വീട്ടില്‍ വീണ്ടും പരിശോധന: ലാലിനെച്ചൊല്ലി അഭ്യൂഹംകൊച്ചി: മോഹന്‍ലാലിന്റെ വീട്ടില്‍ ആദായനികുതി വകുപ്പ് അധികൃതരുടെ പരിശോധന വീണ്ടും. കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ പരിശോധനയുടെ തുടര്‍ച്ചയായിരുന്നു ഇന്നലത്തെ പരിശോധന. ഇന്നലെ രാവിലെ പതിനൊന്നരയോടെ വീട്ടിലെത്തിയ ആദായനികുതി വകുപ്പിലെ നാലംഗസംഘമാണ് രേഖകളും മറ്റും പരിശോധിച്ച് തെളിവെടുത്തത്. മോഹന്‍ലാലിന്റെ മൊഴിയെടുത്തോ എന്നതിനു സ്‌ഥിരീകരണമില്ല. പരിശോധന പൂര്‍ത്തിയായ ശേഷം വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കുമെന്ന് വകുപ്പ്‌തല ഉന്നത ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.
Courtesy:-- Mangalam Daily
അടച്ചിട്ട കൂറ്റന്‍ഗേറ്റിനുപുറത്തു കാത്തുനിന്ന മാധ്യമപ്പടയ്‌ക്കും മോഹന്‍ലാല്‍ വീട്ടിലെത്തിയിട്ടുണ്ടോയെന്നതിനെക്കുറിച്ച് വ്യക്‌തമായ ധാരണയുണ്ടായിരുന്നില്ല. അയല്‍വാസികള്‍ പലരും പലരീതിയിലാണ് പ്രതികരിച്ചത്. ഇടനേരങ്ങളില്‍ ഗേറ്റ് പാതിതുറന്ന് പുറത്തേക്കു തലനീട്ടിയ വീട്ടുജോലിക്കാരന്‍ 'സാര്‍ വീട്ടിലില്ലെ'ന്ന് ഒറ്റവാക്കില്‍ പ്രതികരിച്ചു.
തങ്ങള്‍ക്ക് ലാലിന്റെ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നു പരിശോധന നടത്തുന്ന ഉദ്യോഗസ്‌ഥര്‍ ഫോണിലൂടെയും പ്രതികരിച്ചപ്പോള്‍തന്നെ ലാല്‍ വീട്ടില്‍ മറ്റൊരു മുറിയിലുണ്ടാകാമെന്ന സുചന നല്‍കിയത് ആശയക്കുഴപ്പത്തിനിടയാക്കി.
രാമേശ്വരത്ത് ഷൂട്ടിംഗ് അവസാനിക്കുകയും വീട്ടില്‍ വീണ്ടും പരിശോധന നടക്കുകയും ചെയ്‌ത സാഹചര്യത്തില്‍ മോഹന്‍ലാല്‍ എവിടെയെന്ന അന്വേഷണമായിരുന്നു ഇന്നലെ പകല്‍മുഴുവന്‍ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുണ്ടായത്. ആറുമണിയോടെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്‌ഥസംഘം പുറത്തേക്കു പോകുന്നതിനുമുമ്പായി ഒരു കാര്‍ ലാലിന്റെ വീട്ടില്‍നിന്നു പുറത്തു കടന്നിരുന്നു. കറുത്ത ഗ്ലാസ് ഉയര്‍ത്തി പുറത്തേക്കു പാഞ്ഞ കാറില്‍ മോഹന്‍ലാലാണെന്ന അഭ്യൂഹമുണ്ടായെങ്കിലും അതിനും സ്‌ഥിതീകരണമുണ്ടായില്ല. ഉദ്യോഗസ്‌ഥ സംഘം പോയി അരമണിക്കൂറിനുശേഷം മോഹന്‍ലാലിന്റെ പജേറ കുതിച്ചെത്തി ഗേറ്റിനുമുന്നില്‍ തെല്ലിട നിന്നു.
അപ്പോഴേക്കും കാത്തുനിന്ന ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഓടിയെത്തി കാറില്‍ പൂ വിതറി മോഹന്‍ലാലിന് ജയ് വിളിച്ചു. ഗേറ്റ് കടന്ന് മുറ്റത്തെത്തിയ കാറില്‍നിന്ന് പുറത്തിറങ്ങിയത് ആരാണെന്നതും വ്യക്‌തമായില്ല. കൂറ്റന്‍ ഗേറ്റ് എല്ലാം മറച്ചുപിടിക്കുന്ന വിധത്തിലായിരുന്നു.
ഗേറ്റിനുമുന്നില്‍ നിര്‍ത്തിയപ്പോഴും കാറിന്റെ കറുത്തഗ്ലാസുകള്‍ താഴ്‌ന്നിരുന്നില്ല. മോഹന്‍ലാലിന്റെ ചിത്രം റോഡരികില്‍ സ്‌ഥാപിച്ച് പാലഭിഷേകം നടത്തി ആരാധകര്‍ പിരിഞ്ഞുപോയി. പരിശോധനാ സമയത്ത് മോഹന്‍ലാല്‍ വീട്ടിലുണ്ടായിരുന്നെന്ന ധാരണയുണ്ടാക്കാനാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നു കരുതുന്നു. മാധ്യമപ്രവര്‍ത്തകരെ അകത്തുകടക്കാന്‍ അനുവദിച്ചില്ല. ഒരു കാര്യത്തിലും വ്യക്‌തതയുണ്ടാക്കാന്‍ മോഹന്‍ലാലിനും പരിശോധനാ സംഘത്തിനും താല്‍പര്യമില്ലായിരുന്നുവെന്നുവേണം കരുതാന്‍. മോഹന്‍ലാലിന്റെ വിരലടയാളം പതിച്ചാല്‍ മാത്രം തുറക്കാവുന്ന മുറികള്‍ പരിശോധിക്കാന്‍ സാധിച്ചിട്ടുണ്ടോയെന്നതും വ്യക്‌തമല്ല. വൈകീട്ട് മൂന്നുമണിയോടെയാണ് കൂട്ടമായെത്തിയ ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ വീടിനു സമീപത്തെ റോഡരികിലായി മോഹന്‍ലാലിന്റെ ഫോട്ടോയും ഡയലോഗും പതിച്ച ഫ്‌ളക്‌സുകള്‍ കെട്ടിയത്. അയല്‍വീടിന്റെ ടെറസില്‍ കയറി ലാലിന്റെ വീടിന്റെ പടമെടുക്കാനുള്ള ചാനല്‍പ്രവര്‍ത്തകരുടെ നീക്കം വീട്ടുടമ ഇടപെട്ട് തടഞ്ഞു.
രേഖകളില്‍ കാണിക്കാത്ത സമ്പാദ്യമുണ്ടെന്ന് മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്‌ഥരോട് സമ്മതിച്ചിട്ടുണ്ട്. അന്വേഷണം നടക്കുന്ന സമയത്തു തന്നെ ഇത്തരത്തില്‍ സമ്മതിച്ചാല്‍ പിഴയൊടുക്കാതെ തടിയൂരാവുന്നതുമാണ്. നേരത്തേ റെയ്‌ഡ് നടക്കുന്ന സമയത്ത് മോഹന്‍ലാല്‍ ബ്ലസി സംവിധാനം ചെയ്യുന്ന 'പ്രണയം' എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് രാമേശ്വരത്തായിരുന്നു. ഇന്നലെയോടെ പ്രണയത്തിന്റെ ഷൂട്ടിംഗ് തീര്‍ന്നതായാണ് വിവരം.
അതിനാല്‍തന്നെ മോഹന്‍ലാല്‍ വീട്ടിലെത്തിയേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. താരങ്ങളുടെ ബിസിനസും മറ്റു ധനഇടപാടുകളും ആറ് മാസമായി നിരീക്ഷിച്ചശേഷമാണ് ആദായനികുതി വകുപ്പ് അധികൃതര്‍ റെയ്‌ഡ് നടത്തിയത്. ഏറ്റവുമൊടുവില്‍ രണ്ടു താരങ്ങളും വാങ്ങിയ പ്രതിഫലം കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ലെന്നും നിര്‍മാണകമ്പനികളുമായി ബന്ധപ്പെട്ട കണക്കില്‍ കൃത്രിമമുണ്ടെന്നും ബോധ്യപ്പെട്ടിട്ടുണ്ട്.
Courtesy:---Mangalam Daily...