അറബ് വസന്തത്തില്‍ കേരളത്തിന്റെ ദുഃഖംഅറേബ്യയിലെ മരുഭൂമികളില്‍ വസന്തകാലം ആഗമനമാകുമ്പോള്‍ ആഴികള്‍ക്കിപ്പുറം കേരളത്തില്‍ മലയാളികളുടെ സ്വപ്‌നങ്ങള്‍ കൊഴിഞ്ഞുവീഴാന്‍ തുടങ്ങുകയാണോ?
ഇപ്പോള്‍ കേരളീയരുടെ മുന്നില്‍ തെളിഞ്ഞുവരാന്‍ തുടങ്ങുന്ന ആശങ്കയുടേയും ഉത്‌കണ്‌ഠയുടേയും ചിത്രം അതാണ്. തീര്‍ത്തും അപ്രതീക്ഷിതമായാണ് അറബി രാജ്യങ്ങളില്‍ ജനങ്ങള്‍ ക്ഷുഭിതരായത്. ഷെയ്‌ഖുമാരും ചക്രവര്‍ത്തിമാരും പ്രസിഡന്റ് എന്ന ഓമനപ്പേരു സ്വീകരിച്ച ഏകാധിപതികളും പ്രക്ഷുബ്‌ധരായ ജനങ്ങളുടെ ആവേശത്തിമിര്‍പ്പില്‍ ആടിയുലഞ്ഞു. ടുണീഷ്യയിലും ഈജിപ്‌തിലും ലിബിയയിലുമെല്ലാം ഭരണാധികാരികള്‍ കടപുഴകി വീണു.
ഗള്‍ഫ് മേഖലകളിലും സൗദി അറേബ്യയിലും മറ്റും പടര്‍ന്ന അസ്വസ്‌ഥതകള്‍ തല്‍ക്കാലം ശമിപ്പിച്ചു നിര്‍ത്താന്‍ അവിടത്തെ ഭരണാധികാരികള്‍ക്കു കഴിഞ്ഞു. കമ്പ്യൂട്ടറുകളും മറ്റും വഴിയുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ ആ രാജ്യങ്ങളിലെ ജനങ്ങളെ പോരാട്ടത്തിന്റെ വഴിയിലേക്കു തിരിച്ചുവിടാന്‍ ഏതാനും ചെറുപ്പക്കാര്‍ക്കു കഴിഞ്ഞത് ഈ നൂറ്റാണ്ടിലെ തന്നെ വലിയൊരു സംഭവവികാസമായിരുന്നു. ഇന്ന് ആ രാജ്യങ്ങളില്‍ പലതും പൊതുവേ ശാന്തമാണ്. പ്രക്ഷുബ്‌ധരായി തെരുവിലിറങ്ങിയ ജനങ്ങളെ അവരുടെ കൂടാരങ്ങളിലേക്കു തല്‍ക്കാലം തിരിച്ചയയ്‌ക്കാന്‍ സുശക്‌തമായ പോലീസിന്റെ ശക്‌തിക്കു കഴിഞ്ഞു. പക്ഷേ ആ രാജ്യങ്ങളില്‍ എന്തോ നീറിപ്പുകയുന്നുണ്ടെന്നതാണു യാഥാര്‍ഥ്യം.
പക്ഷേ, നിരന്തരമായ പ്രീണനനയങ്ങളും പരിപാടികളും കൊണ്ടു മാത്രമേ ഇനിയും കുറേക്കാലത്തേക്കെങ്കിലും പ്രജകളെ ശാന്തരായി നിര്‍ത്താന്‍ കഴിയൂ എന്നു ഭരണാധികാരികള്‍ക്കു ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. അതിന് അറേബ്യന്‍ ഭരണാധികാരികള്‍ ആവിഷ്‌കരിച്ചിട്ടുള്ള പരിപാടികള്‍ ഈ ജനങ്ങളെ, പ്രത്യേകിച്ചു യുവജനങ്ങളെ, കൂടുതലായി തൊഴിലുകളില്‍ വ്യാപൃതരാക്കുന്നതിനുവേണ്ടി അവര്‍ക്ക് അത്യാകര്‍ഷകമായ ശമ്പളവും ആനുകൂല്യങ്ങളും മറ്റും നല്‍കിക്കൊണ്ടു ഭരണകൂടത്തിന്റെ അനുകൂലികളാക്കി മാറ്റിയെടുക്കുകയെന്നതാണ്. ആ പ്രക്രിയയ്‌ക്കിടയില്‍ കൊഴിഞ്ഞുവീഴുന്നതും തകര്‍ന്നടിയാന്‍ പോകുന്നതും മുഖ്യമായും പ്രവാസികളായ മലയാളികളുടെ സ്വപ്‌നസര്‍വസ്വമാണ്. എണ്ണപ്പണം ധാരാളമായി കൂമ്പാരം കൂട്ടിയിട്ടുള്ളതുകൊണ്ടു ഭരണാധികാരികള്‍ക്ക് അവരുടെ ലക്ഷ്യം കുറേക്കാലമെങ്കിലും സാധിതമാക്കാന്‍ കഴിയുമെന്ന കാര്യം തീര്‍ച്ചയാണ്.
കഴിയുന്നത്ര വിദേശികളായ തൊഴിലാളികളേയും ജീവനക്കാരേയും പുറത്താക്കിക്കൊണ്ട് ഒരുതരം സ്വദേശിവല്‍ക്കരണത്തിനു തങ്ങള്‍ തയാറായിക്കഴിഞ്ഞു എന്ന സന്ദേശമാണ് ഇപ്പോള്‍ അവിടത്തെ ഭരണാധികാരികള്‍ ജനങ്ങള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്നത്.
എണ്ണപ്പണമൊഴുകുന്ന സൗദി അറേബ്യയിലാണിപ്പോള്‍ സ്വദേശിവല്‍ക്കരണത്തിന്റെ സ്വരം ഭരണാധികാരികള്‍ ഏറ്റവും ഉച്ചത്തില്‍ ഉയര്‍ത്തിയിരിക്കുന്നത്. ആ രാജ്യത്തിന്റെ ജനസംഖ്യയില്‍ ഏതാണ്ടു നാല്‍പതു ശതമാനം വിദേശികളാണെന്നാണു കണക്കാക്കപ്പെടുന്നത്. അതില്‍ ഗണ്യമായ ഭാഗം കേരളീയരാണ്. പതിനഞ്ചു ലക്ഷത്തോളം പ്രവാസി കേരളീയര്‍ അവിടെയുണ്ടെന്നാണ് ഔദ്യോഗിക കണക്കുകളെങ്കിലും അനൗദ്യോഗിക കണക്കുകളനുസരിച്ച് അവിടുത്തെ കേരളീയരുടെ എണ്ണം ഇരുപതു ലക്ഷത്തോളം വരും. വേണ്ടത്ര ഔദ്യോഗിക രേഖകളും മറ്റുമില്ലാതെ മുപ്പതു നാല്‍പതു വര്‍ഷത്തിനിടയില്‍ സൗദി അറേബ്യയില്‍ കടന്നുകൂടിയവരാണ് ഈ കേരളീയര്‍.
നിരാശയുടെ മണലാരണ്യമായിരുന്ന സൗദി അറേബ്യയെ സമ്പത്തിന്റെ മലര്‍വാടിയാക്കി മാറ്റുന്ന കാര്യത്തില്‍ പരമപ്രധാന പങ്കു വഹിച്ചത് അവിടെ ചോരയും നീരുമൊഴുക്കിയ പ്രവാസികളാണെന്നതാണു യാഥാര്‍ഥ്യം. പക്ഷേ, തികച്ചും അപ്രതീക്ഷിതമായി പ്രക്ഷുബ്‌ധരായ തദ്ദേശീയരെ സാന്ത്വനിപ്പിക്കുന്നതിനുവേണ്ടി സൗദി അറേബ്യയിലെ പ്രവാസികളുടെ എണ്ണം ഇരുപതു ശതമാനമായി കുറയ്‌ക്കാനുള്ള പരിപാടിയാണ് അവിടെ ഭരണകൂടം ആവിഷ്‌കരിച്ചിരിക്കുന്നത്.
രാജ്യസമ്പത്തിന്റെ പതിനേഴു ശതമാനം ഓരോ വര്‍ഷവും പ്രവാസികള്‍ അവരുടെ നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ടെന്നാണ് അവര്‍ കണക്കാക്കിയിരിക്കുന്നത്. ചില പ്രത്യേക സ്‌ഥാപനങ്ങളില്‍ സൗദികളായവരെ മാത്രമേ ജോലിക്കു വയ്‌ക്കാന്‍ പാടുള്ളൂ എന്ന വ്യവസ്‌ഥ പോലും നടപ്പാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. സ്‌ത്രീകള്‍ക്കു വേണ്ടിയുള്ള വസ്‌ത്രക്കടകളില്‍ സൗദിക്കാരികളെ മാത്രമേ ജോലിക്കു വയ്‌ക്കാവൂ എന്നതാണ് ഒരു വ്യവസ്‌ഥ. അവര്‍ക്കു പ്രതിമാസം മൂവായിരം റിയാല്‍ (പതിമൂന്നര രൂപ വരും ഒരു റിയാല്‍) ശമ്പളം നല്‍കണമെന്നു വ്യവസ്‌ഥ. അതേസമയം അറബികളുടെ ഭവനങ്ങളിലും മറ്റും ഭൃത്യകളായി ജോലി ചെയ്യുന്ന ഇന്ത്യക്കാരും ഫിലിപ്പിനികളും ശ്രീലങ്കക്കാരുമായ സ്‌ത്രീകളില്‍ അധികവും വെളുപ്പിനു മുതല്‍ പാതിരാത്രി വരെ പണി ചെയ്‌താല്‍ കിട്ടുന്ന പ്രതിമാസ വേതനം എഴുനൂറു റിയാല്‍ മാത്രമാണ്. അതേസമയം സൗദി യുവതീയുവാക്കള്‍ക്കു തൊഴിലില്ലായ്‌മാ വേതനമായി പുതിയ പദ്ധതിയുടെ കീഴില്‍ കൊടുക്കാന്‍ തുടങ്ങിയിരിക്കുന്നതു രണ്ടായിരം റിയാലാണ്.
ഈ പുതിയ സംഭവവികാസം നല്‍കുന്ന സൂചന ഗള്‍ഫില്‍നിന്നു മലയാളികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ് ഏറെക്കുറെ ആസന്നമാണെന്നാണ്. അങ്ങനെയൊരു ദുരന്തം കേരളത്തിനു ചിന്തിക്കാനാവാത്തതാണ്. ഇപ്പോള്‍ത്തന്നെ ഗള്‍ഫ് മണലാരണ്യങ്ങളില്‍ എരിഞ്ഞുവീഴുന്ന വെയിലില്‍ പണിയെടുക്കുന്ന സാധാരണ നിര്‍മാണത്തൊഴിലാളികള്‍ക്കു പതിനായിരം മുതല്‍ പന്തീരായിരം രൂപ വരെയാണു മാസശമ്പളം.
അന്യ സംസ്‌ഥാനങ്ങളില്‍ നിന്നു കേരളത്തില്‍ വന്നു കൂലിപ്പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഏതാണ്ട് ഇത്രയും വേതനം തന്നെ ലഭിക്കുന്നുണ്ടെന്നതാണു വസ്‌തുത. പക്ഷേ സ്വന്തം നാട്ടില്‍ കായികാധ്വാനം ആവശ്യമുള്ള ജോലി ചെയ്യുന്നതു പോരായ്‌മയോ അപമാനമോ ആയി മലയാളികളില്‍ അധികവും കരുതുന്നതുകൊണ്ടു ഗള്‍ഫ് മരുഭൂമിയില്‍ ചെന്നു ജീവിതം ഹോമിക്കുന്നവരായി അവര്‍ മാറിയിരിക്കുന്നു എന്നതാണു വസ്‌തുത.
പണ്ടു നമ്മുടെ പൂര്‍വികര്‍ ചേക്കേറിയ പഴയ സിലോണും ബര്‍മയും സിംഗപ്പൂരും പേര്‍ഷ്യയുമെല്ലാം കാലക്രമത്തില്‍ നഷ്‌ടസ്വപ്‌നങ്ങളുടെ ഊഷരഭൂമികളായി മാറിയതുപോലെ ഗള്‍ഫ് മേഖലയും മാറുന്ന സ്‌ഥിതി വന്നാല്‍ അതിനെ എങ്ങനെയാണു കേരളത്തിന് അഭിമുഖീകരിക്കാന്‍ കഴിയുക എന്നതാണു നമ്മുടെ സംസ്‌ഥാനത്തെ തുറിച്ചുനോക്കാന്‍ തുടങ്ങുന്ന ഗുരുതര പ്രശ്‌നം. അതിനു പരിഹാരം കാണാന്‍ കേരളത്തിലെ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങള്‍ക്കു മാത്രമേ കഴിയൂ. അതിനു തീര്‍ത്തും അനുകൂലമായ ഒരന്തരീക്ഷം ഇപ്പോള്‍ കേരളത്തില്‍ സംജാതമായിട്ടുണ്ടെന്നതാണ് ആശാവഹമായ ഒരു കാര്യം.
ഒരു കാര്യം രാഷ്‌ട്രീയ പാര്‍ട്ടികള്‍ സമ്മതിച്ചേ മതിയാകൂ. ഗള്‍ഫ് മേഖലയിലെ മലയാളികളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്‌തിട്ടുള്ളതു കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികളാണ്. അതില്‍ ഒരു പാര്‍ട്ടിയേയും മാറ്റിനിര്‍ത്താനാവില്ല. ഗള്‍ഫ് മലയാളികളെന്നതു കേരളത്തിലെ പാര്‍ട്ടികളുടെ കറവപ്പശുക്കളാണ്. അത്രയേറെ സംഭാവനയാണ് ഓരോ പാര്‍ട്ടിയും ആ മേഖലയില്‍നിന്നു പിരിച്ചെടുത്തിട്ടുള്ളത്.
അതുകൊണ്ടുതന്നെ ഗള്‍ഫില്‍നിന്നുള്ള മലയാളികളുടെ തിരിച്ചുവരവുണ്ടായാല്‍ അവര്‍ക്കു ജീവിതമാര്‍ഗം സൃഷ്‌ടിച്ചെടുക്കുന്നതിനുള്ള സംവിധാനത്തിനുവേണ്ടി ഭരണകക്ഷി-പ്രതിപക്ഷ ഭേദമെന്യേ സംഘടിത ശ്രമങ്ങള്‍ കേരളത്തില്‍ തുടങ്ങേണ്ടിയിരിക്കുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടു പ്രശ്‌നത്തില്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കേരളത്തില്‍ ഐക്യജനാധിപത്യമുന്നണിക്കും ഇടതുപക്ഷമുന്നണിക്കും കഴിഞ്ഞത് കേരളത്തിന്റെ മൊത്തത്തിലുള്ള താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ ഒരുമിച്ചു നില്‍ക്കുക തന്നെ ചെയ്യുമെന്നു സംശയത്തിന് ഇട നല്‍കാത്ത വിധം തെളിയിച്ചിരിക്കുകയാണ്. ആ സമീപനം തന്നെ കേരളത്തിന്റെ ത്വരിതഗതിയിലുള്ള സാമ്പത്തിക വികസനത്തിനു സമഗ്രമായ പുതിയ പരിപാടികള്‍ ആവിഷ്‌കരിക്കുന്നതിലും വേണം.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ടൂറിസം, അടിസ്‌ഥാനസൗകര്യ മേഖല, കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ നിരവധി മേഖലകളുടെ വികസനത്തിലൂടെ കേരളത്തിലെ തൊഴില്‍ സാധ്യതകളില്‍ കാര്യമായ വര്‍ധന വരുത്താനും ഗള്‍ഫ് മേഖലകളില്‍ നിന്നു മടങ്ങിയെത്തുന്നവരെ ഒരു പരിധിവരെ പുനരധിവസിപ്പിക്കാനും കഴിയും. കലാഹരണപ്പെട്ട പ്രത്യയശാസ്‌ത്രപരമായ തടസങ്ങളും കേരളീയരുടെ സ്വതസിദ്ധമായ സംശയങ്ങളുമാണ് ഇതിനൊക്കെ തടസം സൃഷ്‌ടിക്കുന്നതെന്നു നമുക്കറിയാം. ഗള്‍ഫ് മേഖലയിലെ പുതിയ പ്രതിസന്ധിയുടെ വെളിച്ചത്തില്‍ അതൊക്കെ മാറ്റിവയ്‌ക്കാനും കേരളത്തെ വര്‍ഷങ്ങളോളം തീറ്റിപ്പോറ്റിയ പ്രവാസികളുടെ കാര്യത്തില്‍ ഒന്നിച്ചുനില്‍ക്കാനും കേരളത്തിലെ രാഷ്‌ട്രീയ ബഹുജന പ്രസ്‌ഥാനങ്ങള്‍ക്കു കഴിയുമെങ്കില്‍ പുതിയ പ്രതിസന്ധിയേയും നമുക്കു തീര്‍ച്ചയായും അതിജിവിക്കാന്‍ കഴിയും.