്, സൗന്ദര്യം നഷ്ടപ്പെട്ട്, രോഗങ്ങള്‍ക്കടിമയായി, മറവി കൂടപ്പിറപ്പായുള്ള ജീവിതം. പ്രായമാകുന്നതോടെ ചിലര്‍ മുന്‍കോപം, വാശി എന്നിവയ്ക്കടിമകളാകുന്നു. ചിലര്‍ മറവിരോഗങ്ങള്‍ക്കും. അതുപോലെ വാര്‍ധക്യത്തില്‍ ഉണ്ടാകാവുന്ന മാനസിക സം ഘര്‍ഷങ്ങള്‍ വലുതാണ്. ഒരിക്കലും മറക്കാന്‍ പറ്റാത്ത ശൈ ശവവും കര്‍മനിരതനായി ജീവിച്ച ചെറുപ്പകാലവും സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കുവാന്‍ പ്രയത്‌നിച്ച യൗവനവും വിവിധ കര്‍മവീഥികളില്‍ അധികാരത്തോടുകൂടി വാണ ഭൂതകാലവുമെല്ലാം ഓര്‍മയായി മാറുന്ന കാലഘട്ടമാണ് വാര്‍ധക്യം. ''നരചൂടിയവന്റെ വിവേകവും വയോവൃദ്ധന്റെ സദുപദേശവും എത്ര ആകര്‍ഷകമാണ്! വൃദ്ധനില്‍ വിജ്ഞാനവും മഹത്തുക്കളില്‍ വിവേകവും ഉപദേശവും എത്ര മനോഹരമാണ്! (പ്രഭാ.25:4-5). ഒരു കാലത്ത് മുതിര്‍ന്നവരുടെ ഉപദേശം തേടിയിരുന്ന ഒരു തലമുറയുണ്ടായിരുന്നു. നന്മയും ഐശ്വര്യവുമായിരുന്നു അവരുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്. ആ 'തലമുറ' അപ്രത്യക്ഷമാകുന്ന വേദനാജനകമായ കാലഘട്ടത്തിന്റെ മധ്യത്തിലായിരിക്കുന്നു നാം ഇന്ന്.
തിരക്കൊന്നു മാറിയിരുന്നെങ്കില്‍ എല്ലാം ചെയ്യുമായിരുന്നു എന്ന് വീമ്പടിക്കുന്നവര്‍ക്ക് എന്നാണ് തിരക്കുകളില്‍നിന്ന് മോ ചനം കിട്ടുന്നത്? മനുഷ്യന്‍ സ്വാര്‍ത്ഥതയുടെ മുഖംമൂടിയണിഞ്ഞ് അന്യതയുടെ വേഷംകെട്ടി നടക്കുമ്പോള്‍ മറന്നുപോകുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മാതാപിതാക്കള്‍. പ്രായമായവര്‍ക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. അവരുടെ വിയര്‍പ്പിന്റെ മൂല്യംകൊണ്ടാണ് നാമൊക്കെ വളര്‍ന്നതും വലിയവരായതുമെന്നത് മറക്കരുത്.
പ്രായമായവരോട് ഇടപെടുമ്പോള്‍ നാളെ നമുക്കും ഈ അവസ്ഥയാണ് വരാന്‍ പോകുന്നതെന്നത് ഓര്‍ക്കണം. ഒരുപക്ഷേ, സമൂഹത്തില്‍ ഞാന്‍ കാണുന്ന പ്രായമായവരേക്കാള്‍ വേദനാജനകമായിരിക്കാം എന്റെ വാര്‍ധക്യം. ഈ ചിന്ത പ്രായമായവരെ ബഹുമാനിക്കുവാനും മക്കളെ അവരെ ബഹുമാനിച്ച് വളര്‍ത്തുവാനും നമ്മെ പ്രാപ്തരാക്കും... ''വൃദ്ധരെ നിന്ദിക്കരുത്; നമുക്കും പ്രായമാവുകയല്ലേ'' (പ്രഭാ.8:6) ഈ വചനം എന്നും മനസില്‍ ഉണ്ടായിരിക്കട്ടെ. |