'കൊമ്പു' കുത്തുമോ ആറാം തമ്പുരാന്‍? കൊച്ചി :മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആദായനികുതി ഉദ്യോഗസ്‌ഥര്‍ പിടിച്ചെടുത്ത ആനക്കൊമ്പുമായി ബന്ധപ്പെട്ടു വനംവകുപ്പ് അന്വേഷണം തുടങ്ങി. അനുമതിയില്ലാതെയാണ് ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിച്ചതെങ്കില്‍ ഏഴുവര്‍ഷംവരെ തടവുശിക്ഷ ലഭിക്കാം. മാനിനെ വേട്ടയാടിയ ബോളിവുഡ് താരം സല്‍മാന്‍ഖാന്‍ ഇപ്പോള്‍ കോടതി കയറിയിറങ്ങുകയാണ്. ഹൈക്കോടതി സല്‍മാന്‍ഖാനെ ശിക്ഷിച്ചെങ്കിലും അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചു.
ആനയും സല്‍മാന്‍ഖാന്‍ വേട്ടയാടിയ കൃഷ്‌ണമൃഗവുമൊക്കെ വന്യജീവി സംരക്ഷണനിയമം ഷെഡ്യൂള്‍ 1 പട്ടികയില്‍പ്പെടുന്നു. ഈ പട്ടികയിലെ ജീവികളെ കൊല്ലാനോ ശരീരഭാഗങ്ങള്‍ സൂക്ഷിക്കാനോ പാടില്ല. എന്നാല്‍, പ്രത്യേക അനുമതിയോടെ ആനക്കൊമ്പുപോലുള്ളവ സൂക്ഷിക്കാം. അതിനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അപേക്ഷ നല്‍കണം. ലഭിച്ചതു ശരിയായ മാര്‍ഗത്തിലാണെന്നു വ്യക്‌തമായാല്‍ സൂക്ഷിക്കാനുള്ള അനുമതിപത്രം നല്‍കും. ഉദ്യോഗസ്‌ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നെന്നും എന്നാല്‍ കാലപ്പഴക്കത്താല്‍ കൈമോശംവന്നെന്നുമാണു മോഹന്‍ലാല്‍ പ്രതികരിച്ചത്.
നഷ്‌ടപ്പെട്ടാലും വനംവകുപ്പ് ആസ്‌ഥാനവുമായി ബന്ധപ്പെട്ടാല്‍ അനുമതിപത്രം കണ്ടെത്താവുന്നതേയുള്ളൂ. സംസ്‌ഥാനത്ത് ആനക്കൊമ്പ് സൂക്ഷിക്കാനുള്ള ലൈസന്‍സ് വളരെക്കുറച്ചുപേര്‍ക്കേ നല്‍കിയിട്ടുള്ളൂ. അതിനാല്‍ ഫയല്‍ പരിശോധിച്ചു ലൈസന്‍സ് നമ്പര്‍ കണ്ടെത്താന്‍ ഏറെ മെനക്കെടേണ്ടതില്ല.വന്യജീവി സംരക്ഷണനിയമപ്രകാരം വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ കേസെടുത്താല്‍ കോടതിയില്‍ നിരപരാധിത്വം തെളിയിക്കേണ്ട ചുമതല പ്രതിക്കു മാത്രമാണ്. പ്രോസിക്യൂഷന്‍ തെളിവു നല്‍കേണ്ട ആവശ്യവുമില്ല. അതിനാല്‍ ഇത്തരം കേസുകളില്‍പ്പെടുന്നവര്‍ കോടതിയില്‍ ഏറെ വിയര്‍ക്കേണ്ടിവരും.
ലൈസന്‍സ് ഹാജരാക്കാന്‍ സാധിച്ചില്ലെങ്കില്‍ സല്‍മാന്‍ഖാന്റെ അവസ്‌ഥയിലാകും മോഹന്‍ലാന്‍. എന്നാല്‍, ആദായനികുതിവകുപ്പിന്റെ പരിശോധനയില്‍ അനധികൃതസമ്പാദ്യം കണ്ടെത്തിയാലും പിഴയൊടുക്കി തടിയൂരാം. റെയ്‌ഡില്‍ ആനക്കൊമ്പ് കണ്ടെത്തിയെന്ന വാര്‍ത്തകളേത്തുടര്‍ന്നു വനംവകുപ്പ് പ്രാഥമികപരിശോധന നടത്തി. എറണാകുളം ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ. ഉണ്ണിക്കൃഷ്‌ണനാണ് അന്വേഷണച്ചുമതല. റെയ്‌ഡ് തീര്‍ന്നശേഷം റിപ്പോര്‍ട്ട് നല്‍കാമെന്നാണ് ആദായനികുതിവകുപ്പ് അറിയിച്ചതെന്ന് ഉണ്ണിക്കൃഷ്‌ണന്‍ 'മംഗള'ത്തോടു പറഞ്ഞു.
ആനക്കൊമ്പ് സൂക്ഷിക്കാനുള്ള നിയമവ്യവസ്‌ഥ 2000 വരെ ഉദാരമായിരുന്നെങ്കിലും പിന്നീടു കര്‍ക്കശമാക്കി. ഇത്തരം വസ്‌തുക്കള്‍ കൈവശമുള്ളവര്‍ സാക്ഷ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു വനംവകുപ്പ് നിരന്തരം പത്രപ്പരസ്യങ്ങള്‍ നല്‍കിയിരുന്നു.
-ജിനേഷ് പൂനത്ത്
Courtesy :-- Mangalam Daily.....