ശ്രേയാ ഘോഷാലിനെപ്പോലുള്ള ഗായകര്‍ക്ക് മലയാളത്തില്‍ അമിതപ്രാധാന്യം നല്‍കുന്നു:ഗായത്രി
കുറച്ചുനാളായി പുകയുന്ന വിവാദമാണ് ഗായത്രിയുടെ പൊട്ടിത്തെറിയോടെ സീരിയസ്സായി സിനിമക്കാര്‍ ചര്‍ച്ച ചെയ്യേണ്ട ഒന്നായി മാറുന്നത്. ശ്രേയാ ഘോഷാല്‍ ഈ കാലഘട്ടത്തിലെ സംഭവമാണ്. ഭാഷ ഏതായാലും പാട്ട് ശ്രേയ പാടിയാല്‍ മതി എന്നു സംഗീതസംവിധായകരും സംഗീതസംവിധായകന്‍ ആരായാലും ശ്രേയ പാടിയേ പറ്റൂ എന്നു നിര്‍മാതാക്കളും തീരുമാനിക്കുന്ന സാഹചര്യം ഉണ്ടായത് ഇവിടുത്തെ ഗായകരോടുള്ള എതിര്‍പ്പുകൊണ്ടല്ല, ശ്രേയയുടെ പ്രതിഭ ഒന്നുകൊണ്ടു മാത്രമാണ്. ശ്രേയ കയ്യടി നേടുന്നതത് പാട്ടിന്റെ മികവിനോടൊപ്പം പ്രാദേശികഭാഷാ ഉച്ചാരണരീതികളെയും ശൈലികളെയും അവര്‍ സ്വായത്തമാക്കുന്ന രീതിയും വേഗവും കൊണ്ടു കൂടിയാണ്.
തനിമലയാളിയുടെ മികവോടെ ശ്രേയ പാടുമ്പോള്‍ മലയാളി നല്‍കുന്ന അംഗീകാരം ശ്രേയ അര്‍ഹിക്കുന്നതാണ്. ഈ വിവാദം ശ്രേയയിലേക്കു കേന്ദ്രീകരിച്ചുപോയത് നിര്‍ഭാഗ്യകരമാണെന്നേ പറയാനാകൂ. കാരണം, അന്യഭാഷാ ഗായകര്‍ക്ക് ലഭിക്കുന്ന അമിത പ്രാധാന്യമായിരുന്നു ചര്‍ച്ചാ വിഷയം. അവതാരക എന്നു പറഞ്ഞാല്‍ രഞ്ജിനി ഹരിദാസ് മാത്രമാണ് എന്നതുപോലെ അന്യഭാഷാഗായിക എന്നു പറഞ്ഞാല്‍ അത് ശ്രേയ ഘോഷാല്‍ മാത്രമാണ് എന്നു ചിലര്‍ ധരിക്കുന്നതിന്റെ പ്രശ്നമാണിതും.
വിവാദത്തിന്റെ തുടക്കമായ ഗായത്രിയുടെ പ്രസ്താവനയിലെ പോയിന്റുകള്‍ ഇവയാണ്:-
ശ്രേയാ ഘോഷാലിനെപ്പോലുള്ള ഗായകര്‍ക്ക് മലയാളത്തില്‍ അമിതപ്രാധാന്യം നല്‍കുന്നു. എന്നാല്‍ ലോക്കല്‍ ഗായകരെ വേണ്ടത്ര പ്രോമോട്ട് ചെയ്യുന്നില്ല. ബോളിവുഡിന്റെ ഗ്ലാമറാകാം ഇതിനു കാരണം. ലക്ഷം രൂപ കൊടുത്ത് ബോളിവുഡ് ഗായകരെ വിളിച്ചു പാടിക്കുമ്പോള്‍ വര്‍ഷങ്ങളായി മലയാളത്തില്‍ പാടുന്നവരോടു പോലും റെക്കോര്‍ഡിങ് കഴിയുമ്പോള്‍ വണ്ടിക്കൂലി വേണോ എന്നാണു ചോദിക്കുന്നത്. റിയാലിറ്റി ഷോകളില്‍ നിന്നു വിരിഞ്ഞിറങ്ങുന്ന ഗായകര്‍ സംഗീതസംവിധായകര്‍ക്ക് അങ്ങോട്ടു പൈസ കൊടുത്ത് പാടാന്‍ നടക്കുന്ന സാഹചര്യം ഇതിനു കാരണമായിട്ടുണ്ട്.
ചോദിക്കാനും പറയാനും ആരുമില്ലാത്ത വൃത്തികെട്ട ഒരു ഭാഷയായിപ്പോയി മലയാളം എന്നതാണ് അടിസ്ഥാനപ്രശ്നം. മലയാളം കുരച്ചു കുരച്ചു പറയുന്നവര്‍ ഏതോ ക്ലാസ്സിനെ പ്രതിനിധീകരിക്കുന്നു എന്നും പച്ചമലയാളം തെറ്റില്ലാതെ സംസാരിക്കുന്നവന്‍ ഒന്നാം തരം ലോ ക്ലാസ്സാണെന്നും വിശ്വസിക്കുന്ന ഒരു സമൂഹമാണ് വളര്‍ന്നുവരുന്നത്.
ശ്രേയ ഘോഷാലിനെക്കൊണ്ടു വന്ന് പാടിച്ച എം.ജയചന്ദ്രന്‍ ഗായത്രി ശ്രേയയുടെ പാട്ടുകള്‍ കേട്ടു പഠിക്കണം എന്നു പറഞ്ഞത് സത്യത്തില്‍ ഒരു സംഗീതസംവിധായകനു സംഭവിക്കാവുന്ന ഏറ്റവും വലിയ ഗതികേടുകളിലൊന്നാണ്. ഒരു പ്രൊഫഷനല്‍ ഗായികയോട് ഒരു സംഗീതസംവിധായകന്‍ ഒരിക്കലും പറയാന്‍ പാടില്ലാത്ത വിവരക്കേടുകളിലൊന്നാണ് അത്. ജയചന്ദ്രന്‍ രവീന്ദ്രന്‍മാഷിന്റെയും ജോണ്‍സന്റെയും കക്കൂസ് കഴുകണം എന്നു പറയുന്നതുപോലെയാണ് ഗായത്രി ശ്രേയയെ കണ്ടു പഠിക്കണം എന്നു പറയുന്നത്. രതിനിര്‍വേദത്തില്‍ ശ്രേയ പാടിയതോടെ ജയചന്ദ്രന്‍ ശ്രേയയുടെ കടുത്ത ഭക്തനായി മാറി എന്നാണ് അദ്ദേഹത്തിന്റെ അഭിമുഖങ്ങളില് നിന്നു മനസ്സിലായത്. ശ്രേയ ദൈവമാണെന്നോ ദൈവം ശ്രേയയുടെ ഉള്ളിലുണ്ടെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞിരുന്നു.
മലയാളത്തിലെ ഗായകര്‍ക്ക് ഇപ്പോള്‍ സത്യം പറഞ്ഞാല്‍ പട്ടിണിയാണ്. കൊട്ടേഷന്‍ സമ്പ്രദായം വന്നപ്പോള്‍ ഗായകരെ തിരഞ്ഞെടുക്കുന്നത് പ്രതിഫലത്തിന്റെ അടിസ്ഥാനത്തിലായി മാറി എന്നതാണ് ഗതികേട്. ഏറെക്കാലത്തിനു ശേഷം ലഭിച്ച നല്ലൊരു ഗായകനായിരുന്ന വിധു പ്രതാപിന്റെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ബിജു നാരായണനും മധു ബാലകൃഷ്ണനും വല്ലപ്പോഴുമേ ഓരോ പാട്ടുള്ളൂ. പാട്ടുപാടി കഞ്ഞികുടിക്കാന്‍ പറ്റാത്തതുകൊണ്ടാണ് റിയാലിറ്റി ഷോയില്‍ അഭിനയിക്കാന്‍ പോകുന്നതെന്ന് എം.ജി.ശ്രീകുമാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സംഗീതസംവിധായകന്‍ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്ത് കയ്യില്‍ കൊടുക്കുന്നതിന് ഒരു തുക പറഞ്ഞ് നിര്‍മാതാവിനു കൈ കൊടുക്കുകയാണ് ചെയ്യുന്നത്. ഏറ്റവും ചെലവുകുറച്ച് വിലക്കുറവുള്ള ഗായകരെ വച്ചു പാടിച്ചാല്‍ സംഗീതസംവിധായകനു ലാഭം കൂടും എന്നതാണ് ബിസിനസിന്റെ രഹസ്യം. പാട്ടിലൂടെ പ്രശസ്തി മാത്രമേ ഇനി കിട്ടൂ, പൈസ കിട്ടില്ല എന്നു ചുരുക്കം.
മലയാളിയുടെ ആദ്യത്തെ റിയാലിറ്റി ഷോ ജേതാവായ പ്രദീപ് സോമസുന്ദരം എവിടെയാണെന്നു പോലും നമുക്കറിയില്ല. പുള്ളിയോടൊപ്പം ജേതാവായ സുനീതി ചൗഹാനെ എല്ലാവരും അറിയും.നല്ല പാട്ടുകാര്‍,മോശം പാട്ടുകാര്‍ എന്നൊരു വേര്‍തിരിവ് ഇല്ലാതായി. യേശുദാസിനും വിനീത് ശ്രീനിവാസനും ചിത്രയ്‍ക്കും റിമി ടോമിക്കും ഒക്കെ ഒരേ നിലവാരമാണെന്നാണ് പലരും കരുതുന്നത്. റിയാലിറ്റി ഷോ എന്നു പറയുന്നത് ഒരു തൊഴില്‍മേഖലയല്ല, കച്ചവടമേഖലയാണ്. ചാനലുകള്‍ കോടികള്‍ സമ്പാദിക്കുന്നതിനിടെ പോയി സിനിമേല്‍ പാടിക്കോ മക്കളേ എന്നു പറഞ്ഞിറക്കി വിടുന്ന നൂറുകണക്കിനു ചെറുപ്പക്കാര്‍ ജോലിയും കൂലിയുമില്ലാതെ സിനിമയില്‍ പാടാമെന്നോ ഫ്ലാറ്റ് സ്വന്തമാക്കാമെന്നോ ഒക്കെ കരുതി പരക്കം പായുമ്പോള്‍ ഒന്നു പാടി അപ്രത്യക്ഷരാകുന്ന ഒരായിരം പാട്ടുകാരുണ്ടാവുന്നുണ്ട്.
കൂടുതലാളുകള്‍ക്ക് അവസരം ലഭിക്കുന്നു എന്നത് വളരെ പോസിറ്റീവായി സംഗതി തന്നെയാണ്. മലയാളത്തില്‍ ഏറ്റവും അധികം പുതുമുഖഗായകരെ പരിചയപ്പെടുത്തിയിട്ടുള്ളത് എം.ജയചയന്ദ്രനാണെന്നതും ശരിയാണ്. ദിവസേന പുതുശബ്ദം കേള്‍ക്കുന്നതിന്റെ ഫ്രഷ്‍നെസ് ആണോ ദാസേട്ടന്റെ പഴയ പാട്ടുകള്‍ ആവര്‍ത്തിച്ചു കേള്‍ക്കുന്നതിന്റെ നിര്‍വൃതിയാണോ വലുതെന്നത് വ്യക്തിപരമായിരിക്കും. എങ്കിലും ദാസേട്ടനെപ്പോലെ, ജയചന്ദ്രനെപ്പോലെ,വേണുഗോപാലിനെപ്പോലെ,ജാനകിയമ്മയെയും ചിത്രയെയും സുജാതയെയും പോലെ ഒരുപിടി ഗായകര്‍ നമുക്കില്ലാതായിപ്പോകാന്‍ ഈ വണ്ടിക്കൂലി സമ്പ്രദായം കാരണമാകുന്നുണ്ടെങ്കില്‍ അത് മലയാളചലച്ചിത്രഗാനശാഖയ്‍ക്ക് വലിയൊരു നഷ്ടമായിരിക്കും എന്നത് പറയാതിരിക്കാനാവില്ല.