പെരുമ്പാവൂരില്‍ മോഷ്ടാവാണെന്നു സംശയിച്ച് ഒരാളെ ഓടിച്ചിട്ടു തല്ലിക്കൊന്നു.കോഴിക്കോട്ട് രാത്രിയില്‍ സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ പ്രണയിനിയെ കാണാന്‍ പോയതിന് ചെറുപ്പക്കാരനെ നാട്ടുകാര്‍ കെട്ടിയിട്ടു തല്ലിയും കല്ലെറിഞ്ഞും കൊന്നു.നമ്മള്‍ ചുമ്മാ ഞെട്ടല്‍ പ്രകടിപ്പിച്ചിട്ടോ കോഴിക്കോട്ടുകാരേം പെരുമ്പാവൂരുകാരേം ചീത്ത വിളിച്ചിട്ടു കാര്യമില്ല. പെരുമ്പാവൂരും കോഴിക്കോട്ടും ഉള്ള അതേ സാമൂഹികമനശാസ്ത്രം തന്നെയാണ് കേരളമൊട്ടാകെയുള്ളത്.മോശം കലാസൃഷ്ടി നടത്തിയെന്നാരോപിച്ച് സന്തോഷ് പണ്ഡിറ്റിനെ തല്ലിക്കൊല്ലാന്‍ നടക്കുന്നവരും ഈ കൊലയാളികളും തമ്മില്‍ അടിസ്ഥാനുപരമായി വ്യത്യാസമൊന്നുമില്ല.അതുകൊണ്ട് നാളെ എന്റെ അയല്‍പക്കത്തും നിങ്ങളുടെ അയല്‍പക്കത്തും ഇത്തരം തല്ലിക്കൊലകള്‍ സംഭവിക്കും.അന്ന് നമ്മള്‍ കൊലകാരന്മാരോടൊപ്പമല്ലെങ്കില്‍ ചുമ്മാ രോഷം കൊള്ളാം.ആണെങ്കില്‍ ഭരണകൂടഭീകരതക്കെതിരേ പ്രതിഷേധിക്കാം. കൊച്ചിയില്‍ കൂട്ടുകാരനോടൊപ്പം ഓഫിസിലേക്കുള്ള വഴിയിലൂടെയല്ലാതെ പോയ പെണ്‍കുട്ടിയെ ആക്രമിച്ചതുമുതലാണ് സദാചാരപ്പൊലീസിന്റെ അക്രമങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയത്.അന്നന്നത്തെ ബിരിയാണിയില്‍ ചിക്കനുണ്ടാകുന്നതിനു വേണ്ടി വേട്ടക്കാരോടൊപ്പം വേട്ടയാടാനും ഇരകളോടൊപ്പം ഓടാനും കഴിവുള്ള ജനാധിപത്യത്തിലെ ഒരേയൊരു ജനുസ്സാണ് മാധ്യമങ്ങള്‍.മുക്കത്തെ ആ ചെറുപ്പക്കാരന്‍ തല്ലാന്‍ വന്നവന്‍മാരെയെല്ലാം അടിച്ചുവീഴ്‍ത്തി സ്ഥലം വിട്ടിരുന്നെങ്കില്‍ അനാശാസ്യത്തിനെത്തിയ യുവാവിന്റെ ഗുണ്ടാവിളയാട്ടം-നല്ലവരായ നാട്ടുകാര്‍ക്ക് പരുക്ക് എന്നും പറഞ്ഞ് ഇതേ മാധ്യമങ്ങള്‍ മസാലക്കഥകള്‍ എഴുതി നിറച്ചേനെ.വാര്‍ത്ത കണ്ണില്‍പ്പെട്ടാല്‍ അവന്റെ അതുവെട്ടണം ഇതുവെട്ടണം എന്നു പറഞ്ഞ് നമ്മള്‍ സോഷ്യല്‍ മീഡിയക്കാരും രോഷാകുലരായേനെ. ഇതിപ്പോ ആള്‍ മരിച്ചതുകൊണ്ട് ഉടനെ നാട്ടുകാരെ സദാചാരപ്പൊലീസാക്കി. നാളെ ഇനിയും മരിച്ച ചെറുപ്പക്കാരന്റെ അപദാനങ്ങള്‍ വാഴ്‍ത്തുന്ന,ഓര്‍മകള്‍ അയവിറക്കുന്ന എക്‍സ്ക്ലൂസീവുകളും ഗള്‍ഫിലെ ഓര്‍മകളും എല്ലാം വരും.ലോക്കല് നേതാക്കളെല്ലാം ഇപ്പോഴേ മൃഗീയവും പൈശാചികവുമായ ഈ സംഭവത്തിലെ പ്രതികളെ പിടികൂടണം എന്നൊക്കെ ആഹ്വാനം ചെയ്തു തുടങ്ങിയിട്ടുണ്ട്. നാട്ടുകാരും പിന്നോട്ടു പോയിട്ടില്ല.തല്ലാനും കല്ലെറിയാനും കൂടിയവരുള്‍്പ്പെടെയുള്ള പൗരസമൂഹം നാളെ സംഭവം നടന്ന കൊടിയത്തൂര്‍ പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കുന്നുണ്ട്.മാധ്യമങ്ങള്‍ ഉഡായ്‍പില്‍ ഡിഗ്രിയെടുത്തവരാണെങ്കില്‍ അതില്‍ പിഎച്ച്ഡി എടുത്തവരാണ് നാട്ടുകാര്‍. അക്രമവും കൊലപാതകവും സദാചാരപ്പൊലീസുമായി ലിങ്ക് ചെയ്തതോടെ ഇനി ഒരാഴ്ചത്തേക്ക് കേരളത്തിന്റെ മുക്കിലും മൂലയിലും നിന്ന് സദാചാരപ്പോലീസിന്റെ കഥകളായിരിക്കും.കൊച്ചിയിലെ കൊച്ചിനെ അക്രമിച്ച സംഭവം കഴിഞ്ഞപ്പോള്‍ ഡെയ്‍ലി ഇതുതന്നെയായിരുന്നു.അതിന്റെ മാര്‍ക്കറ്റ് കുറഞ്ഞപ്പോള്‍ അവന്മാര്‍ അതുവിട്ടു. അടിസ്ഥാനപരമായ പ്രശ്നത്തിലേക്ക് ഒരുത്തനും എത്തിനോക്കില്ല അത്രതന്നെ.ലൈംഗികവിദ്യാഭ്യാസത്തിന്റെ അഭാവവും ലൈംഗികദാരിദ്ര്യവും ജീവിതത്തെ മൊത്തം ലൈംഗികതയുമായി ബന്ധപ്പെടുത്തി വീക്ഷിക്കുന്ന സമീപനവും ചീത്തയാക്കിയ ഒരു സമൂഹമാണിത്.ആക്രാന്തവും മറ്റും കണ്ടാല്‍ മുടിഞ്ഞ ലൈംഗികക്കാരനാണെന്നു തോന്നും.പ്രായോഗികതലത്തില്‍ ഒരു കോപ്പുമുണ്ടാവില്ല. പ്രതികരണശേഷിയില്‍ സംഭവിച്ച തകരാറും മറ്റൊരു കാരണമാണ്. ഇടക്കാലത്ത് ബുദ്ധിജീവികളും സാംസ്കാരികനായകന്മാരും സ്ഥിരം ചോദിക്കുമായിരുന്നു മലയാളിയുടെ പ്രതികരണശേഷി നശിച്ചോ നശിച്ചോ എന്ന്. ഇപ്പോ സമാധാനമായല്ലോ.തിന്മയെയോ അക്രമത്തെയോ ഒറ്റയ്‍ക്ക് എതിര്‍ക്കാനുള്ള അവസരങ്ങളില്‍ ഓടിയൊളിക്കുകയും അപകടഘട്ടങ്ങളില്‍ മറ്റൊരാളെ രക്ഷിക്കാനുള്ള അവസരങ്ങളില്‍ കൂളായി കണ്ടുനില്‍ക്കുകയും പലരിലൊരാളായി ഒരുത്തനെ കൈവയ്‍ക്കാനവസരം ലഭിച്ചാല്‍ മാഫിയ ശശിയുടെ ബാധയകയറിയതുമാതിരി സകലമുറകളും ഉപയോഗിച്ച് കയ്യില്‍ കിട്ടുന്നതെല്ലാം ആയുധമാക്കി ഒരുത്തനെ ആക്രമിക്കുകയും ചെയ്യുന്ന പ്രത്യേകതരം മാനസികാവസ്ഥയില്‍ നമ്മളെത്തിക്കഴിഞ്ഞു. അതുകൊണ്ട്, എല്ലാവരും സൂക്ഷിക്കുക.എപ്പോ എവിടെ നിന്ന് അടി വീഴും എന്നു പറയാന്‍ പറ്റില്ല.സ്വന്തം അമ്മയുടെ കൂടെയായാലും ശരി ഒരു സ്ഥലത്തു പോകുമ്പോള്‍ അല്‍പം അകലം വിട്ടു സഞ്ചരിക്കുക.നാട്ടുകാര്‍ക്ക് അതൊന്നും ഇഷ്ടമല്ല.അഥവാ അവര്‍ സദാചാരവിവശരായി വരികയാണെങ്കില്‍ ഒന്നുമാലോചിക്കേണ്ട,ചുമ്മാ കുഴഞ്ഞങ്ങു വീണേക്കുക.ചത്തുകിടക്കുന്നവനെ കൊല്ലുന്നതില്‍ ആര്‍ക്കാണ് ഹരം ?
|