[www.keralites.net] ഒരു കടംകഥ

 

എന്റെ സുഹൃത്ത്‌ പറഞ്ഞിട്ടുള്ള ഒരു കടംകഥയാണ്‌.

ദിവസം 1.
ചോദ്യം: ഒരു പക്ഷി, ആകാശത്ത് കൂടെ പറക്കുകയായിരുന്നു. പക്ഷിക്ക് മുട്ടയിടാന്‍ തോന്നി. മുട്ടയിട്ടു, പറക്കുമ്പോള്‍ തന്നെ. മുട്ട വീണത്‌ ഒരു പാറപ്പുറത്ത്. മുട്ട പൊട്ടിയില്ല! എന്തുകൊണ്ട്?
ഉത്തരം: മുട്ടയുടെ ഭാഗ്യം...

ദിവസം 2.
ചോദ്യം: അടുത്ത ദിവസം അതേ പക്ഷി അതേ പാറയുടെ മുകളില്‍ മുട്ടയിട്ടു. മുട്ട പൊട്ടിയില്ല. എന്തുകൊണ്ട്?
ഉത്തരം:എക്സ്പീരിയന്‍സ്

ദിവസം 3.
വീണ്ടും ചോദ്യം: അടുത്ത ദിവസവും പക്ഷി മുട്ടയിട്ടു. മുട്ട പൊട്ടിയില്ല. എന്തുകൊണ്ട്?
ഉത്തരം: കോണ്ഫിടന്‍സ്

ദിവസം 4.
പിന്നെയും ചോദ്യം:അടുത്ത ദിവസവും പക്ഷി മുട്ടയിടല്‍ ആവര്‍ത്തിച്ചു. മുട്ട പൊട്ടി. എന്തുകൊണ്ട്?
ഉത്തരം: ഓവര്‍ കോണ്ഫിടന്‍സ്.

ഈ കടംകഥകള്‍ 1990 കളില്‍ (അതായത് മൊബൈല്‍ ഫോണ്‍ എന്ന അലവലാതി ജനങ്ങളെ പിരിക്കുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ മാത്രമല്ല, ഇന്റര്‍നെറ്റ്‌, സാടലൈറ്റ്‌ ചാനല്‍ തുടങ്ങിയ പോക്കിരികളും ഉണ്ടായിരുന്നില്ല) ഞങ്ങള്‍ തിരുവന്തോരം മ്യൂസിയത്തില്‍ സ്ഥിരം കണ്ടുമുട്ടുമായിരുന്ന സമയത്ത് പറഞ്ഞതാണ്. അന്ന് പീഡനങ്ങള്‍ പത്രങ്ങള്‍ക്കു സെന്‍സേഷന്‍ ആയിരുന്നില്ല. അതുകൊണ്ട് പുതിയ പീഡന കഥകള്‍ക്കായി ആരും കാത്തിരിക്കാതെ സൌഹൃദ കൂട്ടായ്മയുടെ കുളിരും കുന്നായ്മയും കുണ്ടാമാണ്ടികളും ആസ്വദിക്കുന്ന കാലഘട്ടം.

ഈ കടംകഥ ഇന്ന് ഓര്‍ക്കുവാന്‍ കാരണമുണ്ട്.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ കാണാതായ പെണ്‍കുട്ടിയെ മഹാരാഷ്ട്രയിലെ ഒരു റെയില്‍വേ സ്റേഷനില്‍ നിന്നും കേരള പോലീസ് കണ്ടെത്തിയ ഇക്കിളി കഥ ഇന്നത്തെ കേരള കൌമുദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


ഇക്കിളി കഥയുടെ ചുരുക്കം ആദ്യം പറഞ്ഞ കടംകഥ തന്നെ. രണ്ടുമാസം മുമ്പ് ആദ്യം ഒരാള്‍ "മിസ്ഡ്‌ കാളിലൂടെ" പരിചയപെട്ടു 'പീഡിപ്പിക്കുന്നു'. പിന്നീട് ആ 'പീഡനം' തുടരുന്നു. അതിനിടയില്‍ ഒരു മഹാരാഷ്ട്രക്കാരന്‍ വീണ്ടും 'മിസ്ഡ്‌ കാളിലൂടെ' പരിചയപ്പെടുന്നു, കുട്ടിയെ 'തട്ടിക്കൊണ്ടു' പോകുന്നു. എന്തായാലും അയാള്‍ 'പീഡിപ്പിച്ചില്ല' എന്നാണ് കുട്ടിയും പോലീസും പറയുന്നത്. എന്നാല്‍ കഴിഞ്ഞ വര്ഷം ഒരാള്‍ ഇതുപോലെ 'തട്ടിക്കൊണ്ടു' പോയി 'പീഡിപ്പി'ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വഴിക്ക് വച്ച് പോലീസ് പിടിയില്‍ ആയതിനാല്‍ ആ ശ്രമം പരാജയപ്പെട്ടു എന്നും റിപ്പോര്‍ട്ട് തുടര്‍ന്ന് പറയുന്നു.

വെറും പതിനഞ്ചു വയസ്സായ, എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുഞ്ഞിനെ കാപാലികര്‍ ആ കുഞ്ഞിന്റെ നിഷ്കളങ്കത മുതലെടുത്തു ആ കുഞ്ഞിന്റെ മൊബൈലിലേക്ക് 'മിസ്ഡ്‌ കാള്‍' ചെയ്തു പീഡിപ്പിക്കുന്നു. കേരളം പോയ ഒരു പോക്കേ. ഇത്രയ്ക്കു കാപാലികര്‍, നിഷ്ഠൂരര്‍ ആയി തീരുക മാത്രമല്ല, അതേ നിഷ്ഠൂരത ഇവിടെ പണിക്കു വരുന്ന പരദേശികളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ തക്ക രീതിയില്‍ വളരുകയും ചെയ്തിരിക്കുന്നു. കേരളത്തിലെ പുരുഷന്മാരെ, നിങ്ങളെ ഓര്‍ത്തു, നിങ്ങളില്‍ ഒരുവനായ ഞാന്‍ ലജ്ജിക്കുന്നു.

ഇനിയും നിങ്ങള്‍ ഇതൊക്കെ ചെയ്യുന്നതിന് മുമ്പ് ഒരു രക്ഷാകര്‍ത്താവിന്റെ പരിവേദനം നിങ്ങള്‍ ഒന്നു വായിച്ചു നോക്കണം.

കേരളത്തിലെ മെഡിക്കല്‍ സൌകര്യങ്ങള്‍ ഇത്രയൊക്കെ പുരോഗമിച്ചിട്ടും അബദ്ധത്തില്‍ ജനിച്ചുപോകുന്ന പെണ്‍കുട്ടികളെ എത്ര ശ്രദ്ധയോടെയാണ് ഞങ്ങള്‍ വളര്‍ത്തുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കണം. ജനിച്ചു വീഴുന്നതുമുതല്‍, ഇവിടുത്തെ പുരോഗമന വാദികളും ബുദ്ധിജീവികളും ചവറു എന്ന് പറയുന്ന, പക്ഷെ ജീവിത പ്രാരാബ്ധങ്ങളില്‍ കുടുംബത്തിന്റെ ഏക ആശ്വാസമായ മെഗാ സീരിയലുകള്‍ യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ രൂപങ്ങളായ റിയാലിറ്റി ഷോകള്‍ എന്നിവയൊക്കെ കാണിച്ചു കൊഞ്ചിച്ചു ഒമാനിച്ചാണ് ഞങ്ങള്‍ പെണ്മക്കളെ പോറ്റി വളര്‍ത്തുന്നത്. ആണ്‍കുട്ടികള്‍ നിങ്ങളെ പോലെ, ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ അവന്മാര്‍ക്ക് ഈ പരിപാടികളെ പുശ്ചം!


അത് മാത്രമോ, എല്ലാ ആഴ്ചയും ബ്രോയിലര്‍ ചിക്കന്‍, നൂഡില്‍സ്, പിന്നെ പെട്ടെന്ന് വളരുവാനും വലുതാകാനും ടി.വി.യില്‍ പറയുന്ന എല്ലാ ചപ്പു ചവറുകളും ഞങ്ങളുടെ മക്കള്‍ക്ക്‌ പാടുപെട്ടു കൊടുത്താണ് അവരെ തണ്ടും തടിയും ഉള്ളവരാക്കി വളര്‍ത്തുന്നത്.


അക്ഷരമാല പഠിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ഞങ്ങള്‍ മൊബൈല്‍ ഫോണുകളാണ് അവര്‍ക്ക് കളിപ്പാട്ടമായി കൊടുക്കുന്നത്. തങ്കകുടങ്ങള്‍ എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ പഠിക്കുന്നത് എന്നറിയാമോ? ഞങ്ങളെ പോലും അവരാണ് സത്യത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുന്നത്. ഇങ്ങനെയുള്ള മക്കള്‍ പത്താം വയസ്സില്‍ സ്വന്തമായി മൊബൈല്‍ വേണമെന്ന് പറയുമ്പോള്‍ അവരെ പിണക്കുന്നത് ശരിയാണോ? പന്ത്രണ്ടാം വയസ്സില്‍ കമ്പ്യൂട്ടര്‍ വേണമെന്ന് പറയുമ്പോള്‍ അവരെ പിണക്കുന്നത് ശരിയാണോ? കമ്പ്യൂട്ടര്‍ പഠിക്കുമ്പോള്‍ ടി.വി. ശല്യമാകെണ്ടാ എന്ന് കരുതി അവരുടെ ബെഡ്റൂമില്‍ തന്നെ അത് വച്ച് കൊടുക്കുന്നതല്ലേ ഉത്തമം? കൂടെ പഠിക്കുന്ന കുട്ടികള്‍ക്ക് കമ്പ്യുട്ടറും, മൊബൈല്‍ ഫോണും ഒന്നുമില്ലെന്കില്‍, അതും ഞങ്ങളുടെ കുട്ടികള്‍ അല്ലേ കൊടുത്തു സഹായിക്കുന്നത്? ഇത് മാത്രമോ, മൊബൈല്‍ ഫോണ്‍ വഴി എന്തുമാത്രം നോട്ടുകളാണ് ഞങ്ങളുടെ കുട്ടികള്‍ കൊണ്ട് വന്നു പാതിരാത്രി വരെ ഉറക്കിളച്ചു പഠിക്കുന്നത്. പിന്നെ, ഡി.വി.ഡി. കളുടെ കാര്യം പറയേ വേണ്ട. അത് മാത്രമോ, ഞങ്ങളുടെ മക്കളുടെ മിടുക്ക് കണ്ടു അവരുടെ കൂട്ടുകാരും അധ്യാപകരും പോലും അവര്‍ക്ക് മൊബൈലും സിമ്മും റീ-ചാര്‍ജ്ജും ഒക്കെ വാങ്ങി കൊടുക്കും.

അനുദിനം ഇത്തരം പീഡന കഥകള്‍ ഒക്കെ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടും ഞങ്ങളുടെ കുട്ടികളെ തന്നെ നീയൊക്കെ പീഡിപ്പിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലല്ലോ ദൈവമേ.


ഇങ്ങനെ ഒക്കെ, കൊഞ്ചിച്ചും ലാളിച്ചും വളര്‍ത്തുന്ന ഞങ്ങളുടെ പോന്നു മക്കളെ അല്ലെ ദുഷ്ട പരിക്ഷകളെ, നിങ്ങള്‍ കൊണ്ട് പോയി പീഡിപ്പിക്കുന്നത്? പെറ്റ തള്ള എങ്ങനെ സഹിക്കുമെടാ മഹാപാപികളെ? നിനക്കൊക്കെയും ഇല്ലെടാ അമ്മമാരും പെങ്ങമ്മാരും? ഒരു കാലത്തും നിങ്ങള്‍ കൊണം പിടിക്കാന്‍ പോകുന്നില്ല.



പിന്‍കുറിപ്പുകള്‍:
1. ആരുടെയെങ്കിലും വികാരങ്ങളെ വൃണപ്പെടുത്താന്‍ അല്ല ഈ കുറിപ്പ്.
2. എനിക്കും അമ്മയും അമ്മൂമ്മയും അനിയത്തിയും ഭാര്യയും ശേഷക്കാരിയും സര്‍വോപരി മകളും ഉണ്ട്.
3. പത്രത്തിലെ ഇക്കിളി വാര്‍ത്ത വീണ്ടും കൊടുത്തത് ഇക്കിളിപ്പെടാനല്ല.

 

ഗുരുദാസ്‌ സുധാകരന്‍ Gurudas Sudhakaran
Mob: +91-9447 55 40 55
തിരുവനന്തപുരം Thiruvananthapuram
കേരളം Keralam

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___