കനകസിംഹാസനത്തില്‍ കയറിയിരിക്കുന്നവന് ശുനകനോ അതോ ശുംഭനോ എന്ന് പാടിയതിനാണ് കക്കയത്ത് രാജന് ഉരുട്ട് ദണ്ഡന വിധിച്ചത്.
പാതയോരത്ത് പൊതുയോഗം പാടില്ല; പ്രകടനം പാടില്ല; പൊങ്കാലയും അനുശോചനയോഗവും വേണ്ട എന്ന് വിധിച്ച ജഡ്ജിമാരെ ജയരാജന് ഉപമിച്ചത് ശുംഭന്മാരോടാണ്. അതിന് ദണ്ഡന ആറുമാസം തടവും രണ്ടായിരം രൂപ പിഴയും. ആ അര്‍ഥത്തില്‍ ഇപ്പോഴത്തെ ശിക്ഷ കുറഞ്ഞുപോയി. കുറഞ്ഞത് ഒരുകാലിലെങ്കിലും ഉരുട്ടണമായിരുന്നു.
ജഡ്ജിമാരെ വിമര്‍ശിക്കരുത്- വിധിയെ മാത്രമേ വിമര്‍ശിക്കാവൂ എന്നാണ് പ്രമാണം. അതുകൊണ്ട് വിധിയുടെ പോരായ്മയെക്കുറിച്ച് മാത്രമേ പറയാവൂ. ശുംഭന് എന്ന് വിളിക്കരുതെന്നേ പറഞ്ഞുള്ളൂ. എന്താണ് വിളിക്കേണ്ടതെന്ന് പറഞ്ഞില്ല.
നല്ല വിവരമുള്ള ജഡ്ജിമാരാണ്. കോടതിയലക്ഷ്യത്തിന് പരമാവധി ആറുമാസം വെറുംതടവ് എന്ന് നന്നായറിയാവുന്നതുകൊണ്ടാണ് ജയരാജന് അതുമാത്രം പോര എന്ന് തീരുമാനിച്ചത്.
ശുംഭന് എന്ന് വിളിച്ചാല്‍ പുഴു എന്ന് തിരിച്ചുവിളിക്കും. പ്രൈമറി ക്ലാസിലെ ഒരു കുട്ടി മറ്റവനെ പൊട്ടാ എന്നു വിളിച്ചാല്‍ "ഞാനല്ല നീയാണ് പൊട്ടന്" എന്നാവും മറുപടി. കോടതിയും ഇന്നാട്ടിലുള്ളതാണല്ലോ.
ജയരാജന് നിയമബിരുദം പാസായത് പുഴുക്കളുടെ കോളേജില്‍നിന്നാണ്. തിരുവനന്തപുരത്താണ് പുഴുക്കളുടെ നിയമപഠന കോളേജ്. ജഡ്ജിമാരെ കുറ്റംപറഞ്ഞുകൂടാ. വിവരമില്ലാത്തവരെന്നും വിളിച്ചുകൂടാ. അതുകൊണ്ട് തുറന്ന കോടതിയില്‍ വിധിച്ച കഠിനതടവ് ശിക്ഷയെ നിയമം സംരക്ഷിക്കാനുള്ള ഉദാത്തമായ ഉദ്യമമെന്നേ പറയാവൂ. അത് തിരുത്തിക്കാന്‍ രജിസ്ട്രാര്‍ വേണ്ടിവന്നു.
കോടതിയലക്ഷ്യക്കുറ്റത്തിന് കഠിനതടവുശിക്ഷ കണ്ട രജിസ്ട്രാര്‍ തലയില്‍ കൈവച്ചുപോയതും വെടിയും പുകയുമെന്നപോലെ അതിവേഗം തിരുത്തിച്ചതും നീതിനിര്‍വഹണത്തിലെ പരിപക്വ ഇടപെടലെന്നേ ചരിത്രത്തില്‍ രേഖപ്പെടുത്താവൂ.
ജയിലില്‍ പോയി ജയരാജന് കഠിനജോലി ചെയ്യട്ടെ; അത്രമാത്രം കനപ്പെട്ട വാക്കാണല്ലോ ഉപയോഗിച്ചത് എന്ന് മനസ്സില്‍ കരുതിയതുകൊണ്ടാണ് വിധിയും കഠിനമായത്്. ജഡ്ജിമാര്‍ക്ക് അങ്ങനെ തോന്നുന്നതില്‍ നിയമതടസ്സമില്ല.
ജയരാജനോട് കോടതി ചെയ്തത് നല്ലകാര്യമാണെന്ന് പലര്‍ക്കും മനസ്സിലായിട്ടില്ല. പ്രതീകാത്മകമായി ചില്ലറ ദിവസം തടവുശിക്ഷയും അപ്പോള്‍തന്നെ ജാമ്യവും കൊടുത്തിരുന്നുവെങ്കില്‍ ജയരാജനെ, "ധീരാ വീരാ ജയരാജാ" എന്ന് മുദ്രാവാക്യം മുഴക്കി സ്വീകരിക്കാന്‍ ആരെങ്കിലും വരുമായിരുന്നുവോ?
ഇതിപ്പോള്‍ എറണാകുളംമുതല്‍ പൂജപ്പുരവരെ സ്വീകരണം; ആരും ആഹ്വാനംചെയ്യാതെ തടിച്ചുകൂടിയ ജനസഹസ്രങ്ങള്‍ . കോടതിയലക്ഷ്യ നിയമത്തെക്കുറിച്ച് നാടാകെ ചര്‍ച്ച. ജയിലില്‍ കിടക്കുമ്പോഴും ജയരാജന് ഹീറോ തന്നെ.
പാതയോരത്തെ പൊതുയോഗവും ആറ്റുകാല്‍ പൊങ്കാലയും നടത്തണോ അതോ കോടതിവിധി മാനിച്ച് മിണ്ടാതിരിക്കണോ എന്ന് ജനങ്ങളും ചിന്തിക്കുന്നു.
പണ്ട് സുപ്രീംകോടതിയിലെ ഒരു ചീഫ് ജസ്റ്റിസുണ്ടായിരുന്നു- ഭുപിന്ദര്‍നാഥ് കൃപാല്‍ എന്നാണ് പേര്. ജസ്റ്റിസ് ബി എന്‍ കൃപാല്‍ എന്നും വിളിക്കും. "എന്റെ ഇരുപത്തിമൂന്നു വര്‍ഷത്തെ ന്യായപീഠത്തിലെ കാലയളവില്‍ കോടതിയലക്ഷ്യക്കുറ്റത്തിന് ഒരാളെപ്പോലും ശിക്ഷിച്ചിട്ടില്ല" എന്നാണ് ആ ജസ്റ്റിസ് റിട്ടയര്‍മെന്റ് വേളയില്‍ അഭിമാനം കൊണ്ടത്. കോടതിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടേണ്ടത് കോടതിയലക്ഷ്യ നിയമംകൊണ്ടല്ല എന്നദ്ദേഹം തുറന്നടിച്ചു. കോടതിയെ ആര്‍ക്കെങ്കിലും വിമര്‍ശിക്കണമെങ്കില്‍ അവരത് ചെയ്യട്ടെ. ബന്ധപ്പെട്ട ജഡ്ജിയുടെ കഴിവളക്കാന്‍ അത് ഉപയുക്തമാകുമെന്നും ജസ്റ്റിസ് കൃപാല്‍ പറഞ്ഞു. പിടിക്കുന്നതും കോടതി, വിചാരിക്കുന്നതും കോടതി, വിധിക്കുന്നതും കോടതി.
ഈ നിയമം മാറ്റിയേ തീരൂവെന്ന് പറഞ്ഞ ജഡ്ജിമാരില്‍ കൃപാലുമുണ്ട്; ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവുമുണ്ട്. എന്നിട്ടും ജയരാജന് ശിക്ഷ പരമാവധിതന്നെ. ശംഖില്‍ വാര്‍ത്താല്‍ തീര്‍ഥവും ചട്ടിയില്‍ വാര്‍ത്താല്‍ തണ്ണീരുമാണ്.
ജഡ്ജിമാരില്‍ കള്ളന്മാരുണ്ടെന്ന് ജസ്റ്റിസ് ബറൂച്ച പറഞ്ഞാല്‍ മഹത്തരം; ജയരാജന് പറഞ്ഞാല്‍ കുറ്റം. ജയിലില്‍ കിടത്തിയേ തീരൂ എന്നാണ് വാശി പിടിച്ചത്്. കോഴിക്കോട്ടെ പൊലീസേമാന്‍ രാധാകൃഷ്ണപിള്ള വെടിവച്ചപോലെ ജയരാജനുനേരെ കോടതിയലക്ഷ്യ വെടി. കീഴൂട്ടെ പിള്ള ഇറങ്ങുമ്പോള്‍ ജയരാജന് കയറി. എല്ലാം ഒരു പിള്ള കളിതന്നെ.