[www.keralites.net] ''വിശ്വാസം അതല്ലേ എല്ലാം''

 

''വിശ്വാസം അതല്ലേ എല്ലാം''

ി.എസ്.സനോജ്‌

Fun & Info @ Keralites.netമലയാളികള്‍ക്ക് പരിചിതമായ ഒരു പരസ്യവാചകമാണിത്. ഈ വാചകം ഓര്‍ത്താലും ഇല്ലെങ്കിലും വിശ്വാസത്തിന്റെ അനിഷേധ്യത ഒരു സത്യമാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഏതെങ്കിലും രീതിയിലുള്ള വിശ്വാസസംഹിതകള്‍ വെച്ചുപുലര്‍ത്തുന്നവരാണ് ഓരോ മനുഷ്യരും. അതില്‍ മത-ദൈവവിശ്വാസം, അത്തരം വിശ്വാസങ്ങളോടുള്ള ശക്തമായ വികാരം ഇവ മനസ്സില്‍ സൂക്ഷിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ് എന്നുമാത്രം.

വിശ്വാസത്തിന്റെ പേരിലുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍, ശാസ്ത്രീയ കാഴ്ച്ചപ്പാടുകളുമായുള്ള ഏറ്റുമുട്ടലുകള്‍, ദിവ്യാത്ഭുതങ്ങള്‍, അതിനെതിരായ പൊളിച്ചെഴുത്തുകള്‍, അതിന്റെ പേരിലുള്ള കലാപങ്ങള്‍ ഇവയെല്ലാം ലോകചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഒരു കാലത്ത് ലോകത്തെ പുരോഹിതവര്‍ഗം മുറുകെപിടിച്ചിരുന്ന ഭൂമി ഉരുണ്ടതല്ലെന്ന വാദത്തില്‍ നിന്ന് തുടങ്ങുന്നു അത്തരം കലഹങ്ങള്‍. എന്നാല്‍ ദിവ്യാത്ഭുതങ്ങള്‍ക്ക് ഇന്ത്യ എക്കാലവും പ്രസിദ്ധമോ കുപ്രസിദ്ധമോ ആയ രാജ്യമാണ്. സമീപകാലത്ത് ഈ വിഷയം വീണ്ടും ഇന്ത്യന്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി.

2012 മാര്‍ച്ചിലാണ് സംഭവം. മുംബൈയിലെ വിലെ പാര്‍ലെയിലെ വേളാങ്കണ്ണി പള്ളിയില്‍ നിന്നായിരുന്നു അത്. പള്ളിയിലെ ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലില്‍ നിന്ന് വെള്ളമൊഴുകുന്നു എന്ന വാര്‍ത്തയാണ് മാധ്യമശ്രദ്ധ നേടിയത്. വാര്‍ത്ത പരന്നതോടെ വിശ്വാസികള്‍ മുമ്പെങ്ങുമില്ലാത്ത വിധം അവിടേക്ക് പ്രവഹിച്ചു. വാര്‍ത്തയോടെ വിലെ പാര്‍ലെ പള്ളി ഒരു സാധാരണ വിശ്വാസകേന്ദ്രത്തില്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ എത്തിച്ചേരുന്ന ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറുകയായിരുന്നു.

അന്തരിച്ച പ്രമുഖ നാസ്തികനായിരുന്ന ജോസഫ് ഇടമറുകിന്റെ മകനും യുക്തിവാദിയും ദിവ്യാത്ഭുത അനാവരണ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയുമായ സനല്‍ ഇടമറുക് അതിനിടെ അവിടെയെത്തുകയും ഇത് ദിവ്യാത്ഭുതമൊന്നുമല്ലെന്ന് വെല്ലുവിളിക്കുകയും ചെയ്തു. വിശ്വാസികളുടെ കടുത്ത എതിര്‍പ്പിനിടെ അദ്ദേഹം സ്ഥലത്തെത്തി ഇതിന് പിന്നിലെ ശാസ്ത്രീയസത്യം ബോധ്യപ്പെടുത്തിയെങ്കിലും ക്രിസ്ത്യന്‍ മതമേലധികാരികള്‍ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നല്‍കുകയും അവര്‍ കേസെടുക്കുകയുമാണുണ്ടായത്.

പിന്നീട് ഒരു ചാനലിന് വേണ്ടി സനല്‍ ഇടമറുക് പുരോഹിതരുടെ സാന്നിധ്യത്തില്‍ വെള്ളമൊലിക്കുന്നതിന്റെ കാരണം വിശദീകരിക്കുകയും ദിവ്യാത്ഭുത അനാവരണം നടത്തുകയും ചെയ്തു. ചാനല്‍ വഴി പള്ളി അധികാരികളുടേയും വിശ്വാസികളുടേയും നിലപാടിനെ ശാസ്ത്രീയമായി നേരിട്ടെങ്കിലും ഇതൊന്നും പോലീസിനെ നേരിടാന്‍ പര്യാപ്തമായിരുന്നില്ല. മതനിന്ദയ്‌ക്കെതിരെ പുരോഹിതര്‍ നല്‍കിയ പരാതി പ്രകാരം മൂന്ന് കേസുകളാണ് സനല്‍ ഇടമറുകിനെതിരെ മുംബൈ പോലീസെടുത്തത്. അതിനിടെ സനല്‍ മതവികാരം വ്രണപ്പെടുത്തിയതിന് പരസ്യമായി മാപ്പുപറയണമെന്നും പുരോഹിതര്‍ ആവശ്യപ്പെട്ടു. ഇത് അദ്ദേഹം നിരസിച്ചതോടെ അവര്‍ കേസുമായി മുന്നോട്ടുപോയി.

പള്ളി വികാരി ഫാദര്‍ അഗസ്റ്റിന്‍ പാലേട്ട്, വിവിധ ക്രിസ്ത്യന്‍ സംഘടകനളുടെ പ്രതിനിധികള്‍, മുംബൈ രൂപത ഓക്‌സിലറി ബിഷപ്പ് ആഗ്‌നലോ ഗ്രേഷ്യസ് എന്നിവരായിരുന്നു ചാനല്‍ പരിപാടിയില്‍ പങ്കെടുത്തവര്‍. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍: 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂഹു സ്‌റ്റേഷനില്‍ (കേസ് നമ്പര്‍: സി.ആര്‍. 61/2012) മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെര്‍ണാണ്ടസ് ആണ് പരാതി നല്‍കിയത്. തുടര്‍ന്ന് മുംബൈ മെട്രോപൊളിറ്റന്‍ കോടതി ഇടമറുകിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. സുപ്രീംകോടതിയില്‍ സനല്‍ ഇതിനെതിരെ അപ്പീല്‍ നല്‍കിയിരിക്കുകയാണിപ്പോള്‍. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ശാസ്ത്രബോധത്തിനും പ്രസക്തിയുള്ള ഈ കാലത്ത് 1860-ലെ മതനിന്ദാ നിയമത്തിന്റെ പേരില്‍ കേസെടുക്കുന്നത് അപഹാസ്യമാണെന്ന് അദ്ദേഹം പറയുന്നു.

Fun & Info @ Keralites.netക്രിസ്തുവിന്റെ കാലില്‍ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടില്‍ കൊണ്ടുപോയി സൂക്ഷിക്കാന്‍ നൂറുകണക്കിന് പേരാണ് ഇവിടെ ദിനംപ്രതി എത്തുന്നത്. എന്നാല്‍ 'കാപ്പില്ലറി ആക്ഷന്‍' എന്ന മര്‍ദ്ദതത്ത്വത്തിന്റെ ഭാഗമായാണ് ഇതെന്നാണ് ശാസ്ത്രീയ വിശദീകരണം. പ്രതിമ നില്‍ക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നില്‍ക്കുന്ന ചെറിയ കനാലും സമീപത്ത് മുകളില്‍ തന്നെയായി ഒരു വാട്ടര്‍ടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികില്‍ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്നാണ് സനല്‍ വിശദീകരിച്ചത്.

അത് വിശ്വാസികളുടെ മുന്നില്‍ വെച്ച് തന്നെ മറ്റ് ഉദാഹരണങ്ങള്‍ സഹിതം ബോധ്യപ്പെടുത്തുകയും ചെയ്തു. അതായത് ലളിതമായി പറഞ്ഞാല്‍ ''പ്ലംബിങ് പ്രോബ്ലം''. ഒരു പ്ലംബര്‍ക്ക് ലളിതമായി ഇല്ലാതാക്കാന്‍ കഴിയുന്ന 'ദിവ്യാത്ഭുതം'. കാര്യങ്ങള്‍ ഇത്രയൊക്കെ വിശദീകരിച്ചിട്ടും കേസ് മുന്നോട്ടുപോയി. മുംബൈ പോലീസ് സനല്‍ ഇടമറുകിനെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്യാനെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലാത്തതുകൊണ്ട് പോലീസ് തിരിച്ചുപോകുകയായിരുന്നു. ഇതിനെതിരെ യുക്തിവാദിസംഘം ഉള്‍പ്പെടെ നിരവധി സാമൂഹ്യ-സാംസ്‌കാരിക സംഘടനകള്‍ രംഗത്തുവരികയും ചെയ്തു.

തന്നെ ആഭിചാരം ചെയ്ത് ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന ബി.ജെ.പി. നേതാവ് ഉമാഭാരതിയുടെ പ്രയോഗം ഒരു ചാനല്‍ ചര്‍ച്ചയാക്കിയപ്പോള്‍ ഒരു മന്ത്രവാദിയുടെ ആഭിചാരക്രിയകളുടെ പൊള്ളത്തരം ചാനലിലൂടെ സനല്‍ ഇടമറുക് അനാവരണം ചെയ്ത സംഭവം ഇന്റര്‍നെറ്റില്‍ വലിയ ഹിറ്റാണിപ്പോള്‍. ആഭിചാരക്രിയ സത്യമാണെന്നും വേണെങ്കില്‍ ഇദ്ദേഹത്തെ വരെ തനിക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്നുമുള്ള ചാനല്‍ ചര്‍ച്ചയ്‌ക്കെത്തിയ പണ്ഡിറ്റ് സുരേന്ദര്‍ശര്‍മ്മ എന്ന മന്ത്രവാദിയുടെ വാദമാണ് അവിടെ പൊളിഞ്ഞുവീണത്.

സുരേന്ദര്‍ ശര്‍മ്മയുമായുള്ള സംവാദത്തിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്. ഇതിന്റെ വസ്തുതകള്‍ ദൈവവിശ്വാസികളായ സാമാന്യജനത്തിന് പോലും ബോധ്യപ്പെട്ടിട്ടുണ്ടാകും. ഒരു വിഭാഗം അത് ദൈവപ്രവൃത്തിയാണെന്ന് വിശ്വസിക്കുന്നുണ്ടാകാമെങ്കിലും ഒരു ശാസ്ത്രീയസത്യം അനാവരണം ചെയ്തതിന് ഒരു ജനാധിപത്യരാജ്യത്ത് മതനിന്ദയുടെ പേരില്‍ തടവിലാക്കപ്പെടുന്നുവെന്നതാണ് വിഷയം.

വര്‍ഷങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ തന്നെ ഗണപതി പാലുകുടിക്കുന്നുവെന്ന വാര്‍ത്തയുണ്ടാക്കിയ പ്രകമ്പനം വളരെ വലുതായിരുന്നു. പാലുകുടിക്കുന്ന ഗണപതിയും കണ്ണീരൊഴുക്കുന്ന കന്യാമറിയയും സുഗന്ധദ്രാവകം സ്രവിക്കുന്ന കല്‍ക്കുരിശും എല്ലാം തന്നെ ഇത്തരം അത്ഭുതലോകത്തിന്റെ വിശ്വാസപരിണാമം ലോകത്തെ ബോധ്യപ്പെടുത്തുന്നു.

ഗണപതിയുടെ പാലുകുടി അക്കാലത്ത് രാജ്യം മുഴുവന്‍ വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. കൊളോയ്ഡ് എന്നറിയപ്പെടുന്ന, പാലിലെ ജൈവ തന്മാത്രകളുടെ പ്രവര്‍ത്തനമാണ് ഈ 'അത്ഭുതപ്രവൃത്തിയ്ക്ക്' കാരണമെന്ന് വിശദീകരിച്ചിട്ടും വിശ്വാസികളോ പുരോഹിതരോ ഇത് മുഖവിലക്കെടുത്തില്ല. വെള്ളത്തെ ആഗിരണം ചെയ്യുന്ന മണ്ണുകൊണ്ട് ഉണ്ടാക്കിയവയാണ് ഈ വിഗ്രഹങ്ങള്‍. പാലുകുടിയുടെ ശാസ്ത്രീയസത്യം അനാവരണം ചെയ്യാനുള്ള ശ്രമങ്ങളെ അന്ന് പല ഹിന്ദുസംഘടനകളും കടുത്ത അസഹിഷ്ണുതയോടെയാണ് എതിര്‍ത്തുതോല്‍പ്പിച്ചത്.

മകരവിളക്ക് കത്തിക്കുന്നതാണെന്ന് സമ്മതിച്ചുതരാന്‍ ദേവസ്വംബോര്‍ഡിനും ഹൈന്ദവസംഘടനകള്‍ക്കും അതിന്റെ അനാവരണസത്യങ്ങള്‍ പുറത്തുവന്ന് എത്രയോ വര്‍ഷങ്ങള്‍ കഴിയേണ്ടിവന്നുവെന്നത് ചരിത്രസത്യമാണ്. 60-കള്‍ മുതല്‍ നടക്കുന്നതാണ് യുക്തിവാദസംഘത്തിന്റെ നേതൃത്വത്തിലുള്ള മകരവിളക്ക് കത്തിക്കല്‍ വിശദീകരണം. അവര്‍ കൊടുംകാട്ടിലൂടെ അവിടെ പോയി കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ വെളിപ്പെടുത്തിയിട്ടുപോലും സര്‍ക്കാരോ സംഘടനകളോ ദേവസ്വം ബോര്‍ഡോ അത് സമ്മതിച്ചിരുന്നില്ല. ഈ അടുത്തകാലത്താണ് അത് കൊളുത്തുന്നതാണെന്ന് ദേവസ്വംബോര്‍ഡ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.

മണര്‍കാട് മാര്‍ത്താമറിയം യാക്കോബായ കത്തീഡ്രലിലെ കല്‍ക്കുരിശില്‍ നിന്ന് സുഗന്ധദ്രാവകം സ്രവിക്കുന്നുവെന്ന് പറഞ്ഞ് വിശ്വാസികള്‍ ഓടിക്കൂടി ആരാധന തുടങ്ങിയത് കുറച്ചുനാളുകള്‍ക്ക് മുമ്പുമാത്രം. ആയിരക്കണക്കിന് വിശ്വാസികളാണ് പള്ളിയിലേക്ക് പ്രവഹിച്ചത്. സുഗന്ധദ്രാവകം ഒഴുകുന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് മാര്‍ത്താമറിയം പള്ളിയില്‍ പ്രാര്‍ത്ഥനാസമയം കൂട്ടുകയും ചെയ്തു. കേരളത്തിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയില്‍ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ എന്ന മണര്‍കാട് പള്ളി.

എരുമേലിക്കടുത്ത് മഞ്ഞളരുവി എന്ന സ്ഥലത്ത് കന്യാമറിയത്തിന്റെ ഫോട്ടോയില്‍ നിന്നും രക്തം ഒലിച്ചിറങ്ങി എന്ന പ്രചരണവും അടുത്തിടെയുണ്ടായിരുന്നു. കന്യാമറിയത്തെ കാണാന്‍ ആകാശത്തേക്കു നോക്കിയവരുടെ കാഴ്ച സൂര്യതാപമേറ്റ് തകരാറിലായതിനെക്കുറിച്ചും നേരത്തെ വാര്‍ത്ത വന്നിരുന്നു. ആലപ്പുഴയിലെ പുന്നപ്രയില്‍ അടുത്തിടെ 70 ദിവസം മാത്രമുള്ള തന്റെ കുഞ്ഞിനെ പിതാവ് നിലത്തടിച്ചുകൊന്നത് കുട്ടിയ്ക്ക് ജന്മനാ തന്നെ പല്ല് മുളച്ചിരുന്നതിന്റെ പേരിലാണത്രെ. ജന്മനാ പല്ല് മുളച്ചതുകൊണ്ടാകുന്ന കുട്ടി ദുശ്ശകുനമാണെന്നും രക്ഷിതാക്കള്‍ക്ക് ദോഷമുണ്ടാകുമെന്നും ഉള്ള ഒരു ജ്യോത്സ്യ പ്രവചനമാണ് ഇതിന് കാരണം. കുഞ്ഞുങ്ങളുടെ പിറവിയിലുള്ള എന്തെങ്കിലും പ്രത്യേകതകള്‍ എടുത്തുപറഞ്ഞ് അവരെ ദൈവാവതാരമാക്കി വിശ്വാസകച്ചവടം നടത്തുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യയില്‍ സര്‍വസാധാരണമാണ്.

ആത്മീയ വ്യവസായം കേരളത്തിനോ പൊതുവില്‍ ഇന്ത്യയ്‌ക്കോ പുത്തരിയല്ല. പോട്ട ധ്യാനകേന്ദ്രത്തിലെ ദുരൂഹമരണങ്ങള്‍ സംബന്ധിച്ച് ധ്യാനകേന്ദ്രം അധികൃതര്‍ക്കെതിരായ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന് അല്‍പ്പായുസ്സായിരുന്നു. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കാനായി കോടികള്‍ ചെലവിട്ട് പള്ളി പണിയാനുള്ള മുസ്‌ലീങ്ങളിലെ ഒരു വിഭാഗത്തിന്റെ തീരുമാനം വലിയ വിവാദങ്ങള്‍ക്കും ഈ മതത്തിലെ തന്നെ മറ്റ് വിഭാഗങ്ങളുടെ കടുത്ത വിമര്‍ശനത്തിനും ഇടയായ സംഭവം ഇപ്പോഴും അടങ്ങിയിട്ടില്ല. ഇത്തരം നിരവധി ആത്മീയ വ്യവസായകേന്ദ്രങ്ങള്‍ തഴച്ചുവളരുന്ന വളക്കൂറുള്ള മണ്ണായി ഇന്ത്യയിലെ പല ഭാഗങ്ങളേയും പോലെ തന്നെയാണ് കേരളവും.


സനല്‍ ഇടമറുകിന്റെ കേസില്‍ നിയമനടപടികള്‍ അവസാനിച്ചിട്ടില്ല. സനല്‍ ഇടമറുകിന് നിയമസഹായം നല്‍കാനായി രാജ്യത്തിനകത്തും പുറത്തും നിരവധിപേര്‍ രംഗത്തുവന്നിട്ടുണ്ട്്. അവര്‍ ധനസമാഹരണം നടത്തുകയും ചെയ്യുന്നുണ്ട്. രാജ്യത്തെ അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ എന്‍.ഡി.പാഞ്ചോളിയാണ് കമ്മിറ്റിയുടെ കണ്‍വീനര്‍. സനല്‍ ഇടമറുക് എപ്പോള്‍ വേണമെങ്കിലും അറസ്റ്റ് ചെയ്യപ്പെടാം. സനല്‍ നടത്തിയത് മതനിന്ദയാണോ, തെറ്റിദ്ധരിപ്പിക്കപ്പെട്ട വസ്തുതയെ ശാസ്ത്രീയമായി തുറന്നുകാണിക്കാനുള്ള ശ്രമമല്ലേ എന്ന സുപ്രധാന ചോദ്യത്തിന് ഉത്തരം പറയാതെയാണ് അധികൃതര്‍ തീര്‍ത്തും പ്രതിലോമപരമായ ശ്രമങ്ങള്‍ തുടരുന്നത്.

Fun & Info @ Keralites.netലോകപ്രശസ്തനായ ഇറാന്‍ സംവിധായകന്‍ മക്മല്‍ബഫിന്റെ സ്‌ക്രീം ഓഫ് ആന്റ്‌സ് എന്ന സിനിമ, ദിവ്യാത്ഭുതം സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു ഇന്ത്യന്‍ സന്യാസിയെ തേടി പോകുന്ന ഒരു ഇറാന്‍ സ്ത്രീയുടെ കഥയാണ് പറയുന്നത്. അതില്‍ കൈവിരല്‍ ചൂണ്ടി ട്രെയിന്‍ നിര്‍ത്തുന്ന ഒരു സന്യാസിയെ കാണിക്കുന്നുണ്ട്. സന്യാസി വിരല്‍ചൂണ്ടി പാളത്തിലിരിക്കുന്നു. ട്രെയിന്‍ അദ്ദേഹത്തിന് മുന്നില്‍ വന്ന് നില്‍ക്കുന്നു. ഉടന്‍ തന്നെ അവിടെ കൂടി നില്‍ക്കുന്ന നൂറുകണക്കിന് ഭക്തര്‍ അദ്ദേഹത്തെ തിരികെ ആശ്രമത്തിലേക്ക് എടുത്തുകൊണ്ടുപോകുകയും ചെയ്യും. ഈ ചടങ്ങ് പതിവായി തുടര്‍ന്ന് ഭക്തരില്‍ നിന്ന് ആശ്രമക്കാര്‍ പണം പിരിക്കും. വൃദ്ധനായ സന്യാസിയോട് ഇറാന്‍ സ്ത്രീയുടെ ഭര്‍ത്താവ് ഈ അത്ഭുതം എങ്ങനെ ചെയ്യുന്നുവെന്ന് ചോദിക്കുമ്പോള്‍ ''നടക്കാന്‍ പോലുമാകാത്ത തന്നെ പാളത്തിലിരുത്തിയാല്‍ പിന്നെ എങ്ങനെ അവിടെ നിന്ന് എണീറ്റ് പോകാനാണ്'' എന്ന മറുചോദ്യമാണ് സന്യാസി ഉന്നയിക്കുന്നത്. ''എന്തോ ഭാഗ്യം കൊണ്ട് ട്രെയിന്‍ ഇടിച്ച് ചാവുന്നില്ല'' എന്നും അയാള്‍ ആത്മഗതം നടത്തുന്നു. ഈ സന്ദര്‍ഭം ഇത്തരം ദിവ്യാത്ഭുതക്കാരുടെ യഥാര്‍ത്ഥ അവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നു.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___