ഒരു കത്ത് പ്രിയപ്പെട്ട അമ്മയും അച്ഛനും അറിയുന്നതിന്, രണ്ടു പേർക്കും സുഖമെന്നു കരുതുന്നു. അമ്മയുടെ കാല് വേദനയ്ക്ക് കുറവുണ്ടോ?. ദിവസവും കുഴമ്പ് തേച്ച് കുളിക്കാൻ മറക്കണ്ട. അച്ഛന്റെ നടുവേദന എങ്ങനെ? സമാധാനമുണ്ടോ? അച്ഛനോട് രാവിലെ എഴുന്നേറ്റ് മഞ്ഞത്ത് നടക്കാൻ പോകരുത് എന്നമ്മ പറയണം. പഴയ കാര്യങ്ങൾ ഞാനിപ്പോഴും ഓർക്കാറുണ്ട്. എനിക്ക് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്ത് അമ്മ കഞ്ഞി കോരി തന്നതും, എന്നെ ഉറക്കാൻ തോളത്തിട്ട് അച്ഛൻ കഥ പറഞ്ഞു തന്നതുമൊക്കെ. നാണുവേട്ടന്റെ കടയിലൊക്കെ പോകാറുണ്ടോ?. എന്റെ അന്വേക്ഷണം പറയണം. നമ്മുടെ കിണറ്റിൽ ഇപ്പോൾ വെള്ളമുണ്ടോ?. അവിടെ ഇപ്പോൾ മഴ പെയ്യാറുണ്ടോ? ഇവിടെ മഴയില്ല. മഞ്ഞു വീഴ്ച്ചയാണ്. ഇനിയും ഇതു കൂടുമെന്നാണ് പറയുന്നത്. ചിലപ്പോൾ അടുത്താഴ്ച്ച എനിക്ക് അതിർത്തിയിലേക്ക് പോകേണ്ടി വരും. ഇവിടെ ചില പത്രങ്ങളൊക്കെ കിട്ടാറുണ്ട്. അതു വായിക്കുമ്പോൾ വിചാരിക്കും ശത്രുക്കൾ അതിർത്തിക്കപ്പുറത്തല്ല ഇപ്പുറത്താണെന്ന്. കൊടും മഞ്ഞും, ചൂടുമെല്ലാം നമ്മൾ ഇവിടെ കൊള്ളൂന്നതെല്ലാം നമ്മുടെ രാജ്യത്തുള്ളവർ ആരുമറിയുന്നില്ലയെന്നു തോന്നുന്നു. എന്റെ കൂടെ ഉണ്ടായിരുന്ന ഒരു ബിമൽ മിത്രയേ പറ്റി ഞാൻ കഴിഞ്ഞ തവണ പറഞ്ഞിരുന്നില്ലേ? അവൻ പോയച്ഛാ. ഒരു മൈൻ പൊട്ടിത്തെറിച്ചായിരുന്നു. ഈ അതിരുകളേ പറ്റി ഞാൻ ഒരു പാട് അലോചിച്ചു പോകുന്നു. പണ്ട് അച്ഛൻ പറഞ്ഞു തന്നിട്ടില്ലേ ഈ ഭൂമിയിൽ അതിരുകളേയില്ലായിരുന്നുവെന്ന്. ആരാണീ അതിരുകളൊക്കെ ഉണ്ടാക്കിയത്? അതു മാത്രം അച്ഛൻ പറഞ്ഞു തന്നില്ലല്ലോ. ഈ അതിരു വരച്ചവരൊക്കെ എവിടെ? അപ്പുറത്തും ഇപ്പുറത്തും മനുഷ്യർ തന്നെയാണച്ഛാ. എന്റെ കൂടെയുള്ള പഞ്ചാബി പറയുന്നത് മനുഷ്യരും, മൃഗങ്ങളും സാധുക്കളാന്നാണ്. മനുഷ്യമൃഗങ്ങളാണ് ഏറ്റവും അപകടകാരികൾ എന്നാണ്. ശരിയായിരിക്കും. കുട്ടിക്കാലത്തു ഇടിവെട്ടുമ്പോൾ ഞാൻ അച്ഛനോട് ചേർന്ന് കിടക്കുന്നത് ഓർമ്മയുണ്ടൊ?, ഇപ്പോൾ ഇടിമുഴക്കവും, വെടി ശബ്ദ്ധവും മാത്രമല്ല, ആകാശം ഇടിഞ്ഞു വീണാലും ഒരു പേടിയുമില്ല. ഒരു മനുഷ്യനെ കുത്തി വീഴ്ത്താനോ, അവന്റെ തല വെടി വെച്ച് തെറിപ്പിക്കാനോ അച്ഛന്റെ ഈ മകന് ഒരു മടിയുമില്ല. പേടിയുമില്ല. കൊന്നും, ചത്തും തന്നെ മനുഷ്യരിൽ പകുതിയും മരിക്കുമെന്ന് തോന്നുന്നു. ചിലപ്പോൾ ഞാൻ ഒരു യന്ത്ര മനുഷ്യനായ് മാറി കഴിഞ്ഞിരിക്കുന്നോ എന്നു തോന്നും. മുമ്പൊക്കെ വല്ലപ്പോഴും പഴയ പാട്ടൊക്കെ പാടുമായിരുന്നു. ഇപ്പോൾ ആ പാട്ടൊക്കെ ഓർക്കാൻ കൂടി കഴിയുന്നില്ല. എല്ലാം മറന്നു പോയെന്നു തോന്നുന്നു. നമ്മുടെ പാടത്ത് ഇപ്പോൾ വെള്ളം കയറി കിടക്കുകയായിരിക്കും അല്ല? ആ വരമ്പത്തൂടെ അമ്മയുടെ കൈയും പിടിച്ച് കാവിൽ പോയതൊക്കെ ചിലപ്പോൾ ഓർക്കും. രമേഷിനു കുട്ടികൾ ആയോ? ഞാൻ വരുമ്പോഴൊക്കെ അവൻ നമ്മുടെ പഴയ കഥയൊക്കെ പറഞ്ഞ് ചിരിക്കാറുണ്ട്. നേരം ഒരു പാടായി. അടുത്ത തവണ വരുമ്പോൾ അമ്മയുടെ കണ്ണിമാങ്ങാ അച്ചാർ കൂട്ടി നല്ലവണ്ണം ഒന്നു ഊണ് കഴിക്കണം. കൊതിയാവുന്നു. ഇവിടെ ചപ്പാത്തിയാണ് മിക്കവാറും. ബാക്കി വിശേഷങ്ങൾ നേരിട്ട് കാണുമ്പോൾ. അച്ഛനു ഞനൊരു കമ്പളിയുടുപ്പ് വാങ്ങി വെച്ചിട്ടുണ്ട്. അമ്മയ്ക്കും അച്ഛനും ഓരോ ഉമ്മ തരാൻ തോന്നുന്നുണ്ട്. പണ്ടെനിക്ക് എത്ര ഉമ്മ തന്നതാണ്. ഞാൻ വരുന്നുണ്ടമ്മെ. സ്നേഹത്തോടെ, സ്വന്തം, കുമാർ പതിനൊന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. എല്ലാ ദിവസവും ഈ കത്തെടുത്തയാൾ വായിക്കും. പിന്നെ കുറച്ച് നേരം ആ ഫോട്ടോയിൽ നോക്കിയിരിക്കും.. നനവൂറിയ രണ്ടു വൃദ്ധ നയനങ്ങൾ... |