[www.keralites.net] അന്നം, ബ്രഹ്മം, ആരോഗ്യം

 

അന്നം, ബ്രഹ്മം, ആരോഗ്യം 
കെ.എ.ബീന 


സ്‌കൂള്‍ വിട്ടുവരുമ്പോള്‍ അമ്മൂമ്മ തവിടുണ്ടകള്‍ ഉണ്ടാക്കി വയ്ക്കും. കടും ചുവപ്പോ കറുപ്പോ എന്ന് തിട്ടം പറയാനാവാത്ത കൊച്ച് കൊച്ച് ഉണ്ടകള്‍. പശുക്കള്‍ക്ക് കൊടുക്കാന്‍ വേണ്ടിയാണ് നെല്ല് കുത്തുമ്പോള്‍ തവിടെടുക്കുന്നത്. ആ തവിട് വീണ്ടും അരിച്ചെടുത്ത് കരിപ്പെട്ടിയോ ശര്‍ക്കരയോ ചേര്‍ത്ത് കുഴച്ച് ഉണ്ടകളാക്കിയാണ് അമ്മൂമ്മ കാത്തിരിയ്ക്കാറ്. വായിലിട്ട് അലിയിച്ച് ഇറക്കണം തവിടുണ്ട, ഇല്ലെങ്കില്‍ തൊണ്ടയില്‍ ഒട്ടിപ്പിടിച്ച് ചുമച്ച് വശമാകും. തവിടുണ്ടകള്‍ വൈകുന്നേരത്തെ പലഹാരമാകുന്ന ദിവസങ്ങള്‍ രാജകീയ ദിവസങ്ങള്‍ ആയിരുന്നു. മുക്കിന് മുക്കിന് ബേക്കറികളും ഫാസ്റ്റ് ഫുഡ് ജോയിന്റുകളും മൊബൈല്‍ വാന്‍ റസ്റ്റോറന്റുകളുമൊന്നും സ്വപ്നത്തില്‍ കൂടി ഇല്ലാതിരുന്ന ഒരു കാലത്ത് കൊഴുക്കട്ട (ഉള്ളില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് പീരവച്ചതും ചമ്പാവരി കുതിര്‍ത്ത് തേങ്ങയും ജീരകവും ഉപ്പും ചേര്‍ത്ത് ആട്ടുകല്ലിലരച്ചുണ്ടാക്കുന്നതുമാണ് കൊഴുക്കട്ടകളില്‍ പ്രധാനം)കളും ഇലയടകളും ഓട്ടടകളും കാച്ചിലും ചേമ്പും നനക്കിഴങ്ങും ചെറുകിഴങ്ങും കൂവക്കിഴങ്ങുമൊക്കെ പുഴുങ്ങിയതും കപ്പ ചുട്ടെടുത്തതുമൊക്കെയായിരുന്നു വൈകുന്നേരങ്ങളുടെ സ്വാദുകള്‍. ഇവയൊക്കെ എന്നുമുണ്ടാവുകയുമില്ല. മറ്റ് പണിത്തിരക്കുകള്‍ ഒന്നുമില്ലാത്തപ്പോള്‍ അമ്മൂമ്മയ്ക്കും അമ്മയ്ക്കും കുഞ്ഞമ്മമാര്‍ക്കുമൊക്കെ കനിവ് തോന്നിയാല്‍ മാത്രം. ഒരുപാട് മുറികളുള്ള, ഒരുപാടാളുകളുള്ള, അതിലേറെ പശുക്കളും ആടുകളും കോഴികളും താറാവുകളും മുയലുകളും തത്തയും വെരുകും പട്ടികളും പൂച്ചകളുമൊക്കെ വാഴുന്ന തറവാട്ടില്‍ ഭക്ഷണം സ്വന്തം പാടത്തും പറമ്പിലും നിന്ന് കിട്ടുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നവ മാത്രമായിരുന്നു.

പറമ്പില്‍ എള്ളു കൃഷിയുണ്ട്. എള്ളുണ്ട വീട്ടിലാണ് ഉണ്ടാക്കുന്നത്. ഉപ്പ്, ശര്‍ക്കര, കരിപ്പെട്ടി, പഞ്ചസാര, വറ്റല്‍മുളക് തുടങ്ങി ചുരുക്കം സാധനങ്ങള്‍ മതി പുറത്ത് നിന്ന്.

രാവിലെ കരിപ്പെട്ടികാപ്പി തിളക്കുമ്പോള്‍ അമ്മൂമ്മ നീട്ടിവിളിക്കും. മുറ്റത്തെ കാപ്പിമരത്തില്‍ നിന്ന് പറിച്ച കുരു ഉണക്കി വറുത്ത് പൊടിച്ച കാപ്പിപ്പൊടി കരിപ്പെട്ടിയിട്ട് തിളപ്പിച്ച് നെയ്യോ വെണ്ണയോ ചേര്‍ത്താണ് തരുന്നത്.

കുളിച്ച് വരുമ്പോള്‍ വെള്ള നിറമുള്ള അരികില്‍ നീല ബോര്‍ഡറിട്ട കുഴിപ്പിഞ്ഞാണങ്ങളില്‍ കഞ്ഞിയുണ്ടാകും. പുഴുക്കും. ആ കഞ്ഞിയുടെ മണത്തിന്റെ ഓര്‍മ്മ ഇന്നും സപ്തകോശങ്ങളിലും ബാക്കിയുണ്ട്.. ആ കഞ്ഞിയില്‍ കുട്ടികളുടെ അദ്ധ്വാനവുമുണ്ട്. പാടത്ത് നിന്ന് കൊയ്തു കൊണ്ടു വന്ന് മുറ്റത്തിട്ട് മെതിച്ചെടുത്ത് ഉണക്കി കുട്ടുകത്തിലോ ചെമ്പുകലത്തിലോ പുഴുങ്ങി വീണ്ടും ഉണക്കി അമ്മിയിലിട്ട് കുത്തിയെടുക്കുന്ന അരിയാണ്. എല്ലാത്തിനുമുണ്ടായിരുന്നു കുട്ടികള്‍ - കറ്റ മെതിക്കുമ്പോള്‍, നെല്ലുണക്കുമ്പോള്‍, കുത്തിയെടുക്കുമ്പോള്‍ - ദൈവമേ, അതൊക്കെ എന്നായിരുന്നു, എന്തായിരുന്നു ഘോഷം!

കഞ്ഞി, ഉപ്പുമാങ്ങയോ നെല്ലിക്കയോ പുളിഞ്ചിക്കയോ ഉപ്പിലിട്ടതോ കൂട്ടി കഴിച്ച് സ്‌കൂളിലേക്കോടാം. സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ മണ്‍കലത്തിലെ പഴംകഞ്ഞി തൈരും ഉപ്പുമാങ്ങയും കാന്താരിമുളകും കൂട്ടി കഴിച്ചു കുശാല്‍ ആയി തെണ്ടി നടക്കാം. 

ഉച്ചക്ക് ഊണിന് പറമ്പില്‍ നിന്ന് കിട്ടുന്ന ഇലകളും പച്ചക്കറികളും കിഴങ്ങുകളും കൊണ്ടുണ്ടാക്കുന്നതാണ് വിഭവങ്ങള്‍. മുരിങ്ങയില, മധുരചീര, പറമ്പിലെ പലതരം ചീരകള്‍, പപ്പായ, മാങ്ങ, ചക്ക, ശീമചക്ക, മത്തന്‍, വെള്ളരിക്ക, വെണ്ട, കത്തിരിക്ക, പയര്‍, ചേന, കാച്ചില്‍, നനക്കിഴങ്ങ്, ചെറുകിഴങ്ങ്, ചേമ്പ്, ചേമ്പിന്‍താള്, എഴുതിയാല്‍ തീരാത്തത്രയാണ ചുറ്റുപാടും നിറഞ്ഞു നിന്നിരുന്നത്.

ഭക്ഷണവും ജീവിതവും തമ്മില്‍ ഇഴുകിച്ചേര്‍ന്നിരുന്ന കാലം.

മാങ്ങാക്കാലത്ത് മാങ്ങാവിഭവങ്ങള്‍ - മാങ്ങാപച്ചടി, മാമ്പഴ പുളിശ്ശേരി, മാങ്ങാക്കറി, മാങ്ങാച്ചമ്മന്തി, പിന്നെയും പിന്നെയും മാങ്ങാ കൊണ്ട് വിവിധ വിഭവങ്ങള്‍. മാങ്ങാ അണ്ടി ഉണക്കിപ്പൊടിച്ച് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് മാങ്ങാണ്ടിപ്പായസം ഉണ്ടാക്കിത്തരുന്നത് അപ്പൂപ്പനായിരുന്നു. ചക്ക ക്കാലത്ത് ചക്ക കൊണ്ട് പുതിയ പുതിയ വിഭവങ്ങള്‍ കണ്ടെത്തി അമ്മൂമ്മ അതിശയിപ്പിച്ചു. എങ്കിലും തേങ്ങാപ്പീരയും കറിവേപ്പിലയും വെളിച്ചെണ്ണയില്‍ താളിച്ച് ചേര്‍ത്ത് പച്ച ചക്കച്ചുളയും ചക്കക്കുരുവും ചേര്‍ത്തുണ്ടാക്കുന്ന എരിശ്ശേരി. അത് തന്നെ കേമന്‍. കുഴമ്പു പരുവത്തില്‍ ചൂടോടെ ചോറിലേക്ക് ഒഴിച്ച് കുഴച്ച് കഴിക്കാനുള്ള കൊതി ഇന്നും തീര്‍ന്നിട്ടില്ല. മൂപ്പെത്താത്ത ചക്ക വേവിച്ച് അമ്മിയിലിട്ട് ഇടിച്ച് ഇടിച്ചക്കതോരനുണ്ടാക്കുന്നതില്‍ വിദഗ്ധ കുഞ്ഞമ്മയായിരുന്നു.

മഞ്ഞനിറത്തിന്റെ സൗന്ദര്യമെല്ലാം തെളിഞ്ഞ് വിളങ്ങുന്ന മത്തന്‍ എരിശ്ശേരി, പപ്പായ എരിശ്ശേരി, ചേമ്പിന്‍ താള് രസം, അടമാങ്ങാക്കറി, ഓര്‍മ്മകള്‍ക്ക് എന്തെല്ലാം കറികളുടെ രുചിയും മണവും. 

അടുക്കളയ്ക്ക് പുറത്ത് ചായ്പുണ്ട്. എപ്പോഴും കത്തുന്ന വിറക് അടുപ്പും. അവിടെ ഞങ്ങള്‍ കുട്ടികള്‍ കപ്പ ചുട്ടുതിന്നും, കശുവണ്ടി ചുട്ടെടുത്ത് തല്ലിതിന്നും, വയലില്‍ നിന്ന് പച്ചപ്പയര്‍ കുലകള്‍ കൊണ്ടുവന്ന് ഒരുമിച്ചാക്കി കെട്ടി കനലില്‍ വാട്ടി തിന്നും ആഘോഷിച്ചു. ഏറ്റവും രുചിയുള്ളത് കൂണുകള്‍ക്കാണ്. പറമ്പില്‍ പുതുതായി ഉണ്ടാകുന്ന കൂണുകള്‍ കഴുകി വൃത്തിയാക്കി ഉപ്പും മുളകുപൊടിയും ചേര്‍ത്ത് പ്ലാവിലക്കുള്ളില്‍ വച്ച് വശങ്ങളില്‍ പച്ച ഈര്‍ക്കിലി കൊണ്ട് കുത്തിക്കെട്ടി അടുപ്പിലിട്ട് വേവിച്ചെടുക്കുമ്പോള്‍..... നാവില്‍ വെള്ളമൂറുന്നുണ്ട് ഇപ്പോഴും. മഴക്കാലത്ത് വീടിനു ചുറ്റുമുള്ള പാടങ്ങളില്‍ വെള്ളം നിറയും, ഒഴുകിയെത്തുന്ന മീനുകളെ അമ്മാവനും കൂട്ടുകാരും വെട്ടുകത്തി കൊണ്ട് വെട്ടിക്കൊന്ന് കൊണ്ട് വരും. വലിയ വലിയ മീനുകള്‍. ചെളി ചുവയ്ക്കുമെന്ന് പറഞ്ഞ് അമ്മൂമ്മ അടുക്കളയില്‍ ആ മീനുകളെ കയറ്റില്ല. ഒരു മണ്‍ചട്ടി കൊടുക്കും പുറത്ത് കൊണ്ടു പോയി കറിവയ്ക്കാന്‍. വെട്ടിക്കഴുകി കുരുമുളക് പൊടിയും ഉപ്പും ചേര്‍ത്ത് കറിവച്ച് പുറത്തെ ചായ്പിലിരുന്ന് തന്നെ എല്ലാവരും കൂടി കഴിക്കും. ''ഇച്ചിരി മീന്‍ചാറില്ലെങ്കില്‍ ചോറ് ഇറങ്ങാത്ത'' അമ്മൂമ്മ എന്തിനാണ് പുഴമീനിന് അയിത്തം കല്‍പ്പിച്ചിരിക്കുന്നത്? അറിയില്ല. 

അന്നൊക്കെ ചിക്കന്‍ കഴിച്ചിരുന്നത് ദീപാവലി ദിവസമാണ്. വീട്ടില്‍ വളര്‍ത്തുന്ന ഒന്നോ രണ്ടോ കോഴികളെ കൊല്ലും, നാല്‍പ്പതോളം പേരാണ് രണ്ട് കോഴികളെ തിന്നുന്നത്. ഒന്നോ രണ്ടോ കഷ്ണത്തിലേറെ ആര്‍ക്കും തിന്നാന്‍ കിട്ടില്ല. 

ബേക്കറിയുടെ പ്രസക്തി പനി വരുമ്പോഴാണ്. ഹോമിയോ അപ്പൂപ്പന്‍ ആദ്യദിവസങ്ങളില്‍ ബാര്‍ളി വെള്ളത്തില്‍ അല്‍പ്പം പാല്‍ ചേര്‍ത്ത് കഴിക്കാനേ സമ്മതിക്കൂ. പനി കുറഞ്ഞാല്‍ റൊട്ടി കഴിക്കാം. കാത്തിരിക്കും, അപ്പൂപ്പന്‍ രണ്ട് കിലോമീറ്റര്‍ അകലെയുള്ള ബേക്കറിയില്‍ നിന്ന് റൊട്ടിയോ ബണ്ണോ റസ്‌കോ ഒക്കെയായി വരുന്നതും കാത്ത്. അരികുകളില്‍ മുത്തുപോലെ ഉരുണ്ട് ദീര്‍ഘചതുരാകൃതിയിലുള്ള ബിസ്‌കറ്റുകള്‍ പനി പൂര്‍ണ്ണമായി മാറിക്കഴിയുമ്പോള്‍ മാത്രം തരും. മരക്കഷ്ണങ്ങള്‍ പോലെയിരിക്കുന്ന ഈ ബിസ്‌ക്കറ്റുകള്‍ തിന്നാനും മരം പോലെയാണ്, കടുകട്ടി. കടിച്ച് പൊട്ടിക്കുമ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പല്ല് പൊട്ടും. ചായയില്‍ മുക്കിത്തിന്നുന്നതാണ് ബുദ്ധി. 
അവധിക്കാലത്ത് കുട്ടികള്‍ മാവുകള്‍തോറും കയറിയിറങ്ങി മാങ്ങകള്‍ തിന്നു, കശുമാവുകളില്‍ പലപല നിറങ്ങളില്‍ ചന്തം പൊഴിച്ചു തിന്ന കശുമാങ്ങകള്‍ കടിച്ചു പിഴിഞ്ഞ് ഊറ്റി കുടിച്ചു, കഴിച്ചു. പിന്നെ പാടത്തേക്കിറങ്ങി വെള്ളരിക്കാ പിഞ്ചുകളും പയര്‍മണികളും കഴിച്ചു. പാടത്തെ കൃഷിയില്‍ കുട്ടികള്‍ക്കും പങ്കുണ്ട്, വെള്ളമൊഴിക്കാനും, പശുക്കളും ആടുകളും മറ്റും കയറിയിറങ്ങാതെ നോക്കാനും.... 

ജീവിതത്തിനോട് ഭക്ഷണം ഇഴുകിച്ചേര്‍ന്ന് നിന്ന ആ കാലത്ത് അറിയുന്ന രുചികളുടെ പരിധികള്‍ പരിമിതപ്പെട്ടതുമായിരുന്നു. അതുകൊണ്ട് തന്നെ ''പപ്പടം കാച്ചി ബാക്കി വന്ന എണ്ണയില്‍ ഉള്ളി മൂപ്പിച്ചത് ഇട്ട് ചോറുമ്പോഴുള്ള രുചി'' യെക്കുറിച്ച് എം.ടി. വാസുദേവന്‍നായര്‍ കഥയിലെഴുതുമ്പോള്‍ ലോകത്തിലെ ഏറ്റവും സ്വാദിഷ്ഠമായ രുചിയാണതെന്ന് കരുതാന്‍ കഴിഞ്ഞിരുന്നു. പപ്പടം കാച്ചുമ്പോഴൊക്കെ അമ്മയോട് ''ഉള്ളി മൂപ്പിച്ച് തരൂ'' എന്ന് കെഞ്ചി പറഞ്ഞുകൊണ്ടിരുന്ന ബാല്യം.


ഇപ്പോള്‍ തീവണ്ടിയാത്രകളില്‍ സ്ഥിരം കാഴ്ചയുണ്ട് ''വട'', ''പഴംപൊരി'' വിളിച്ചുവരുന്ന കച്ചവടക്കാരെ അവഗണിക്കുന്ന കുഞ്ഞുങ്ങള്‍. അച്ഛനമ്മമാര്‍ വാങ്ങിക്കൊടുത്താലും അവര്‍ക്ക് വേണ്ട അതൊന്നും. പെട്ടന്നെത്തുന്നു ലേസ്, കുര്‍ക്കുര, ചോക്കലേറ്റ്‌സ്, പെപ്‌സി, സെവന്‍ അപ്പ് - സ്പ്രിംഗ് വലിച്ചു നീട്ടുംപോലെ കുട്ടിത്തലകള്‍ തീവണ്ടിക്കുള്ളില്‍ പൊങ്ങി വരുന്നു. എല്ലാവര്‍ക്കും വേണ്ടത് എത്തിക്കഴിഞ്ഞു. വാങ്ങാതിരിക്കുന്ന പ്രശ്‌നമില്ല. കുട്ടികളെ ധിക്കരിക്കാന്‍ കഴിയുന്ന മാതാപിതാക്കള്‍ ഇന്ന് ഉണ്ടോ? വൈകുന്നേരം കുഞ്ഞുങ്ങള്‍ക്ക് പിസയോ ബര്‍ഗറോ വാങ്ങാതെ വീട്ടില്‍ പോകാന്‍ അമ്മമാര്‍ക്ക് പേടി. പേസ്ട്രി കേക്കിനും, വെജിറ്റബിള്‍ റോളിനും, ഹോട്ട് ഡോഗിനും ഒക്കെയേ കുഞ്ഞുങ്ങളുടെ നാവുകളില്‍ പ്രവേശനം ഉള്ളൂ. പ്രധാനതാരം ഷവര്‍മ്മയാണ്. ഇപ്പോഴത്തെ വില്ലനും. 

ആഗോളവല്‍ക്കരണം യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഭക്ഷണത്തിലാണ്. ഷവര്‍മ്മ അറബിയാണെങ്കില്‍ മറ്റൊരു താരം ബറോട്ട ഉത്തരേന്ത്യയില്‍ നിന്നാണ് ഇങ്ങോട്ടെത്തിയത്. ചൈനക്കാരുടെ സാധനങ്ങള്‍ക്ക് മുന്നേയെത്തി ഫ്രൈഡ് റൈസും, ചില്ലീ ചിക്കനുമൊക്കെ. കെ.എഫ്.സി.യും മക്‌ഡൊനാള്‍ഡുമൊക്കെയുണ്ട് അരങ്ങില്‍. 

പുതിയ രുചിയുടെ കാലം - പഴമയുടെ ഓര്‍മ്മകളെ പോലും പഴഞ്ചനാക്കുന്നു. കഞ്ഞിയും പയറും പോയിട്ട് ചോറും സാമ്പാറും പോലും കുട്ടികള്‍ക്ക് വേണ്ട ഇന്ന്. പണ്ട് വര്‍ഷത്തില്‍ ഒന്നോ രണ്ടോ വട്ടമായിരുന്നു ചിക്കന്‍ കഴിച്ചിരുന്നതെങ്കില്‍ ഇന്ന് ദിവസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ചിക്കന്‍/മട്ടന്‍/ബീഫ് എന്ന നിലയിലേക്ക് എത്തിയിരിക്കുന്നു. 

ആകെ മാറിമറിഞ്ഞ ഭക്ഷണശീലങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നവര്‍ തീരെ കുറവ്. നമുക്ക് സ്വന്തമായിരുന്ന ഭക്ഷണസംസ്‌ക്കാരം ഇനി വരാത്തവണ്ണം മറഞ്ഞു കഴിഞ്ഞു എന്നതാണ് യാഥാര്‍ത്ഥ്യം.

എവിടെ നിന്നാണ് തുടക്കം എന്നനേ്വഷിച്ചിട്ടോ, ആരാണ് കാരണക്കാര്‍ എന്ന് ചികഞ്ഞിട്ടോ കാര്യമില്ല. ആഗോളവല്‍ക്കരണം നന്മകള്‍ക്കും തിന്മകള്‍ക്കും അവസരം ഒരുക്കുന്ന ഇരുതലമൂര്‍ച്ചയുള്ള വാളാണെന്ന് നമ്മളറിഞ്ഞത് ഇക്കാര്യത്തില്‍ മാത്രമല്ലല്ലോ. 
ഓരോ നാടിനും അവിടുത്തെ കാലാവസ്ഥയും ഭൂപ്രകൃതിയുമനുസരിച്ചുള്ള ഭക്ഷണമാണ് യോജിച്ചത് എന്നിനി വിലപിച്ചിട്ടും കാര്യമില്ല. കാര്‍ഷിക സംസ്‌കാരം പടിയിറങ്ങിപ്പോയതിനൊപ്പമാണ് തനതു ഭക്ഷണ സംസ്‌ക്കാരവും യാത്രയായത്. രണ്ടും തമ്മില്‍ വേര്‍പിരിയാനാവാത്ത ബന്ധവുമുണ്ടെന്നത് പുതിയ അറിവുമല്ല. 

കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായി ചിതറി മാറിയതും ഇതിനോട് ചേര്‍ത്തു വയ്ക്കാവുന്നതാണ്. അണുകുടുംബങ്ങളില്‍ വരവും ചെലവും ആഗ്രഹങ്ങളും തമ്മിലുള്ള സമന്വയം നഷ്ടമായി, പുരുഷന്റെ മാത്രം ശമ്പളത്തില്‍ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് വന്നു, സ്ത്രീ പഠിക്കാനും, ജോലി തേടാനും തയ്യാറായി സാമ്പത്തികഭാരം പകുത്തെടുത്തെങ്കിലും കുടുംബഘടനയില്‍ മാറ്റം വരുത്താന്‍ പലര്‍ക്കും കഴിഞ്ഞില്ല. 

ഉദേ്യാഗത്തിനൊപ്പം വീടുംകൂടി താങ്ങേണ്ടി വന്നപ്പോള്‍ തളര്‍ന്ന സ്ത്രീകള്‍, അടുക്കളയുടെ ഭാരം ചുമലില്‍ നിന്നിറക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടി. ആദ്യഘട്ടത്തില്‍ മിക്‌സിയും ഗ്രൈന്‍ഡറും ഫ്രിഡ്ജുമൊക്കെ സഹായത്തിനെത്തി. വാഷിംഗ് മെഷീനും, കുക്കിംഗ് റേഞ്ചും, മൈക്രോവേവ് ഓവനുമൊക്കെ പിന്നീട് എത്തി. അപ്പോഴേക്കും പുതിയ ഭക്ഷണസംസ്‌ക്കാരം പരസ്യങ്ങളായും, പരിപാടികളായും മാധ്യമങ്ങളിലൂടെ മനസ്സുകളെ മാറ്റിമറിക്കാന്‍ തുടങ്ങിയിരുന്നു. 2 മിനിട്ട് നൂഡില്‍സിലായിരുന്നു തുടക്കം, പിന്നെ വന്നത് ഭക്ഷണവിപ്ലവം. ഭക്ഷണം വ്യവസായമായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല.

സമൂഹത്തെ മൊത്തത്തില്‍ ഗ്രസിച്ച ദുരയും ആര്‍ത്തിയും ഈ രംഗത്തും പണം കൊയ്യാമെന്ന് പലരെയും പ്രലോഭിപ്പിച്ചു. മുക്കിന് മുക്കിന് ബേക്കറികള്‍, ഫാസ്റ്റ് ഫുഡുകള്‍, മൊബൈല്‍ ഭക്ഷണശാലകള്‍, ഫോണ്‍ വിളിച്ചാല്‍ വീട്ടില്‍ ഭക്ഷണമെത്തിക്കുന്ന ഏജന്‍സികള്‍ - വര്‍ദ്ധിച്ച യാത്രാസൗകര്യങ്ങള്‍, ചിലവാക്കാന്‍ പണത്തിന് ബുദ്ധിമുട്ടില്ലായ്മ, ലോഭമില്ലാതെ പുതിയ ഭക്ഷണസാധനങ്ങള്‍ കുഗ്രാമത്തില്‍പ്പോലും ലഭിക്കുമെന്ന അവസ്ഥ - കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഭക്ഷണത്തില്‍ വന്നു ഭവിച്ചത് വന്‍ വിപ്ലവം തന്നെയായിരുന്നു. 

നമ്മുടെ രുചികള്‍, നമ്മുടെ ഭക്ഷണം, നമുക്ക് മാത്രം സ്വന്തമായിരുന്ന പാചകം - ചരിത്രത്താളുകള്‍ സമ്പന്നമാക്കാന്‍ മാത്രമായി മാറുന്നുവോ അവയൊക്കെ. 

കേരളീയരുടെ നാവുകളുടെ രുചി, മാംസത്തിന് വേണ്ടി ഒരുക്കപ്പെട്ടതറിഞ്ഞ് പ്രവഹിക്കുകയാണ് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് കോഴികളും, ആടുകളും പോത്തുകളും. രോഗം പിടിച്ചവയും വഴിക്ക് ചത്തുപോകുന്നവയും, പാതി ചത്തുപോയവയും ഒക്കെ ഇങ്ങെത്തുന്നു. 

Fun & Info @ Keralites.netകാത്തിരിക്കുന്നുണ്ട് അജിനാമോട്ടോയും മയണൈസും മറ്റും മറ്റും, ചത്തവയ്ക്കും ചാകാത്തവയ്ക്കും രുചി പകരാന്‍. തണുപ്പു രാജ്യങ്ങളിലെ ഭക്ഷണങ്ങള്‍ ചൂടുകാലാവസ്ഥയില്‍ ചേര്‍ന്നും ചേരാതെയും നയിക്കുന്നത് രോഗങ്ങളിലേക്കും, ഏറ്റവുമൊടുവില്‍ മരണത്തിലേക്കും. ഇനി കുറെനാള്‍ ഭക്ഷണത്തെക്കുറിച്ചുള്ള ചിന്നംവിളികളായിരിക്കും, സ്‌ക്വാഡുകളായ സ്‌ക്വാഡുകള്‍ മുഴുവന്‍ ഇറങ്ങി നാടുനീളേ നടക്കും. കുറെ ഹോട്ടലുകള്‍ പൂട്ടിക്കും. ജനം കുറച്ചുനാളത്തേക്ക് ഷവര്‍മ്മയും ചിക്കനും വേണ്ടെന്ന് വയ്ക്കും. 

ഓടകള്‍ക്കരികിലുള്ള ഭക്ഷണനിര്‍മ്മാണകേന്ദ്രങ്ങളും, തുറസ്സായ സ്ഥലത്ത് എല്ലാവിധ മാലിന്യങ്ങളെയും സ്വാംശീകരിച്ച് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും ഒക്കെ പേടിസ്വപ്നങ്ങളാവും. പതുക്കെ പതുക്കെ എല്ലാം മറന്ന് വീണ്ടും എത്തും ഷവര്‍മ്മസ്റ്റാന്റിന് മുന്നില്‍.

ആയുര്‍ദൈര്‍ഘ്യം കൂടുന്നുണ്ടെങ്കിലും ജീവിതശൈലീരോഗങ്ങളുടെ ശരാശരി പ്രായം ഓരോവര്‍ഷവും കുറഞ്ഞുവരുന്നു. പ്രഷറും ഡയബറ്റിക്‌സും ഇപ്പോള്‍ യൗവ്വനരോഗങ്ങളാണ്. ഹൃദ്രോഗം മദ്ധ്യവയസ്‌കരുടേതും. കാന്‍സറിന് പ്രായഭേദമേ ഇല്ലത്രെ! 

അന്നം ബ്രഹ്മമാണെന്ന് വേദങ്ങള്‍. കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തെ മാത്രമല്ല സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് പഴമൊഴി. 'You are what you eat'' എന്ന് ഗുരുമൊഴി.

ഒക്കെ മറന്ന്, സ്വന്തം വയറും ശരീരവും ആരോഗ്യവും വിസ്മരിച്ച് പുതിയ രുചികള്‍ക്കും മണങ്ങള്‍ക്കും പിന്നാലെ പായുന്ന നമുക്ക് ഇനി പഴമയിലേക്ക് മടങ്ങിച്ചെല്ലുക പ്രയാസകരമായിരിക്കും. മനസ്സിന്‌റെ തൃപ്തിയാണ് ആഹാരത്തില്‍ മുഖ്യം. ആ തൃപ്തിയുടെ അളവുകോലുകള്‍ മാറിപ്പോയിരിക്കുന്നു. കച്ചവടതാല്‍പര്യങ്ങള്‍ വായുടെ രുചിയും മനസ്സിന്‌റെ തൃപ്തിയും മാറ്റി 
മറിച്ചിരിക്കുന്നു..ആരൊക്കയോ നമ്മുടെ രസനാശേഷിയെ തകിടം മറിച്ചിരിക്കുന്നു.

ഒരു മടങ്ങി പോക്ക്..

ആവാസകേന്ദ്രങ്ങളായി തീര്‍ന്ന കൃഷിയിടങ്ങളും കൃഷിയൊഴിച്ചെന്തും ചെയ്യാന്‍ സന്നദ്ധരായ യുവജനതയും കാലാവസ്ഥയുടെ തകിടംമറിച്ചിലുമൊക്കെ കൂടി ആ സാധ്യതകള്‍ക്ക് സ്വപ്നത്തിന്റെ വില കൂടി നല്‍കുന്നില്ല.

ഉട്ടോപ്യന്‍ സ്വപ്നങ്ങളൊന്നും കാണേണ്ട നമുക്ക്..

പക്ഷെ, ഒന്നു ശ്രദ്ധവയ്ക്കണ്ടേ നമുക്ക്, സ്വന്തം ആരോഗ്യത്തെക്കുറിച്ചെങ്കിലുമോര്‍ത്ത്.

വരും തലമുറയുടെ ഭാവിയെന്കിലും ഓര്‍ത്ത്..

എന്തു ചെയ്യണമെന്ന് എനിക്കുമറിയില്ല...അറിയാമായിരുന്നെന്കില്‍ ഞാനാദ്യം അത് എന്റെ വീട്ടില്‍ നടപ്പാക്കിയേനേ.. 4 കൂട്ടം കറികള്‍ ഉണ്ടാക്കി വച്ചാലും ഒരു ചില്ലി ചിക്കന്‍ വാങ്ങി വരാം എന്നു പറഞ്ഞ് ഫാസ്റ്റ് ഫുഡ് കടയിലേക്ക് ഇറങ്ങുന്നവരെ എങ്ങനെയാണ് ബോധവല്‍ക്കരിക്കേണ്ടതെന്ന് വായനക്കാര്‍ പറഞ്ഞു തന്നാല്‍ സന്തോഷം..

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___