അവന്‍െറ ശിരസ്സില്‍ മഴവില്ല്
ഒരു ക്രൈസ്തവ മിഷനറിയും ഉള്ളാലെ ഒരു ഗാന്ധിയനും കമ്യൂണിസ്റ്റുംകൂടിയായ ജോര്‍ജ് കാക്കനാടനെ മകന്‍ വിളിച്ചത് റെബല്‍ എന്നാണ്. അത് അല്‍ബേര്‍ കമ്യുവിന്‍െറ പുസ്തകം വായിച്ചായിരുന്നില്ല. അപ്പന്‍െറ ജീവിതംകണ്ടുണ്ടായ തിരിച്ചറിവായിരുന്നു.
ജോര്‍ജ് വര്‍ഗീസ് കത്തോലിക്കാ സഭയുമായി പിണങ്ങി. പ്രൊട്ടസ്റ്റന്‍റ് ബൈബ്ള്‍ വായിക്കരുതെന്ന തിരുസഭയുടെ വിലക്ക് ലംഘിച്ചതായിരുന്നു ചെയ്ത കുറ്റം. കോണ്‍ഗ്രസിനോടും സ്വാതന്ത്ര്യസമരത്തോടും പുലര്‍ത്തിയിരുന്ന അനുഭാവവും സഭയെ ചൊടിപ്പിച്ചിരുന്നു. കേസ് ബിഷപ്പിന്‍െറ മുന്നിലെത്തി. മര്യാദക്കൊക്കെ നടന്നില്ളേല്‍ സഭയില്‍നിന്ന് പുറത്താക്കുമെന്ന് ബിഷപ് പറഞ്ഞപ്പോള്‍ ജോര്‍ജ് വര്‍ഗീസ് വേറൊന്നുമാലോചിച്ചില്ല; സഭ വിട്ടുപോന്നു. പിന്നീട്, മാര്‍ത്തോമാ സഭയില്‍ ചേര്‍ന്ന് മിഷനറിയായി പ്രവര്‍ത്തിച്ചു. തിരു-കൊച്ചിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടകാലത്ത് പല പ്രമുഖ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കും സ്വഭവനത്തില്‍ അഭയം നല്‍കിയിട്ടുണ്ട്. 'സുവിശേഷവും കമ്യൂണിസവും' എന്നൊരു പുസ്തകവുമെഴുതി. അപ്പനെ മകന്‍ റെബല്‍ എന്ന് വിശേഷിപ്പിച്ചതില്‍ അദ്ഭുതത്തിന് അവകാശമില്ല; പിന്നീട് മകന് സ്വയം അങ്ങനെ ആയിത്തീര്‍ന്നതിലും. അതിനെ രക്തത്തിന്‍െറ ഒരു ഉടമ്പടിയായി വേണം കാണാന്‍.
മലയാളക്കഥയില്‍ അഭൗമമായ സൂര്യതേജസ്സായി കാക്കനാടന്‍ ജ്വലിച്ചുനിന്ന ഒരു കാലം പഴയ വായനക്കാരൊക്കെയും ഓര്‍ക്കും. അത്യസാധാരണമായ വീറോടെയാണ് കാക്കനാടന്‍ എഴുതിത്തുടങ്ങിയത്. മുമ്പേ നടന്നുനീങ്ങിയവരുടെ രചനകളുമായി കാക്കനാടന്‍ എഴുതിയതിന് തെല്ലും ചാര്‍ച്ചയുണ്ടായിരുന്നില്ല. പരുഷവും ദൃഢവുമായ വേറിട്ട ഒരു ആഖ്യാനരീതി തുടക്കംമുതല്‍ക്കുതന്നെ കാക്കനാടന്‍ വായനക്കാരെ അറിയിച്ചു. എഴുത്തുകാരന്‍െറ മനസ്സ് എത്രമേല്‍ തീക്ഷ്ണമാണെന്നതിന്‍െറ സാക്ഷ്യപത്രങ്ങളായിരുന്നു ഓരോ രചനയും. സാഹിത്യത്തില്‍ മുമ്പ് കണ്ടിട്ടില്ലാത്ത കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും മുമ്പു കേട്ടിട്ടില്ലാത്ത സംഭാഷണങ്ങളും സ്വതന്ത്രവും ധീരവുമായ നിലപാടുകളുംകൊണ്ട് അവ ഏറെ ആകര്‍ഷകങ്ങളായി. അത് ഊര്‍ജത്തിന്‍െറ ഒരു പ്രവാഹമായിരുന്നു. യൂസഫ് സരായിയിലെ ചരസ് വ്യാപാരിയെക്കുറിച്ചും ആള്‍വാള്‍ തിരുനഗറിലെ പന്നികളെക്കുറിച്ചും ജി.ബി റോഡിലെ വേശ്യകളെക്കുറിച്ചും തെരുവോരങ്ങളില്‍ ചിലന്തികളെപ്പോലെ തക്കംപാര്‍ത്തുനില്‍ക്കുന്ന പിമ്പുകളെക്കുറിച്ചും കാക്കനാടന്‍ തുടര്‍ന്നെഴുതി.
ഒരു റെയില്‍വേ ജീവനക്കാരനായിരിക്കെ ലൈവ്സിഗിലെ കാള്‍ മാര്‍ക്സ് സര്‍വകലാശാലയില്‍ 'ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തില്‍ സാഹിത്യകാരന്‍െറ പങ്ക്' എന്ന വിഷയത്തെക്കുറിച്ച് ഗവേഷണം ചെയ്യാന്‍ ജി.ഡി.ആര്‍ ഗവണ്‍മെന്‍റിന്‍െറ ക്ഷണപ്രകാരം ജര്‍മനിയിലേക്ക് പോയ കാക്കനാടന്‍ ഒരു കൊല്ലമായപ്പോഴേക്കും ഗവേഷണം അവസാനിപ്പിച്ച് ഫെല്ളോഷിപ് നഷ്ടപ്പെടുത്തി നാട്ടിലേക്ക് മടങ്ങി. തന്‍െറ ധീരമായ തീരുമാനത്തെക്കുറിച്ച് കാക്കനാടന്‍ ഊറ്റംകൊണ്ടിരുന്നു. ''ജര്‍മനിയില്‍നിന്ന് ഞാന്‍ ചിന്നക്കടയിലെ ചാരായഷാപ്പിലേക്ക് തിരിച്ചുവന്നു'' വെന്നാണ് ഒരു വചനം. അത് മലയാളത്തിന് നേട്ടമായി. ജര്‍മന്‍ പശ്ചാത്തലത്തിലുള്ള 'ഫ്രൗ ഷൂ ബര്‍ട്ട്' പോലുള്ള ചില കഥകള്‍ ഭാഷക്കു കിട്ടി.
ലോകത്തിന്‍െറ മുഖത്തേക്ക് കഴിയുന്നത്ര പുച്ഛത്തില്‍ 'ഭാ' എന്ന് ഒരു ആട്ട് ആട്ടിക്കൊണ്ട് മുന്നോട്ടുനടക്കുന്ന നാരായണന്‍കുട്ടിയെ കാട്ടിത്തരുന്ന 'സാക്ഷി' പുറത്തുവന്നപ്പോള്‍ അത് കമ്യുവിന്‍െറ 'ദ ഒൗട്ട് സൈഡറി'ല്‍നിന്ന് കടംകൊണ്ടതാണെന്ന ആരോപണമുയരുകയുണ്ടായി. 'Mother died today or maybe yesterday; I can't be sure' എന്ന ഫ്രഞ്ച് നോവലിന്‍െറ തുടക്കത്തിന് സമാനമായ പരാമര്‍ശം 'സാക്ഷി'യിലുണ്ടായിരുന്നതാണ് ആരോപണത്തിനിടയാക്കിയത്. കാക്കനാടന്‍ അതിനെ പ്രതിരോധിച്ചത് മഹാഭാരതത്തിലെ കര്‍ണനെ ചൂണ്ടിക്കാട്ടിയാണ്. കര്‍ണന്‍ അസ്തിത്വ വ്യഥയുമായി ഉഴറിയ കഥാപാത്രമാണ്. കര്‍ണനെ ഇറക്കുമതി ചെയ്തതാണോ? തന്‍െറ തലമുറയിലെ യുവാക്കളില്‍ കണ്ട ഒറ്റപ്പെടലും നിലനില്‍പിനെക്കുറിച്ചുള്ള ആകുലതകളും താന്‍ ഉള്‍ക്കൊണ്ടുവെന്നതാണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്ന് കാക്കനാടന്‍ വിശദമാക്കി.
'ഉഷ്ണമേഖല' പുറത്തുവന്നപ്പോഴും വിവാദങ്ങളുയര്‍ന്നു. മഹത്തായ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ അപവദിക്കുന്നുവെന്നായിരുന്നു ഒരു വിഭാഗത്തിന്‍െറ കണ്ടെത്തല്‍. അതിനെ കാക്കനാടന്‍ സ്വന്തം അനുഭവങ്ങള്‍ വിവരിച്ചാണ് ഖണ്ഡിച്ചത്.
''കമ്യൂണിസ്റ്റ് വിരുദ്ധമാണ് 'ഉഷ്ണമേഖല'യെന്നത് ശരിയല്ല. പ്രസ്ഥാനത്തിന്‍െറ അപചയം ഞാന്‍ കാണുകയായിരുന്നു. ധാരാളം കമ്യൂണിസ്റ്റ് നേതാക്കള്‍ വീട്ടില്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ട്. ദൈവത്തെ കാണുംപോലെ ആരാധനയോടെയാണ് ഞാനവരെ കണ്ടിരുന്നത്. നമ്മളെ രക്ഷിക്കാന്‍ വന്നവര്‍. പൊലീസിനെയും പട്ടാളത്തെയും നേരിടുന്നവര്‍. എം.എന്‍. ഗോവിന്ദന്‍ നായര്‍ വീട്ടില്‍ ഒളിവില്‍ ഇരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞുതന്ന് ഞാന്‍ എഴുതിയെടുത്ത ഒരു ലേഖനം ഉണ്ട്. 'പാര്‍ലമെന്‍ററി സോഷ്യലിസം പ്രായോഗികംപോലും' എന്നാണ് ആ ലേഖനത്തിന്‍െറ പേര്. പാര്‍ലമെന്‍ററി ജനാധിപത്യത്തെ അധിക്ഷേപിക്കുന്നതാണ് ആ ലേഖനം. അതെഴുതിയ എം.എന്‍ തന്നെ പിന്നീട് എം.എല്‍.എയും എം.പിയും മന്ത്രിയുമായി. കമ്യൂണിസ്റ്റ് നേതാക്കളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലാതായി. '57ല്‍ ഭരണം കിട്ടിയപ്പോള്‍ പാര്‍ട്ടിയുടെ സ്വഭാവംപോലും മാറി. ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടിയുടെ നിലയിലേക്ക് അധഃപതിക്കാന്‍ തുടങ്ങി. ചില ഛോട്ടാ നേതാക്കള്‍ കവലച്ചട്ടമ്പികളെ നാണിപ്പിക്കുന്ന തരത്തിലായി. അപ്പോഴും ആദര്‍ശശാലികളായ കമ്യൂണിസ്റ്റുകള്‍ ഇവിടെയുണ്ടായിരുന്നു. അവര്‍ മനംമടുത്ത് ഒഴിഞ്ഞുമാറാന്‍ തുടങ്ങി. കുറെ പേര്‍ മദ്യപരായി. ചിലര്‍ മറ്റു ജോലികള്‍ക്ക് പോയി. കെ.വി. പത്രോസ് എന്ന സമുന്നതനായ നേതാവ് മീന്‍കച്ചവടത്തിന് പോകുന്നതും ഞാന്‍ കണ്ടു. ഈ തിരിച്ചടികളുടെ ആകത്തുകയാണ് 'ഉഷ്ണമേഖല'.''ഒരു അഭിമുഖത്തില്‍ കാക്കനാടന്‍ തന്‍െറ നിലപാട് വ്യക്തമാക്കിയതിങ്ങനെയാണ്.
'വസൂരി'യും വിമര്‍ശവിധേയമായി, അതില്‍ ഉള്‍ച്ചേര്‍ന്ന ഹിംസാത്മകമായ രതിയുടെ പേരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാരികയായ ജനയുഗത്തില്‍ അതിന്‍െറ ഖണ്ഡശഃ പ്രസിദ്ധീകരണം പാതിവഴിക്ക് നിര്‍ത്തേണ്ടിവന്നു.
'മാറുന്ന മലയാള നോവല്‍' എന്ന തന്‍െറ കൃതിയില്‍ കെ.പി. അപ്പന്‍ എഴുതിയതു നോക്കുക: ''അക്രമംപോലെതന്നെ ഈ നോവലിസ്റ്റിന്‍െറ കലാപ്രതിഭയുടെ മറ്റൊരു ലഹരിയാണ് ലൈംഗികത. ഭാരതീയ സൗന്ദര്യശാസ്ത്രത്തില്‍ ശൃംഗാരവീരരസങ്ങള്‍ പ്രാധാന്യം നേടിയെടുത്തതുപോലെയാണ്, പാശ്ചാത്യക്ളാസിക്കുകളില്‍ യുദ്ധവും സ്നേഹവും മഹത്ത്വം നേടിയെടുക്കുന്നതുപോലെയാണ്, ആധുനിക സാഹിത്യത്തില്‍ പലപ്പോഴും അക്രമവും ലൈംഗികതയും ആധിപത്യം സ്ഥാപിക്കുന്നത്. ലൈംഗികത കാക്കനാടന് വൃത്തികെട്ട ഒരു രഹസ്യമല്ല, ജീവിതത്തിലും പ്രകൃതിയിലും വ്യാപിച്ചുനില്‍ക്കുന്ന ഒരു ഗീതമാണ്. ലൈംഗിക പാപബോധത്തിനെതിരായ തീക്ഷ്്ണമായ പരിഹാസംകൊണ്ട് സ്വന്തം കൃതികളെ നിറയ്ക്കാനും അങ്ങനെ തന്‍െറ കലയെ ദൈവനിന്ദയുടെ തിരുസഭയാക്കി മാറ്റാനും ഈ എഴുത്തുകാരന്‍ ശ്രമിക്കുന്നുണ്ട്.
'സാക്ഷി', 'ഉഷ്ണമേഖല', 'വസൂരി', 'അജ്ഞതയുടെ താഴ്വര', 'പറങ്കിമല', 'കോഴി' എന്നിങ്ങനെ കാക്കനാടന്‍െറ രചനകളത്രയും ഞാന്‍ വായിച്ചത് അതിയായ താല്‍പര്യത്തോടെയാണ്. മലയാളത്തിലെ ഏറ്റവും കരുത്തനായ എഴുത്തുകാരനെന്നായിരുന്നു കാക്കനാടനെ ഞാനന്ന് വിലയിരുത്തിയത്. ഒരു പ്രഹേളികാഭാവം കാക്കനാടന്‍െറ വ്യക്തിത്വത്തിലുണ്ടെന്ന് തോന്നിയിരുന്നു എനിക്ക്. നേരില്‍ കാണുന്നത് വര്‍ഷങ്ങള്‍ക്കുശേഷമാണ്.
അഷ്ടമുടിക്കായലിന്‍െറ കരയിലുള്ള വാടകവീട്ടില്‍വെച്ച് ഞാനാദ്യമായി കാണുമ്പോള്‍ ബേബിച്ചായന്‍ തീര്‍ത്തും അവശനായിരുന്നു. ചാരുകസേരയിലിരുന്ന് സംസാരിക്കുന്നതിനിടയില്‍ ഇടക്കിടെ ചുമ വന്നു. ശ്വാസോച്ഛ്വാസം സാധാരണഗതിയിലായിരുന്നില്ല. എനിക്കാകെ അമ്പരപ്പായി.
''അനിയന്‍ പേടിക്കേണ്ട, ഇത് സീരിയസായ ഒരു പ്രശ്നമൊന്നുമല്ല, മാറിക്കോളും.'' ബേബിച്ചായന്‍ ശാന്തതപുലര്‍ത്തിക്കൊണ്ട് പറഞ്ഞു.
അമ്മിണിച്ചേച്ചി പൊടിയരിക്കഞ്ഞിയും ചമ്മന്തിയും കൊണ്ടുവന്നു. ബേബിച്ചായന്‍ അത് കഴിച്ചുതുടങ്ങി. അതിനിടയില്‍ എന്നോടു പറഞ്ഞു: ''അനിയന് ഞാനൊരു ഉപദേശം തരാം. വെളുപ്പിന് മൂന്നുമണിക്ക് ഉണര്‍ന്ന് എഴുതാനിരിക്കണം. ഒരു കട്ടന്‍ചായേം കുടിച്ച് എഴുതുക. ആളുകള് ഉണര്‍ന്നുവരുന്ന നേരമാകുമ്പോഴേക്കും ഒരു ദിവസത്തെ ജോലി തീര്‍ക്കാം.''
അതായിരുന്നു ബേബിച്ചായന്‍െറ പതിവ്. നേരം വെളുത്ത് മറ്റുള്ളവര്‍ ജോലി തുടങ്ങുമ്പോഴേക്കും തന്‍െറ വേല തീര്‍ന്നു. പിന്നെ ഉത്സവവേള.
ബേബിച്ചായന്‍െറ മനസ്സ് അധികമായി പ്രസാദിച്ചത് 'ഒറോത'യിലാണ്. തിരുവിതാംകൂറില്‍നിന്ന് മലബാറിലേക്കുണ്ടായ കുടിയേറ്റം ചുരുക്കം ചില കൃതികള്‍ക്കുമാത്രമാണ് പ്രമേയമായിട്ടുള്ളത്. അവയില്‍ ഏറ്റവും ശ്രദ്ധേയമായ കൃതി 'ഒറോത' തന്നെ. കരുത്തുറ്റ ഒരു സ്ത്രീസാന്നിധ്യമാണ് ഈ രചനയെ മികവുറ്റതാക്കുന്നത്. ഒറോതയെപ്പോലെയുള്ള ക്രിസ്ത്യന്‍ സ്ത്രീകളെ ചെമ്പേരിയില്‍നിന്ന് ഏറെ അകലെയല്ലാതെ മറ്റു ചില കുടിയേറ്റ ഗ്രാമങ്ങളില്‍ ഞാനും കണ്ടിട്ടുണ്ട്. ഒരുകണക്കിന്, കുടിയേറ്റക്കാരുടെ വീടുകളിലെ സ്ത്രീകള്‍ക്കൊക്കെയും ശക്തിസ്വരൂപിണിയായ ഒറോതയുടെ മുഖമാണ്. ഒറോത ഒറ്റ സ്ത്രീയല്ല, ഒരു വര്‍ഗത്തിന്‍െറ മുഴുവന്‍ പ്രതിനിധിയാണ്.
തന്‍െറ കഥാപാത്രങ്ങളുടെ ക്ഷാത്രവീര്യം ജീവിതത്തിലുടനീളം കാക്കനാടന്‍ പ്രകടിപ്പിച്ചുപോന്നിട്ടുണ്ട്. ആരുടെ മുന്നിലും ശിരസ്സ് കുനിച്ചില്ല. എഴുത്തുകാരന്‍ അടിസ്ഥാനപരമായും സത്യസന്ധനാവണമെന്ന് എന്നും നിഷ്കര്‍ഷപുലര്‍ത്തി. ജളപ്രഭുക്കള്‍ക്കിടയില്‍ ആണത്തത്തോടെയും ആര്‍ജവത്തോടെയും നിലകൊണ്ടു. പറയാനുള്ള കാര്യങ്ങള്‍, ആര്‍ക്ക് ഹിതകരമല്ളെന്നു നോക്കാതെ വിളിച്ചുപറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തിലെ ഒരു വാക്യം ഓര്‍മിക്കയാണെങ്കില്‍, അവന്‍െറ ശിരസ്സില്‍ മഴവില്ല്; മുഖം സൂര്യനെപ്പോലെ; പാദങ്ങള്‍ അഗ്നിസ്തംഭങ്ങള്‍പോലെയും...
ബേബിച്ചായാ, പലകുറി അനിയനെന്ന വിളികേട്ടിട്ടുള്ള ഞാന്‍ അങ്ങയുടെ പാദങ്ങള്‍തൊട്ട് നെറുകയില്‍ വെക്കുന്നു
"At his best, man is the noblest of all animals; separated from law and justice he is the worst"
- Aristotle
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net