..::||[കേരള കൂട്ടുകാര്‍]||::.. അല്‍പ്പം അത്തിപ്പഴ മാഹാത്മ്യം.

 

അധികമാരും രുചിച്ചു കാണില്ല എങ്കിലും ധാരാളം പോഷകങ്ങളും ഔഷധ ഗുണങ്ങളുമുള്ള അത്തിപ്പഴത്തെ പറ്റി കേട്ടിട്ടില്ലാത്തവര്‍ ചുരുക്കം.

ആര്‍ട്ടിക്കേസി കുടുംബത്തില്‍ പെട്ട അത്തിയുടെ ശാസ്ത്ര നാമം ഫൈക്കസ് കാരിക്ക എന്നാണു. ഫൈക്കസ് ജനുസ്സില്‍ ഉള്‍പ്പെടുന്ന ഇത് കണ്ട്രിഫിഗ് എന്നും അറിയപ്പെടുന്നു.

ശീമയത്തി, കാട്ടത്തി, ചുവന്നയത്തി, കൊടിയത്തി, കല്ലത്തി, മലയാത്തി, വിഴുലത്തി, പേരത്തി, ചിറ്റത്തി, കരുകത്തി എന്നിങ്ങനെ പതിമൂന്നു ഇനം അത്തികളുന്ടെന്നാണ് ആയുര്‍വ്വേദ മതം.

ഇവയില്‍ ശീമയത്തിയാണ് സാധാരണ മരുന്നിനായി ഉപയോഗിക്കുന്നത്. അത്ത്യുല്‍പ്പാദന ശേഷിയുള്ള സിംല അത്തിയും വലിപ്പമുള്ള പഴമുള്ള പാലസ്തീന്‍ അത്തിയും പല സ്ഥലങ്ങളിലും പഴത്തിനു വേണ്ടി കൃഷി ചെയ്തു വരുന്നു.

പാലസ്തീന്‍ ആണ് അത്തിയുടെ ജന്മ സ്ഥലം. ബൈബിളിലും ഖുര്‍ആനിലും അത്തിപ്പഴം പരാമര്‍ശിക്കപ്പെടുന്നുണ്ട്. പാലസ്ത്തീനില്‍ വ്യാപകമായി വളരുന്ന അത്തി ഇന്ത്യ, ശ്രീലങ്ക, തുര്‍ക്കി, അമേരിക്ക, ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളിലും കാണപ്പെടുന്നു.

പത്തു മീറ്ററോളം ഉയരത്തില്‍ വളരുന്ന അത്തിമരത്തിന്റെ കട്ടിയുള്ള ഇലകള്‍ക്ക്‌ ഇരുപതു സെന്റിമീറ്റര്‍ വരെ നീളമുണ്ടാവും. നിറയെ ഇലകളുമായി തഴച്ചു വളരുന്ന അത്തി നല്ലൊരു തണല്‍മരം കൂടിയാണ്.

ഇന്ത്യയില്‍ പൂനെ, ബാന്ഗ്ലൂര്‍ എന്നിവിടങ്ങളില്‍ അത്തി ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. മിതശീതോഷ്ണ മേഖലയില്‍ എല്ലാ സ്ഥലങ്ങളിലും അത്തി നന്നായി വളരും. ചതുപ്പിലും അമിതമായി നീര്‍ക്കെട്ടുള്ള സ്ഥലങ്ങളിലും അത്തി വളരില്ല.
കൃഷി രീതി:

സൂക്ഷമമായ പൊടിപോലുള്ള അത്തിപ്പഴ വിത്തുകള്‍ കിളിര്‍ക്കുകയില്ല. അതിനാല്‍ കൊമ്പുകള്‍ മുറിച്ചു നട്ടാണ് കൃഷി ചെയ്യുന്നത്. ഒരു മീറ്റര്‍ സമ ചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് മേല്‍മണ്ണും ജൈവ വളവും ചേര്‍ത്തു കുഴി നിറച്ച് അര കിലോഗ്രാം എല്ലുപൊടി വിതറി തൈകള്‍ നടാം. മരം പിടിച്ചു വന്നു കഴിഞ്ഞാല്‍ പിന്നെ പ്രത്യേകിച്ച് ഒരു പരിചരണവും അത്തിമാരത്തിനു ആവശ്യമില്ല. സാധാരണ രീതിയില്‍ അത്തിമരത്തില്‍ നിന്നും മൂന്നാം വര്ഷം മുതല്‍ ഫലം കിട്ടും. നാടന്‍ ഇനങ്ങള്‍ ഒഴികെ പാലസ്തീന്‍, സിംല ഇനങ്ങള്‍ മിക്കവാറും എല്ലാ കാലത്തും കായ്ക്കുന്നു. നവംബറിലെ ഇലപോഴിച്ചിലിനു ശേഷം തായ്‌ തടിയിലും ശിഖരങ്ങളിലും മണ്ണിനു പുറത്തുള്ള വേരുകളിലും എല്ലാം നിറയെ കായ്‌ പിടിക്കും.

ചെറിയ പേരക്ക വലിപ്പത്തില്‍ പത്തു മുതല്‍ പതിനഞ്ചു വരെ കായ്കള്‍ ഒരു കുലയില്‍ ഉണ്ടാവുന്നു. മരത്തില്‍ നിന്ന് തന്നെ പഴുക്കുന്ന കായ്കള്‍ക്ക് രുചിയും മധുരവും കൂടും.

അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാല് മരങ്ങളുടെ തൊലി ചേരുന്ന നാല്പ്പാമാര എന്നാ ഔഷധക്കൂട്ടില്‍ പ്രഥമ സ്ഥാനിയാണ് അത്തി. അത്തിയുടെ തൊലിയും വെറും ഇളം കായ്കളും പഴവും ഔഷധമാണ്.

ഉണങ്ങിയ അത്തിപ്പഴത്തില്‍ അമ്പത് ശതമാനത്തോളം പഞ്ചസാരയും മൂന്നര ശതമാനത്തോളം മാംസ്യവും സോഡിയം, ഇരുമ്പ്, ഗന്ധകം തുടങ്ങിയ ലവണങ്ങളും അടങ്ങിയിരിക്കുന്നു.

അത്തിപ്പഴം പഞ്ചസാരയുമായി ചേര്‍ത്തു കഴിച്ചാല്‍ രക്തശ്രാവം, ദന്തക്ഷയം, മലബന്ധം എന്നീ അസുഖങ്ങള്‍ക്ക് ശമനമുണ്ടാവും.

മുലപ്പാലിനു തുല്യമായ പോഷകങ്ങള്‍ അടങ്ങിയതിനാല്‍ അത്തിപ്പഴം കുഞ്ഞുങ്ങള്‍ക്കും നല്‍കാം. അത്തിപ്പഴം കുട്ടികളില്‍ ഉണ്ടാവുന്ന തളര്‍ച്ച മാറ്റുകയും സ്വാഭാവിക വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യും.