[www.keralites.net] മലയാളത്തിന്റെ ദുരന്തം പേറുന്ന മാതാശ്രീ

 

വീട്ടമ്മമാരോടുള്ള ഡോക്ടറുടെ താല്‍പര്യവും ഞങ്ങളുടെ പ്രശ്നങ്ങളില്‍ ഡോക്ടര്‍ കാണിക്കാറുള്ള ആത്മാര്‍ത്ഥയുമാണ് എന്നെ ഡോക്ടറുടെ ആരാധികയാക്കിയത്. ആഴ്ചപ്പതിപ്പില്‍ ഡോക്ടറുടെ പംക്തി വായിക്കുമ്പോള്‍ ഡോക്ടര്‍ വിവാഹം കഴിച്ചതാണോ, കറുത്തിട്ടാണോ വെളുത്തിട്ടാണോ എന്നൊന്നും ഞാനാലോചിക്കാറില്ല. അല്ലെങ്കിലും നിറത്തിനൊന്നും ജീവിതത്തില്‍ ഒരു സ്ഥാനവുമില്ല ഡോക്ടര്‍. മമ്മൂട്ടിയെപ്പോലെ വെളുത്ത ഒരാളെ കല്യാണം കഴിക്കണമെന്നായിരുന്നു ചെറുപ്പം മുതലേ എന്റെ സ്വപ്നം, കിട്ടിയതോ സലിംകുമാറിനെപ്പോലെ ഒരാളെ. പെണ്ണു കാണാന്‍ വന്നപ്പോഴും കല്യാണത്തിനും ഫെയര്‍ ആന്‍ഡ് ലവ്ലിയും പൌഡറുമിട്ടു വന്ന് അങ്ങേരാദ്യം എന്നെ തോല്‍പിച്ചു. ഫസ്റ്റ് നൈറ്റില്‍ ലൈറ്റണച്ച ശേഷം അങ്ങേരു കുളിച്ചിട്ടു വന്നപ്പോള്‍ ഇരുട്ടിനും അങ്ങേര്‍ക്കും ഒരേ നിറമായിരുന്നു.
എനിക്കു ഡോക്ടറോട് പറയാനുള്ള പ്രശ്നം ഇതൊന്നുമല്ല. എന്റെ മൂത്ത മകളെക്കൊണ്ട് ഞാന്‍ തോറ്റിരിക്കുകയാണ്. ഒന്‍പതാം ക്ളാസിലാണ് അവള്‍ പഠിക്കുന്നത്. ഇവിടുത്തെ ഏറ്റവും മുന്തിയ ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് അവള്‍ പോകുന്നത്. ഇംഗ്ലിഷിനും കണക്കിനും പണ്ടുമുതലേ അവള്‍ വീക്കാണ്. എല്ലാ വിഷയങ്ങള്‍ക്കും നാലാം ക്ളാസ് മുതല്‍ അവള്‍ക്കു ട്യൂഷനുമുണ്ട്. എന്റെ പ്രശ്നം ഈയിടെയായി അവള്‍ പലപ്പോഴും മലയാളം സംസാരിച്ച് എന്നെയും ഭര്‍ത്താവിനെയും നാണംകെടുത്തുന്നു എന്നതാണ്. ഇംഗ്ലിഷ് മീഡിയത്തില്‍ പഠിക്കുകയും മലയാളം സംസാരിക്കുകയും ചെയ്താല്‍ പിള്ളേര്‍ രക്ഷപെടില്ല ഡോക്ടര്‍. അതെപ്പറ്റി ഡോക്ടര്‍ പംക്തിയില്‍ കാര്യമായിട്ടൊന്ന് എഴുതണം. തൃശൂരോ മറ്റോ ഒരു സ്കൂളില്‍ മലയാളം പറഞ്ഞ പിള്ളേര്‍ക്കു പിഴയിട്ടതിനെപ്പറ്റി പത്രത്തില്‍ കണ്ടു. അതിനെതിരെ വലിയ പ്രതിഷേധം നടന്നതായിട്ടും വായിച്ചു. ആരാന്റെമ്മയ്ക്ക് പ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേല് എന്നതാണ് മലയാളികളുടെ സ്വഭാവം. വല്ലവരുടേം പിള്ളേര്‍ മലയാളം പറഞ്ഞ് നശിച്ചുപോകുന്നതുകൊണ്ട് ഈ പ്രതിഷേധിച്ചവന്‍മാര്‍ക്കൊന്നും ഒന്നും നഷ്ടപ്പെടാനില്ലല്ലോ. മലയാളം മീഡിയത്തില്‍ പഠിച്ചതുകൊണ്ടാണ് ഞാനും എന്റെ ഭര്‍ത്താവും ഒന്നുമാകാതെ പോയത്. സത്യത്തില്‍ മലയാളത്തിന്റെ ദുരന്തം പേറുന്ന വിധിയുടെ ബലിമൃഗങ്ങളാണ് ഞങ്ങള്‍.
ഞങ്ങള്‍ക്കു സംഭവിച്ച ദുരന്തം ഞങ്ങളുടെ മക്കള്‍ക്കുണ്ടാവരുത് എന്നു ഞങ്ങള്‍ക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണ് അവളെ മലയാളത്തിനു നിരോധനമുള്ള ഇംഗ്ലിഷ് മീഡിയം സ്കൂളില്‍ തന്നെ പഠിപ്പിച്ചത്. എല്‍കെജി മുതല്‍ അവളെക്കൊണ്ട് വീട്ടില്‍ ഇംഗ്ലിഷ് മാത്രമേ സംസാരിപ്പിക്കാറുള്ളൂ. ഇംഗ്ലിഷില്‍ എനിക്കത്ര നന്നായി സംസാരിക്കാന്‍ കഴിയാത്തതുകൊണ്ട് പത്തുവര്‍ഷത്തോളമായി ഞാന്‍ അവളോട് കാര്യമായൊന്നും തന്നെ സംസാരിക്കാറുപോലുമില്ല. ഈ പ്രശ്നത്തിലും അവളെ വിളിച്ചൊന്നു ശാസിക്കാനോ ഉപദേശിക്കാനോ ഉള്ള ഇംഗ്ലിഷ് അറിയാത്തതുകൊണ്ടാണ് ഡോക്ടര്‍ക്ക് ഞാനീ കത്തെഴുതുന്നത്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ മറ്റ് അമ്മമാര്‍ക്കു വേണ്ടി വാരികയില്‍ എഴുതുന്നതോടൊപ്പം ഇതോടൊപ്പം നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പരില്‍ ഡോക്ടര്‍ തന്നെ അവളെ വിളിച്ച് കാര്യമായി ഒന്നുപദേശിക്കണമെന്ന് അപേക്ഷിക്കുന്നു.
മലയാളം എഴുതാനും വായിക്കാനും അറിയാതെയാണ് ഞങ്ങള്‍ അവളെ വളര്‍ത്തിയത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമൊക്കെ കണ്ടാലറിയാമെന്നല്ലാതെ മലയാളം പഠിക്കുമോ എന്നു കരുതി അവരുടെയൊന്നും ഒറ്റ സിനിമ പോലും ഞങ്ങള്‍ അവളെ കാണിച്ചിട്ടില്ല. കുട്ടികള്‍ ചീത്തയായിപ്പോവേണ്ട എന്നു കരുതി ഞങ്ങളും ഇതൊന്നും കാണാറില്ല. പകരം ഇംഗ്ലിഷ് പത്രവും മാസികകളുമാണ് വീട്ടില്‍ വരുത്തുന്നത്. ടിവിയില്‍ ഇംഗ്ലിഷ് ചാനലുകള്‍ മാത്രമേ വയ്ക്കാറുള്ളൂ. എന്റെ മകളായതുകൊണ്ട് ഞാന്‍ വീമ്പു പറയുകയാണെന്നു കരുതരുത്, മലയാളത്തില്‍ എത്ര അക്ഷരങ്ങളുണ്ട് എന്നു പോലും അവള്‍ക്കറിയില്ല. തുഞ്ചത്തെഴുത്തച്ഛനെപ്പറ്റിയോ കുമാരനാശാനെപ്പറ്റിയോ ചങ്ങമ്പുഴയെപ്പറ്റിയോ അവള്‍ കേട്ടിട്ടുപോലുമില്ല. അങ്ങനെ സന്തോഷത്തോടെ കഴിഞ്ഞുപോകുമ്പോഴാണ് മൂന്നുമാസം മുമ്പ് ഞങ്ങള്‍ മകളെപ്പറ്റിയുള്ള ആ ഞെട്ടിക്കുന്ന സത്യം ഞങ്ങള്‍ മനസിലാക്കിയത്. സിംഗപ്പൂരിലുള്ള എന്റെ ആങ്ങളയാണ് ആദ്യം അതെപ്പറ്റി സൂചന നല്‍കിയത്. അന്വേഷിച്ചപ്പോള്‍ അത് അവള്‍ തന്നെയാണെന്നു ഞങ്ങള്‍ക്കു ബോധ്യപ്പെട്ടു. സായിപ്പു സംസാരിക്കുന്നതുപോലെ ഇംഗ്ലിഷ് സംസാരിക്കാന്‍ പഠിക്കുന്നതിനു വേണ്ടി അവള്‍ക്ക് വാങ്ങിച്ചുകൊടുത്ത ഇന്റര്‍നെറ്റിലൂടെ ബെര്‍ളി എന്നു പറയുന്ന ഒരുത്തന്റെ ഏതോ ഒരു കുന്തത്തില്‍ അവള്‍ മലയാളത്തില്‍ കമന്റുകളെഴുതുകയാണത്രേ. മക്കള്‍ നന്നായിക്കാണണം എന്നാഗ്രഹിക്കുന്ന ഒരമ്മയും സഹിക്കില്ല ഡോക്ടര്‍ ഇത്.
ബാംഗ്ലൂരില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന എന്റെ ആങ്ങളേടെ മോന്‍ സിബിയെക്കൊണ്ടാണ് അന്വേഷിപ്പിച്ചത്. ഈ ബെര്‍ളി എന്നു പറയുന്നവന്റെ ആ സാധനം മലയാളത്തിലുള്ളതാണെന്നും അവന്‍ ഇംഗ്ലിഷ് എഴുതാനും വായിക്കാനും അറിയാത്തവനാണെന്നും കൂടി കേട്ടപ്പോള്‍ എല്ലാവര്‍ക്കും കൂടി അത്താഴത്തില്‍ വിഷം കൊടുത്തിട്ട് ചാകാനാണ് എനിക്കു തോന്നിയത്. മലയാളം എഴുതാനും വായിക്കാനുമറിയാത്ത എന്റെ മകള്‍ എങ്ങനെ ഇന്റര്‍നെറ്റില്‍ മലയാളം എഴുതുന്നു ഡോക്ടര്‍ ? ഗൂഗിള്‍ എന്നു പറയുന്ന കമ്പനി അതിനെന്തോ സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് സിബി പറഞ്ഞു. ഇന്റര്‍നെറ്റില്‍ മലയാളം ഉണ്ടെന്നറിഞ്ഞതോടെ ഞങ്ങള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റ് കട്ട് ചെയ്തിരിക്കുകയാണ്. കുട്ടികളെ വഴിപിഴപ്പിക്കുന്ന ഈ ബെര്‍ളിയെയും ഗൂഗിളിനെയും ഇന്റര്‍നെറ്റില്‍ നിന്നോടിക്കാന്‍ ഞാനെന്താണ് ഡോക്ടര്‍ ചെയ്യേണ്ടത് ?
കഴിഞ്ഞ ദിവസം അവള്‍ ഗേറ്റിനു പുറത്ത് നിന്ന് ഫോണില്‍ സംസാരിക്കുന്നത് കാതോര്‍ത്തപ്പോള്‍ ഞാന്‍ പിന്നെയും ഞെട്ടി- സാധാരണ മലയാളികള്‍ പറയുന്നതുപോലെയുള്ള ശുദ്ധമലയാളം. എല്ലാം ആ ബെര്‍ളിയുടെ പണിയായിരിക്കും ഡോക്ടര്‍. അവന്‍ എന്റെ കൊച്ചിനെ പിഴപ്പിച്ചു. അവള്‍ അവന്റെ കൂടെ ഒളിച്ചോടിപ്പോയെന്നു കേട്ടാല്‍പ്പോലും ഞാനിത്ര വിഷമിക്കില്ലായിരുന്നു ഡോക്ടര്‍. മലയാളത്തിനു മല്യാലം എന്നും മലയാളിക്ക് മല്ലു എന്നുമൊക്കെയേ പറയാവൂ എന്ന് അവളെ പഠിപ്പിച്ചിരുന്നതാണ്. ഇത്രകാലം അവളത് പാലിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ എല്ലാം മാറിപ്പോയിരിക്കുന്നു. അവളുടെ കഴിഞ്ഞ ബര്‍ത്ത്ഡേയ്ക്ക് ഫ്രണ്ട്സെല്ലാം കൂടി മുകളിലത്തെ മുറിയില്‍ ഡാന്‍സ് ചെയ്യുമ്പോള്‍ വാതിലില്‍ മുട്ടാതെ ഞാന്‍ കയറിച്ചെന്നതിന് ദേഷ്യപ്പെട്ട് അവള്‍ 'ഗെറ്റ് ലോസ്റ്റ് യു ബ്ലഡി ഫക്കിങ് ബിച്ച്' എന്നലറിയത് ഇപ്പോഴും എന്റെ കാതുകളിലുണ്ട്. മുറിയിലുണ്ടായിരുന്ന എല്ലാവരെയും അഭിമാനത്തോടെ നോക്കി തിരികെയിറങ്ങുമ്പോള്‍ ആദ്യഗര്‍ഭത്തിന്റെ വിവരം ഭര്‍ത്താവിനോടു പറയാന്‍ വെമ്പുന്ന വധുവിനെപ്പോലെ എന്റെ ഹൃദയം തുടികൊട്ടുകയായിരുന്നു ഡോക്ടര്‍. ആ മോളാണ് പച്ചവെള്ളം പോലെ മലയാളം പറയുന്നത് ഞാന്‍ കേട്ടത്. മലയാളം പറയുന്ന ദിവസങ്ങളില്‍ അത്താഴം കൊടുക്കാതെ വളര്‍ത്തിയാണ് ഞങ്ങള്‍ അവളെ ഒരു ഇംഗ്ലിഷുകാരിയാകക്കിയത്.
ഈ പ്രായത്തില്‍ എങ്ങനെ അവള്‍ക്ക് മലയാളത്തോട് താല്‍പര്യം തോന്നി എന്നറിയാന്‍ ഞാന്‍ കുറച്ചു മുമ്പ് അവളുടെ മുറി അരിച്ചുപെറുക്കി പരിശോധിച്ചു. മാധവിക്കുട്ടിയുടെയും എംടി വാസുദേവന്‍നായരുടെയും ഓരോ തടിച്ച പുസ്തകങ്ങള്‍ എനിക്ക് അവളുടെ ബെഡിന് അടിയില്‍ നിന്നു കിട്ടി. എംടിയെ ഞാന്‍ കൊല്ലും. എന്റെ കുട്ടിയുടെ ജീവിതം തകര്‍ക്കുന്നവരായാലും ഞാന്‍ ക്വട്ടേഷന്‍ കൊടുക്കും. അവളുടെ ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു ഡോക്ടര്‍. അവളിങ്ങനെ സ്വയം നശിക്കുന്നത് എനിക്കു കണ്ടുനില്‍ക്കാന്‍ കഴിയില്ല. എന്റെ കയ്യും കാലും വിറയ്ക്കുന്നു. പുറത്തുപോയ അവളിപ്പോള്‍ തിരികെയെത്തും. മുറിയാകെ അലങ്കോലമായി കിടക്കുകയാണ്. ഇന്‍കം ടാക്സുകാര്‍ റെയ്ഡ് നടത്തിയതാണെന്നു പറയണമെന്ന് വേലക്കാരിയോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എല്ലാം ഞാനവളോട് ചോദിക്കട്ടെ ഡോക്ടര്‍ ? പക്ഷെ, അവള്‍ എന്നോട് മലയാളത്തില്‍ വല്ലതും പറഞ്ഞാല്‍ ഞാന്‍ തകര്‍ന്നുപോകും. ഡോക്ടറുടെ മറുപടി ലഭിക്കുന്നതുവരെ പിടിച്ചു നില്‍ക്കാന്‍ കഴിയുമോ എന്നെനിക്കുറപ്പില്ല. കത്തു കിട്ടിയാല്‍ ഉടന്‍ തന്നെ ഡോക്ടര്‍ കത്തിലുള്ള നമ്പരില്‍ അവളെ വിളിച്ച് മലയാളത്തിന്റെ അപകടങ്ങളെപ്പറ്റി ബോധവല്‍ക്കരിക്കണം. മലയാളത്തിന്റെ ചതിക്കുഴിയില്‍ നിന്ന് കരകയറാന്‍ അവളെ സഹായിക്കണം.
(മലയാളം നിരോധിച്ചുകൊണ്ട് ഒരു ബില്‍ പാസ്സാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നിരാഹാരസത്യഗ്രഹമിരുന്നതുകൊണ്ടു വല്ല കാര്യവുമുണ്ടോ ? എന്റെ ഭര്‍ത്താവിന്റെ അച്ഛന്‍ ഗാന്ധിജിയെ കണ്ടിട്ടുണ്ടെന്നാണ് പറയുന്നത്. പത്തെണ്‍പതു വയസായ അങ്ങേര് വെറുതെയിരിപ്പാണ്. വെള്ളയുടുപ്പൊക്കെ ഇടീച്ച് അങ്ങേരെ നടയ്ക്കിരുത്താന്‍ ഞങ്ങള്‍ ഒരുക്കമാണ്. നാടിനു വേണ്ടി അങ്ങേരു തട്ടിപ്പോയാലും ഞങ്ങളങ്ങു സഹിക്കും).
ഒരു മനസാമാധനവുമില്ലാതെ,
Missis W, Quottayam.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.
.

__,_._,___