ബുറൈദ: ഗള്‍ഫ്‌നാടുകളിലെത്തി പതിറ്റാണ്ട് കഴിഞ്ഞിട്ടും നാട്ടില്‍ പോകാനോ കുടുംബവുമായി സന്ധിക്കാനോ തയാറാവാതെ ജീവിതം കഴിക്കുന്ന മലയാളികളേറെ. ഭാര്യാസന്താനങ്ങളെയും രക്തബന്ധുക്കളെയും വിട്ട് 'സ്വസ്ഥമായി' കഴിയുന്ന ചിലര്‍ ഖസീമിലുമുണ്ട്. ഉള്ള ജോലിയിലും അതില്‍നിന്ന് ലഭിക്കുന്ന വേതനത്തിലും തൃപ്തരായി നാടിനെയോ വീടിനെയോ കുറിച്ച് ചിന്തിച്ച് അലോസരപ്പെടാതെ ദിനരാത്രങ്ങള്‍ കഴിച്ചുകൂട്ടുന്നവരും വരുമാനത്തിന്റെ നല്ലപങ്ക് തായ്‌ലാന്റ് ലോട്ടറി പോലുള്ളവയില്‍ പാഴാക്കി തുലയുന്നവരും നാട്ടില്‍ പോകാന്‍ 'മറന്നുപോയവരും' ഉണ്ട് ഇക്കൂട്ടത്തില്‍.
പ്രാരാബ്ധങ്ങളില്‍ നിന്ന് കുടുംബത്തെ കരകയറ്റുക, വീട് വെക്കുക, മക്കളെ നന്നായി പോറ്റുക, അവര്‍ക്ക് നല്ലൊരു ഭാവി നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി കടല്‍ കടന്നെത്തിയ ശേഷം ക്രമേണ നാടിനോടും വീടിനോടും ഒരുതരം 'അലര്‍ജി' വളര്‍ന്ന ചിലരെങ്കിലും പ്രവാസ ലോകത്തുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഖസീം പ്രവിശ്യയുടെ ഇരുകോണുകളിലായി കഴിയുന്ന കൊല്ലം ജില്ലക്കാരായ രണ്ടുപേര്‍ ഒരു വ്യാഴ വട്ടത്തിനുശേഷവും നാട്ടില്‍ പോകാത്തവരാണ്. ഇതില്‍ അല്‍റസ്സിനടുത്ത ബദായയിലുള്ള വ്യക്തി സ്‌പോണ്‍സറുടെ സഹായത്തോടെ സ്വന്തമായി ഒരു വീട് തന്നെ വാങ്ങി അവിടെ ചില്ലറ ഹോബികളുമായി കഴിയുകയാണത്രെ. നാട്ടില്‍പോകുന്ന കാര്യം ആരെങ്കിലും സൂചിപ്പിച്ചാല്‍ അവരോടുള്ള ലോഹ്യം അതോടെ തീരും. പെരുന്നാളിനോ മറ്റോ ചെറിയൊരു തുക കുടുംബത്തിലേക്ക് അയച്ചുകൊടുത്താലായി. മൂത്ത മകന്‍ കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. കരാര്‍ വ്യവസ്ഥയില്‍ കെട്ടിടനിര്‍മാണ ജോലികള്‍ ചെയ്യുന്ന ഇയാള്‍ മൂന്ന് ആണ്‍മക്കളില്‍ രണ്ടാമത്തെയാള്‍ക്ക് ഒരു വിസ അയച്ചുകൊടുക്കാന്‍ സൗമനസ്യം കാട്ടി. ഈ മകന്റെ അറിവില്‍ മാതാപിതാക്കള്‍ക്കിടയില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ല. മകന്‍ അടുത്തെത്തുന്നതോടെ കുടുംബത്തെപ്പറ്റിയുള്ള ചിന്ത ഉണരുമെന്ന് കണക്കുകൂട്ടിയ കടുംബാംഗങ്ങള്‍ക്കും ഗുണകാംക്ഷികള്‍ക്കും പക്ഷേ തെറ്റി. ഗൃഹസ്ഥനായ താന്‍ പോലും നാട്ടില്‍ പോകാത്ത സ്ഥിതിക്ക് അവിവാഹിതനായ മകന്‍ അക്കാര്യം ചിന്തിക്കുകയേ വേണ്ടെന്നാണത്രെ ഇയാളുടെ വിചാരഗതി.
ഇവിടെനിന്ന് 70 കി.മീ. അകലെ അല്‍ ആസിയയില്‍ ജോലി ചെയ്യുന്ന ഇതേ ജില്ലക്കാരനായ ആള്‍ പ്ലംബിങ് ജോലിക്കാരനാണ്. 13 വര്‍ഷം പിന്നിട്ട രണ്ട് മക്കളുടെ പിതാവായ ഇയാള്‍ ഇളയ കുട്ടിയെ കണ്ടിട്ടേയില്ല. സ്വദേശികളുടെ വീടുകളില്‍ ജോലി ചെയ്യുന്ന ഇയാള്‍ മൊബൈല്‍ ഫോണില്‍ വിളിക്കുന്നത് മലയാളിയാണെന്ന് മനസ്സിലായാല്‍ ഉടന്‍ കട്ട് ചെയ്യും. ഇതര ജില്ലക്കാരായ മറ്റു ചിലരുമുണ്ട് ഇത്തരത്തില്‍ വീടും നാടും മറന്ന് ജീവിക്കുന്നവരുടെ കൂട്ടത്തില്‍. ഇത്തരത്തില്‍ റിയാദില്‍ കഴിഞ്ഞ മലപ്പുറം സ്വദേശിയുടെ ഭാര്യ ഇന്ത്യന്‍ എംബസി മുഖേന വിവാഹമോചനത്തിനും നഷ്ടപരിഹാരത്തിനും വഴിതേടിയപ്പോള്‍ നാട്ടില്‍പോകാമെന്ന സമ്മതിച്ച വാര്‍ത്ത 'ഗള്‍ഫ് മാധ്യമം' പ്രസിദ്ധീകരിക്കുകയുണ്ടായി.
ജിദ്ദയില്‍ ഇങ്ങനെ നാടും വീടും മറന്ന ഒട്ടനവധി പേരുണ്ട്. കണ്ണൂര്‍ മട്ടന്നൂരിനടുത്തുള്ള ഒരു വിദ്വാന്‍ ഭാര്യയെയും കുട്ടികളെയും മറന്നിട്ട് വ്യാഴവട്ടം കഴിഞ്ഞു. ഹോട്ടലിലും മറ്റും കുക്കായി ജോലി ചെയ്യുന്ന ഇയാളെ നാട്ടിലെത്തിക്കാന്‍ സൗദിയിലുള്ള ഭാര്യാസഹോദരന്‍ മെനക്കെട്ടപ്പോള്‍ അയാള്‍ 'തനിനിറം' കാട്ടി. ഭാര്യാവീട്ടിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയപ്പോള്‍ ഇയാള്‍ സൗദിയില്‍ തന്നെ കഴിഞ്ഞോട്ടെയെന്ന് വീട്ടുകാര്‍ക്ക് തീരുമാനിക്കേണ്ടിവന്നു.
ജോലി ചെയ്യാന്‍ ആരോഗ്യമുള്ള കാലത്ത് അധ്വാനിച്ചുണ്ടാക്കുന്ന പണം ശീട്ടുകളിച്ചും അല്ലെങ്കില്‍ ഏതെങ്കിലും നാട്ടില്‍നിന്ന് കുടിയേറിപ്പാര്‍ത്ത സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചും കഴിച്ചുകൂട്ടുന്ന ഇത്തരം 'തരികിട'ക്കാര്‍ക്ക് തെരുവിലോ ആശുപത്രിയിലോ കിടന്നു മരിക്കാനായിരിക്കും വിധി. മയ്യിത്ത് ഇവിടെ ഖബറടക്കാന്‍ അനുമതി പത്രം നല്‍കാന്‍ പോലും ആരും മുന്നോട്ട് വരാനുണ്ടാവാത്ത അവസ്ഥയിലേക്ക് എത്തും മുമ്പ് ഇത്തരക്കാരെ അക്കരയിലേക്ക് നാട് കടത്താന്‍ ഒരു കാമ്പയിന് തുടക്കം കുറിക്കേണ്ടതുണ്ടെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നത്.
News from:- www.madhyamam.com