അതൊരുകാലം | | മനുഷ്യരുടെ ക്രൂരതയ്ക്കു മുന്‍പില്‍ തലതല്ലി ചത്തുവീഴാനായിരുന്നു തൃശ്ശൂരിലെ സിംഹങ്ങളുടെ വിധി. ഇരുമ്പഴിക്കുള്ളില്‍ ജനിച്ച് ഇരുമ്പഴിക്കുള്ളില്‍ വളര്‍ന്ന് അവിടെത്തന്നെ ഒതുങ്ങിയവ. മൃഗശാലയിലെ അവസാനത്തെ സിംഹവും വ്യാഴാഴ്ച കൂടൊഴിഞ്ഞു.
ഒരുകാലത്ത് ഏറ്റവും കൂടുതല്‍ സിംഹങ്ങളുള്ള മൃഗശാല തൃശ്ശൂരിലേതായിരുന്നു. ഒഴിഞ്ഞ കൂടിനു ചുറ്റും ഇന്നും കാഴ്ചക്കാരന്റെ ആര്‍പ്പുവിളികളിരമ്പുന്നുണ്ട്. പഴയ പ്രതാപത്തിന്റെ പലിശയിലാണ് മൃഗശാല ഇന്ന് കാഴ്ചക്കാരെ ക്ഷണിക്കുന്നത്. മിഗശാലയിലെ മൃഗങ്ങളുടെ എണ്ണം നാള്‍ക്കുനാള്‍ കുറഞ്ഞുവരികയാണ്. കാശ് മുടക്കി ടിക്കറ്റെടുത്ത് അകത്തു കയറുന്നവര്‍ക്കു നേരെ ഒഴിഞ്ഞ കൂടുകള്‍ കൊഞ്ഞനം കുത്തുന്നു. പുലിയും സിംഹവും കരടിയും കടുവയുമായി പ്രതാപത്തില്‍ കഴിഞ്ഞ മൃഗശാലയ്ക്ക് നഷ്ടത്തിന്റെ കഥകളാണിന്ന് പറയാനുള്ളത്. മൃഗങ്ങളുടെ പ്രായാധിക്യംമൂലവും, അടിസ്ഥാന സൗകര്യങ്ങളുടെ വീഴ്ചയും കാരണം ഇവിടത്തെ ജീവികള്‍ ചത്തൊടുങ്ങുകയാണ്. മൃഗശാലയുടെ സ്ഥലംമാറ്റത്തെ ചൊല്ലിയുള്ള വാദങ്ങള്‍ അറ്റകുറ്റപ്പണികളെ പോലും തടസ്സപ്പെടുത്തുന്നു. മൃഗശാലയിലെ അവസാനത്തെ സിംഹവും വ്യാഴാഴ്ച ചത്തു. ഇന്ന് കാലൊച്ചകളില്ലാത്ത സിംഹക്കൂട് കണ്ടു മടങ്ങുന്നവര്‍ അറിയണം, തൃശ്ശൂരിലെ പഴയ സിംഹക്കുട്ടികളെ കുറിച്ച്...
റാന്തല്‍വെട്ടത്തിലെ തീക്കണ്ണുകള്‍ ഒരുകാലത്ത് തൃശ്ശൂര്‍ മൃഗശാലയില്‍ തീക്കണ്ണുകള്‍ ജ്വലിച്ചിരുന്നു. ഇരുപത്തിമൂന്ന് സിംഹങ്ങള്‍ വരെ മൃഗശാലയിലുണ്ടായിരുന്നു. ജീവനക്കാരുടെ കുറവിലും കൃത്യമായ പരിചരണത്തില്‍ അവ തലയുയര്‍ത്തി നിന്നു.
ഇരുപത് സിംഹങ്ങള്‍ നിറഞ്ഞുനിന്ന തൃശ്ശൂര്‍ മൃഗശാലയുടെ ചിത്രം മുന്‍ ജീവനക്കാരന്‍ പാട്ടത്തില്‍ വേലായുധന്‍ നായരുടെ മനസ്സിലിന്നും മായാതെ കിടപ്പുണ്ട്.
''സിംഹങ്ങളുടെ എണ്ണപ്പെരുപ്പം മിക്കപ്പോഴും തലവേദനയായിരുന്നു. കായികശക്തി കൂടിയവ തമ്മില്‍ പലപ്പോഴും ബലപരീക്ഷണങ്ങള്‍ നടത്തും. കൂടുമാറ്റിയാണ് ഇവയെ നിയന്ത്രിച്ചത്. കയറിട്ട് ബന്ധിച്ച് ജീവനക്കാരെല്ലാം ചേര്‍ന്നാണ് അന്ന് സിംഹങ്ങളെ ബ്ലോക്ക് മാറ്റിയത്. ശാസ്ത്രീയ സംവിധാനങ്ങളൊന്നുമുണ്ടായിരുന്നില്ല''-ഓര്‍മ്മകള്‍ സടകുടഞ്ഞു.
സിംഹപ്രസവം തടവറയ്ക്കുള്ളിലെ സിംഹപ്രസവം അന്ന് തൃശ്ശൂരിലെ അത്ഭുതക്കാഴ്ചയായിരുന്നില്ല. അഞ്ചു വര്‍ഷത്തിനിടെ 27 സിംഹക്കുട്ടികള്‍ വരെ തൃശ്ശൂരില്‍ ജനിച്ചിട്ടുണ്ട്. സിംഹങ്ങളുടെ പെറ്റുപെരുകല്‍ അധികൃതരെ പലപ്പോഴും വിഷമത്തിലാക്കി. സ്ഥലപരിമിതിയും മൃഗങ്ങളുടെ എണ്ണക്കൂടുതലും അന്ന് വലിയ വെല്ലുവിളി ഉയര്‍ത്തി.
1955 ഓടെ തൃശ്ശൂരില്‍ പെണ്‍സിംഹങ്ങള്‍ മാത്രമായി ചുരുങ്ങിയപ്പോഴാണ് വംശവര്‍ദ്ധനവിന് ചെറിയൊരാശ്വാസം വന്നത്. 1974 ല്‍ തിരുവനന്തപുരത്തുനിന്ന് ആണ്‍സിംഹത്തെ കൊണ്ടുവന്നതോടെ കൂടുകള്‍ വീണ്ടും സജീവമായി. 1980കള്‍ വരെ മിക്ക വര്‍ഷങ്ങളിലും ഇവിടെ രണ്ടും മൂന്നും പ്രസവങ്ങള്‍ നടന്നു.
1975 മുതല്‍ തുടര്‍ച്ചയായി നാലുവര്‍ഷം പ്രസവിച്ച സിംഹമായിരുന്നു കൂട്ടിലെ രാജ്ഞി. മൊത്തം പതിനൊന്നു കുട്ടികള്‍ക്കാണ് ഇത് ജന്മം നല്‍കിയത്.
തള്ളയില്‍ നിന്നു മാറ്റിയ സിംഹക്കുട്ടികളെ മൃഗശാലയിലെ ജീവനക്കാര്‍ മടിയിലിരുത്തി നിപ്പിളിട്ട കുപ്പിയിലൂടെ പാല്‍ നല്‍കിയാണ് പോറ്റിവളര്‍ത്തിയത്. സിംഹത്തിന്റെ എണ്ണക്കൂടുതല്‍ രൂക്ഷമായപ്പോള്‍ കുട്ടികളെ റെക്പൂരിലെ ഒരു സര്‍ക്കസ് കമ്പനിക്ക് വിറ്റതായും രേഖകളുണ്ട്.
മൃഗരാജാവിന് ഫാമിലി പ്ലാനിങ് കേരളത്തില്‍ ആദ്യമായി സിംഹങ്ങള്‍ക്കുള്ള വന്ധ്യംകരണ ശസ്ത്രക്രിയ നടന്നത് തൃശ്ശൂര്‍ മൃഗശാലയിലാണ്. അമേരിക്കയില്‍ നിന്നെത്തിയ ഒരു വനിതാ ഡോക്ടര്‍ മൈസൂരില്‍ നടത്തിയ ശസ്ത്രക്രിയയുടെ വിജയത്തെ തുടര്‍ന്നാണ്. 1988ല്‍ തൃശ്ശൂരില്‍ മൊത്തം 21 സിംഹങ്ങളുണ്ടായിരുന്നു. അതില്‍ പതിനൊന്നെണ്ണം ആണാണ്. അവയില്‍ ഒന്‍പതെണ്ണത്തിനാണ് ശസ്ത്രക്രിയ നടത്തിയത്.
കറുത്ത സിംഹം തൃശ്ശൂര്‍ മൃഗശാലയുടെ മാത്രം പ്രത്യേകതയായിരുന്നു 'കറുത്ത സിംഹങ്ങള്‍'. മൃഗപഠന പട്ടികയിലൊന്നും കറുത്ത സിംഹത്തെ കാണില്ല. ജനനവുമായി ബന്ധപ്പെട്ട തകരാറില്‍ നിറം കറുത്തുപോയതായിരുന്നു. ഇത്തരം മൂന്ന് കറുത്ത സിംഹങ്ങള്‍ തൃശ്ശൂരിലുണ്ടായിരുന്നു.
ജനിച്ച ഉടനെ ചുവപ്പുനിറമായിരുന്നു. ദേഹത്ത് രോമമുണ്ടായിരുന്നില്ല. പിന്നീട് നിറം കറുപ്പായി മാറി. അതോടെ രോമമില്ലാത്ത സിംഹം കരിസിംഹമായി മാറി.
സിംഹക്കുട്ടികള്‍ക്കൊപ്പംനിന്ന് ഫോട്ടോ എടുത്തും അവറ്റകളെ മടിയിലിരുത്തി ഓമനിച്ച് പാല്‍ നല്‍കിയും കഴിഞ്ഞ സര്‍വീസ്‌കാലം റിട്ടയര്‍ ചെയ്ത കുണ്ടനങ്ങാട്ട് നാരായണന്‍കുട്ടിയുടെ മനസ്സിലുണ്ട്.
മൃഗശാലയില്‍ സിംഹത്തിന്റെ കൂടൊഴിഞ്ഞെന്ന വാര്‍ത്ത മൃഗശാലയിലെ റിട്ട. ജീവനക്കാരെ വേദനിപ്പിക്കുന്നുണ്ട്. കൂടുകള്‍ക്കു മുന്‍പില്‍ തിരക്കൊഴിയാത്തൊരു കാലം വരുമെന്നും പ്രതീക്ഷിക്കാനാണിവര്‍ക്കിഷ്ടം.
|
|
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.