[www.keralites.net] നിയമങ്ങളുണ്ട്; പക്ഷേ.

 

കേരളത്തിലേക്ക് ഉത്തരേന്ത്യ ഒഴുകിയെത്തുമ്പോള്‍

നിയമങ്ങളുണ്ട്; പക്ഷേ...

രാജ്യത്ത് തൊഴില്‍നിയമങ്ങള്‍ ഇല്ലാത്തതല്ല പ്രശ്‌നം. ദേശീയതലത്തിലും സംസ്ഥാന തലങ്ങളിലുമെല്ലാം തൊഴില്‍നിയമങ്ങള്‍ വേണ്ടതിലേറെയുണ്ട്. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുകയാണ് ലക്ഷ്യവും. പക്ഷേ; ചട്ടങ്ങളൊന്നും പാലിക്കാറില്ല.

നിര്‍മാണത്തൊഴിലാളികളെ സംബന്ധിച്ച് അന്താരാഷ്ട്ര ചട്ടങ്ങളുമുണ്ട്. ഇതിന്റെ ചുവടുപിടിച്ച് ദേശീയതലത്തിലും ചട്ടങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇതനുസരിച്ച്, തൊഴിലാളികളെ നിയോഗിക്കുന്ന കോണ്‍ട്രാക്ടര്‍ ലൈസന്‍സ് എടുക്കുകയും ലൈസന്‍സ് പ്രകാരമുള്ള തൊഴിലാളികള്‍ക്ക്, സ്ഥിരംതൊഴിലാളികള്‍ക്ക് നല്‍കുന്ന അതേ സേവന-വേതന വ്യവസ്ഥകള്‍ നടപ്പാക്കുകയും വേണം. ഉയര്‍ന്ന കെട്ടിടങ്ങളിലും മറ്റും ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക് യൂനിഫോം നല്‍കുകയും ഹെല്‍മെറ്റ്,  ഗ്ലൗസ് തുടങ്ങി സുരക്ഷാ ഉപകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. അപകടങ്ങളുണ്ടായാല്‍ പ്രാഥമിക ചികിത്സ നല്‍കുന്ന ഫസ്റ്റ്എയ്ഡ് ബോക്‌സ് ജോലിസ്ഥലത്ത് ഉണ്ടായിരിക്കണം. കുടിവെള്ളം, തൊഴില്‍സമയ ക്ലിപ്തത, കാന്റീന്‍, പാര്‍പ്പിടം, ഓവര്‍ടൈം അലവന്‍സ്, അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ എന്നിവയും സൂക്ഷിക്കണം. അപകടമുണ്ടായാല്‍ ആവശ്യമായ ചികിത്സയും നല്‍കണം.  തൊഴിലാളികളുടെ കൃത്യമായ വിലാസവും തൊഴില്‍സമയവും സംബന്ധിച്ച രജിസ്റ്റര്‍ സൂക്ഷിക്കുകയും വേണം. എന്നാല്‍, ഈ ചട്ടങ്ങളൊന്നും ആരും പാലിക്കാറില്ലെന്നുമാത്രം.

ഇന്റര്‍സ്‌റ്റേറ്റ് മൈഗ്രന്റ് വര്‍ക്ക്‌മെന്‍ ആക്ട്, കരാര്‍തൊഴിലാളി സംവിധാനം (നിയന്ത്രണവും ഒഴിവാക്കലും), തുല്യ വേതനാവകാശ നിയമം, ഫാക്ടറീസ് ആന്‍ഡ് ട്രേഡ് യൂനിയന്‍ ആക്ട് തുടങ്ങിയവയെല്ലാം അന്യസംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായുണ്ട്.
താമസ-ചികിത്സാ സൗകര്യങ്ങള്‍ കോണ്‍ട്രാക്ടര്‍മാര്‍ നല്‍കണമെന്നും പദ്ധതിച്ചെലവിന്റെ ഒരുശതമാനം തൊഴിലാളിക്ഷേമത്തിനായി തൊഴില്‍വകുപ്പില്‍ അടക്കണമെന്നും അന്യസംസ്ഥാന തൊഴിലാളികളുടെ കാര്യത്തില്‍ ഒരു തൊഴിലാളിക്ക് ആയിരം രൂപവീതം തൊഴില്‍വകുപ്പില്‍ കെട്ടിവെക്കണമെന്നുമൊക്കെ ചട്ടങ്ങളുണ്ട്. 20ലധികം തൊഴിലാളികള്‍ക്ക് ജോലിനല്‍കുന്ന കോണ്‍ട്രാക്ടര്‍ സ്ഥിരം തൊഴിലാളികള്‍ക്കു നല്‍കുന്ന ആനുകൂല്യങ്ങള്‍ കരാര്‍തൊഴിലാളികള്‍ക്കും നല്‍കണമെന്നും നിര്‍ദേശമുണ്ട്.

2010 മേയ് ഒന്നിന്, രാജ്യത്ത് ആദ്യമായി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ക്ഷേമപദ്ധതി നടപ്പാക്കിയ സംസ്ഥാനമായി കേരളം മാറി. ഇതനുസരിച്ച്, 30 രൂപ വാര്‍ഷികവിഹിതം നല്‍കി പദ്ധതിയില്‍ അംഗമാകുന്ന തൊഴിലാളിക്ക് 25,000 രൂപവരെ ചികിത്സാ ആനുകൂല്യം, നിശ്ചിത വര്‍ഷങ്ങള്‍ ജോലിചെയ്ത് മടങ്ങുന്നവര്‍ക്ക് 25,000 രൂപവരെയുള്ള ആനുകൂല്യം, തൊഴിലാളികളുടെ മക്കള്‍ക്ക് പ്രതിവര്‍ഷം മൂവായിരം രൂപയുടെ വരെ വിദ്യാഭ്യാസ ആനുകൂല്യം, തൊഴിലാളി അപകടത്തില്‍ മരിച്ചാല്‍ അടുത്ത ബന്ധുക്കള്‍ക്ക് 50,000 രൂപയും സാധാരണ മരണമാണെങ്കില്‍ പതിനായിരം രൂപയും സഹായം, മൃതദേഹം ജന്മനാട്ടിലെത്തിക്കുന്നതിന് 15,000 രൂപയുടെ സഹായം തുടങ്ങിയ ആനുകൂല്യങ്ങളൊക്കെ ലഭിക്കും.
ഇത്തരം ക്ഷേമപദ്ധതികളെ സംബന്ധിച്ചൊന്നും ബഹുഭൂരിപക്ഷം തൊഴിലാളികള്‍ക്കും അറിയില്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ അധികമാരും പദ്ധതിയില്‍ അംഗങ്ങളായിട്ടുമില്ല. മാത്രമല്ല, തൊഴിലാളികളെ ഈ പദ്ധതിയില്‍ അംഗമാക്കാന്‍ കരാറുകാര്‍ താല്‍പര്യം കാണിക്കുന്നുമില്ല. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ തൊഴിലാളിയുടെ പേരിലും 1000 രൂപ തൊഴില്‍വകുപ്പില്‍ കെട്ടിവെക്കണമെന്നതുതന്നെ കാരണം. കരാറുകാരില്‍നിന്ന് തെറ്റിപ്പിരിഞ്ഞും അല്ലാതെയും സ്വന്തംനിലക്ക് തൊഴിലെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികളെ ഇത്തരം ക്ഷേമപദ്ധികളെപ്പറ്റി ബോധവത്കരിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ലതാനും.

നിലവിലെ അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരുപങ്കും സംസ്ഥാനത്ത് വര്‍ഷം മുഴുവന്‍ സ്ഥിരമായി നില്‍ക്കുന്നുമില്ല. ബംഗാളിലെയും ബിഹാറിലെയുമൊക്കെ കര്‍ഷകത്തൊഴിലാളികളാണവര്‍. ചിലര്‍ക്കൊക്കെ അവിടെ സ്വന്തമായി കൃഷിഭൂമിയുമുണ്ട്. കാര്‍ഷിക ജോലിയില്ലാത്തപ്പോള്‍ അധികവരുമാനം തേടിയാണവര്‍ കേരളത്തിലെത്തുന്നത്. കൃഷിപ്പണി തുടങ്ങുന്ന കാലത്ത് അവര്‍ നാട്ടിലേക്ക് മടങ്ങുകയും ചെയ്യും.
ബാക്കിയുള്ളവരില്‍ ഒരുപങ്ക് രണ്ടോമൂന്നോ വര്‍ഷം കേരളത്തില്‍ തൊഴില്‍ചെയ്ത് നാട്ടിലെ ജന്മിയുടെ കടംവീട്ടി സ്വന്തം കൃഷിയിടം തിരികെപിടിക്കുകയെന്ന സ്വപ്‌നവുമായി എത്തിയവരാണ്. ഇത്തരം അവസ്ഥകളൊക്കെ മനസ്സിലാക്കി അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി സമഗ്രമായ തൊഴില്‍നിയമം ആവിഷ്‌കരിക്കുകയാണ് വേണ്ടത്.

സംസ്ഥാനത്ത് നിര്‍മാണമേഖലകളിലും മറ്റും നിലനില്‍ക്കുന്ന കരാര്‍തൊഴില്‍ സംബന്ധിച്ച് സാങ്കേതിക പഠനം നടത്തുക, കരാര്‍തൊഴില്‍ ഒഴിവാക്കാനുള്ള സാധ്യത പരിശോധിക്കുക, വേതനം, മറ്റാനുകൂല്യങ്ങള്‍ എന്നിവ കൃത്യമായി നല്‍കുന്നതിന് കരാറുകാരെയും ഉടമകളെയും നിര്‍ബന്ധിതരാക്കുന്ന നിയമം നടപ്പാക്കുക, സാധാരണ തൊഴിലാളിക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കരാര്‍തൊഴിലാളികള്‍ക്കും ലഭ്യമാക്കുക, കഴിയുന്നത്ര മേഖലകളില്‍ ദിവസക്കൂലി അവസാനിപ്പിച്ച് സ്ഥിരവേതനം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളെല്ലാം വിവിധ സംഘടനകള്‍ ഇതിനകം മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇതോടൊപ്പംതന്നെ പ്രധാനപ്പെട്ടതാണ്, കേരളത്തിലെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാക്കുക എന്നത്. തെറ്റായ വിലാസവും വ്യാജ തിരിച്ചറിയല്‍ രേഖകളുമൊക്കെയായി എത്തുന്നവര്‍ ക്രമസമാധാനരംഗത്തും സാമൂഹിക സുരക്ഷാരംഗത്തും ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.
ചെറിയചെറിയ മോഷണം മുതല്‍ കൊലപാതകംവരെ നടത്തി മുങ്ങുന്നവരെ പിടികൂടാന്‍ കഴിയാതെ, തിരിച്ചറിയാന്‍ സംവിധാനങ്ങളില്ലെന്നുപറഞ്ഞ് പൊലീസ് കൈമലര്‍ത്തുന്ന രീതി പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതുമല്ല. അതുകൊണ്ടുതന്നെ, തൊഴില്‍ വകുപ്പും ആഭ്യന്തരവകുപ്പും സഹകരിച്ച് വ്യക്തമായ തൊഴില്‍-സുരക്ഷാ ചട്ടങ്ങള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ പിടിച്ചാല്‍ കിട്ടാത്ത തലങ്ങളിലേക്ക് ഈ പ്രശ്‌നം വളരും.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___