[www.keralites.net] വി.എസ്‌. അങ്ങ്‌ നടത്തുന്ന പോരാട്ടത്തിനു എന്ത്‌ ആത്മാര്‍ഥതയാണ്‌

 

ഞങ്ങള്‍ക്ക്‌ മടുത്തു, ഈ ചക്കളത്തിപ്പോരാട്ടം‍‍

 

കുറ്റസമ്മതം നടത്തിയപ്പോള്‍ വി.എസ്‌. നേടിയതെന്താണ്‌? വെറും സ്‌ഥാനമാനങ്ങള്‍ മാത്രം. പ്രതിപക്ഷ നേതാവ്‌ സ്‌ഥാനത്തും കേന്ദ്ര കമ്മിറ്റിയിലും തുടരാനുള്ള അനുവാദമാണ്‌ വി.എസ്‌. നേടിയെടുത്തത്‌. എന്നാല്‍ വി.എസ്‌. ഉന്നയിച്ചുപോന്ന സുപ്രധാന വിഷയങ്ങളില്‍ നിന്നെല്ലാം അദ്ദേഹം മൈലുകള്‍ പിന്നോട്ടുപോയി. വി.എസിന്റെ ഒരാവശ്യവും പാര്‍ട്ടി അംഗീകരിച്ചില്ല. പക്ഷേ വി.എസിനു തന്റെ സ്‌ഥാനങ്ങള്‍ നിലനിര്‍ത്താനായി. ഫലത്തില്‍ വി.എസ്‌. ജയിച്ചു. ഔദ്യോഗിക നേതൃത്വം ദയനീയമായി തോറ്റു. പക്ഷേ വി.എസ്‌. ഞങ്ങള്‍ക്ക്‌ മടുത്തു, ഈ ചക്കളത്തിപ്പോരാട്ടം!

'
വി.എസിന്‌ വന്‍ വിജയം, സംസ്‌ഥാന നേതൃത്വത്തിന്‌ മുഖമടച്ചേറ്റ അടി', കേരള സി.പി.എമ്മിലെ സംഘടനാ പ്രശ്‌നങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാന്‍ ജൂലൈ 21, 22 തീയതികളില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞതോടെ കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ആഘോഷപൂര്‍വം നല്‍കിയ സന്ദേശം ഇതായിരുന്നു. പിറ്റേന്ന്‌ ഇറങ്ങിയ അച്ചടി മാധ്യമങ്ങളും ഏതാണ്ട്‌ ഇതേ കാഴ്‌ചപ്പാട്‌ പുലര്‍ത്തി. രണ്ടാം ദിവസം ഉച്ചതിരിഞ്ഞ്‌ സി.സി. യോഗത്തില്‍ പങ്കെടുക്കാനായി എ.കെ.ജി. ഭവനിലെത്തി കാറില്‍നിന്ന്‌ ഇറങ്ങിയ വി.എസിനു ചുറ്റും കൂടിയ വിരലില്‍ എണ്ണാവുന്നവര്‍ നടത്തിയ മുദ്രാവാക്യം വിളികളും പോളിറ്റ്‌ ബ്യൂറോയ്‌ക്കും കേന്ദ്ര കമ്മിറ്റിക്കും അഭിവാദ്യം അര്‍പ്പിച്ച്‌ വി.എസിന്റെ ആരാധകരായ നീലേശ്വരത്തെ ഏതാനും ഓട്ടോ ഡ്രൈവര്‍മാര്‍ ആഹ്‌ളാദ സൂചകമായി പടക്കം പൊട്ടിച്ചതും ചാനലുകളിലെ മാധ്യമ സുഹൃത്തുക്കള്‍ ആഘോഷമാക്കി.

വി.എസിനെയും മകനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട്‌ ആലപ്പുഴയില്‍ ജൂലൈ 21നും തൊട്ടുപിറ്റേന്ന്‌ വി.എസിനെ വാനോളം പുകഴ്‌ത്തി പത്തനംതിട്ടയില്‍നിന്നും ലഘുലേഖകള്‍ ഇറങ്ങിയതും വാര്‍ത്തയായി. ഇതിനിടെ സി.സി. യോഗം കഴിഞ്ഞ്‌ കേരളഹൗസില്‍ മടങ്ങിയെത്തിയ കേരളത്തില്‍ നിന്നുള്ള മൂന്നു പോളിറ്റ്‌ ബ്യൂറോ അംഗങ്ങള്‍ യോഗം ചേര്‍ന്നതായി ഒരു ചാനല്‍ ലേഖകന്‍ പ്രഖ്യാപിക്കുന്നതു കണ്ടു. അത്‌ ഗള്‍ഫില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന തങ്ങളുടെ മക്കളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായിരിക്കുമെന്ന്‌ ചാനല്‍ ചര്‍ച്ചയില്‍ വ്യക്‌തമാക്കിക്കൂടേ എന്ന്‌ ഒരു സുഹൃത്ത്‌ ചോദിക്കുകയും ചെയ്‌തു.

ഇനി എന്താണ്‌ സി.സി. യോഗത്തിലെ തീരുമാനങ്ങള്‍ വ്യക്‌തമാക്കുന്നതെന്ന്‌ സത്യസന്ധമായി ഒന്നു പരിശോധിക്കാം. സി.സിയുടെ തീരുമാനം, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ ഔദ്യോഗിക നേതൃത്വത്തിനേറ്റ മുഖമടച്ചുള്ള പ്രഹരണമാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഇത്‌ യഥാര്‍ഥത്തില്‍ ഇക്കൂട്ടര്‍ക്കു ലഭിക്കുന്ന തുടര്‍ച്ചയായ നാലാമത്തെ അടിയാണ്‌. അച്യുതാനന്ദനെ പ്രതിപക്ഷ നേതാവ്‌ സ്‌ഥാനത്തുനിന്നു മാറ്റും, കേന്ദ്ര കമ്മിറ്റിയില്‍നിന്ന്‌ ആലപ്പുഴ ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്‌ത്തും എന്നിങ്ങനെയുളള വാദങ്ങള്‍ ഔദ്യോഗികപക്ഷം തുടര്‍ച്ചയായി പാര്‍ട്ടി അണികള്‍ക്കു നല്‍കിവരികയായിരുന്നു. അച്യുതാനന്ദനെതിരേ ഇനി തങ്ങള്‍ യാതൊരുവിധ വിട്ടുവീഴ്‌ചയ്‌ക്കും തയാറല്ലെന്നും വി.എസ്‌. അച്ചടക്കത്തിന്റെ എല്ലാ സീമകളും ബഹുദൂരം ലംഘിച്ചുകഴിഞ്ഞുവെന്നും ഔദ്യോഗിക നേതൃത്വം തുടര്‍ച്ചയായി പാര്‍ട്ടി അണികളോടു പറഞ്ഞുകൊണ്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം വിശദമാക്കിയുള്ള പാര്‍ട്ടി കത്തില്‍ 20 പേജുകള്‍ വി.എസിനെ കുറ്റപ്പെടുത്താന്‍ മാത്രം മാറ്റിവച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചകളായി നടന്ന പാര്‍ട്ടി റിപ്പോര്‍ട്ടിംഗുകളിലെ പ്രധാന അജന്‍ഡ വി.എസിനെതിരായ അതിരൂക്ഷ വിമര്‍ശനങ്ങളായിരുന്നു. എന്നാല്‍ അച്യുതാനന്ദനെ ഒരു ചുക്കും ചെയ്യാന്‍ ഇവര്‍ക്കു കഴിഞ്ഞില്ല. ഒരു സുഹൃത്ത്‌ പറഞ്ഞതുപോലെ അദ്ദേഹത്തിന്റെ 'രോമത്തില്‍ തൊടാന്‍ പോലും' പിണറായിക്കും കൂട്ടാളികള്‍ക്കും കഴിഞ്ഞില്ല.

എന്നാല്‍ 'വി.എസിന്‌ വന്‍ വിജയം' എന്ന മാധ്യമങ്ങളുടെ ആഘോഷം എത്രത്തോളം ശരിയാണെന്ന്‌ വസ്‌തുനിഷ്‌ഠമായി പരിശോധിക്കേണ്ടേ? ടി.പി. വധത്തിനു ശേഷം വി.എസ്‌. എടുത്തുപോന്ന നിലപാടുകള്‍ എന്തായിരുന്നുവെന്നു നോക്കാം. ടി.പി. വധത്തിനു പാര്‍ട്ടിയുടെ ഒത്താശയുണ്ടെന്നും പാര്‍ട്ടിക്കാര്‍ കൊലപാതകവുമായി ബന്ധപ്പെട്ട്‌ തുടര്‍ച്ചയായി അറസ്‌റ്റിലാകുന്നത്‌ ഇതിന്റെ വ്യക്‌തമായ സൂചനയാണെന്നും വി.എസ്‌. തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നത്‌ നാം മറന്നിട്ടില്ല. പോലീസിന്റെ അന്വേഷണം തടസപ്പെടുത്താന്‍ സി.പി.എം. എപ്പോഴൊക്കെ ശ്രമിച്ചുവോ അപ്പോഴൊക്കെ ചാടിവീണ്‌ സി.പി.എമ്മിനെ വിമര്‍ശിക്കാനും അന്വേഷണത്തെ ന്യായീകരിക്കാനും വി.എസ്‌. യാതൊരു മടിയും കാട്ടിയിട്ടില്ല. അന്വേഷണത്തിലൂടെ 'സത്യം പുറത്തുവരും' എന്ന്‌ എത്ര തവണയാണ്‌ വി.എസ്‌.ആവേശപൂര്‍വം പൊതുമണ്ഡലത്തോട്‌ വിളിച്ചു പറഞ്ഞത്‌! മാത്രമല്ല, പാര്‍ട്ടിക്ക്‌ ഈ വധവുമായി ബന്ധമില്ലെന്ന ഔദ്യോഗിക നേതൃത്വത്തിന്റെ വാദഗതികളെ പരസ്യമായി പുച്‌ഛിക്കാന്‍ കിട്ടുന്ന അവസരങ്ങള്‍ ഒന്നും വി.എസ്‌. പാഴാക്കാറില്ലായിരുന്നെന്നും നമുക്കറിയാം.

അവസരം കിട്ടുമ്പോഴൊക്കെ ടി.പി. വധവുമായി ബന്ധമുള്ള പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ശക്‌തമായ അച്ചടക്ക നടപടികളെടുക്കുമെന്ന്‌ പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പ്രഖ്യാപിച്ച കാര്യം ജനങ്ങളെ ഓര്‍മപ്പെടുത്താനും വി.എസ്‌. പിശുക്കു കാട്ടിയിരുന്നില്ല. ടി.പി. വധത്തില്‍ പങ്കുണ്ടെന്നു കണ്ടെത്തിയ പാര്‍ട്ടിക്കാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കണമെന്ന്‌ വി.എസ്‌. പാര്‍ട്ടി സെക്രട്ടേറിയറ്റിലും സംസ്‌ഥാന സമിതിയിലും കേന്ദ്ര കമ്മിറ്റിയിലും ഒന്നിലധികം തവണ വ്യക്‌തമാക്കിയതായും വാര്‍ത്തകളുണ്ടായിരുന്നു.

സി.പി.എം. സംസ്‌ഥാന സമിതിയംഗം കെ.കെ. രാഗേഷിനെ ടി.പി. വധവുമായി ബന്ധപ്പെട്ട്‌ അറസ്‌റ്റ് ചെയ്‌തു വിട്ടയച്ചത്‌ ഏതാനും ദിവസം മുമ്പ്‌ മാത്രമാണ്‌. പാര്‍ട്ടിയുടെ കോഴിക്കോട്‌ ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനന്‍ ഇപ്പോഴും പോലീസ്‌ കസ്‌റ്റഡിയിലാണ്‌. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം കാരായി രാജന്‍ ടി.പി. വധക്കേസിലും പ്രതിയാണ്‌ (ഫസല്‍ വധക്കേസില്‍ പ്രതിയായി ഇദ്ദേഹം ജയിലിലാണ്‌). പാര്‍ട്ടിയുടെ കോഴിക്കോട്‌ ജില്ലാ കമ്മിറ്റിയംഗം സി.എച്ച്‌. അശോകനും ടി.പി. വധക്കേസില്‍ പ്രതിയാണ്‌. ഇപ്പോള്‍ ഇയാള്‍ ജാമ്യത്തിലാണ്‌. പാനൂര്‍ ഏരിയ സെക്രട്ടറി രവീന്ദ്രനും കേസില്‍ പ്രതിയാണ്‌. ടി.പി. വധത്തിന്റെ മുഖ്യസൂത്രധാരനെന്നു കണ്ടെത്തിയ കുഞ്ഞനന്തന്‍ ഇപ്പോഴും കസ്‌റ്റഡിയിലാണ്‌. പാര്‍ട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ പി.പി. രാമചന്ദ്രന്‍, ധനഞ്‌ജയന്‍ എന്നിവരും കേസില്‍ പ്രതികളാണ്‌. ഇതിനു താഴോട്ടുള്ള പാര്‍ട്ടി വേദികളില്‍ അംഗങ്ങളായവര്‍ ഉള്‍പ്പെടെ അറുപതിലധികം പാര്‍ട്ടിക്കാര്‍ ടി.പി. വധക്കേസില്‍ പ്രതികളാണ്‌. ഇവര്‍ക്കെല്ലാമെതിരേ ശക്‌തമായ അച്ചടക്ക നടപടികള്‍ എടുക്കണമെന്നായിരുന്നു അച്യുതാനന്ദന്‍ കഴിഞ്ഞദിവസംവരെ ആവശ്യപ്പെട്ടു പോന്നത്‌. എന്നാല്‍ ടി.പി. വധത്തില്‍ പാര്‍ട്ടിക്കാര്‍ക്കു പങ്കുണ്ടോയെന്ന്‌ പാര്‍ട്ടി അന്വേഷിക്കുമെന്ന പി.ബി. തീരുമാനത്തെ ഇപ്പോള്‍ വി.എസ്‌. സര്‍വാത്മനാ പിന്തുണക്കുകയാണ്‌. അങ്ങനെ വരുമ്പോള്‍ ടി.പി. വധവുമായി ബന്ധപ്പെട്ട്‌ ഇതുവരെ അറസ്‌റ്റ് ചെയ്യപ്പെട്ടവര്‍ക്കൊന്നും പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന്‌ ജനം വിശ്വസിക്കണമെന്നാണോ വി.എസ്‌. അങ്ങ്‌ ഇപ്പോള്‍ പറയുന്നത്‌? അപ്പോള്‍, അറസ്‌റ്റ് ചെയ്യപ്പെട്ട പാര്‍ട്ടിക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കണമെന്ന മുന്‍വാദം അങ്ങ്‌ വിഴുങ്ങിയോ? എന്തിനു വേണ്ടിയാണ്‌ വി.എസ്‌. ഇങ്ങനെ ഒരു മലക്കം മറിച്ചില്‍ നടത്തിയത്‌? ഇക്കാര്യമറിയാന്‍ ഞങ്ങള്‍ക്ക്‌ ഏറെ ആഗ്രഹമുണ്ട്‌. പിന്നെ, പാര്‍ട്ടി അന്വേഷിക്കുമെന്നാണല്ലോ ഇപ്പോള്‍ പറയുന്നത്‌.

എങ്ങനെയാണ്‌ വി.എസ്‌. പാര്‍ട്ടിക്ക്‌ ഒരു കൊലപാതക കേസ്‌ അന്വേഷിക്കാന്‍ കഴിയുക? കൊലപാതക കേസ്‌ അന്വേഷിക്കാനുളള നൂതനവും ശാസ്‌ത്രീയവുമായ പരിശീലനം ലഭിച്ചവര്‍ പാര്‍ട്ടിയിലുണ്ടോ? പാര്‍ട്ടി ഒരു പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുമോ? അതിന്റെ തലവന്‍ പോളിറ്റ്‌ ബ്യൂറോ അംഗവും അംഗങ്ങള്‍ കേന്ദ്ര കമ്മിറ്റിയംഗങ്ങളും ആയിരിക്കുമോ? എങ്ങനെയാണ്‌ അവര്‍ അന്വേഷണം നടത്തുക, തെളിവുകള്‍ ശേഖരിക്കുക? സംശയമുള്ളവരെ ചോദ്യം ചെയ്യുമോ? ചോദ്യം ചെയ്യുന്നത്‌ എ.കെ.ജി. സെന്ററിലായിരിക്കുമോ, അതോ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ചോ? ചോദ്യം ചെയ്യാന്‍ പ്രത്യേകം പരിശീലനം സിദ്ധിച്ച പാര്‍ട്ടി കേഡര്‍മാര്‍ ഉണ്ടാകുമോ? അവര്‍ തങ്ങളുടെ കണ്ടെത്തലുകള്‍ കുറ്റപത്രമായി പി.ബിക്കാവുമോ നല്‍കുക? പി.ബിയാവുമോ അന്തിമവിധി പ്രഖ്യാപിക്കുക? ടി.പി. വധത്തിലെ സൂത്രധാരന്‍ എന്ന്‌ മാധ്യമങ്ങള്‍ വ്യക്‌തമാക്കിയ കുഞ്ഞനന്തനെ ഒളിപ്പിച്ചത്‌ പാര്‍ട്ടിയാണെന്ന്‌ ആവേശപൂര്‍വം പരസ്യമായി പറഞ്ഞ പി.ബി. അംഗം കോടിയേരി ബാലകൃഷ്‌ണനെ അന്വേഷണ സംഘം ചോദ്യം ചെയ്യുമോ? അന്തിമവിധി പ്രഖ്യാപിക്കുന്ന പി.ബി. യോഗത്തില്‍ പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്‌ണന്റെയും സാന്നിധ്യമുണ്ടാകുമോ?

ടി.പി. വധത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്ന പി.ബിയുടെ പ്രഖ്യാപനം വെറും പ്രഹസനമാണെന്നു വ്യക്‌തമാക്കാനാണ്‌ മുകളില്‍ ശ്രമിച്ചത്‌. പാര്‍ട്ടി ഇതിനുമുന്‍പ്‌ നടത്തിയ രണ്ടു പ്രധാന അന്വേഷണങ്ങളുടെ ഫലം നമ്മുടെ മുന്നിലുണ്ട്‌. അതില്‍ ആദ്യത്തേത്‌ ലാവ്‌ലിന്‍ കുംഭകോണത്തില്‍ പാര്‍ട്ടിക്കുള്ള പങ്കിനെക്കുറിച്ച്‌ പി.ബി. നടത്തിയ അന്വേഷണമാണ്‌. ഈ കുംഭകോണത്തില്‍ പിണറായിക്കു യാതൊരു പങ്കുമില്ലെന്നായിരുന്നു കണ്ടെത്തല്‍. രണ്ടാമത്തെ അന്വേഷണം കേന്ദ്രകമ്മിറ്റിയംഗം ആര്‍. വരദരാജനെതിരേയായിരുന്നു. സ്‌ത്രീ വിഷയമായിരുന്നു അന്വേഷണ വിഷയം. അന്വേഷണത്തിനിടെ വരദരാജന്റെ മൃതദേഹം തമിഴ്‌നാട്ടിലെ ഒരു പുഴയില്‍നിന്ന്‌ കണ്ടെത്തുകയായിരുന്നു. ടി.പി. വധത്തെക്കുറിച്ച്‌ പി.ബി. നടത്തുന്ന അന്വേഷണത്തിന്റെ ഗതിയും വ്യക്‌തമാവുമെന്ന്‌ ഈ സാഹചര്യത്തില്‍ ആര്‍ക്കാണ്‌ കരുതാനാവുക? ടി.പി. വധത്തില്‍ പാര്‍ട്ടിക്ക്‌ യാതൊരു ബന്ധവുമില്ല എന്ന കണ്ടെത്തലിലേക്ക്‌ പി.ബി. എത്താനാണ്‌ എല്ലാ സാധ്യതയുമെന്ന്‌ ആര്‍ക്കാണ്‌ അറിയാത്തത്‌? ഏതായാലും ഇക്കാര്യത്തെക്കുറിച്ച്‌ പാര്‍ട്ടി അന്വേഷിക്കാന്‍ തീരുമാനിച്ചത്‌ തന്റെ വിജയമാണെന്ന്‌ വി.എസിനു മേനി നടിക്കാം.

കേരള പാര്‍ട്ടിയുടെ വലതുപക്ഷവല്‍കരണത്തെക്കുറിച്ച്‌ വി.എസ്‌. കേന്ദ്ര കമ്മിറ്റിയില്‍ ഘോരഘോരം പ്രസംഗിച്ചതായി മാധ്യമങ്ങളില്‍ കാണാനിടയായി. ഈ വാര്‍ത്ത കണ്ടപ്പോള്‍ ഒരു മനംപിരട്ടലാണ്‌ യഥാര്‍ഥത്തില്‍ തോന്നിയത്‌. കേരളത്തിലെ സി.പി.എമ്മില്‍ മാത്രമേ വലതുപക്ഷവല്‍കരണമുള്ളൂ എന്നാണോ വി.എസിന്റെ വാദം? ബംഗാള്‍ സര്‍ക്കാര്‍ തുടര്‍ന്നുപോന്നത്‌ വലതുപക്ഷ നയങ്ങളല്ലേ? പ്രകാശ്‌ കാരാട്ടിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര സി.പി.എം. തുടരുന്നത്‌ കറകളഞ്ഞ വിപ്ലവ ഇടതുപക്ഷ നയങ്ങളാണോ? പ്രണബ്‌ മുഖര്‍ജിയെ രാഷ്‌ട്രപതി സ്‌ഥാനത്തേക്കു പിന്തുണച്ചതില്‍ എന്തു വിപ്ലവമാണ്‌ വി.എസിനു കാണാന്‍ കഴിയുന്നത്‌? അപ്പോള്‍, വലതുപക്ഷവല്‍കരണം എന്ന പ്രത്യയശാസ്‌ത്ര നിലപാടൊന്നുമല്ല ലക്ഷ്യമെന്നുവരുന്നു. പിന്നെ വലതുപക്ഷവത്‌കരണം എന്ന വിമര്‍ശനത്തിന്‌ വി.എസ്‌. അങ്ങും അര്‍ഹനല്ലേ? അങ്ങ്‌ മുഖ്യമന്ത്രിയായിരുന്നപ്പോഴല്ലേ നൂറുകണക്കിന്‌ ഏക്കര്‍ നെല്‍വയല്‍ നികത്തി ആറന്മുളയില്‍ ഒരു സ്വകാര്യ കമ്പനിക്കു കൈമാറിയത്‌. അതിന്റെ തീരുമാനം ഉണ്ടായത്‌ അങ്ങയുടെ കുറിപ്പിന്റെ അടിസ്‌ഥാനത്തിലല്ലേ? എറണാകുളത്ത്‌ ഇടക്കൊച്ചിയില്‍ 23 ഏക്കര്‍ തണ്ണീര്‍ത്തടം കേരളാ ക്രിക്കറ്റ്‌ അസോസിയേഷനു കൈമാറിയത്‌ അങ്ങയുടെ മന്ത്രിസഭയല്ലേ? റിലയന്‍സ്‌ എന്ന കുത്തകയ്‌ക്ക് സ്‌റ്റേറ്റ്‌ ഡേറ്റാ സെന്റര്‍ കൈമാറിയത്‌ അങ്ങയുടെ കീഴിലുള്ള ഐടി വകുപ്പല്ലേ? അങ്ങയുടെ മകനെതിരേ എത്ര വിജിലന്‍സ്‌ അന്വേഷണങ്ങളാണ്‌ നടക്കുന്നത്‌? ഇങ്ങനെയൊക്കെ വലതുപക്ഷ നയങ്ങള്‍ക്ക്‌ നേതൃത്വം നല്‍കിയതിനുശേഷം കേരളത്തിലെ സി.പി.എമ്മിന്റെ വലതുപക്ഷവല്‍കരണ നയങ്ങള്‍ക്കെതിരേ അങ്ങ്‌ നടത്തുന്ന പോരാട്ടത്തിനു എന്ത്‌ ആത്മാര്‍ഥതയാണ്‌, വി.എസ്‌. ജനം കല്‍പിക്കുക?.

വി.എസ്‌. സി.സി യോഗത്തിനു പുറപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തുവച്ച്‌ നടത്തിയ അഭിപ്രായ പ്രകടനത്തില്‍ ആവേശപുളകിതരായ അനേകായിരങ്ങളുണ്ട്‌. 'അച്ചടക്ക നടപടിയുണ്ടായാല്‍ വകവയ്‌ക്കുന്നയാളല്ല ഞാന്‍ എന്നു നിങ്ങള്‍ക്ക്‌ അറിയാമല്ലോ' എന്താണ്‌ നിശ്‌ചയദാര്‍ഢ്യം തുളുമ്പുന്ന ഉറച്ച ശബ്‌ദത്തില്‍ അങ്ങ്‌ കേരളത്തിലെ ജനങ്ങളോട്‌ ഉറക്കെ വിളിച്ചുപറഞ്ഞത്‌. താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും നേതൃത്വത്തിന്റെ തെറ്റുകള്‍ തിരുത്താനാണു ശ്രമിച്ചതെന്നും ഡല്‍ഹിയിലെത്തിയപ്പോള്‍ വി.എസ്‌. പറഞ്ഞതും നാം കണ്ടു. തെരഞ്ഞെടുപ്പ്‌ ദിവസം ടി.പിയുടെ വീട്‌ സന്ദര്‍ശിച്ചത്‌ തെറ്റായിപ്പോയി എന്ന്‌ വി.എസ്‌. കുറ്റസമ്മതം നടത്തുന്നതാണ്‌ നാം പിന്നീടുകണ്ടത്‌. വേറെ എന്തെങ്കിലും കുറ്റസമ്മതം വി.എസ്‌. നടത്തിയോയെന്ന്‌ നമുക്കറിയില്ല. വി.എസിന്റെ മാപ്പപേക്ഷ, അദ്ദേഹത്തിനെതിരായ ശിക്ഷയുടെ തീവ്രത കുറച്ചുവെന്ന്‌ വ്യക്‌തം. അല്ലെങ്കില്‍ പിന്നെന്തിനാണ്‌ പൊടുന്നനെ ഒരു കുറ്റസമ്മതത്തിലേക്ക്‌ വി.എസ്‌. വഴുതിവീണത്‌. കുറ്റസമ്മതം നടത്തിയപ്പോള്‍ വി.എസ്‌. നേടിയതെന്താണ്‌? വെറും സ്‌ഥാനമാനങ്ങള്‍ മാത്രം. പ്രതിപക്ഷ നേതാവ്‌ സ്‌ഥാനത്തും കേന്ദ്ര കമ്മിറ്റിയിലും തുടരാനുള്ള അനുവാദം അതാണ്‌ വി.എസ്‌. നേടിയെടുത്തത്‌. എന്നാല്‍ വി.എസ്‌. ഉന്നയിച്ചുപോന്ന സുപ്രധാന വിഷയങ്ങളില്‍ നിന്നെല്ലാം അദ്ദേഹം മൈലുകള്‍ പിന്നോട്ടുപോയി. വി.എസിന്റെ ഒരാവശ്യവും പാര്‍ട്ടി അംഗീകരിച്ചില്ല. പക്ഷേ വി.എസിനു തന്റെ സ്‌ഥാനങ്ങള്‍ നിലനിര്‍ത്താനായി. ഫലത്തില്‍ വി.എസ്‌. ജയിച്ചു. ഔദ്യോഗിക നേതൃത്വം ദയനീയമായി തോറ്റു. പക്ഷേ വി.എസ്‌. ഞങ്ങള്‍ക്ക്‌ മടുത്തു, ഈ ചക്കളത്തിപ്പോരാട്ടം!


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___