ആത്മീയ ചൂഷണത്തിനെതിരെ സമൂഹം ഉണരണം'
മനാമ: ആത്മീയതയുടെ പേരില്‍ വിശ്വാസി സമൂഹത്തെ ചൂഷണം ചെയ്യുന്ന പുത്തന്‍ പ്രവണതക്കെതിരെ സമൂഹം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് കുവൈത്ത് കെ.ഐ.ജി. വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി പറഞ്ഞു. ദാറുല്‍ ഈമാന്‍ മലയാള വിഭാഗം (കെ.ഐ.ജി) സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ 'പ്രവാചക സ്നേഹമോ ആത്മീയ ചൂഷണമോ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകന്‍േറതെന്ന് തെളിയിക്കാന്‍ കഴിയാത്ത കേശത്തിന്റെ പേരില്‍ നാല്പതു കോടി രൂപ മുടക്കി ആരാധനാലയം പണിയാന്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേത്യത്വത്തില്‍ നടക്കുന്ന നീക്കം ആത്മീയതയെ കച്ചവടവല്‍ക്കരിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വില കുറഞ്ഞ തന്ത്രമാണ്. മനുഷ്യനും ദൈവത്തിനുമിടയിലെ എല്ലാതരം ചൂഷണങ്ങളെയും നിരാകരിക്കുകയും ഇസ്ലാമില്‍ പൗരോഹിത്യമില്ലെന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകന്മാരുടെ ദര്‍ശനത്തെ മത പുരോഹിതന്മാര് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം തട്ടിപ്പുകള്‍.
പ്രവാചകന്റെ തിരുശേഷിപ്പുകള്‍ക്ക് ദിവ്യത്വം കല്പിക്കുകയും അത് സൂക്ഷിക്കാന്‍ ആരാധനാലയം പണിയുകയും ചെയ്യുന്ന രീതി ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് നിരക്കാത്തതാണ്. പ്രവാചകന്റെ മുടി സൂക്ഷിക്കാന്‍ ഉത്തമ കേന്ദ്രം എന്ന പേരില്‍ ചരിത്രത്തില്‍ ഒരു കാലത്തും പള്ളി നിര്‍മിക്കപ്പെട്ടിട്ടില്ല. ഒരുതരം പ്രതിഷ്ഠകളുമില്ലാതെ ഏക ദൈവത്തെ ആരാധിക്കാന്‍ വേണ്ടി മാത്രം നിര്മിക്കപ്പടുന്ന ദൈവത്തിന്റെ ഭവനങ്ങളാണ് പള്ളികള്‍. എന്നാല്‍ കേശം സൂക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനും വില്‍ക്കാനും അത് വഴി കപടമായ ആത്മീയ പരിവേഷമുണ്ടാക്കുവാനും നിര്‍മിക്കുന്ന പുതിയ പള്ളി പ്രവാചകന്റെയും വേദഗ്രന്ഥത്തിന്റെയും അധ്യാപനങ്ങള്‍ക്ക് കടക വിരുദ്ധമാണ്.
മുടിയിഴകളല്ല , പരിശുദ്ധ വേദഗ്രന്ഥവും തിരുചര്യയുമാണ് പ്രവാചകന് മാര്‍ഗദര്‍ശനമായി മനുഷ്യര്‍ക്ക് അവശേഷിപ്പിച്ചിട്ടുള്ളത്. വിശ്വാസത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിച്ച് പണം വാരാനുള്ള ശ്രമത്തില്‍ നിന്ന് പുരോഹിതന്മാര് പിന്തിരിയണം. അന്യായമായി ജനങ്ങളുടെ ധനം തിന്നുന്ന പുരോഹിതന്മാരെ വേദഗ്രന്ഥം അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.
കേശം പ്രവാചകന്േറതാണെ് തെളിയിക്കാന്‍ ഒരു രേഖയുമില്ലെന്നിരിക്കേ തിരുകേശമെന്ന് പ്രചരിപ്പിച്ച് ഇസ്ലാമിന്റെ പേരില്‍ പുതിയ ദിവ്യ കേന്ദ്രമുണ്ടാക്കാനുള്ള ശ്രമം പ്രതിഷേധാര്‍ഹമാണ്. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആള്‍ദൈവം ചമയാനുള്ള നീക്കത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്ന് അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഈമാന്‍ മലയാള വിഭാഗം (കെ.ഐ.ജി) പ്രസിഡന്റ് സഈദ് റമദാന് നദ്വി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.കെ.ഷാജഹാന് സ്വാഗതം പറഞ്ഞു. ഹമീദ് കിടഞ്ഞി ഖുര്‍ആനില്‍ നിന്ന് അവതരിപ്പിച്ചു. ഇസ്ലാഹ് വിഭാഗം കണ്‍വീനര്‍ അഹ്മദ് റഫീഖ്, സി.ഖാലിദ് എന്നിവര്‍ നേതൃത്വം നല്കി. മനാമ ഏരിയ ഓര്‍ഗനൈസര്‍ ബദറുദ്ദീന്‍ നന്ദി പറഞ്ഞു.