[www.keralites.net] കണ്ണീരൊപ്പുന്ന നന്മയെ കാണാതിരിക്കരുത്‌

 



ആതുരസേവന രംഗത്ത് മലയാളികളായ നഴ്‌സുമാര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. സേവനത്തിന്റെ വെള്ളരിപ്രാവുകളായാണ് അവര്‍ കാണപ്പെടുന്നത് എന്നതു കൊണ്ടാണ് ഇവര്‍ ലോകത്തിന്റെ എല്ലാ ഭാഗത്തും അംഗീകരിക്കപ്പെടുന്നതും. എന്നാല്‍ രോഗികളുടെ ഇടയില്‍ മാലാഖമാരായി മാറുന്ന ഇവരുടെ നെഞ്ചിലെ തീ ആരും അറിയാറില്ല. എല്ലാം ഉള്ളിലൊതുക്കി ചുണ്ടില്‍ പുഞ്ചിരിയുമായി മറ്റുള്ളവരുടെ വേദന അകറ്റുന്ന ഇവരുടെ ലോകത്ത് ദുഖത്തിന്റെയും വഞ്ചനയുടേയും കഥകള്‍ ഏറെയാണ്. ആശുപത്രി വരാന്തകളിലും വാര്‍ഡുകളിലും സന്തോഷത്തിന്റെ ലോകം തീര്‍ക്കുന്ന ഇവര്‍ക്ക് കണ്ണീരിന്റെ മറ്റൊരു കഥ കൂടി പറയാനുണ്ടെന്ന് കഴിഞ്ഞ ദിവസം മുംബൈയിലെ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സ് ആയ പത്തനം തിട്ട സ്വദേശിനി ബീനാ ബേബിയുടെ ആത്മഹത്യയിലൂടെ ലോകം ഒരിക്കല്‍ കൂടി അറിഞ്ഞു. ആശുപത്രി മാനേജ്‌മെന്റിന്റെ പീഡനം താങ്ങാന്‍ കഴിയാതെയാണ് ബീന ആത്മഹത്യ ചെയ്തതെന്ന് അവരോടൊപ്പം ജോലി ചെയ്തവര്‍ ആരോപിക്കുമ്പോള്‍ ഇനിയുമൊരു ബീന ഉണ്ടാവാതിരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാലോചിക്കുകയാണ് രാജ്യത്തെ നഴ്‌സ് സമൂഹം.

ബോണ്ടില്‍ കുരുങ്ങിയ ജീവിതങ്ങള്‍

സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരില്‍ ബഹുഭൂരിഭാഗവും ആശുപത്രി മാനേജ്‌മെന്റിന്റെ ബോണ്ട് സമ്പ്രദായത്തിന് ഇരകളാണ്. ഒരിക്കല്‍ ജോലിക്കു കയറിയാല്‍ ബോണ്ട് കാലാവധി തീരുന്നത് വരെ ഇവര്‍ക്ക് രക്ഷയില്ല. രണ്ട് വര്‍ഷത്തേക്കും മൂന്നു വര്‍ഷത്തേക്കും മറ്റുമാണ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ആശുപത്രി അധികാരികള്‍ ബോണ്ട് എഴുതി വാങ്ങുന്നത്. ഈ കാലയളവിനുള്ളില്‍ ജോലി വിടണമെങ്കില്‍ 50,000 മുതല്‍ രണ്ട് ലക്ഷം രൂപ വരെ ബോണ്ടില്‍ പറഞ്ഞ പ്രകാരം പിഴ നല്‍കിയിരിക്കണം. ബോണ്ട് കാലയളവില്‍ മറ്റെവിടെയെങ്കിലും നല്ല ജോലി കിട്ടിയാലും പോകാന്‍ കഴിയാതിരിക്കാനാണ് ഈ സമ്പ്രദായം ആശുപത്രി അധികാരികള്‍ നടപ്പിലാക്കുന്നത്. മലയാളി വനിതകള്‍ക്ക് വിദേശ രാജ്യങ്ങളിലേക്ക് കടക്കാന്‍ ഒരു ഇടത്താവളമായി മുംബൈയിലെ ജോലിയെ കരുതുന്നു എന്നാണവരുടെ ചിന്ത. അതില്‍ ഏറെ ശരിയുമുണ്ട്. എന്നാല്‍ മറ്റൊരിടത്തുമില്ലാത്ത ഈ സമ്പ്രദായം നഴ്‌സുമാരുടെ കാര്യത്തില്‍ മാത്രം എന്തിന് എന്നാണ് ഇവരുടെ ചോദ്യം. തങ്ങള്‍ക്ക് നല്ലൊരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് കര്യങ്ങള്‍ എത്തിപ്പെടുന്നതെന്നും ഇവര്‍ പറയുന്നു.

ബോണ്ട് സമ്പ്രദായത്തിന്റെ ഒരു ഇരയാണ് കൊല്ലം കൊട്ടാരക്കര കരുമ്പന്‍പുഴ 'ത്രിവേണി'യില്‍ സത്യശീലന്‍ നായരുടെ മകള്‍ സൗമ്യ. മുംബൈയില്‍ ഒരു പ്രമുഖ ഹോസ്പിറ്റലില്‍ ജോലിക്കു കയറാന്‍ സൗമ്യയ്ക്ക് നല്‍കേണ്ടി വന്നത് മൂന്നു വര്‍ഷത്തെ ബോണ്ടാണ്. ബോണ്ട് കാലാവധി അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോള്‍ ഉന്നത വിദ്യാഭ്യാസത്തിനുള്ള ഒരവസരം ആ കുട്ടിയെ തേടിയെത്തി. എന്നാല്‍ രണ്ട് ലക്ഷം രൂപ കെട്ടിവെക്കാനായിരുന്നു ആശുപത്രി അധികാരികളുടെ നിര്‍ദ്ദേശം. ഇതിനുള്ള തയ്യാറെടുപ്പില്‍ ഓടി നടക്കുന്നതിനിടയിലാണ് സൗമ്യയുടെ അച്ഛനേയും അമ്മാവനേയും മരണം കൊണ്ടു പോകുന്നത്. തിരുവനന്തപുരം- കൊല്ലം റൂട്ടില്‍ ചാത്തന്നൂരില്‍ വെച്ച് അവര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഒരു ബസ്സ് ഇടിക്കുകയായിരുന്നു. ആ ബോണ്ട് പ്രശ്‌നമില്ലാതിരുന്നെങ്കില്‍ തന്റെ പിതാവിന് ഈ ഗതി വരില്ലായിരുന്നെന്ന് സൗമ്യ പറയുന്നു. അച്ഛന്റെ സഹോദരിയുടെ മകന്റെ വിവാഹത്തിന്റെ തലേ ദിവസമായിരുന്നു അപകടം. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും കഴിഞ്ഞതിനാല്‍ അപകട വിവരം ആരെയും തല്‍ക്കാലം അറിയിച്ചില്ല. വിവാഹത്തിന് ശേഷമാണ് എല്ലാവരും വിവരം അറിഞ്ഞത്. എല്ലാ ചടങ്ങള്‍ക്കും ശേഷം രണ്ട് ലക്ഷം രൂപ അടച്ചതിന് ശേഷമാണ് ആശുപത്രി അധികാരികള്‍ തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതെന്നും സൗമ്യ പറഞ്ഞു.

ബോണ്ട് മാത്രമല്ല സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് അഭിമുഖീകരിക്കേണ്ട പ്രശ്‌നങ്ങള്‍. പാല ഭരണങ്ങ്യാനത്ത് നിന്നും മുംബൈയിലെത്തിയ അമ്പിളിയ്ക്ക് പറയാനുള്ളത് കേള്‍ക്കാം.

''ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റലില്‍ ഞാന്‍ എത്തിയത് തലയോലപ്പറമ്പിലെ ഒരു ഏജന്‍സി വഴിയാണ്. 200 ഓളം മലയാളികളായ നഴ്‌സുമാര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. രണ്ട് വര്‍ഷത്തെ ബോണ്ടാണ് ഇവര്‍ ഉദ്യോര്‍ത്ഥികളില്‍ നിന്നും വാങ്ങിയത്. രണ്ടു വര്‍ഷത്തിനുള്ളില്‍ പിരിഞ്ഞു പോകണമെങ്കില്‍ 50,000 രൂപ പിഴയടയ്ക്കണം. പലര്‍ക്കും താമസ സൗകര്യം നല്‍കിയതാകട്ടെ 40 മുതല്‍ 50 കിലോ മീറ്റര്‍ ദൂരത്തും.

കാലത്ത് ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് ജോലി. എട്ടു മണിക്കൂറാക്കി കുറയ്ക്കുമെന്നൊക്കെ നേരത്തെ പറഞ്ഞിരുന്നെങ്കിലും ഇതുവരെ അത് നടപ്പിലാക്കിയിട്ടില്ല. ഏഴിന് ജോലി കഴിഞ്ഞാല്‍ അടുത്ത ഷിഫ്റ്റിലുള്ള ആള്‍ക്ക് കാര്യങ്ങള്‍ കൈമാറി പുറത്തിറങ്ങുമ്പോള്‍ മണി എട്ടു കഴിയും. പിന്നെയും ഒരു മണിക്കൂറോളം കഴിഞ്ഞാണ് ആശുപത്രിയുടെ ബസ്സ് സ്ഥലത്തെത്തുന്നത്. ക്വാര്‍ട്ടേഴ്‌സിലെത്തുമ്പോള്‍ ഏകദേശം 11.30 ആകും. ഭക്ഷണമുണ്ടാക്കി കഴിച്ച് കിടക്കുമ്പോള്‍ 12.30. കാലത്ത് 4.30 എഴുന്നേല്‍ക്കണം. എങ്കിലേ വെള്ളം പിടിച്ചു വെക്കാന്‍ കഴിയുകയുള്ളൂ. 5.30ന് വീട്ടില്‍ നിന്നിറങ്ങിയാല്‍ ഏഴിന് മുമ്പ് ആശുപത്രിയില്‍ എത്താം. ഇതാണ് ഞങ്ങളുടെ അവസ്ഥ. ഇതിനൊക്കെ പുറമെയാണ് ആശുപത്രിയില്‍ അധികാരികളുടെ പീഡനം. എന്ത് പ്രശ്‌നത്തിനും എല്ലാവരുടേയും ചീത്ത കേള്‍ക്കേണ്ടവര്‍ നഴ്‌സുമാരാണ്. രോഗിയുടെ ഫയലിലുള്ള റിപ്പോര്‍ട്ട് മറ്റാരുടെയെങ്കിലും ശ്രദ്ധകുറവില്‍ നഷ്ടപ്പെട്ടാലും ഡ്യൂട്ടിയിലുള്ള നഴ്‌സിനാണ് പഴി. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് മറ്റാരുടെ കയ്യില്‍ നിന്നും കാണാതായതിന്റെ പഴി മുഴുവന്‍ കേള്‍ക്കേണ്ടി വന്നതാണ് ബീനയുടെ പ്രശ്‌നം.'' അമ്പിളി രോഷം കൊണ്ടു.



ഒരു തരത്തിലും അവധിയെടുക്കാന്‍ കഴിയില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. കടലാസില്‍ എല്ലാം ഉണ്ട്. എന്നാല്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് കാരണം അവധിയെടുക്കാന്‍ കഴിയാറില്ല. ഒമ്പത് മാസം കഴിയുമ്പോള്‍ സ്ഥിരപ്പെടുത്തുമെന്നായിരുന്നു വാഗ്ദാനം എന്നാല്‍ രണ്ട് വര്‍ഷം കഴിഞ്ഞിട്ടും സ്ഥിരപ്പെടാത്തവര്‍ ഉണ്ട്. ഇതിനിടയില്‍ ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെട്ടവര്‍ വേറെയും-അമ്പിളി പറയുന്നു.

അതേ സമയം ഇവിടെ നിന്നും മാസങ്ങള്‍ക്ക് മുമ്പ് ജോലി വിട്ടിട്ടും തങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റും തിരികെ ലഭിക്കാത്തവരും ഏറെയാണ്. രണ്ട് വര്‍ഷം കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് ഇവര്‍ക്കുള്ള മാനേജ്‌മെന്റ്‌ന്റെ മറുപടി. എട്ടു മാസം മുമ്പ് ജോലി വിട്ട തിരുവല്ലക്കാരി സജിത മറ്റൊരു ആശുപത്രിയില്‍ ജോലിക്കു കയറിയെങ്കിലും സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാത്തത് മൂലം അവിടത്തെ ജോലിയും പോകുമെന്ന സ്ഥിതിയിലാണ്. അല്ലെങ്കില്‍ 50,000 രൂപ അടയ്ക്കണം. കോട്ടയം സ്വദേശി ഷൈജുവും ഇതേ അവസ്ഥയിലാണ്.

കല്യാണം പാടില്ല; കഴിച്ചാല്‍ ഗര്‍ഭിണിയാവരുത്

മഹാനഗരത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് പീഡനങ്ങള്‍ പല രീതിയിലാണ് ഏല്‍ക്കേണ്ടി വരുന്നത്. പല ആശുപത്രികളിലും അവരുടേതായ നിയമങ്ങള്‍ ആണ് പാലിക്കപ്പെടേണ്ടത്. ബോണ്ടുകള്‍ക്കു മുന്നില്‍ കുരുക്കി കെട്ടിയ ശേഷം മറ്റൊന്നും ചെയ്യാനാകാതെ അടിമപ്പണി ചെയ്യേണ്ടി വരുമ്പോള്‍ ഒന്നിനേയും ചോദ്യം ചെയ്യാന്‍ പോലും കഴിയാതെ എല്ലാം മനസ്സിലൊതുക്കി കഴിയേണ്ടി വരികയാണ് സ്വകാര്യ ആശുപത്രിയിലെ ബഹുഭൂരിപക്ഷം വരുന്ന നഴ്‌സുമാരും. മനസ്സില്‍ എല്ലാം ഒതുക്കാന്‍ കഴിയാതെ ആകുമ്പോള്‍ ചിലരെങ്കിലും ബീന ബേബിയുടെ വഴി തിരഞ്ഞെടുക്കുന്നു.

രണ്ടു വര്‍ഷത്തേക്കാണ് പല ആശുപത്രികളും നഴ്‌സുമാരില്‍ നിന്നും ബോണ്ടുകള്‍ എഴുതി വാങ്ങുന്നത്. ചിലര്‍ മൂന്നു വര്‍ഷത്തേക്കും ബോണ്ടെഴുതിക്കുന്നു. ഇതു കൂടാതെയാണ് നഴ്‌സുമാര്‍ നടപ്പാക്കേണ്ട അലിഖിത നിയമങ്ങള്‍. ബോണ്ടു കാലാവധി തീരുന്നത് വരെ കല്യാണം കഴിക്കാന്‍ പാടില്ല എന്നതാണ് നഗരത്തിലെ രണ്ട് പ്രധാന ഹോസ്പിറ്റലുകളുടെ നിബന്ധന. ഇനി ഒഴിച്ചു കൂടാന്‍ പറ്റാത്ത സാഹചര്യത്തില്‍ കല്യാണം കഴിഞ്ഞാല്‍ തന്നെ ഒരു തരത്തിലും ഗര്‍ഭിണിയാകാന്‍ പാടില്ല. കല്യാണത്തിന് ചുരുങ്ങിയത് 15 ദിവസമെങ്കിലും അവധി നല്‍കേണ്ടി വരുമെന്നതാണ് മാനേജ്‌മെന്റിനെ ഇങ്ങിനെ ഒരു നിയമം കൊണ്ടുവരാന്‍ നിര്‍ബന്ധിപ്പിച്ചത്. ഗര്‍ഭിണിയായാല്‍ 90 ദിവസത്തിലധികമാവും അവധി. ഇത് ഒട്ടും അനുവദിക്കാന്‍ കഴിയില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇത് നടപ്പിലാക്കാന്‍ നഴ്‌സിങ് സൂപ്രണ്ട്മാരെയാണ് മാനേജ്‌മെന്റ് അധികാരപ്പെടുത്തിയിരിക്കുന്നത്. ബോണ്ട് കാലാവധിയില്‍ ഗര്‍ഭിണിയായ കുട്ടിയെ പിരിച്ചു വിട്ട സംഭവം പോലും ഉണ്ടായി.

മുംബൈയിലെ ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവെ കണ്ണൂര്‍ സ്വദേശിനിയായ ഒരു പെണ്‍കുട്ടിയുടെ വിവാഹം നാട്ടില്‍ മാതാപിതാക്കള്‍ ഉറപ്പിച്ചു. 15 ദിവസത്തെ അവധി ചോദിച്ചപ്പോള്‍ നല്‍കിയത് വെറും നാലു ദിവസം. അഞ്ചാം ദിനത്തില്‍ കുട്ടി തിരിച്ചെത്തിയോ എന്ന കാര്യം കൃത്യമായി നഴ്‌സിങ് സുപ്രണ്ട് ഉറപ്പാക്കുകയുമുണ്ടായി. പല ആശുപത്രിയിലേയും സ്ഥിതി ഇതിലും മോശമാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.



അടുത്ത കാലത്തായി ചില ആശുപത്രിയില്‍ നഴ്‌സുമാര്‍ക്ക് ജോലി വിട്ടു പോകണമെങ്കില്‍ മൂന്നു മാസം മുമ്പ് നോട്ടീസ് നല്‍കിയിരിക്കണം എന്നൊരു നിബന്ധന വന്നിട്ടുണ്ട്. മികച്ച വേതനത്തിന് മറ്റെവിടെയും ജോലിക്ക് ചേരാനുള്ള അവസരം ഇല്ലാതാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. 24 മണിക്കൂര്‍ നോട്ടീസ് നല്‍കി പോകാന്‍ തയ്യാറാവുകയാണെങ്കില്‍ മൂന്നു മാസത്തെ ശമ്പളം തിരിച്ചടയ്ക്കണം. ഒരു മാസം കഴിഞ്ഞാണ് വിടുന്നതെങ്കില്‍ രണ്ടു മാസത്തെ ശമ്പളം തിരിച്ചടച്ചാല്‍ മതി. പ്രാരാബ്ധം വിട്ടു മാറാത്ത നഴ്‌സുമാര്‍ ഇതിന് തയ്യാറാവില്ലെന്ന കണക്ക് കൂട്ടലില്‍ കൂടിയാണ് മുമ്പൊക്കെ ഒരു മാസം മുമ്പ് നോട്ടീസ് എന്നത് മൂന്നു മാസമാക്കി മാറ്റിയത്.

'രോഗികളുടെ മുന്നില്‍ വെച്ചുവരെ ഡോക്ടര്‍മാര്‍ ഞങ്ങളെ വഴക്കുപറയും. ആരുടെ ഭാഗത്തു നിന്നുണ്ടായ തെറ്റാണെങ്കിലും പഴി കേള്‍ക്കേണ്ടത് നഴ്‌സുമാരാണ്. ഇതൊക്കെ സഹിച്ച് ഇവിടെ തന്നെ കഴിയേണ്ടി വരുന്നത് ജോലിയില്‍ നിന്നും ഇവര്‍ക്ക് ഞങ്ങളെ എപ്പോള്‍ വേണമെങ്കിലും പിരിച്ചു വിടാം എന്നത് കൊണ്ടാണ്. അങ്ങിനെ സംഭവിച്ചാല്‍ ഞങ്ങളുടെ ജീവിതം തന്നെ നഷ്ടപ്പെട്ട അവസ്ഥയാകും. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല എന്നത് മാത്രമല്ല അതുകൊണ്ട ് ഭാവിയില്‍ പല ദോഷങ്ങളുമുണ്ട്. അതിനാല്‍ എല്ലാം സഹിക്കുക എന്നതാണ് ഒരു നഴ്‌സിന്റെ വിധി.' കോട്ടയം കിടങ്ങൂര്‍ സ്വദേശിനിയായ ഷൈജു പറയുന്നു.

ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ സമര മുഖത്തെ മുന്‍ നിര പോരാളിയായിരുന്നു മുംബൈയില്‍ ജനിച്ചു വളര്‍ന്ന തൃശൂര്‍ ചാലക്കുടി സ്വദേശി മായ. എസ്.എന്‍.ഡി.ടി കോളജിലെ പഠനത്തിന് ശേഷമാണ് മായ ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ജോലിയക്ക് പ്രവേശിക്കുന്നത്. 'എട്ടു മണിക്കൂര്‍ ജോലിയെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് 12 മണിക്കൂര്‍ വരെയായി. താമസ സൗകര്യം ഏര്‍പ്പെടുത്തിയ സ്ഥലത്ത് നിന്നും പലരും എത്താന്‍ തന്നെ രണ്ട് മണിക്കൂറോളം യാത്ര ചെയ്യണം. പിന്നെ മേലധികാരികളുടെ ശകാരം. പറഞ്ഞ ശമ്പളത്തില്‍ നിന്നും പല കാര്യങ്ങള്‍ പറഞ്ഞ് വെട്ടിക്കുറയ്ക്കല്‍. ഇതൊക്കെ മടുത്തു. ഇപ്പോള്‍ ഇവിടെ നിന്നും വിടുന്നവര്‍ക്ക് മറ്റു ആശുപത്രിയില്‍ ജോലി ലഭിക്കാതിരിക്കാനും ആശുപത്രി അധികാരികള്‍ ശ്രമിച്ചു വരികയാണെന്നാണ് കേള്‍ക്കുന്നത്.' മായ പറയുന്നു.

ഏഷ്യന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ടിലെ നഴ്‌സുമാര്‍ നടത്തിയ സമരം അവസാനിച്ചെങ്കിലും അവര്‍ കൊളുത്തി വിട്ട തീയില്‍ പ്രതീക്ഷയര്‍പ്പിച്ച് കഴിയുന്നത് സ്വകാര്യ ആശുപത്രി മേഖലയിലെ ആയിരക്കണക്കിന് നഴ്‌സുമാരാണ്. ഒരു സമരം കൊണ്ട് പരിഹാരം കാണാന്‍ കഴിയുന്നതല്ല തങ്ങളുടെ പ്രശ്‌നം എന്നവര്‍ക്ക് വ്യക്തമായിട്ടറിയാമെങ്കിലും ഇതു പോലൊരു സാഹചര്യം അടുത്ത കാലത്തൊന്നും വന്നിട്ടില്ല. തങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു നിയമം കൊണ്ടു വരുമെന്ന കേരളത്തിലെ എം.പി മാര്‍ നല്‍കിയ വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കഴിയുകയാണിവര്‍. പുതിയൊരു നാളെയക്ക് കാതോര്‍ത്ത് കൊണ്ട്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___