റിലീസിന് മുമ്പെ 'വെപ്പം' ലാഭത്തില്‍
തമിഴില്‍ റിലീസിന് മുമ്പെ ലാഭം നേടുന്ന ചിത്രമായി 'വെപ്പം'. നിത്യമേനോന്‍ നായികയായ 'വെപ്പം' നിര്‍മ്മിച്ചത് പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്റെ ഫോട്ടോണ്‍ കഥാസ് പ്രൊഡക്ഷനാണ്. ജൂലായ് 29 നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. രണ്ടരക്കോടിയുടെ ബജറ്റില്‍ പൂര്‍ത്തിയായ ചിത്രത്തിന്റെ റിലീസിന് മുമ്പെ തിയേറ്റര്‍ അവകാശം വിറ്റുപോയത് രണ്ട് കോടി 60 ലക്ഷം രൂപയ്ക്കാണെന്ന് സ്‌റ്റോക്ക് മാര്‍ക്കറ്റ് വെബ് സൈറ്റിനെ ഉദ്ധരിച്ച് സിഫി.ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു.
ടെലിവിഷന്‍ അവകാശവും വിദേശത്തെ സംപ്രേക്ഷണ അവകാശവും തെലുങ്കിലെ വിതരണാവകാശവും എന്നിവയെല്ലാം കൂടി ഒരു കോടി 20 ലക്ഷം രൂപയ്ക്കും വിറ്റുപോയി. ഡി.വി.ഡി അവകാശം ശേഷിക്കെ തന്നെ നിര്‍മ്മാതാക്കള്‍ക്ക് ഇതിനോടകം മൂന്നു കോടി 83 ലക്ഷം ലഭിച്ചുകഴിഞ്ഞു. അതായത് റിലീസിന് മുമ്പ് തന്നെ ലാഭം ഒരു കോടി 25 ലക്ഷത്തിലെത്തിയിരിക്കുന്നു.
മൂന്നു സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നവാഗതയായ അഞ്ജന അലി ഖാനാണ് നിര്‍വഹിച്ചിരിക്കുന്നത്. തെലുങ്ക് നടന്‍ നാനി, കാര്‍ത്തിക് കുമാര്‍, നിത്യ മേനോന്‍ എന്നിവര്‍ക്കൊപ്പം ബിന്ദു മാധവി ഒരു സെക്‌സ് വര്‍ക്കറായും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ജോഷ്വാ ശ്രീധര്‍ ഈണമിട്ട ഗാനങ്ങള്‍ ഇതിനോടകം ഹിറ്റ് ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
പ്രധാന റിലീസ് സെന്ററുകളിലെ കളക്ഷന്‍ വിലയിരുത്തി ബോക്‌സ് ഓഫീസ് പ്രകടനം വിലയിരുത്തുന്നത് പഴങ്കഥയാകുന്നതാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ വരുമാനം പോലെ സിനിമകള്‍ക്ക് പ്രധാന വരുമാന സ്രോതസ്സായി ചാനല്‍ റൈറ്റ് മാറിയതോടെ നിര്‍മ്മാതാക്കള്‍ക്കും ആശ്വാസമായിരിക്കുകയാണ്. മലയാളത്തില്‍ രതിനിര്‍വേദത്തെ സംബന്ധിച്ചും സമാനമായ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
thanks mathrbhumi com
regards..maanu
regards..maanu
www.keralites.net |