. മെഗാസ്റ്റാര്‍ തങ്കപ്പന്റെ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ 25000 കൂളിഗ് ഗ്ലാസുകള്‍
. സൂപ്പര്‍ സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ നിന്ന് ഒരു നടിയുടെ വീട്ടിലേക്ക് തുരങ്കം
. കുട്ടപ്പന്റെ ശിക്കാരി പട്ടം തിരിച്ചെടുക്കണമെന്ന് കുമാര്‍ കോഴിക്കോട്
. കണ്ടെടുത്ത നിധി പ്രേക്ഷകര്‍ക്ക് വിതരണം ചെയ്യണമെന്നു മുനയന്‍
. ഫാന്‍സ് അസോസിയേഷന്‍കാര്‍ രാജപ്പന്റെ വീട് എറിഞ്ഞു തകര്‍ത്തു
. തങ്കപ്പനും കുട്ടപ്പനും ആദായനികുതി ഉദ്യോഗസ്ഥരായി പുതിയ സിനിമ
സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെയും മെഗാസ്റ്റാര്‍ തങ്കപ്പന്റെയും വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ വന്‍നിധിശേഖരം കണ്ടെടുത്തു. ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ അഭിനേതാക്കളായ ഇവരുടെ വീടുകളിലെ ഒരിക്കലും തുറക്കാത്ത അറകളെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്കൊടുവില്‍ ഇന്നലെയാണ് ആദായനികുതിവകുപ്പ് പരിശോധന ആരംഭിച്ചത്. സിനിമയിലെത്തിയതു മുതല്‍ ഇവര്‍ സമ്പാദിച്ചതെല്ലാം ഈ അറകളില്‍ ശേഖരിക്കുകയായിരുന്നെന്നും അറയിലേക്ക് നിക്ഷേപിക്കാനല്ലാതെ അറയില്‍ നിന്നു തിരിച്ചെടുക്കാനുള്ള വാതിലുകളൊന്നും ഇല്ലാത്തതിനാല്‍ ചരിത്രത്തിലാദ്യമായാണ് തങ്കപ്പന്റെയും കുട്ടപ്പന്റെയും അറകള്‍ തുറക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, രാജപ്പന്‍ എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്റെ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നതെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.
തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ നാല് രഹസ്യ അറകള്‍ വീതമാണ് ഉള്ളത്. ഇവയില്‍ എ,ബി. അറകള്‍ മാത്രം തുറന്നപ്പോഴാണ് വിലമതിക്കാനാവാത്ത സ്വത്ത് കണ്ടെടുത്തിട്ടുള്ളത്. ഇനിയും നാലഞ്ചു ദിവസം കൂടി പരിശോധിച്ചെങ്കില്‍ മാത്രമേ നിധി എത്രത്തോളം വരുമെന്നതിനെപ്പറ്റി ഒരു സൂചനയെങ്കിലും ലഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. മെഗാസ്റ്റാര്‍ തങ്കപ്പന്റെ വീട്ടിലെ എ അറ തുറന്നപ്പോള്‍ ഏതാണ്ട് 250000 കൂളിങ് ഗ്ലാസുകളാണ് കണ്ടെടുത്തത്. ലോകത്തെ വിവിധ കമ്പനികളുടെ വന്‍വിലയുള്ള കൂളിങ് ഗ്ലാസുകളാണ് ഇവ. ഇവയില്‍ പല കമ്പനികളും പതിറ്റാണ്ടുകള്‍ക്കു മുമ്പേ അടച്ചുപൂട്ടി പോയതാണെന്നതിനാല്‍ കൂളിങ് ഗ്ലാസുകളുടെ മൂല്യം നിര്‍ണയിക്കുക അസാധ്യമാണ്. എത്ര കൂളിങ് ഗ്ലാസുകളാണ് ഉള്ളത് എന്നത് എണ്ണി നോക്കുക അസാധ്യമായതിനാല്‍ തങ്കപ്പന്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സീനുകളുടെ എണ്ണവുമായി ഗുണിച്ച് ആണ് ആകെ എണ്ണം കണ്ടെത്തിയത്. എന്നാല്‍, ഈ കണക്ക് ശരിയല്ലെന്നും തങ്കപ്പന്‍ ചില സിനിമകളില്‍ അന്ധനായി അഭിനയിച്ചിട്ടുണ്ടെന്നുമുള്ള ആരോപണം ചലച്ചിത്രചരിത്രകാരന്മാര്‍ നിഷേധിച്ചു. ആന്ധനായും ഡെഡ്ബോഡിയായും അഭിനയിച്ച സീനുകളിലും അദ്ദേഹം കൂളിങ് ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.
തങ്കപ്പന്റെ വീട്ടിലെ ബി അറയില്‍ നിന്നും കോടിക്കണക്കിനു വില വരുന്ന ക്യാമറകളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമാണ് കണ്ടെടുത്തത്. മൊബൈല്‍ ഫോണുകളുടെയും ക്യാമറകളുടെയും ആപ്പിള്‍ ആ ഫോണ്‍, ഐപാഡ്, ഐ പോഡ് തുടങ്ങിയ ഉപകരണങ്ങളുടെയും കുന്നുകളാണ് അറയിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവയില്‍ പലതും അദ്ദേഹം തൊട്ടുനോക്കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയുടെ തെളിവാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വലിയൊരു പെട്ടിയില്‍ നിന്ന് റെഡി ക്യാഷായി 25 കോടി രൂപയോളം വേറെ കണ്ടെടുത്തു. 2050 വരെ ഇദ്ദേഹം അഭിനയിക്കാമെന്നു പറഞ്ഞ് ഡേറ്റ് നല്‍കി നിര്‍മാതാക്കളുടെ കയ്യില്‍ നിന്നും വാങ്ങിയ ടോക്കണ്‍ അഡ്വാന്‍സ് വാങ്ങിയതാണ് ഈ തുക. 100 വയസുവരെ താന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്കു ഡേറ്റ് നല്‍കിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും ദീര്‍ഘദദൃഷ്ടിയുടെയും തെളിവാണെന്നു ഉദ്യോഗസ്ഥര്‍ പുകഴ്ത്തി. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് ധാരാളം വെട്ടിത്തിരുത്തലുകളുള്ള സുപ്രധാനമായ ചരിത്രരേഖകള്‍ പിടിച്ചെടുത്തതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത് ഇരുവരും കാലങ്ങളായി സ്വന്തം പ്രായം തിരുത്തിക്കൊണ്ടിരുന്ന എസ്എസ്എല്‍സി ബുക്കാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു.
സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ പ്രധാന അറ തുറന്നപ്പോള്‍ ഏകദേശം 200000 പേജുകളുള്ള വലിയൊരു റജിസ്റ്റര്‍ കണ്ടെടുത്തതായി പറയുന്നു. കുട്ടപ്പന്‍ അഭിനയിച്ച സിനിമകളുടെ പേരെഴുതിയ റജിസ്റ്റര്‍ ആണ് അതെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പകുതിയോളം എഴുതിയിട്ടുള്ള റജിസ്റ്ററില്‍ ഒന്നു മുതല്‍ 9589 വരെ നമ്പരിട്ട് എഴുതിയിരിക്കുന്നത് സ്ത്രീകളുടെ പേരുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില സിനിമാ നടിമാരുടെ പേരിനോട് സാദൃശ്യമുള്ള പേരുകളും റജിസ്റ്റര്‍ ബുക്കിലുണ്ടെന്നും അതില്‍ ചില പേജുകളില്‍ ഒരേ പേരു തന്നെ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പറയുന്നു. ഓരോരുത്തരുടെയും പേരിനു നേരെ ഒന്നര മിനിറ്റ്, മൂന്ന് മിനിറ്റ് എന്നിങ്ങനെ സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റജിസ്റ്റര്‍ എന്താണെന്നതിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 3876 ഹെയര്‍പിന്‍, 356 സേഫ്ടി പിന്‍, 1200 പാവാടവള്ളി, 2300 ബ്ലൌസിന്റെ ഹുക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. അറയില്‍ നിന്ന് പ്രമുഖ സാമൂഹികവിര്‍ശകനും പ്രാസംഗികനുമായ കുമാര്‍ കോഴിക്കോടിന്റെ നിരവധി കോലങ്ങള്‍ കണ്ടെടുത്തു. കണ്ടെടുത്തവയോളം തന്നെ കോലങ്ങള്‍ രഹസ്യമായി അതിനുള്ളില്‍ തന്നെയിട്ട് കത്തിച്ചതായും സൂചനയുണ്ട്.
കുട്ടപ്പന്റെ വീട്ടിലെ രണ്ടാമത്തെ അറയില്‍ നിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോളാമ്പി, കിണ്ടി, മൊന്ത, ഉരുളി, കയ്യിലണിയുന്ന ചെമ്പുവളകള്‍ എന്നിവയടങ്ങുന്ന വലിയൊരു നിധിയാണ് കണ്ടെടുത്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കോഴിയുടെ നഖങ്ങള്‍ പിടിച്ചെടുത്തതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം കോഴിയായി അഭിനയിച്ച ഒരു സിനിമയുടെ നൂറാംദിനാഘോഷത്തില്‍ സമ്മാനിച്ച പ്ലാസ്റ്റര്‍ ഓഫ് പാരീസ് ശില്‍പമാണതെന്നു പിന്നീട് സ്ഥിരീകരിച്ചു. തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ ഇനിയും തുറക്കാനുള്ള അറകളില്‍ ഒരെണ്ണം ഉരുക്കില്‍ തീര്‍ത്തും മറ്റേത് സാറ്റലൈറ്റ് നിയന്ത്രിതവുമാണ്. ഈ അറകള്‍ക്കുള്ളില്‍ എന്താണെന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങളും കെട്ടുകഥകളും പ്രചരിക്കുകയാണ്. തങ്കപ്പന്റെ അറകളില്‍ കെഎല്‍ 7 ന്റെ വരാനിരിക്കുന്ന സീരിസുകളില്‍ തന്റെ വാഹനനമ്പര്‍ എഴുതിയ നമ്പര്‍ പ്ലേറ്റുകളും യുവതിരക്കഥാകൃത്തുക്കളുടെ കയ്യില്‍ നിന്നു വായിക്കാനായി വാങ്ങിയ തിരക്കഥകളുമാണെന്നു പ്രചാരണമുണ്ട്. ചന്ദ്രനില്‍ ഇദ്ദേഹം വാങ്ങിയതായി പറയുന്ന ഫ്ലാറ്റിലേക്ക് എളുപ്പത്തില്‍ ചെല്ലാവുന്ന ലിഫ്റ്റ് ആണ് ഒരു അറയിലെന്നും കേള്‍ക്കുന്നു. കുട്ടപ്പന്റെ വീട്ടിലെ തുറക്കാത്ത അറയില്‍ നിന്ന് ഒരു പ്രമുഖ നടിയുടെ വീട്ടിലേക്കു തുരങ്കമുള്ളതായി ശക്തമായ കഥകളുണ്ട്. ഈ നടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ വലിയൊരു പാറമടയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.
വാര്‍ധ്യക്യത്തോടടുത്തുകൊണ്ടിരിക്കുന്ന തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടില്‍ നിന്നും കണ്ടെടുത്ത നിധി വളര്‍ന്നു വരുന്ന ന്യൂജനറേഷന്‍ താരങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് റെയ്ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നു കരുതുന്ന രാജപ്പന്‍ ആവശ്യപ്പെട്ടു. അതേസമയം, കുട്ടപ്പന്റെ വീട്ടില്‍ നിന്നും കോഴിയുടെ നഖവും മറ്റും പിടിച്ചെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനു സര്‍ക്കാര്‍ നല്‍കിയ ശിക്കാരി പട്ടം തിരിച്ചെടുത്ത് മൊത്തം വെടിക്കാരുടെയും അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നു കുമാര്‍ കോഴിക്കോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടിലെ രഹസ്യ അറകളില്‍ നിന്നു പിടിച്ചെടുത്ത നിധി അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നും അതിന്റെ മേല്‍ അവകാശമുന്നയിക്കുന്നത് നികൃഷ്ടമാണെന്നും ഫാന്‍സ് അസോസിയേഷനുകള്‍ പറഞ്ഞു. ഇരുതാരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകള്‍ മാറി മാറി രാത്രി രാജപ്പന്റെ വീടിനു നേരെ കല്ലേറ് നടത്തി. ഇരുതാരങ്ങളുടെയും തല്ലിപ്പൊളി സിനിമകള്‍ കണ്ട് കാശുപോയ സാധാരണപ്രേക്ഷകര്‍ക്ക് ടിക്കറ്റിന്റെ കൌണ്ടര്‍ ഫോയ്ല്‍ ഒന്നിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഈ നിധി നല്‍കണമെന്നു വിമതസംവിധായകന്‍ മുനയന്‍ ആവശ്യപ്പെട്ടു.
തങ്ങളുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു എന്നു പറയുന്ന സ്വത്തുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും എല്ലാം പ്രേക്ഷകരുടേതാണെന്നും എന്നാല്‍ അത് അറകളില്‍ നിന്ന് എങ്ങോട്ടും നീക്കാന്‍ പാടില്ലെന്നും ഇരുതാരങ്ങളും പറഞ്ഞു. ആദായനികുതിവകുപ്പിന്റെ പരിശോധനയെക്കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വകുപ്പ് ഉള്ളതായി അറിവില്ലെന്നും പുതിയ സര്‍ക്കാര്‍ ഇത്തരം വകുപ്പുകള്‍ തുടങ്ങുമ്പോള്‍ സാധാരണജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഇതെപ്പറ്റി തന്റെ മന്ത്രിസുഹൃത്തിനോട് പറയുമെന്നും കുട്ടപ്പന്‍ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് തട്ടിമുട്ടി കഴിഞ്ഞുപോകാന്‍ മാസം ഒന്നരക്കോടി രൂപയോളം വേണമെന്നത് അറിയാവുന്ന സര്‍ക്കാര്‍ സ്കോച്ച് വിസ്കിയുടെയും ഇറ്റാലിയന്‍ മാര്‍ബിളിന്റെയും വില കുറയ്ക്കാതെ റെയ്ഡുമായിറങ്ങിയത് ജനാധിപത്യവിരുദ്ധമാണെന്നും ഇതെപ്പറ്റി ബ്ലോഗിലെഴുതിക്കുമെന്നും തങ്കപ്പന്‍ ആരോപിച്ചു.
അതേ സമയം, തങ്കപ്പനും കൂട്ടപ്പനും നായകന്മാരാകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം 'ഇന്‍കം ടാക്സി'ന്റെ തിരക്കഥാജോലികള്‍ തുടങ്ങിയതായി തിരക്കഥാകൃത്തുക്കളായ ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു. ചിത്രത്തില്‍ അതിശക്തരായ രണ്ട് ആദായനികുതി ഉദ്യോഗസ്ഥരെയാണ് ഇവര്‍ അവതരിപ്പിക്കുകയത്രേ. ആദായനികുതി ഉദ്യോഗസ്ഥര്‍ സൂപ്പര്‍താരങ്ങളെക്കാള്‍ ശക്തരാണ് എന്നു തിരിച്ചറിഞ്ഞ ഇവര്‍ തങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ഇങ്ങോട്ടു വിളിച്ച് ഡേറ്റ് നല്‍കുകയായിരുന്നെന്ന് ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു.