അഡ്വ.ജയശങ്കര്‍ എം വി ജയരാജന് ആറ് മാസത്തെ തടവുശിക്ഷ വിധിച്ച ഹൈക്കോടതി നടപടി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. ജയരാജന്‍ ചെയ്തതിലും വലിയ തെറ്റ് കോടതി അയാളോട് ചെയ്തിരിക്കയാണ്. ജയരാജന്റെ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് അംഗീകരിച്ചാല്‍ തന്നെ അയാള്‍ ചെയ്ത തെറ്റിനേക്കാള്‍ വലിയ ശിക്ഷയാണ് കോടതി നല്‍കിയിരിക്കുന്നത്. ഇനി ആറ് മാസത്തെ ശിക്ഷ വിധിച്ചാല്‍ തന്നെ അയാള്‍ക്ക് അപ്പീല്‍ കൊടുക്കാനുള്ള അവസരം നല്‍കണ്ടേ? കോടതിയലക്ഷ്യ നിയമത്തിലെ 19ാം വകുപ്പ് പ്രകാരം അയാള്‍ക്ക് അപ്പീല്‍ നല്‍കാന്‍ അവകാശമുണ്ട്. 19ാം വകുപ്പിലെ മൂന്നാം ഉപവകുപ്പ് പ്രകാരം അയാള്‍ അപ്പീല്‍ കൊടുക്കാന്‍ പോകുന്നുവെന്ന് അറിയിച്ചാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യുകയല്ലാതെ കോടതിക്ക് വലിയ വിവേചനാധികാരമൊന്നുമില്ല. ഇയാള്‍ അപ്പീല്‍ നല്‍കാന്‍ പോകുന്നുണ്ട് എന്ന് കോടതിക്ക് ബോധ്യമാകണം എന്നേയുള്ളൂ. അതാണ് കീഴ്‌വഴക്കം. അതിന് പകരം ജയിലില്‍ പോയിട്ട് അപ്പീല്‍ നല്‍കിയാല്‍ മതിയെന്ന് പറയാന്‍ മാത്രം ഗുരുതരമായ രാജ്യദ്രോഹമോ കൊള്ളയോ കൊലയോ ചെയ്ത പുള്ളിയല്ല ജയരാജന്‍.
അജ്മല്‍ കസബിനെ തൂക്കാന്‍ വിധിച്ച കോടതി ശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് പറയുകയല്ല, അപ്പീല്‍ കോടതിക്ക് വിടുകയാണ് ചെയ്തത്. നീതി നടപ്പാക്കുന്നതിന്റെ രീതിയതാണ്. ഇവിടെ ജയരാജന്‍ ചെയ്ത തെറ്റിനേക്കാള്‍ വലിയ തെറ്റ് ജയരാജനോട് കോടതി ചെയ്തിരിക്കയാണ്. ജയരാജനോട് പക പോക്കുന്ന രീതിയിലാണ് കോടതിയലക്ഷ്യ നടപടിയുണ്ടായത്. അങ്ങനെ ഒരിക്കലും ചെയ്യാന്‍ പാടില്ല. അങ്ങനെ ഒരു തോന്നല്‍ ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കാന്‍ പാടില്ല. ജഡ്ജിമാര്‍ക്ക് വൈരാഗ്യം ഉണ്ടാകാന്‍ പാടില്ല. ഉണ്ടായാല്‍ തന്നെ അത് പ്രകടിപ്പിക്കാന്‍ പാടില്ല.
കോടതിയെ വിമര്‍ശിച്ച ഇ എം എസ് നമ്പൂതിരിപ്പാടിന് ഹൈക്കോടതിയുടെ മൂന്നംഗ ബഞ്ച് ഭൂരിപക്ഷ വിധിയനുസരിച്ച് പിഴശിക്ഷയാണ് വിധിച്ചത്. സുപ്രീം കോടതി പിഴ ശിക്ഷ കുറച്ചു കൊടുക്കുകയും ചെയ്തു. മത്തായി മാഞ്ഞൂരാന്റെ കേസില്‍ നൂറ് രൂപയാണ് പിഴശിക്ഷയായി വിധിച്ചത്. മത്തായി മാഞ്ഞൂരാന്‍ ഒരു സൂപ്പര്‍ ജയരാജനായതിനാല്‍ പിഴയടക്കാന്‍ വിസമ്മതിച്ചു. അതുകൊണ്ട് അദ്ദേഹത്തെ വിയ്യൂര്‍ ജയിലിലടച്ചു. മത്തായി മാഞ്ഞൂരാന്‍ പിഴയടക്കാതെ ജയിലില്‍ പോയത് രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായിട്ടാണ്. ഇവിടെ ജയരാജന് പരമാവധി ശിക്ഷ വിധിച്ചിരിക്കയാണ്. ജനപ്രതിനിധിയായിരുന്ന ആളും ഒരു പ്രധാന പാര്‍ട്ടിയുടെ നേതാവുമെന്ന നിലയില്‍ അദ്ദേഹത്തിന് നാമമാത്രമായ ശിക്ഷയേ നല്‍കേണ്ടതുണ്ടായിരുന്നുള്ളൂ. സര്‍ദാര്‍ സരോവര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് വളരെ കര്‍ക്കശമായ പരാമര്‍ശങ്ങള്‍ നടത്തിയ അരുന്ധതി റോയിക്ക് ഒരു ദിവസത്തെ തടവാണ് സുപ്രീം കോടതി വിധിച്ചത്. ബാലകൃഷ്ണ പിള്ളയെ അഴിമതി കേസില്‍ സുപ്രീം കോടതി ശിക്ഷിച്ചത് പോലും ഒരു വര്‍ഷത്തേക്കാണെന്ന് നാമോര്‍ക്കണം.
രാഷ്ട്രീയമായി ഈ പ്രശ്‌നത്തെ സമീപിച്ചാല്‍ മനസ്സിലാകുക ഒന്നാമതായി കോടതികളുടെ ഫ്യൂഡല്‍ സ്വഭാവമാണ്. കോടതിയലക്ഷ്യ നടപടി ഉപയോഗിച്ച് വിമര്‍ശകരെ തകര്‍ത്തുകളയാമെന്ന മോഹം ഇതില്‍ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന് സ്ഥാനത്തും അസ്ഥാനത്തും കോടതികളെ എതിര്‍ക്കുകയും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സി പി എമ്മിനോടുള്ള ഒരു പ്രതികാര നിര്‍വഹണവും ഇതില്‍ കാണാന്‍ കഴിയും. ജയരാജന്‍ മാത്രമല്ല, ജയരാജന് മുമ്പും ജയരാജന് ശേഷവുമുള്ള ഒട്ടേറെ പേര്‍ കോടതികള്‍ക്കെതിരെ ഇത്തരം പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ട്. ജഡ്ജിയുടെ കോലം കത്തിക്കുക, ജഡ്ജിയെ നാടുകടത്തുക പോലുള്ള എസ് എഫ് ഐയുടെ കലാപരിപാടികള്‍ വരെ നടന്നു. ജയരാജന്‍ 'ശുംഭന്‍' പ്രയോഗം നടത്തിയതിന് പിന്നാലെ എസ് എഫ് ഐയുടെ അന്നത്തെ നേതാവ് ഹൈക്കോടതിക്ക് സമീപം പ്രസംഗിച്ചത് ഇവിടത്തെ ജഡ്ജിമാര്‍ ഉണ്ണാമന്‍മാരാണെന്നാണ്. ഇതിനെല്ലാമുള്ള തിരിച്ചടിയാണ് ആകത്തുകയായി ഇപ്പോള്‍ കോടതി ജയരാജന് കൊടുത്തിരിക്കുന്നത് എന്നാണ് ഉത്തരവ് വായിക്കുന്നവര്‍ക്ക് തോന്നുക.
ശുംഭന്‍ എന്നാല്‍ 'പ്രകാശിക്കുന്നവന്‍' എന്നാണ് അര്‍ഥമെന്ന് വ്യാഖാനിക്കാന്‍ ശ്രമിച്ചതാണ് ഈ കേസില്‍ ജയരാജന് പറ്റിയ ഏറ്റവും വലിയ തെറ്റ്. പറഞ്ഞ അഭിപ്രായത്തില്‍ ജയരാജന്‍ ഉറച്ചു നില്‍ക്കണമായിരുന്നു
കേസിന്റെ നടപടിക്രമത്തിലും അപാകതകളുണ്ട്. കോടതി സ്വമേധയാ ആര്‍ക്കെങ്കിലുമെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുന്നതിന് ഫുള്‍ കോര്‍ട്ടിന്റെ അനുമതി വേണമെന്നാണ് വ്യവസ്ഥ. സിസ്റ്റര്‍ അഭയ കേസില്‍ കേരള കൗമുദിക്കെതിരായ കോടതിയലക്ഷ്യത്തിന് ഇത്തരത്തില്‍ ഫുള്‍ കോര്‍ട്ട് റഫറന്‍സ് ഉണ്ടായി. ഈ കേസ് ചീഫ് ജസ്റ്റിസ് പരിഗണനക്കെടുത്തപ്പോള്‍ അത് പറ്റില്ല, ഫുള്‍കോര്‍ട്ട് റഫറന്‍സ് വേണമെന്ന് വാദമുയര്‍ന്നു. അതേ തുടര്‍ന്ന് ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് കൗമുദിക്കെതിരായ കോടതിയലക്ഷ്യ നടപടിയുടെ കാര്യത്തില്‍ തുടര്‍നടപടി സ്വീകരിച്ചത്. എന്നാല്‍ ജയരാജനെതിരായ കോടതിയലക്ഷ്യ കേസില്‍ ഇത് പാലിക്കപ്പെട്ടില്ല.
ജയരാജന് അനുകൂലമായി സാക്ഷി പറയാന്‍ വന്ന ഭാഷാ പണ്ഡിതനോട് ജഡ്ജി ചോദിച്ചത് 'നിങ്ങള്‍ക്ക് സി പി എമ്മിനെ പേടിയുണ്ടോ' എന്നാണ്. അങ്ങനെ ഒരു ജഡ്ജി ചോദിക്കാന്‍ പാടില്ല. അങ്ങനെ ചോദിക്കുമ്പോള്‍ ആ ജഡ്ജിയുടെ നിഷ്പക്ഷതയാണ് സംശയത്തിലാകുന്നത്. ആ ജഡ്ജിയില്‍ നിന്ന് ജയരാജന് നീതി കിട്ടുമെന്ന് കരുതാന്‍ കഴിയില്ല. കോടതിയില്‍ നിന്ന് നീതിയും ന്യായവുമാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. അത് കിട്ടുന്നില്ലെങ്കില്‍ പിന്നെ എന്ത് കാര്യം?
ജയരാജന്‍ ഈ പ്രസംഗം ഒരു പ്രാവശ്യം മാത്രമേ നടത്തിയുള്ളൂ. പക്ഷേ വിധി വന്നിട്ടു പോലും ഈ പരാമര്‍ശങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെ ആവര്‍ത്തിച്ചു കൊണ്ടിരിക്കയാണ്. അത് ചെയ്യുന്നവര്‍ക്കെതിരെ ഈ സെക്കന്‍ഡ് വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
'നോട്ടുകെട്ടുകളുടെ കനം നോക്കിയാണ് കോടതികള്‍ വിധി പറയുന്നതെ'ന്ന പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവനക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുത്തപ്പോള്‍ അത് പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെയും കോടതി കേസെടുത്തിരുന്നു. ഇവിടെ ഒരു ചാനലിനെതിരെയും കേസെടുത്തിട്ടില്ലെന്ന് മാത്രമല്ല, ചാനലുകളുടെ അടുത്ത് നിന്ന് സി ഡി വാങ്ങിയിട്ടാണ് കോടതി തെളിവ് ശേഖരിച്ചത്. ജയരാജന്റെ വാക്കുകള്‍ ടി വി ചാനലുകള്‍ വലിയ ആഘോഷമാക്കുകയും പത്രങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകള്‍ വരികയും ചെയ്തതോടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദമായത്.
ജയരാജന്‍ പറഞ്ഞ രീതിയോട് പൊതുവില്‍ എല്ലാവര്‍ക്കും വിയോജിപ്പുണ്ട്. അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ കുറച്ച് പരുഷമാണ്. ജയരാജന്റെ ശൈലിയും പ്രകൃതവും ശരീര ഭാഷയും പരുഷമായത് അദ്ദേഹത്തിന്റെ കുറ്റമല്ലല്ലോ. പ്രേംനസീറിന്റെ അത്രയും സൗന്ദര്യം ജയരാജന് ഉണ്ടാകണമെന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ലല്ലോ. 'ശുംഭന്‍' എന്ന പദപ്രയോഗം ഒഴിച്ചാല്‍ ജയരാജന്‍ പറഞ്ഞതെല്ലാം ന്യായമായ കാര്യങ്ങളാണ്. ശുംഭന് 'കൊള്ളരുതാത്തവന്‍' എന്ന് അര്‍ഥമില്ല. 'പ്രകാശിക്കുന്നവന്‍' എന്നും അര്‍ഥം കല്‍പ്പിക്കാറില്ല. 'വിഡ്ഢി' അല്ലെങ്കില്‍ 'വേണ്ടത്ര ബുദ്ധിയില്ലാത്ത ആള്‍' എന്നേ അര്‍ഥം കല്‍പ്പിക്കാറുള്ളൂ.
ജയരാജന്‍ ഏത് സാഹചര്യത്തില്‍ എന്ത് ഉദ്ദേശ്യത്തോടെ ഇത് പറഞ്ഞുവെന്നതാണ് പ്രധാനം. അദ്ദേഹത്തിന്റെ വ്യക്തിപരമായ നേട്ടത്തിനായിരുന്നില്ല, രാഷ്ട്രീയമായ ലാഭത്തിനുമല്ല. നേരെ മറിച്ച് ഒരു കോടതി വിധിയോടുള്ള പ്രതികരണം എന്ന നിലക്കായിരുന്നു. ഇത്തരമൊരു വിധിക്കെതിരെ പൊതുസമൂഹത്തില്‍ വികാരമുയര്‍ന്നത് സ്വാഭാവികമായിരുന്നു. പൊതു സ്ഥലങ്ങള്‍ അധികമില്ലാത്ത നാടാണ് ജനസാന്ദ്രതയില്‍ മുന്നില്‍ നില്‍ക്കുന്ന കേരളം. എറണാകുളത്ത് മറൈന്‍ െ്രെഡവും രാജേന്ദ്ര മൈതാനവുമൊഴിച്ചാല്‍ പൊതുയോഗം നടത്താന്‍ വേറെ സ്ഥലമില്ല. ഇങ്ങനെയൊരു സ്ഥലത്ത് ഒരു ചെറിയ യോഗം നടത്താന്‍ പാര്‍ട്ടികള്‍ എവിടെ പോകും?
ആലുവ റെയില്‍വേ സ്‌റ്റേഷന്‍ മൈതാനിയില്‍ നടക്കുന്ന യോഗങ്ങള്‍ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ബസുടമ കൊടുത്ത കേസാണ് ഈ പരാമര്‍ശത്തിന് കാരണമായത്. ഈ കേസില്‍ ആലുവയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ കക്ഷിയല്ല, അവിടത്തെ നഗരസഭ കക്ഷിയല്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ മാത്രമല്ല, സമുദായ സംഘടനകളും സാധാരണ ഗതിയില്‍ യോഗം ചേരുന്ന ഒരു പൊതു സ്ഥലമാണത്. ഇ എം എസും എ കെ ജിയും നായനാരും മുതല്‍ ആര്‍ ബാലകൃഷ്ണ പിള്ള വരെ അവിടെ പ്രസംഗിച്ചിട്ടുണ്ട്്. അവിടെ യോഗം നടത്തുന്നതിനെതിരെ ഒരാള്‍ കേസ് കൊടുക്കുമ്പോള്‍ ബന്ധപ്പെട്ട എല്ലാവരുടെയും വാദം കേള്‍ക്കേണ്ടതായിരുന്നു.
ഇവരെയാരെയും കേസില്‍ കക്ഷി ചേര്‍ത്തിരുന്നുമില്ല. അത്തരമൊരു കേസില്‍ സര്‍ക്കാര്‍ വക്കീലിന്റെ വാദം മാത്രം കേട്ട് ഒരു വിധി പറയുകയാണ് കോടതി ചെയ്തത്. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ മൈതാനിയിലെ പ്രശ്‌നത്തിന്റെ പേരില്‍ കേരളത്തിലെമ്പാടുമുള്ള വഴിയോരങ്ങളില്‍ പൊതുയോഗം നിരോധിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ആലുവ റെയില്‍വേ സ്‌റ്റേഷന്‍ മൈതാനിയിലെ പൊതുയോഗം നിരോധിച്ചാല്‍ തന്നെ അതൊരു തര്‍ക്കവിഷയമാണ്. ബന്ധപ്പെട്ട കക്ഷികളുടെ വാദം കേള്‍ക്കാതെ കേരളത്തിനാകെ ബാധകമാകുന്ന ഒരു വിധി പ്രഖ്യാപിക്കുകയാണ്. നീതിന്യായ വ്യവസ്ഥയുടെ അടിസ്ഥാന തത്വത്തിന് തന്നെ എതിരായ വിധിയാണത്. ഇതിനെതിരെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് കേസില്‍ കക്ഷി ചേരുന്നതിന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല.
ശുംഭന്‍ എന്നാല്‍ 'പ്രകാശിക്കുന്നവന്‍' എന്നാണ് അര്‍ഥമെന്ന് വ്യാഖാനിക്കാന്‍ ശ്രമിച്ചതാണ് ഈ കേസില്‍ ജയരാജന് പറ്റിയ ഏറ്റവും വലിയ തെറ്റ്. പറഞ്ഞ അഭിപ്രായത്തില്‍ ജയരാജന്‍ ഉറച്ചു നില്‍ക്കണമായിരുന്നു. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ച് ഉത്തരവിട്ട ജഡ്ജിമാര്‍ ശുംഭന്‍മാര്‍ തന്നെയാണെന്ന് ജഡ്ജിമാരുടെ മുഖത്ത് നോക്കി ജയരാജന്‍ പറഞ്ഞാല്‍ പോലും ആറ് മാസത്തില്‍ കൂടുതല്‍ ശിക്ഷ വിധിക്കാന്‍ കോടതിക്ക് കഴിയുമായിരുന്നില്ല.