[www.keralites.net] എല്‍.ഇ.ഡി.യുടെ മോടി

 

എല്‍.ഇ.ഡി.യുടെ മോടി     

  


കൈവെള്ളയില്‍ വെച്ചാല്‍ ഒരു മണല്‍ത്തരിയോളം പോന്ന ഇത്തിരിക്കുഞ്ഞനാണ് കക്ഷി. പക്ഷേ വിവരമുള്ളവര്‍ക്ക് ഇവന്റെ വലിപ്പമറിയാം. വൈദ്യുതോര്‍ജ്ജം ഉപയോഗിച്ച് ലോകത്ത് നിലവിലുള്ള എല്ലാവിധ പ്രകാശഉറവിടങ്ങളേക്കാള്‍ വെളുത്തവെളിച്ചം ഉല്‍പാദിപ്പിക്കാന്‍ ഇതിന് കഴിയും. പറഞ്ഞുവരുന്നത് എല്‍.ഇ.ഡി.യെക്കുറിച്ചാണ്. ലൈറ്റ് എമിറ്റിങ് ഡയോഡ് എന്ന മുഴുവന്‍പേരുള്ള ഈ സെമികണ്ടക്ടറിന് ഒരു ചതുരശ്രമില്ലിമീറ്ററേ വലിപ്പമുള്ളൂ. വൈദ്യുതോര്‍ജ്ജത്തെ നേരിട്ട് പ്രകാശമാക്കാന്‍ കഴിവുള്ള എല്‍.ഇ.ഡി. ഊര്‍ജ്ജസംരക്ഷണത്തിന്റെ കാര്യത്തിലും മുമ്പില്‍ തന്നെ. ഹാലോജന്‍ ലൈറ്റുകളേക്കാള്‍ നാലിരട്ടി ഊര്‍ജ്ജക്ഷമതയുണ്ട് എല്‍.ഇ.ഡി. സാങ്കേതികവിദ്യക്ക്. ഒരു ഹാലോജന്‍ ലൈറ്റ് തെളിക്കാനാവശ്യമായ കറന്റുണ്ടെങ്കില്‍ അതേ പ്രകാശം തരുന്ന നാല് എല്‍.ഇ.ഡി. ലൈറ്റുകള്‍ തെളിക്കാമെന്നര്‍ഥം. സാങ്കേതികവിദ്യകളിലുണ്ടാകുന്ന പുരോഗതി കാരണം 2018 ആകുമ്പോഴേക്കും എല്‍.ഇ.ഡി.യുടെ ഊര്‍ജ്ജക്ഷമത ഹാലോജനേക്കാള്‍ പതിനെട്ടിരട്ടിയാകുമെന്നാണ് സൂചനകള്‍.

എല്‍.ഇ.ഡി.യുടെ സാധ്യതകള്‍ മുമ്പേ തിരിച്ചറിഞ്ഞുകൊണ്ട് അതുവഴി നീങ്ങിയവരാണ് ഓഡി കാര്‍ നിര്‍മാതാക്കള്‍. ലോകമെങ്ങും എല്‍.ഇ.ഡി. വിദ്യ തരംഗം സൃഷ്ടിക്കുന്നതിനുമുമ്പ് തന്നെ ഓഡി കാറുകളുടെ ഹെഡ്‌ലൈറ്റില്‍ എല്‍.ഇ.ഡി. ഉപയോഗിച്ചുതുടങ്ങിയിരുന്നു. 2003ലെ ഡെട്രോയിറ്റ് ഓട്ടോേെഷായില്‍ കമ്പനി അവതരിപ്പിച്ച പൈക്ക്‌സ് പീക്ക് ക്വാട്രോ കോണ്‍സെപ്റ്റ് വാഹനത്തില്‍ എല്‍.ഇ.ഡി. ഫോഗ് ലൈറ്റുകളുണ്ടായിരുന്നു. ബമ്പറിനുമുകളില്‍ ഒരു വരപോലെ പിടിപ്പിച്ച എല്‍.ഇ.ഡി. ലൈറ്റുകള്‍ കണ്ട് പലരും മൂക്കത്ത് വിരല്‍വെച്ചു. ഈ ഇത്തിരിപ്പോന്ന ലൈറ്റ് കൊണ്ട് എന്താകാനെന്ന പരിഹാസമായിരുന്നു അവര്‍ക്കൊക്കെ. തുടര്‍ന്നിറങ്ങിയ 12 സിലിണ്ടര്‍ എ8 മോഡലിലും എല്‍.ഇ.ഡി. ലൈറ്റുകള്‍ തന്നെ ഘടിപ്പിച്ചുകൊണ്ട് ഓഡി വീണ്ടും വാര്‍ത്തകളില്‍ ഇടംനേടി. ഇന്നിപ്പോള്‍ ഓഡി വാഹനങ്ങളുടെ മുഖമുദ്രയായി എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകളും ടെയില്‍ ലാമ്പുകളും മാറിക്കഴിഞ്ഞു. ഒളിംപിക് വലയങ്ങളെ ഓര്‍മിപ്പിക്കുന്ന കമ്പനി ലോഗോയുടെ രൂപത്തില്‍ തെളിഞ്ഞുകത്തുന്ന എല്‍.ഇ.ഡി. ടെയില്‍ ലാമ്പുകളുമായി ഓഡി കാറുകള്‍ നമ്മുടെ നിരത്തുകളിലും ഒഴുകുന്നത് കാണാം.

രൂപകല്പനയിലെ പുത്തന്‍സാധ്യതകള്‍




വാഹനങ്ങളുടെ രൂപകല്പനയില്‍ ഹെഡ്‌ലൈറ്റുകള്‍ക്കും ടെയില്‍ ലാംപുകള്‍ക്കും നിര്‍ണായകസ്ഥാനമുണ്ടെന്ന് ഏവര്‍ക്കുമറിയാം. എത്രയോദൂരെ നിന്നുതന്നെ എതിരെ വരുന്നത് ഔഡി കാറാണെന്ന് മറ്റു ഡ്രൈവര്‍മാര്‍ക്ക് മനസിലാക്കാന്‍ എല്‍.ഇ.ഡി. ലൈറ്റുകള്‍ സഹായിക്കുന്നു. ആദ്യമൊക്കെ ഇതുവെറും മാര്‍ക്കറ്റിങ് തന്ത്രമാണെന്ന് കളിയാക്കിയ എതിരാളികള്‍ പോലും ഇപ്പോള്‍ ഓഡിയുടെ എല്‍.ഇ.ഡി. വിദ്യയെ അംഗീകരിക്കുന്നുണ്ട്.

എല്‍.ഇ.ഡി. വിദ്യ വാഹനരൂപകല്‍പനയില്‍ പുതിയ സാധ്യതകളുടെ വന്‍ജാലകം തന്നെ തുറന്നിടുന്നുണ്ടെന്ന് ഓഡിയുടെ ഡിസൈന്‍ വിഭാഗത്തലവന്‍ സ്‌റ്റെഫാന്‍ സിയലാഫ് പറയുന്നു. ''എല്‍.ഇ.ഡി.യുപയോഗിച്ച് ഏതു രൂപത്തിലും നമുക്ക് ടെയില്‍ ലാംപുകള്‍ നിര്‍മിക്കാം. പ്രത്യേകതരത്തിലുള്ള ദൃശ്യാനുഭവമാണിത് കാറുകള്‍ക്ക് സമ്മാനിക്കുന്നത്. ഓഡി എ6 അവന്തിന്റെ ടെയില്‍ ലാംപുകള്‍ തന്നെ ഏറ്റവും നല്ല ഉദാഹരണം. എല്‍.ഇ.ഡി ഓഡിയുടെ വ്യക്തിത്വത്തിന്റെ ഭാഗമായിക്കഴിഞ്ഞു. എല്‍.ഇ.ഡി. ഹെഡ്‌ലൈറ്റുകള്‍ എല്ലാവരുമിഷ്ടപ്പെടുന്നതിന്റെ പിന്നിലൊരു മനശാസ്ത്രപരമായ വശം കൂടിയുണ്ടെന്ന് സിയലാഫ് ചൂണ്ടിക്കാട്ടുന്നു. 'കണ്ണില്‍ കുത്തുന്ന തരത്തിലുള്ള ഹാലോജന്‍ ഹെഡ്‌ലൈറ്റുമിട്ട് പായുന്ന കാറുകള്‍ കാണുമമ്പാള്‍ നമ്മുടെയുള്ളില്‍ പേടിയും വെറുപ്പുമാണുണ്ടാകുക. എന്നാല്‍ ചെറുലൈറ്റുകളുടെ പ്രകാശക്കൂട്ടമായ എല്‍.ഇ.ഡി. അത്തരം വികാരങ്ങള്‍ സൃഷ്ടിക്കുന്നില്ല. അതുകൊണ്ടു തന്നെ അത്തരം ലൈറ്റുകളുള്ള കാറുകളോടു മാനസികഅടുപ്പം തോന്നുക സ്വാഭാവികം.''

മികച്ച സുരക്ഷ, കുറഞ്ഞ ഊര്‍ജ്ജം




കാഴ്ചയിലെ സുഖം മാത്രമല്ല എല്‍.ഇ.ഡി.യെക്കൊണ്ടുള്ള പ്രയോജനം. വാഹനങ്ങളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കാനും അതു സഹായകമാകും. 2011 മേയ് മുതല്‍ പകല്‍ സമയത്തും കാറുകളുടെ ഹെഡ്‌ലൈറ്റ് പ്രവര്‍ത്തിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെല്ലാം നിയമം മൂലം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള ഈ നീക്കം എല്‍.ഇ.ഡി. ലൈറ്റുകളുടെ പ്രസക്തി വര്‍ധിപ്പിച്ചിരിക്കുകയാണ്. ലോ-ബീം ഹെഡ്‌ലൈറ്റ്, ടെയില്‍ ലാംപ്, നമ്പര്‍ പ്ലെയിറ്റിനു ചുറ്റുമുള്ള ലൈറ്റ് എന്നിവയ്‌ക്കെല്ലാം കൂടി ഒരു പകല്‍ 200 വാട്‌സ് കറന്റെങ്കിലും ഓരോ കാറുകള്‍ക്കും വേണ്ടിവരും. എന്നാല്‍ ആധുനികരീതിയിലുള്ള എല്‍.ഇ.ഡി. ഡേ-ടൈം റണ്ണിങ് ലൈറ്റുകളുപയോഗിക്കുന്ന ഔഡി കാറുകള്‍ക്ക് 15 വാട്‌സ് കറന്റേ വേണ്ടിവരുന്നുള്ളൂ. എല്‍.ഇ.ഡി. ലൈറ്റുപയോഗിക്കുന്ന കാറുകള്‍ക്ക് മറ്റുള്ളവവേയക്കാള്‍ മൈലേജ് കൂടുമെന്ന കാര്യം ഇതില്‍ നിന്ന് വ്യക്തം.
2008ല്‍ യൂറോപ്പിലാകമാനം ഓടിയ ഓഡി കാറുകള്‍ പത്തുലക്ഷം ലിറ്റര്‍ പെട്രോള്‍ ഈ വിധത്തില്‍ ലാഭിച്ചുവെന്നാണ് ഔഡി കമ്പനി അവകാശപ്പെടുന്നത്. 25,000 മെട്രിക് ടണ്‍ കാര്‍ബണും ഈ വിധത്തില്‍ പുറന്തള്ളപ്പെടാതെ സൂക്ഷിക്കാനായിട്ടുണ്ട്.

കൂടുതല്‍ കരുത്തുമായി എല്‍.ഇ.ഡി.




പ്രകാശത്തിന്റെ ശക്തിയുടെ അളവുകോലിനെ ലുമെന്‍സ് പെര്‍ വാട്ട് എന്നാണ് വിശേഷിപ്പിക്കാറ്. വീടുകളില്‍ കത്തുന്ന സാധാരണ ബള്‍ബുകള്‍ക്ക് 20 മുതല്‍ 25 ലൂമെന്‍സ് പെര്‍ വാട്ട് വരെയാണ് വെളിച്ചമുണ്ടാകുക. നേരത്തെ ഇറങ്ങുന്ന എല്‍.ഇ.ഡി.കള്‍ക്ക് 18 ലൂമെന്‍സായിരുന്നു പ്രകാശമെങ്കില്‍ ആധുനിക എല്‍.ഇ.ഡി.കള്‍ക്ക് 80 ലുമെന്‍സ് പെര്‍ വാട്ട് വരെ കരുത്തുണ്ട്. ഹാലോജന്‍ ലൈറ്റുകള്‍ക്കും ഇതേ പ്രകാശമാണ്. കമ്പ്യൂട്ടര്‍ ചിപ്പുകളുടെ കാര്യം പോലെയാണ് എല്‍.ഇ.ഡി.യും. ഓരോവര്‍ഷം കഴിയുന്തോറും മുപ്പതുശതമാനം കാര്യക്ഷമതയേറുന്ന എല്‍.ഇ.ഡി.കള്‍ വിപണിയിലെത്തിക്കൊണ്ടിരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ 100 ലൂമെന്‍സ് പെര്‍ വാട്ടില്‍ അധികമുള്ള എല്‍.ഇ.ഡി.കള്‍ അവതരിപ്പിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഹാലോജനേക്കാള്‍ ശക്തിയേറിയ പ്രകാശമാര്‍ഗ്ഗമായി അതോടെ എല്‍.ഇ.ഡി. മാറും. അങ്ങനെ സംഭവിച്ചാല്‍ ഓഡിയുടെ വഴിയേ മറ്റെല്ലാ കാര്‍നിര്‍മാതാക്കളും എല്‍.ഇ.ഡി. സാങ്കേതികവിദ്യയെ പുണരാന്‍ നിര്‍ബന്ധിതരാകുമെന്നുറപ്പ്.

Courtesy: Mathrubhumi

Nandakumar

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___