[www.keralites.net] മലയാളികളോടു കളിച്ചാല്‍......

 

Fun & Info @ Keralites.net


കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാനും എന്റെ സഹോദരിയുംകൂടി ഒരു അവധിക്കാലയാത്രക്കിടയില്‍ ജലന്ധറില്‍നിന്നും അമൃത്സറിലേക്ക് പഞാബിലെ ലോക്കല്‍ ബസ്സില്‍ യാത്ര ചെയ്യുകയായിരുന്നു. സുവര്‍ണ്ണ ക്ഷേത്രവും ജാലിയന്‍വാലാബാഗും കാണാന്‍ വേണ്ടിയുള്ള യാത്ര. ജലന്ധറില്‍ താമസിച്ചിരുന്ന പട്ടാളക്കാരനായ കസിന്റെ വീട്ടില്‍ നിന്നും അതിരാവിലെ കഞ്ഞിയും ചമ്മന്തിയും കഴിച്ചാണ് ഞങ്ങള്‍ പുറപ്പെട്ടത്‌. ഏകദേശം എണ്പതു കിലോമീറ്റര്‍ ദൂരമുള്ള യാത്ര ഗ്രാമങ്ങളിലെ ഗോതമ്പു‍വയലുകളിലൂടെയും കരിമ്പിന്‍ പാടങ്ങളിലൂടെയുമൊക്കെയായിരുന്നു. ഉഷ്ണകാലത്തിന്റെ ഊഷരതയിലേക്ക് വഴിമാറുന്നതിനു മുന്‍പുള്ള വഴിയോരത്തെ കാഴ്ചകള്‍ വളരെ സുന്ദരവും ഹൃദ്യവുമായിരുന്നെങ്കിലും ബസ്സിനുള്ളിലെ സ്ഥിതി അത്ര സുന്ദരമായിരുന്നില്ല. വൃത്തിയില്ലാത്ത ബസിലെ യാത്രക്കാരില്‍ അധികവും മുഷിഞ്ഞ വസ്ത്രം ധരിച്ച ഗ്രാമവാസികള്‍ ആയിരുന്നു. മനംമറിയുന്ന ഒരു മണം ബസ്സില്‍ തങ്ങിനിന്നിരുന്നു. യാത്രക്കാരുമായി ചില്ലറ കശപിശകള്‍ക്ക് ശേഷമാണ് ഞങ്ങള്‍ക്ക് മുന്ഭാഗത്തായി രണ്ടു സീറ്റ് കിട്ടിയത്. അവിടുത്തെ ബസ്സുകളില്‍ പഞ്ചാബികള്‍ക്കു പ്രത്യേക സംവരണം ഉള്ളതുപോലെയാണ് അവരുടെ പെരുമാറ്റം. ഹം ദൂര്‍...ദൂര്‍... കേരളാ സെ ആത്താ ഹേ... ഹൂം.. ഹോ.. പഞ്ചാബ് കാണാന്‍..... അതുകൊണ്ടു ഹംകോ സീറ്റ് വേണം...തെരിയുമാ... ബഹുഭാഷാവിചക്ഷണനായ എന്റെ വായില്‍നിന്നു അറിയാതെ ഒരു കഷണം തമിഴ് വീണുപോയി.... തും ഹമാരാ മാകോ ബോല്‍ത്താ ഹേ....? കിലുക്കം സിനിമയിലെ സമര്‍ഖാനെപ്പോലെ ഒരു പഞ്ചാബി എഴുന്നേറ്റു നിന്നു. പണി പാളി... ദേഹം മുഴുവന്‍ ബാന്‍ഡേജിട്ടു ആശുപത്രിയില്‍ കിടക്കുന്ന ജഗതിയുടെ രൂപം ഒരു നിമിഷം ഞാന്‍ ഓര്‍ത്തു... അറിയാതെ പറഞ്ഞു പോയതാ പഞ്ചാബീ..നീ ക്ഷമീ... മാപ്പ്... ഇനി മാപ്പിന് വേറെ അര്‍ഥം വല്ലതും...? ഞാന്‍ എളിമയോടെ പഞ്ചാബിയുടെ മുഖത്തേക്ക് നോക്കി.... പെട്ടെന്ന് ബസ്‌ നീങ്ങി.... അതുകൊണ്ടു തല്ക്കാലം രക്ഷപെട്ടു. ഈ പഞ്ചാബികള്‍ക്കിട്ടു ഒരു പണി കൊടുക്കാന്‍ എന്താണൊരു വഴിയെന്നാലോചിച്ചിരിക്കുമ്പോള്‍ പെട്ടെന്നാണതു സംഭവിച്ചത്.

സ്വതവേ ബസ്സില്‍ കയറിയാല്‍ ശര്‍ദ്ദിക്കുന്ന സ്വഭാവക്കാരിയായ എന്റെ സഹോദരിക്ക് ബസ്സിലെ ചുറ്റുപാടുകള്‍ വളരെ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചു. യാത്ര ഏതാണ്ട് പാതിവഴിയെത്തിയപ്പോള്‍ അവള്‍ എന്നോട് തന്റെ ഗുരുതരാവസ്ഥ പറഞ്ഞെങ്കിലും പിന്നിലിരിക്കുന്ന യാത്രക്കാര്‍ക്ക് ഒരു മുന്നറിയിപ്പ് കൊടുക്കാന്‍പോലും എനിക്ക് കഴിയുന്നതിനു മുന്‍പേ അവള്‍ പണി പറ്റിച്ചു. വീശിയടിച്ച കാറ്റില്‍ രാവിലെ കഴിച്ച കഞ്ഞിയും ചമ്മന്തിയും പിന്‍സീറ്റുകളിലെ യാത്രക്കാരുടെ മുഖത്ത്.... പഞ്ചാബിയിലുള്ള തെറികള്‍ കുറച്ചൊക്കെ മനസ്സിലായെങ്കിലും ഞങ്ങള്‍ ഒന്നുമറിയാത്തതുപോലെ ഇരുന്നു. തൊട്ടു പിന്നിലെ സീറ്റിലിരുന്ന ഒരു സിഖുപുരോഹിതന്റെ കാര്യമായിരുന്നു ഏറെ കഷ്ടം. കഞ്ഞിയുടെ നല്ലൊരു ഭാഗം സര്‍ദാര്‍ജിയുടെ നീട്ടിവളര്‍ത്തിയ താടിക്കുള്ളില്‍ കുരുങ്ങിപ്പോയി. അമൃത്സറിലെത്തുന്നതുവരെ അദ്ദേഹം താടിക്കുള്ളില്‍ നിന്നും കഞ്ഞിയും ചമ്മന്തിയും വേര്‍പെടുത്തുന്നത് കാണാമായിരുന്നു.

മലയാളികളോടു കളിച്ചാല്‍ ഇങ്ങനെയിരിക്കുമെന്നു മനസ്സില്‍ പറഞ്ഞുകൊണ്ട് ഞങ്ങള്‍ അമൃത്സറില്‍ ബസ്സിറങ്ങി.


Fun & Info @ Keralites.net

By Venniyodan


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___