തീവണ്ടിയില്‍ സി.ആര്‍.പി.എഫുകാരുടെ 'ശല്യം' കൂടുന്നതായി പരാതി.
ന്യൂഡല്‍ഹി: കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള തീവണ്ടികളില്‍ ഇപ്പോഴുള്ള യാത്രാക്ലേശങ്ങള്‍ക്കു പുറമെ സി.ആര്‍.പി.എഫ്. ജവാന്മാരും മറ്റുയാത്രക്കാര്‍ക്ക് ദുരിതമായി മാറുന്നതായി പരാതി. കേരള എക്‌സ്പ്രസ്സിലും മംഗളയിലുമുള്‍പ്പെടെ കൂട്ടത്തോടെ കയറുന്ന സി.ആര്‍.പി.എഫ്. ജവാന്മാര്‍ മദ്യപാനവും ബഹളവുമായി യാത്രയിലുടനീളം വലിയ ശല്യമാവുന്നുവെന്ന് യാത്രക്കാര്‍ ആരോപിച്ചു.
കഴിഞ്ഞദിവസം കേരളത്തില്‍ നിന്ന് പുറപ്പെട്ട കേരള എക്‌സ്പ്രസ്സില്‍ എസ്3 കോച്ചില്‍ ഡല്‍ഹിയിലേക്ക് തിരിച്ച മലയാളി യാത്രക്കാരന്‍ തന്റെ ദുരനുഭവം വിവരിച്ചു. താനിരുന്ന ഭാഗത്ത് സി.ആര്‍.പി.എഫുകാരെ കൂടാതെ കൊല്ലത്തുനിന്ന് കയറിയ നവദമ്പതിമാര്‍ മാത്രമാണുണ്ടായിരുന്നത്. തീവണ്ടിയില്‍ കയറിയ ഉടന്‍ തന്നെ യുവാക്കളായ സി.ആര്‍.പി.എഫ് ജവാന്‍മാര്‍ മദ്യപാനം ആരംഭിച്ചു. പിന്നെ ഉറക്കെ പാട്ടുപാടാനും സഹയാത്രികരെ ശല്യം ചെയ്യാനും തുടങ്ങി. ജവാന്‍മാരെല്ലാം 22- 23 വയസ്സുമാത്രം തോന്നിക്കുന്ന മലയാളികളാണെന്നതാണ് മറ്റൊരുകാര്യം. ഇവരോട് പലപ്രാവശ്യം ബുദ്ധിമുട്ടറിയിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. തന്റെ കൂടെയുണ്ടായിരുന്ന മലയാളി ദമ്പതിമാര്‍ ഇവരുടെ അസഭ്യവര്‍ഷവും അശ്ലീല പാട്ടുകളും കാരണം വളരെയധികം പൊറുതിമുട്ടി. തുടര്‍ന്ന് ടി.ടി.ആറുമായി സംസാരിച്ച് ദമ്പതിമാര്‍ക്ക് മറ്റൊരു സ്ഥലത്ത് സീറ്റ് വാങ്ങിക്കൊടുത്തതായി യാത്രക്കാരന്‍ പറഞ്ഞു.
എന്നാല്‍ ഇതുകൊണ്ടും പ്രശ്‌നം തീര്‍ന്നില്ല. തന്നോട് ദേഷ്യം തോന്നിയ ജവാന്‍മാര്‍ രണ്ടുദിവസവും തീവണ്ടിയില്‍ ഉറങ്ങാന്‍ പോലും സമ്മതിക്കാത്തവിധം ബഹളമുണ്ടാക്കിക്കൊണ്ടിരുന്നതായി യാത്രക്കാരന്‍ പറഞ്ഞു. ചുരുക്കിപ്പറഞ്ഞാല്‍ ഡല്‍ഹി എത്തുന്നതുവരെ ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ തനിക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍നിന്നുള്ള തീവണ്ടികളില്‍ പലപ്പോഴും കൂട്ടത്തോടെ കയറുന്ന സി.ആര്‍.പി.എഫ്. ജവാന്മാര്‍ മറ്റു യാത്രക്കാരെ ശല്യം ചെയ്യുന്നതായി നിരവധി യാത്രക്കാര്‍ പരാതിപ്പെടുന്നുണ്ട്. വാതിലിനടുത്തുനിന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതും പതിവാണ്. സി.ആര്‍.പി.എഫുകാരായതിനാല്‍ ഇവര്‍ക്കെതിരെ പരാതിപ്പെടാനും ആരും തയ്യാറാവുന്നില്ല. സ്ത്രീകളും കുട്ടികളുമടക്കം കുടുംബത്തോടെ യാത്ര ചെയ്യുന്നവര്‍ക്ക് ഇവരുടെ മദ്യപാനവും അശ്ലീലപ്പാട്ടുകളും അസഹ്യമാവുന്നതായി പറയുന്നു.
ടിക്കറ്റ് കിട്ടാനുള്ള പ്രയാസവും കംപാര്‍ട്ട്‌മെന്റിലെ അസൗകര്യങ്ങളും ഉള്‍പ്പെടെ നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന ഡല്‍ഹി മലയാളികള്‍ക്ക് തീവണ്ടിയില്‍ കയറിയാലും സ്വസ്ഥമായിരിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ജവാന്മാരുണ്ടാക്കുന്നതെന്ന് പറയുന്നു.