ജയന്‍ സ്മരണയുമായി കോളിളക്കം-2 വരുന്നു
കൊല്ലം:ഒരുപാട് കഥാപാത്രങ്ങളും ഓര്‍മ്മകളും ബാക്കിവച്ച നടന്‍ ജയന് സിനിമകൊണ്ടൊരു സ്മാരകം; ഒരു പകരക്കാരന്റെ സമര്‍പ്പണം.ജയന്റെ ചേതനയറ്റ ശരീരത്തിന് കാവലാളായി, ഇളകിമറിഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കൊല്ലത്തെ വീട്ടിലെത്തുകയും പിന്നീട് ജയന്റെ പകരക്കാരനാവുകയും ചെയ്ത നടന്‍ ഭീമന്‍ രഘുവിന്റേതാണ് ഈ ഓര്‍മ്മച്ചിത്രം.
ജയന്റെ വേര്‍പാടിന് മൂന്ന് പതിറ്റാണ്ടാകുമ്പോള്‍, രഘുതന്നെ മുന്നിട്ടിറങ്ങിയാണ് ഈ സിനിമ ഒരുക്കുന്നത്. മരണത്തിന് കാരണമായ 'കോളിളക്ക'ത്തിലെ ഹെലികോപ്റ്റര്‍ രംഗം ഉള്‍പ്പടെയുള്ളവ പുനര്‍ചിത്രീകരിക്കുകയാണ് ഈ സിനിമയില്‍. പേര്- 'കോളിളക്കം -2'.
1980 നവംബര്‍ 16ന് 'കോളിളക്ക'ത്തിന്റെ ചിത്രീകരണത്തിനിടെ കോപ്റ്റര്‍ അപകടത്തില്‍ ജയന്‍ മരിക്കുമ്പോള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ സുരക്ഷാവിഭാഗം സബ് ഇന്‍സ്‌പെക്ടറായിരുന്നു രഘു. വിമാനത്താവളത്തില്‍ നിരന്തരം കണ്ടുമുട്ടാറുള്ള രഘുവും ജയനും അടുത്ത സുഹൃത്തുക്കളുമായിരുന്നു.
മരണവാര്‍ത്ത അറിഞ്ഞതുമുതല്‍ ചലച്ചിത്രലോകം വിമാനത്താവളത്തില്‍ മൃതദേഹത്തെ കാത്തുനിന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സുരക്ഷയ്ക്കുമായി രഘുവും കൂട്ടരും. മദിരാശിയില്‍ നിന്നെത്തിയ മൃതദേഹത്തോടൊപ്പം സുരക്ഷയുടെ ചുമതലയേറ്റ് കൊല്ലത്ത് ഓലയിലുള്ള ജയന്റെ വീടുവരെ രഘുവുമുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങിനുശേഷമാണ് മടങ്ങിയത്.
ജയനുമായി നല്ല അടുപ്പമുണ്ടായിരുന്നിട്ടും സിനിമാപ്രേമമൊന്നും അന്ന് രഘുവിനുണ്ടായിരുന്നില്ല. ജയന്റെ മരണത്തിനുശേഷം 'ഭീമന്‍' സിനിമയിലേക്ക്.
ഹെലികോപ്റ്റര്‍ അപകടദൃശ്യങ്ങളും പഴയ കോളിളക്കത്തില്‍ അഭിനയിച്ച മധു, കെ.ആര്‍.വിജയ ഉള്‍പ്പടെയുള്ള താരങ്ങളും കോളിളക്കം-രണ്ടിലുണ്ടാകും. കോപ്റ്റര്‍ സീനുകളുടെ ഫോട്ടോഷൂട്ട് ജയന്റെ അതേ വേഷത്തില്‍ രഘു പൂര്‍ത്തിയാക്കി. ബുധനാഴ്ചയാണ് ജയന്റെ ചരമദിനം.