ലോകത്ത് നിയോഗിക്കപ്പെട്ട എല്ലാ ദൈവദൂതന്മാരും (പ്രവാചകന്മാര്‍) പ്രബോധനം ചെയ്‌തത് ഒരേ മതമായിരുന്നു. അതിന്റെ സമ്പൂര്‍ണവും അന്തിമവുമായ ഗ്രന്ഥം മുഹമ്മദ് നബി(സ)യിലൂടെ പൂര്‍ത്തിയാക്കപ്പെടുകയും ചെയ്‌തു. അന്ത്യപ്രവാചകന്‍ മുഖേന ലോകത്തിന് സമര്‍പ്പിച്ച വേദഗ്രന്ഥമാണ് ഖുര്‍ആന്‍. അത് ലോകാന്ത്യം വരെ നിലനില്‍ക്കുകയും ചെയ്യും.
ലോകത്ത് നിരവധി മതങ്ങളും മതഗ്രന്ഥങ്ങളുമുണ്ട്. എല്ലാ മതങ്ങളും മുന്നോട്ടുവെക്കുന്നത് സത്യവും ധര്‍മവുമാണ്. വേദഗ്രന്ഥങ്ങളിലെല്ലാം ധാര്‍മിക സനാതന മൂല്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. എന്നാല്‍ ഇസ്‌ലാമും വിശുദ്ധ ഖുര്‍ആനും മറ്റുള്ളവയില്‍ നിന്ന് വേറിട്ടുനില്‍ക്കുന്നത് അതിന്റെ ജീവിതവീക്ഷണങ്ങളിലാണ്. തത്വങ്ങളും ധര്‍മങ്ങളും പഠിക്കുക എന്നതിലപ്പുറം ഈ ലോകത്ത് ജീവിക്കുന്ന വ്യക്തിയുടെ ജീവിതത്തെ ആമൂലാഗ്രം ഗ്രസിക്കുന്ന ലളിതവും പ്രായോഗികവുമായ നിയമങ്ങളാണ് ഇസ്‌ലാമിന്റേത്. തന്നെയുമല്ല, വ്യക്തി, കുടുംബം, സമൂഹം എന്നിങ്ങനെ ഓരോ തലത്തിലും ജീവിതസ്‌പര്‍ശിയായി നിലകൊള്ളുകയും മാതൃകാ സമൂഹ ജീവിതം കാഴ്‌ചവെക്കുകയും ചെയ്യുന്ന ഒരു തത്വസംഹിതയും - ഭൗതികമോ ആധ്യാത്മികമോ - ലോകത്തിലില്ല; ഇസ്‌ലാമല്ലാതെ.
എന്നാല്‍ ഇസ്‌ലാമിന്റെ അനുയായികളാണെന്ന് പറയുന്നവര്‍ പോലും ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല. കേവലം ഒരു പാരമ്പര്യ സമുദായിക മതം എന്നതിലപ്പുറം അധികമാളുകളും സ്വന്തം മതത്തെ കാണുന്നില്ല. `നമസ്‌കാരവും നോമ്പുമൊക്കെയുണ്ട്' എന്നത് ഒരു നല്ല മുസ്‌ലിമിന്റെ ഐഡന്റിറ്റിയായി പരിഗണിക്കപ്പെട്ടുപോരുന്നു. നമസ്‌കാരവും നോമ്പും ഇസ്‌ലാമിന്റെ അടിസ്ഥാന കര്‍മങ്ങളാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതു മാത്രമല്ല ഇസ്‌ലാം എന്ന് ഓര്‍ക്കണം.
ഇസ്‌ലാം മനുഷ്യര്‍ക്കുള്ള ജീവിത വ്യവസ്ഥയാണ്. വിശ്വാസമാണതിന്റെ മൗലിക ഘടകം. മരണാനന്തര ജീവിതസൗഖ്യമാണതിന്റെ ലക്ഷ്യം. സമൂഹജീവിതമാണ് ഇസ്‌ലാം മനുഷ്യര്‍ക്ക് നിര്‍ദേശിക്കുന്നത്. ജനക്ഷേമ താല്‍പര്യമാണതിന്റെ വ്യവസ്ഥകള്‍. ലളിതവും പ്രയോഗക്ഷമവുമാണതിന്റെ കര്‍മപഥം. അടിസ്ഥാന കാര്യങ്ങളും ഐച്ഛിക കാര്യങ്ങളും അതിലുണ്ട്. പ്രയോക്താവിന്റെ കഴിവുകളും കുറവുകളും അത് പരിഗണിക്കുന്നുണ്ട്. ഇസ്‌ലാം നിര്‍ദേശിക്കുന്ന ജീവിതരീതിയെ രണ്ടായി തിരിക്കാം. ഒന്ന്), അല്ലാഹുവും റസൂലും നിര്‍ദേശിച്ചതിലപ്പുറം കൂട്ടാനോ കുറയ്‌ക്കാനോ പാടില്ലാത്തവ. ആരാധനാകര്‍മങ്ങള്‍ അതില്‍ പെട്ടതാണ്. രണ്ട്), സാധാരണ ജീവിതമേഖലകള്‍. അതിന്റെ രീതിയും രൂപവും തെരഞ്ഞെടുക്കാന്‍ ഓരോരുത്തര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇസ്‌ലാമിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടേ അവ ഉപയോഗപ്പെടുത്താവൂ. കൃഷി, കച്ചവടം, ഭക്ഷണം, വസ്‌ത്രം, നേതൃത്വം, ഭരണം തുടങ്ങിയവ അത്തരത്തിലുള്ളതാണ്.
വേറൊരു തരത്തില്‍ ഇസ്‌ലാം കാര്യങ്ങളെ നോക്കിക്കാണാം. വിശ്വാസം (അഖാഇദ്), ആരാധനകള്‍ (ഇബാദത്ത്), സംസ്‌കാരം (അഖ്‌ലാഖ്), ഇടപാടുകള്‍ (മുആമലാത്ത്). നബി(സ) ഇങ്ങനെ വിഭജിച്ചു പഠിപ്പിച്ചതല്ല, മറിച്ച് കാര്യങ്ങള്‍ വിശദമായി വിശകലനം ചെയ്യാനായി മുന്‍കാല പണ്ഡിതന്മാരും ഇമാമുമാരും മുഖദ്ദിസ്സുകളും നടത്തിയ അക്കാദമിക് വിഭജനമാണിത്. എന്നാല്‍ ഇവയില്‍ ആരാധനാ കാര്യങ്ങള്‍ മാത്രമേ നിഷ്‌ഠയോടും നിഷ്‌കര്‍ഷയോടും കൂടി പാലിക്കപ്പെടാന്‍ ശ്രദ്ധിക്കാറുള്ളൂ. വിശ്വാസകാര്യങ്ങള്‍ പോലും അര്‍ഹിക്കുന്ന ഗൗരവത്തില്‍ `വിശ്വാസികള്‍' കണക്കിലെടുത്തിട്ടില്ല എന്നുവേണം കരുതാന്‍.
വിശുദ്ധ ഖുര്‍ആനിന്റെ മൂന്നില്‍ രണ്ടു ഭാഗവും വിശ്വാസകാര്യങ്ങളാണ് ചര്‍ച്ചചെയ്‌തിരിക്കുന്നത്. സാമൂഹ്യ മര്യാദകളും (സംസ്‌കാരവും) ഇടപാടുകളും സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്. ആരാധനാകര്‍മങ്ങളുടെ മൗലിക നിര്‍ദേശങ്ങള്‍ മാത്രം പറഞ്ഞു പ്രായോഗികത പ്രവാചകന്‍(സ) പഠിപ്പിക്കുകയായിരുന്നു. ഹദീസ് ഗ്രന്ഥങ്ങളിലും കര്‍മശാസ്‌ത്ര (ഫിഖ്‌ഹ്) ഗ്രന്ഥങ്ങളിലും ഇടപാടുകള്‍ക്ക് (മുആമലാത്ത്) ആരാധനകളെക്കാള്‍ സ്ഥലം നീക്കിവെച്ചിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് ആരാധനാകര്‍മങ്ങള്‍ അപ്രധാനമാണ് എന്നല്ല; മറിച്ച് ആരാധനയോടൊപ്പം മുസ്‌ലിംകളില്‍ ഉണ്ടായിരിക്കേണ്ട ഗുണങ്ങളാണ് സ്വഭാവശുദ്ധിയും ഇടപാടുകളിലെ വിശുദ്ധിയും എന്നാണ്. പ്രത്യേകിച്ചും സാമ്പത്തിക രംഗത്ത്.
മഹാനായ ഉമറുല്‍ ഫാറൂഖ്(റ) ഒരു കേസില്‍ സാക്ഷി പറയാന്‍ വന്നവനോട് കക്ഷിയെ താങ്കള്‍ക്ക് അടുത്ത് പരിചയമുണ്ടോ എന്ന് ആരാഞ്ഞത് ലളിതമായ രണ്ട് ചോദ്യങ്ങളിലൂടെയായിരുന്നു. അദ്ദേഹത്തിന്റെ കൂടെ യാത്ര ചെയ്‌തിട്ടുണ്ടോ? അദ്ദേഹവുമായി സാമ്പത്തിക ഇടപാട് നടത്തിയിട്ടുണ്ടോ?~ഒന്നാം ചോദ്യം സ്വഭാവവും സംസ്‌കാരവും അറിയാനും രണ്ടാമത്തേത് ഇടപാടിലെ സത്യസന്ധത അളക്കാനും പര്യാപ്‌തമാണ്. പ്രസിദ്ധ പണ്ഡിതനും ചിന്തകനുമായ ഇമാം ഗസ്സാലിയുടെ പ്രസിദ്ധമായ ഒരു കവിതയുണ്ട്. അതിന്റെ ആശയം ഇങ്ങനെയാണ്: `ഒരു വ്യക്തിയുടെ മുഖമുദ്രയും ഉടയാടകളും ബാഹ്യനടപടികളും കണ്ട് നീ വഞ്ചിതനാകേണ്ട. ദിര്‍ഹമന്റെ മുന്‍പില്‍ അയാളുടെ ദുഷ്‌ടതയും സൂക്ഷ്‌മതയും നീ നിരീക്ഷിക്കുക.' ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത് സൂക്ഷ്‌മത (തഖ്‌വാ) എന്നത് ജീവിതത്തിന്റെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്നതാണ് എന്നാണ്.
ഇത്രയും പറഞ്ഞ തത്വങ്ങളില്‍ ആര്‍ക്കും ഭിന്നാഭിപ്രായമുണ്ടാകാനിടയില്ല. എന്നാല്‍ സോദാഹരണം ജീവിതത്തെ മാറ്റുരയ്‌ക്കാന്‍ ശ്രമിക്കുന്നുവെങ്കില്‍ യാഥാര്‍ഥ്യം വെളിപ്പെടും. അഞ്ചുനേരവും നമസ്‌കരിക്കുന്ന, നോമ്പെടുക്കുന്ന, സകാത്ത് നല്‌കുന്ന, ഹജ്ജും ഉംറയും നിര്‍വഹിച്ച ആളുകള്‍ കോഴ, സ്‌ത്രീധനം, നിക്ഷേപത്തട്ടിപ്പ് തുടങ്ങിയ സാമ്പത്തിക ക്രമക്കേടുകള്‍ ചെയ്യുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഇസ്‌ലാമിനെ കൃത്യമായി മനസ്സിലാക്കുന്നതില്‍ പിഴവു പറ്റിയിരിക്കുന്നു. ആരാധനാകാര്യങ്ങളില്‍ ശുഷ്‌കാന്തി പുലര്‍ത്തുന്നവര്‍ മാതാപിതാക്കളെ സംരക്ഷിക്കുന്നതിലും കുടുംബബന്ധം നിലനിര്‍ത്തുന്നതിലും വീഴ്‌ച വരുത്തുന്നുവെങ്കില്‍ അവര്‍ അപരാധികള്‍ തന്നെ. മതനിഷ്‌ഠയുണ്ട് എന്ന് കരുതുന്നവര്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തുന്നുവെങ്കില്‍ അത് വലിയ കുറ്റം തന്നെയാണ്. ഇവ ഉദാഹരണങ്ങള്‍ മാത്രം.
ചുരുക്കത്തില്‍ സത്യവിശ്വാസി (മുഅ്‌മിന്‍) എന്നു പറഞ്ഞാല്‍ കേവലം ഏതാനും വിശ്വാസങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവനല്ല, മറിച്ച്, ഇസ്‌ലാമിന്റെ മൗലികവും ശാഖാപരവുമായ എല്ലാ കാര്യങ്ങളും കഴിവതും സൂക്ഷിക്കുന്നവരാണ്. ഇസ്‌ലാമിക കാര്യങ്ങള്‍ മൊത്തത്തില്‍ വിശ്വാസം, ആരാധനകള്‍, സംസ്‌കാരം, ഇടപാടുകള്‍ എന്നിങ്ങനെ വിഭജിച്ചത് വിസ്‌തരിച്ച് വിശദീകരിക്കാന്‍ വേണ്ടി മാത്രമാണെന്ന് സൂചിപ്പിച്ചുവല്ലോ. ഇവ ഓരോന്നും വെവ്വേറെ സംഗതികളല്ല. ഇവ പരസ്‌പര ബന്ധിതങ്ങളും അനുപൂരകങ്ങളുമാണ്. നബി(സ) ലളിതമായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നു.
സത്യവിശ്വാസം (ഈമാന്‍) എഴുപതില്‍ പരം ശാഖകളാണ്. ഏറ്റവും ശ്രേഷ്‌ഠമായത് `അല്ലാഹുവല്ലാതെ ആരാധനയ്‌ക്കര്‍ഹനായി ആരുമില്ല' എന്ന വചനവും ഏറ്റവും താഴ്‌ന്ന പടിയിലുള്ളത് വഴിയില്‍ നിന്ന് തടസ്സങ്ങള്‍ നീക്കലുമാണ്. (മുസ്‌ലിം) സംസ്‌കാരം, മര്യാദ, മാനേഴ്‌സ് എന്നൊക്കെപ്പറയാവുന്ന സല്‍സ്വഭാവത്തിന്റെ ഒരു ഭാഗമായ ലജ്ജ ഈമാനില്‍ പെട്ടതാണ് എന്നതാണ് ഹദീസിന്റെ ബാക്കി ഭാഗം (മുസ്‌ലിം). ഇതില്‍ നിന്നെല്ലാം നാം ഉള്‍ക്കൊള്ളേണ്ട ചില കാര്യങ്ങളുണ്ട്. മതമെന്നു പറഞ്ഞാല്‍ ബാഹ്യമായ ചില കര്‍മങ്ങളോ മുസ്‌ലിം സമൂഹത്തിന്റെ മേല്‍വിലാസമോ അല്ല, മറിച്ച് വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ വിശുദ്ധിയാണ്.
വലിയ തിന്മകളിലോ സമൂഹ ജീര്‍ണതയിലോ മുസ്‌ലിംകള്‍ താരതമ്യേന കുറവായി കാണുന്നത് ഈ വിശ്വാസം മുറുകെ പിടിച്ചതുകൊണ്ടാണ്. എന്നാല്‍ സമകാല സംഭവങ്ങള്‍ നമ്മെ ഭീതിപ്പെടുത്തുന്നു; ചിന്തിപ്പിക്കുകയും ചെയ്യുന്നു. കൊള്ള, കൊല, കവര്‍ച്ച, വ്യഭിചാരം, സ്‌ത്രീപീഡനം ആത്മഹത്യ, സാമ്പത്തിക ക്രമക്കേടുകള്‍, അഴിമതി, തട്ടിപ്പ് തുടങ്ങി എന്തെല്ലാം ജീര്‍ണതകള്‍ സമൂഹത്തിലുണ്ടോ അവയില്‍ മിക്കതിലും മുസ്‌ലിം സമൂഹത്തിലെ അംഗങ്ങളും ഏറിവരുന്നതായി കാണുന്നു. അതേസമയം പള്ളികള്‍, മദ്‌റസകള്‍, മതപഠന ക്ലാസുകള്‍, മതസ്ഥാപനങ്ങള്‍ തുടങ്ങി മുസ്‌ലിം സമൂഹത്തിന്റെ മതകീയ ഉണര്‍വുകള്‍ മുന്‍കാലത്തില്‍ നിന്ന് എത്രയോ മടങ്ങ് മുന്‍പന്തിയിലാണു താനും. ഇവിടെയാണ് മതപ്രവര്‍ത്തകരും മതപ്രബോധകരും ചിന്തിക്കേണ്ടത്. നമ്മുടെ ഊര്‍ജവും പണവും സമയവും വൃഥാവിലാകുന്നുവോ? വിഭാഗീയതകള്‍ക്കപ്പുറം കൂട്ടായി ചിന്തിക്കേണ്ട ഒരു വിഷയമാണിത്.