[www.keralites.net] ചേക്കേറുമോ, പുതിയ ഭൂമിയിലേക്ക്

 

ചേക്കേറുമോ, പുതിയ ഭൂമിയിലേക്ക്

പ്രപഞ്ചത്തിന്‍െറ വിശാലതയിലേക്ക് വ്യാപിക്കുന്നില്ളെങ്കില്‍ അടുത്ത ഒരായിരം വര്‍ഷത്തിനപ്പുറം മനുഷ്യരാശി നിലനില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഒരൊറ്റ ഗ്രഹത്തില്‍ മാത്രമായി നിലനില്‍ക്കുന്ന ജീവനുമേല്‍ പതിക്കാവുന്ന ആപത്തുകള്‍ അത്രയേറെയാണ്. പക്ഷേ, ഞാനൊരു ശുഭാപ്തിവിശ്വാസിയാണ്. നാം നക്ഷത്രങ്ങളിലേക്ക് കുടിയേറുകതന്നെ ചെയ്യും.
-സ്റ്റീഫന്‍ ഹോക്കിങ്
u
സ്റ്റീഫന്‍ ഹോക്കിങ്ങിന്‍െറ പ്രവചനത്തോട് നാം അടുത്തുകൊണ്ടിരിക്കുകയാണോ? ശാസ്ത്രലോകത്തുനിന്ന് വരുന്ന പുതിയ വാര്‍ത്തകള്‍ ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. പ്രപഞ്ചത്തില്‍, സൗരയൂഥത്തിനപ്പുറം ജീവന് നിലനില്‍ക്കാന്‍ സാധ്യതയുള്ള ഗ്രഹത്തെ ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ നാസയിലെ ഗവേഷകരാണ് ഈ കണ്ടുപിടിത്തം നടത്തിയത്. ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള അന്യഗ്രഹങ്ങളെ തേടിയുള്ള പദ്ധതിയായ 'കെപ്ളര്‍ ദൗത്യ'ത്തിലാണ് നിര്‍ണായകമായ കണ്ടുപിടിത്തം നടന്നത്. ഭൂമിയില്‍നിന്ന് 600 പ്രകാശവര്‍ഷം (പ്രകാശം ഒരു വര്‍ഷത്തില്‍ സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശവര്‍ഷം; ഏകദേശം 95,000 കോടി കിലോമീറ്റര്‍) അകലെയാണ് ഭൗമസമാനമായ ഗ്രഹത്തെ കണ്ടെത്തിയിരിക്കുന്നത്. അവിടെ, സൂര്യനെപ്പോലുള്ള ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ഗ്രഹത്തിന് 'കെപ്ളര്‍ 22 ബി' എന്നാണ് താല്‍ക്കാലികമായി പേര് നല്‍കിയിരിക്കുന്നത്.ഭൂമി 365 ദിനംകൊണ്ട് സൂര്യനെ ചുറ്റുമ്പോള്‍ 'അപരന്‍' 295 ദിവസംകൊണ്ട് പരിക്രമണം പൂര്‍ത്തിയാക്കുന്നു. ഭൂമിയേക്കാള്‍ രണ്ടര മടങ്ങ് അധികം ഭാരമുണ്ട് എന്നതാണ് എടുത്തുപറയേണ്ട വ്യത്യാസം. കഴിഞ്ഞവര്‍ഷവും സമാനമായ മറ്റൊരു ഗ്രഹത്തെയും കെപ്ളര്‍ പദ്ധതിയിലൂടെ നാസ കണ്ടെത്തിയിരുന്നു. തുലാം നക്ഷത്ര രാശിയിലുള്ള ഗ്ളീസെ 581 എന്ന നക്ഷത്രത്തെ ചുറ്റുന്ന ഗ്ളീസെ 581 ജി എന്ന ഗ്രഹമായിരുന്നു അത്.
കെപ്ളര്‍ 22 ബിയിലും ഗ്ളീസെ 581 ജിയിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് ശാസ്ത്രലോകത്തിന്‍െറ വാദം. അഥവാ, ഒന്നുകില്‍ അവിടെ ആദ്യംതന്നെ ജീവനുണ്ടാകാം. അല്ളെങ്കില്‍, ജീവന്‍ നിലനില്‍ക്കാനാവശ്യമായ സാഹചര്യം  ഈ ഗ്രഹങ്ങളിലുണ്ട്. രണ്ടായാലും നാസയുടെ വാദവും ഹോക്കിങ്ങിന്‍െറ പ്രവചനവും ശരിയെന്ന് തെളിഞ്ഞാല്‍, ശാസ്ത്രചരിത്രത്തെ തന്നെ മാറ്റിമറിച്ചേക്കാവുന്ന ഏറ്റവും വലിയ സംഭവമാകും അത്.
പ്രവിശാലമായ ഈ പ്രപഞ്ചത്തില്‍ ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന ചോദ്യം നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മനുഷ്യന്‍ ചോദിച്ചിട്ടുണ്ട്. അഭൗമജീവികളെക്കുറിച്ച് താത്വിക പരികല്‍പനകള്‍ അവതരിപ്പിച്ച ഒട്ടേറെ ശാസ്ത്രജ്ഞര്‍ 15ാം നൂറ്റാണ്ടു മുതലേയുണ്ടായിട്ടുണ്ട്. സൗരസമാന നക്ഷത്രങ്ങളെക്കുറിച്ചും അവയിലെ ജീവജാലങ്ങളെക്കുറിച്ചും ഒരുപക്ഷേ, ആദ്യമായി സംസാരിച്ചത് റോമിലെ ക്രൈസ്തവ ഭരണകൂടം ചുട്ടുകൊന്ന ലിയനാര്‍ഡോ ബ്രൂണോ ആയിരിക്കും. വോള്‍ട്ടയര്‍, ഇമ്മാനുവല്‍ കാന്‍റ്, ഐസക് ന്യൂട്ടന്‍ തുടങ്ങിയവരും ഭൂമിക്കു പുറത്ത് ജീവന് നിലനില്‍ക്കാന്‍ സാധിക്കുമെന്ന് വിശ്വസിച്ചവരായിരുന്നു. പേഴ്സിവല്‍ ലോവല്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ചൊവ്വയിലെ മനുഷ്യനെക്കുറിച്ചുള്ള തന്‍െറ സങ്കല്‍പങ്ങള്‍ ശാസ്ത്രലോകത്തിനു മുന്നില്‍വെക്കുകയുണ്ടായി.ഇതിനുമപ്പുറം, ഗ്രഹാന്തരജീവന്‍ എന്ന സങ്കല്‍പത്തെ സാധാരണക്കാര്‍ക്കിടയില്‍ സജീവമാക്കിയത് ഇതുസംബന്ധിച്ച് പുറത്തിറങ്ങിയിട്ടുള്ള ശാസ്ത്രകഥകളാണ.് കാള്‍ സാഗന്‍, ആര്‍തര്‍ ക്ളാര്‍ക്ക്, ഐസക് അസിമോവ് തുടങ്ങിയ ശാസ്ത്ര കഥാകാരന്മാരെയും (ഇവര്‍ ശാസ്ത്രജ്ഞരുമാണ്) ഇവിടെ സ്മരിക്കേണ്ടതുണ്ട്. ഗ്രഹാന്തര ജീവികള്‍ ഭൂമിയില്‍ വന്ന് മനുഷ്യരെ ആക്രമിക്കുകയും വിഭവങ്ങള്‍ കൊള്ളയടിക്കുകയും ചെയ്യുമെന്ന ശാസ്ത്ര അന്ധവിശ്വാസങ്ങളും ഇതിന്‍െറ ഭാഗമായി പ്രചരിച്ചിട്ടുണ്ട്. ഏതായാലും ഭൂമിക്കു പുറത്ത്, ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യതയെക്കുറിച്ചുള്ള ശാസ്ത്രീയപഠനവും നിരീക്ഷണവും ആരംഭിച്ച് അരനൂറ്റാണ്ട് പൂര്‍ത്തിയാകുന്ന വേളയിലാണ് ഇതുസംബന്ധിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുള്ളളത്.
ഗ്രഹാന്തര ജീവനെത്തേടിയുള്ള അന്വേഷണത്തിന്, ഈ പ്രപഞ്ചത്തിന്‍െറ വലിപ്പത്തെ സംബന്ധിച്ച് ഒരു ചെറിയ ധാരണയെങ്കിലും ആവശ്യമാണ്. എന്നാല്‍, പ്രപഞ്ചത്തിലെ ചെറിയ ഒരിടം മാത്രമായ, നാം വസിക്കുന്ന ഭൂമി ഉള്‍ക്കൊള്ളുന്ന സൗരയൂഥത്തെക്കുറിച്ചുപോലും നമുക്ക് ധാരണയില്ളെന്നതാണ് വാസ്തവം.
സ്കൂള്‍ ക്ളാസുകളില്‍ തൂക്കിയിട്ട ചാര്‍ട്ടുകളില്‍ നിരനിരയായി ചേര്‍ന്നുനില്‍ക്കുന്ന എട്ട് ഗ്രഹങ്ങളും അനുബന്ധ ഉപഗ്രഹങ്ങളുമൊക്കെ ചേര്‍ന്ന ഒന്നാണ് നമുക്ക് 'സൗരയൂഥം'. അതുപ്രകാരം ഭൂമിക്ക് 'തൊട്ടടുത്താണ്' ചന്ദ്രന്‍,വ്യാഴത്തിന് 'അപ്പുറം' ശനി. യഥാര്‍ഥത്തില്‍ ഇവ തമ്മിലുള്ള അകലം എത്രയാണ്. സൂര്യനില്‍നിന്ന് ഭൂമിയിലേക്ക് ഒരാള്‍ക്ക് പ്രകാശവേഗത്തില്‍ (സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍) സഞ്ചരിക്കാനെടുക്കുന്ന സമയം എട്ടു സെക്കന്‍ഡാണ്. അതാണ് ഒരു ആസ്ട്രണോമിക്കല്‍ യൂനിറ്റ് (എ.യു). ഭൂമിയും വ്യാഴവും തമ്മിലുള്ള അകലം 4.241 എ.യു ആണ്.അതിന്‍െറ അഞ്ചുമടങ്ങ് ദൂരം വരും വ്യാഴവും നെപ്റ്റ്യൂണും തമ്മില്‍. ഭൂമിയില്‍നിന്ന് സൗരയൂഥത്തിന്‍െറ അതിര്‍ത്തിയിലേക്കുള്ള ദൂരം എത്രയെന്നോ? 50,000 എ.യു! പ്രകാശവേഗത്തില്‍ സഞ്ചരിച്ചാല്‍ നമുക്ക് 19 ദിവസംകൊണ്ട് അവിടെയെത്താം. മനുഷ്യനിര്‍മിത വാഹനങ്ങളില്‍ ഏറ്റവും വേഗതയുള്ള 'വൊയേജര്‍' പേടകത്തിന്‍െറ വേഗത മണിക്കൂറില്‍ 46,000 കിലോമീറ്റര്‍ മാത്രമാണ്. അപ്പോള്‍ സൗരയൂഥംതന്നെ അത്രമേല്‍ വിശാലമാണ്. ഇങ്ങനെ കോടിക്കണക്കിന് നക്ഷത്രയൂഥങ്ങള്‍ ആകാശഗംഗ എന്ന നമ്മുടെ ഗാലക്സിയിലുണ്ട്. ഏതാണ്ട് 14,000 കോടി ഗാലക്സികള്‍ ഈ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരത്തില്‍ ഒരു പ്രപഞ്ചമല്ല ഈ 'പ്രപഞ്ച'ത്തിലുള്ളതെന്നും ഇതൊരു ബഹുപ്രപഞ്ച (Multiverse) വ്യവസ്ഥയാണെന്നുമാണ് പുതിയ നിരീക്ഷണങ്ങള്‍ നല്‍കുന്ന സൂചന. അപ്പോള്‍ നമ്മുടെ ഭാവനക്കുമപ്പുറം എത്രയോ വിശാലമായ ഈ പ്രപഞ്ചത്തിലെ കേവലം ഒരു ഗ്രഹത്തില്‍ മാത്രം ജീവന്‍െറ തുടിപ്പുകള്‍ നിലനില്‍ക്കുന്നുവെന്ന് കരുതുന്നത് ശുദ്ധവിഡ്ഢിത്തമായിരിക്കും.
ഈ ചിന്തയാണ് 1960കളില്‍ ഗ്രഹാന്തര ജീവനെത്തേടിയുള്ള അന്വേഷണങ്ങള്‍ക്ക് ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്. അങ്ങനെയാണ് യു.എസില്‍ സെര്‍ച് ഫോര്‍ എക്സ്ട്രാ ടെറസ്ട്രിയല്‍ ഇന്‍റലിജന്‍റ്സ് -സേറ്റി എന്ന പദ്ധതിക്ക് രൂപംനല്‍കിയത്. മനുഷ്യനെപ്പോലുള്ള അല്ളെങ്കില്‍ മനുഷ്യനേക്കാള്‍ നാഗരികരായ (Super civilised) ഒരു സമൂഹം ഭൂമിക്കു പുറത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന അന്വേഷണമായിരുന്നു സേറ്റി പദ്ധതിയുടെ മര്‍മം. 50 വര്‍ഷത്തിനിടെ അങ്ങനെയൊരു സൂചനപോലും ലഭിച്ചിട്ടില്ല. സേറ്റി കാലഹരണപ്പെട്ടു എന്ന വാദം ഉയര്‍ന്നുതുടങ്ങിയ സമയത്താണ് നാസ സൗരയൂഥത്തിനു പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം തുടങ്ങിയത്. 1990കളുടെ ആദ്യത്തിലായിരുന്നു അത്. 1992ല്‍ അതിന്‍െറ ഫലം കാണുകയും ചെയ്തു. ഡ്രേ ആന്‍ഡ്രൂ ഫ്രെയ്ല്‍, ഡിവോള്‍സ് കാന്‍ എന്നീ ജ്യോതിശാസ്ത്രജ്ഞര്‍ അത്തരത്തിലുള്ള ഒരു ഗ്രഹത്തെ -പി.എസ്.ആര്‍ 1257+12- കണ്ടെത്തിയതോടെ, ഈ മേഖലയിലെ പഠനങ്ങളും നിരീക്ഷണങ്ങളും ഏറെ സജീവമായി. 2009ലാണ് കെപ്ളര്‍ പദ്ധതി ആരംഭിക്കുന്നത്. രണ്ടുവര്‍ഷംകൊണ്ട് 'കെപ്ളര്‍' ഉപഗ്രഹം 1100ലധികം സൗരേതര ഗ്രഹങ്ങളെ തിരിച്ചറിഞ്ഞതായി '22 ബി'യുടെ കണ്ടുപിടിത്തം അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നാസ വ്യക്തമാക്കുകയുണ്ടായി.ഹവായിലെ കെക്ക്  ഒബ്സര്‍വേറ്ററിയിലെ നിരീക്ഷകര്‍ ഈ വര്‍ഷം 50ഓളം ഗ്രഹങ്ങളെ വേറെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്നര ലക്ഷത്തോളം നക്ഷത്രമണ്ഡലങ്ങളെ നിരീക്ഷണവിധേയമാക്കിയാണ് ഇത്രയും ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളത്.
കണ്ടെത്തിയിട്ടുള്ള എല്ലാ ഗ്രഹങ്ങളിലും ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടോ? ഇല്ളെന്ന് നിസ്സംശയം പറയാം. ജീവന്‍ നിലനില്‍ക്കണമെങ്കില്‍ ആ ഗ്രഹത്തിനും അതിന്‍െറ സ്ഥാനത്തിനും ചില സവിശേഷതകള്‍ ഉണ്ടായിരിക്കണം.
പ്രപഞ്ചത്തിന്‍െറ തുടക്കമെന്ന് കരുതുന്ന മഹാവിസ്ഫോടനത്തെ (Big bang) തുടര്‍ന്ന് രൂപപ്പെട്ട നെബുലകള്‍ സങ്കോചിച്ചുണ്ടായ നക്ഷത്രങ്ങളില്‍ ഹൈഡ്രജനും ഹീലിയവും മാത്രമാണ് ഉണ്ടാവുക. ജീവന്‍ നിലനില്‍ക്കാന്‍ അതു പോര. ജീവന്‍െറ നിലനില്‍പിന് ആവശ്യം ഓര്‍ഗാനിക് തന്മാത്രകളാണ്. കാര്‍ബണ്‍ ആറ്റങ്ങള്‍ക്ക് അന്യോന്യവും ഹൈഡ്രജന്‍, നൈട്രജന്‍, ഓക്സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവയുമായി ചേര്‍ന്നും നീണ്ട ശൃംഖല രൂപവത്കരിക്കാനുള്ള കഴിവാണ് ഇതിന്‍െറ ആധാരം. നെബുലകള്‍ ചിതറിത്തെറിച്ചുണ്ടാകുന്ന രണ്ടാംതലമുറ നക്ഷത്രങ്ങള്‍ക്ക് ചുറ്റും ഈ ഗ്രഹമണ്ഡലം രുപപ്പെടുന്നുവെങ്കില്‍ അവിടെ ഈ തന്മാത്രകളൊക്കെ കാണും. അവിടെ ജീവനുവേണ്ടി അന്വേഷിക്കാം.
എന്നാല്‍, ഇവിടെ ജീവസാന്നിധ്യം സ്ഥിരീകരിക്കപ്പെടണമെങ്കില്‍ വേറെയും ചില സവിശേഷതകള്‍ ഉണ്ടായിരിക്കേണ്ടതുണ്ട്. അവിടെയുള്ള ഗ്രഹങ്ങളുടെ സ്വഭാവവും സ്ഥാനവുമാണത്. ഗ്രഹം നക്ഷത്രത്തില്‍നിന്ന് ഏറെ അകലെയായാല്‍, അവിടെ ജലമുണ്ടെങ്കില്‍ അത് ഐസായിത്തീരും. നക്ഷത്രത്തിന്‍െറ സമീപമാണെങ്കില്‍ ജലം ബാഷ്പമാവുകയും ചെയ്യും. അതിനാല്‍ ജീവന്‍ നിലനില്‍ക്കാന്‍ ആവശ്യമായ ജലം ദ്രാവകരൂപത്തില്‍ അവിടെയുണ്ടോ, അതിനു പറ്റിയ അകലത്തിലാണോ അവയുടെ സ്ഥാനം തുടങ്ങിയ അന്വേഷണങ്ങളും ആവശ്യമാണ്. ഈ അകലത്തിന് ശാസ്ത്രലോകം കൃത്യമായ മാനദണ്ഡങ്ങള്‍ കല്‍പിച്ചിട്ടുണ്ട്. 'ഇക്കോസ്ഫിയര്‍' അല്ളെങ്കില്‍ 'ഹാബിറ്റബ്ള്‍ സോണ്‍' എന്നൊക്കെയാണിത് അറിയപ്പെടുന്നത്. സൗരയൂഥത്തിന്‍െറ ഇക്കോസ്ഫിയര്‍ ശുക്രനും ചൊവ്വക്കും ഇടയിലാണ്. (എന്നാല്‍, വ്യാഴത്തിന്‍െറ ഉപഗ്രഹമായ ഒയ്റോപയില്‍ ജീവനുണ്ടാകാമെന്ന് ഒരുവിഭാഗം ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.) ഇക്കോസ്ഫിയറിനകത്ത് കാണുന്ന ഗ്രഹത്തിന്‍െറ ഭാരവും വളരെ പ്രധാനമാണ്. കാരണം, അതിന് ഗുരുത്വാകര്‍ഷണവുമായി ബന്ധമുണ്ട്.
ഇങ്ങനെ എല്ലാം തികഞ്ഞ ഗ്രഹങ്ങളെയാണോ ഇപ്പോള്‍ തിരിച്ചറിഞ്ഞിട്ടുള്ളത്?  'കെപ്ളര്‍ 22 ബി'യും ഗ്ളീസെ 581 ജിയും ഹാബിറ്റബ്ള്‍ സോണിലാണെന്നു മാത്രമാണ് സ്ഥിരീകരിച്ചിട്ടുള്ള കാര്യം. മറ്റു മാനദണ്ഡങ്ങള്‍ കൂടുതല്‍ നിരീക്ഷണവിധേയമാക്കിയ ശേഷം മാത്രമേ തീര്‍ച്ചപ്പെടുത്താനാവൂ. അഥവാ, ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഗ്രഹങ്ങളില്‍ ജീവനുണ്ടോ എന്നും ജീവന് നിലനില്‍ക്കാനുള്ള സാഹചര്യമുണ്ടോ എന്നും ഉറപ്പിച്ചുപറയാന്‍ ഇനിയും വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നര്‍ഥം. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ സൗരേതര നിരീക്ഷണങ്ങള്‍ക്കായി കൂടുതല്‍ ഉപഗ്രഹങ്ങളെ വിക്ഷേപിക്കുന്നുണ്ട്. നാസയുടെ ടെറസ്ട്രിയല്‍ പ്ളാനറ്റ് ഫൈന്‍ഡറും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ 'ഡാര്‍വിനും' അതില്‍ എടുത്തുപറയേണ്ടതുണ്ട്. ഇവയുടെ ദൗത്യംകൂടി ആരംഭിക്കുന്നതോടെ ഒരുപക്ഷേ, കൂടുതല്‍ 'അപരന്മാരെ' ഭൂമിക്ക് വളരെ സമീപത്തുതന്നെ കണ്ടേക്കാം.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___