[www.keralites.net] ശാസ്ത്രജ്ഞരുടെ മതവിശ്വാസപ്രകടനം ശാസ്ത്രീയചിന്തയ്‌ക്കെതിര്

 

 

കെ.എ. ജോണി


ചെന്നൈ: ശാസ്ത്രജ്ഞര്‍ പൊതുവേദികളില്‍ മതവിശ്വാസം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നൊബേല്‍ സമ്മാനജേതാവ് ഡോ. വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ''ശാസ്ത്രീയചിന്തയ്‌ക്കെതിരായ സമീപനമാണിത്.'' ചെന്നൈയില്‍ വ്യാഴാഴ്ച എസ്.വി. നരസിംഹന്‍ സ്മാരക പ്രഭാഷണത്തിനു ശേഷം മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ ശാസ്ത്രീയചിന്ത വളര്‍ത്തുന്നതിന് നേതൃത്വം നല്‍കുമോയെന്ന ചോദ്യത്തിന് ഇത് ഇന്ത്യയില്‍നിന്നുതന്നെ ഉയര്‍ന്നുവരണമെന്നും വിദേശവാസിയായ താന്‍ ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നത് ഇന്ത്യയിലെ ശാസ്ത്രസമൂഹം സ്വാഗതം ചെയേ്തക്കില്ലെന്നും വെങ്കട്ടരാമന്‍ പറഞ്ഞു. ''മതവിശ്വാസവും ശാസ്ത്രവും രണ്ടാണ്. വിശ്വാസത്തിന്റെ മേഖലയില്‍ ശാസ്ത്രം അഭിപ്രായം പറയേണ്ടതുണ്ടെന്നു ഞാന്‍ കരുതുന്നില്ല. അതുപോലെ ശാസ്ത്രത്തെക്കുറിച്ച് മതവും അഭിപ്രായം പറയേണ്ടതില്ല''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവവിശ്വാസികളായ ഒട്ടേറെ നല്ല ശാസ്ത്രജ്ഞര്‍ ഉണ്ടെന്ന് വെങ്കട്ടരാമന്‍ ചൂണ്ടിക്കാട്ടി. ''ശാസ്ത്രജ്ഞരുടെ ഇടയില്‍ സര്‍വ്വേ നടത്തിയാല്‍ അവിശ്വാസികളായിരിക്കും കൂടുതല്‍. അതുകൊണ്ട് വിശ്വാസികളായ ശാസ്ത്രജ്ഞരെ തള്ളിപ്പറയേണ്ടതില്ല. എന്നാല്‍ വിശ്വാസം പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് ശരിയല്ല''- വെങ്കട്ടരാമന്‍ പറഞ്ഞു.
ശാസ്ത്രം തര്‍ക്കമല്ലെന്നും നിരീക്ഷണങ്ങളും തെളിവുകളുമാണ് ശാസ്ത്രത്തെ നയിക്കുന്നതെന്നും എസ്. വി. നരസിംഹന്‍ സ്മാരകപ്രഭാഷണത്തില്‍ വെങ്കട്ടരാമന്‍ വ്യക്തമാക്കി. ജ്യോതിഷവും ഹോമിയോപ്പതിയുമൊക്കെ ചോദ്യംചെയ്യപ്പെടുന്നത് തെളിവുകളുടെ അഭാവത്തിലാണെന്നും വെങ്കട്ടരാമന്‍ പറഞ്ഞു.
''ശാസ്ത്രം സദാ സ്വയം നവീകരിക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ട്. സ്വയം തിരുത്തുന്നതിനുള്ള ഈ ശേഷിയാണ് ശാസ്ത്രത്തെ മറ്റു വിശ്വാസസംഹിതകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പുതിയ തെളിവുകള്‍ വരുമ്പോള്‍ ചിലപ്പോള്‍ അതുവരെയുള്ള സിദ്ധാന്തങ്ങള്‍ പൂര്‍ണമായും അഴിച്ചുപണിയാന്‍ ശാസ്ത്രജ്ഞര്‍ തയ്യാറാവുന്നു.''
ചോദ്യംചെയ്യുന്നതിനുള്ള ത്വര ഇല്ലാതാവുമ്പോഴാണ് നമ്മളിലുള്ള ശാസ്ത്രജ്ഞര്‍ മരിക്കുന്നതെന്ന് വെങ്കട്ടരാമന്‍ ചൂണ്ടിക്കാട്ടി. നെഗറ്റീവ് എനര്‍ജി പോസിറ്റീവ് എനര്‍ജി എന്നൊക്കെ പറയുന്നവര്‍ ഊര്‍ജത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരാണ്.
''അടുത്തിടെ അവതരിപ്പിക്കപ്പെട്ട ന്യൂട്രിനോ സിദ്ധാന്തത്തില്‍ തനിക്ക് സംശയമുണ്ടെന്ന് വെങ്കട്ടരാമന്‍ പറഞ്ഞു.'' പ്രകാശത്തേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ന്യൂട്രിനോകള്‍ക്ക് കഴിയുമെന്ന് തെളിയിക്കപ്പെടാന്‍ ഇനിയും പരീക്ഷണങ്ങള്‍ നടത്തേണ്ടതുണ്ട്. ന്യൂട്രിനോ സിദ്ധാന്തം പരാജയപ്പെടാനാണ് സാധ്യത. എന്നാല്‍ ഈ സിദ്ധാന്തം ശരിയാണെന്നു തെളിഞ്ഞാല്‍ ശാസ്ത്രം ഇന്നു കൊണ്ടാടുന്ന പലതും പൊളിച്ചേഴുതേണ്ടി വരും''-വെങ്കട്ടരാമന്‍ പറഞ്ഞു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___