[www.keralites.net] കന്യകാത്വ ശസ്ത്രക്രിയ

 

യൂറോപ്പില്‍ 'കന്യകാത്വ ശസ്ത്രക്രിയ' വര്‍ദ്ധിക്കുന്നു


യൂറോപ്പിലെ യുവതികള്‍ വിവാഹത്തിന് മുമ്പ് തങ്ങള്‍ കന്യകളായിരുന്നു എന്ന് സ്ഥാപിക്കുന്നതിനായി 'കന്യകാത്വ ശസ്ത്രക്രിയ' ചെയ്യുന്നത് വര്‍ദ്ധിക്കുന്നു. മതപരവും സാംസ്‌കാരികവുമായ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇവരിത് ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നത്. യൂറോപ്പിലെ മുസ്‌ലിം മതവിഭാഗത്തിലെ യുവതികള്‍ക്കിടയിലാണ് ഈ ശസ്തക്രിയ പ്രത്യേകിച്ചും വര്‍ദ്ധിക്കുന്നത്.

ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യുവതലമുറയ്ക്കുമേല്‍ വല്ലാത്ത സമ്മര്‍ദ്ദമുണ്ടെന്ന് ചിലരെങ്കിലും വാദിച്ചേക്കും-പ്രത്യേകിച്ചും പാശ്ചാത്യലോകത്ത്. പ്രകോപനപരമായ പരസ്യങ്ങളും യുവ സെലിബ്രിറ്റികളെക്കുറിച്ചുള്ള കഥകളും യുവജനങ്ങളെ വല്ലാതെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ലോകത്താകമാനമുള്ള ചില യുവതികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമേലുള്ള സമ്മര്‍ദ്ദം മറ്റൊരുതരത്തിലുള്ളതാണ്-വിവാഹം കഴിക്കുംവരെ കന്യകകളായി തുടരാനുള്ള സമ്മര്‍ദ്ദം.

ഇൗ സാഹചര്യത്തില്‍ വിവാഹപൂര്‍വ ലൈംഗികബന്ധങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ അക്രമങ്ങളുണ്ടാവുകയും അവരെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ ഒരു പ്രത്യേക ശസ്ത്രക്രിയ സ്ത്രീകള്‍ക്ക് രക്ഷയാകുന്നു. 'കന്യകാത്വ ശസ്ത്രക്രിയ' എന്ന പേരിലറിയപ്പെടുന്ന ഈ ശസ്തക്രിയയിലൂടെ ശാരീരികമായെങ്കിലും കന്യകകളാണെന്ന് സ്ഥാപിക്കാനാകും. ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീകളുടെ കന്യാചര്‍മം ശസ്ത്രക്രിയയിലൂടെ പൂര്‍വസ്ഥിതിയിലാക്കുന്നതാണ് 'കന്യകാത്വ ശസ്ത്രക്രിയ'. ഈ ശസ്ത്രക്രിയ ചെയ്യുന്നതോടെ അടുത്ത തവണ ഇവര്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ രക്തം പൊടിയുമെന്ന് ഉറപ്പുവരുത്തപ്പെടുന്നു.

ഫ്രാന്‍സിലെ മുസ്‌ലിം യുവതിയായ ഇരുപത്തിരണ്ടുകാരി ക്രിസ്റ്റീന്‍ ഈ ശസ്ത്രക്രിയ ചെയ്യാന്‍ നിര്‍ബന്ധിതയായത് കുടുംബത്തിന്റെ യാഥാസ്തിഥികത്വം കൊണ്ടാണെന്ന് അവര്‍ പറയുന്നു. കുടംബത്തിലെ ആരും അറിയാതെയാണ് ഞാന്‍ ഈ ശസ്ത്രക്രിയ ചെയ്തത്-ക്രിസ്റ്റീന്‍ പറയുന്നു. ഈ ജൂലായ് മാസത്തില്‍ വിവാഹിതയാകുന്ന ക്രിസ്റ്റീന് ഈ ശസ്ത്രക്രിയ നിര്‍ണായകമാണെന്ന് അവര്‍ തന്നെ പറയുന്നു. വിവാഹം കഴിക്കാന്‍ കന്യകാത്വ സര്‍ട്ടിഫിക്കറ്റ് ലഭിക്കേണ്ടത് തന്റെ മതപ്രകാരമുള്ള ആചാരമാണ്. താന്‍ സത്യം പറഞ്ഞാല്‍ പലരുടെയും തലയുരുളും. തന്നെ കുടുംബത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യും-ക്രിസ്റ്റീന്‍ പറയുന്നു. ഒരു ടി.വി പരിപാടിയിലൂടെയാണ് ക്രിസ്റ്റീന്‍ കന്യകാത്വ ശസ്ത്രക്രിയയെക്കുറിച്ച് മനസിലാക്കുന്നത്. യൂറോപ്പില്‍ ഈ ശസ്ത്രക്രിയ ചെയ്ത നിരവധി സ്ത്രീകളില്‍ ഒരാള്‍ മാത്രമാണ് ക്രിസ്റ്റീന്‍. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ ഈ ശസ്ത്രക്രിയയുടെ പ്രചാരം നിത്യേനമെന്നോണം വര്‍ദ്ധിക്കുകയാണ്.

വിവാഹത്തിന് മുമ്പ് കന്യകകളാണെന്ന് തെളിയിക്കുന്നതിനായി നിരവധി യുവതികളാണ് തന്റെയടുത്ത് ഈ ശസ്ത്രക്രിയയ്ക്കായി എത്തുന്നതെന്ന് ജര്‍മനിയിലുള്ള ഡോ.സ്‌റ്റെഫാന്‍ ഗുന്തര്‍ പറയുന്നു. ഇവരില്‍ ഭൂരിഭാഗവും മുസ്‌ലിം യുവതികളാണെന്ന് ഡോക്ടര്‍ പറയുന്നു.

മറ്റ് ശസ്ത്രക്രിയകള്‍ പോലെയല്ല മറിച്ച് വളരെ രഹസ്യമായാണ് 'കന്യകാത്വ ശസ്ത്രക്രിയ' നടത്തുന്നത്. ഡോ.സ്‌റ്റെഫാനെ ഈ ശസ്ത്രക്രിയയ്ക്കായി സമീപിക്കുന്ന യുവതികളെല്ലാം തങ്ങള്‍ ഇത് ചെയ്തവരാണെന്ന് പുറത്തറിയരുതെന്ന് ആഗ്രഹിക്കുന്നവരാണ്. ശസ്ത്രക്രിയ നടത്തി അര മണിക്കൂറിനുള്ളില്‍ രോഗികള്‍ക്ക് തിരിച്ച് വീട്ടില്‍ പോകാം. ഇങ്ങിനെയൊന്ന് നടന്നെന്ന് ആരും അറിയുകയുമില്ല-ഡോ.സ്‌റ്റെഫാന്‍ പറയുന്നു. ശസ്ത്രക്രിയ നടത്തുന്ന ഒരു യുവതിയും പേരും മേല്‍വിലാസവും നല്‍കാറില്ല.

ജര്‍മനിയില്‍ എത്ര കന്യകാത്വ ശസ്ത്രക്രിയ നടന്നിട്ടുണ്ടെന്ന് അറിയാന്‍ കഴിയില്ല. കാരണം ശസ്ത്രക്രിയയുടെ പ്രതിഫലം സ്വകാര്യമായി നല്‍കുന്നതിനാല്‍ ആരോഗ്യ ഇന്‍ഷൂറന്‍സിന്റെ പരിധിയില്‍ വരാറില്ല. ഇത്തരം ശസ്ത്രക്രിയകള്‍ എത്രെണ്ണം നടന്നെന്ന് രേഖപ്പെടുത്താന്‍ ഡോക്ടര്‍മാര്‍ക്കുമേലും സമ്മര്‍ദ്ദമില്ല. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡോ.ഗുന്തര്‍ ഓരോ വര്‍ഷവും 10 മുതല്‍ 15 വരെ തൊട്ട് 75 മുതല്‍ 100 വരെ ശസ്ത്രക്രിയയകള്‍ നടത്തിയിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലും കന്യകാത്വ ശസ്ത്രക്രിയകള്‍ വര്‍ദ്ധിച്ചതിന് തെളിവുകളുണ്ട്. നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ കണക്കുപ്രകാരം 2009ല്‍ യു.കെയില്‍ 30 കന്യകാത്വ ശസ്ത്രക്രിയകള്‍ നടന്നിട്ടുണ്ട്. 2005ലെ കണക്കുകള്‍ വെച്ച് നോക്കുമ്പോള്‍ ഇതില്‍ 20 ശതമാനം വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. കണക്കുകളില്ലാതെ നടന്ന കന്യകാത്വ ശസ്ത്രക്രിയകള്‍ ഇതിലും വളരെ കൂടുതലാണ്.

ഫ്രാന്‍സിലും ഈ ശസ്ത്രക്രിയയുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്.

ക്രിസ്റ്റീനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത് ഡോ.മാര്‍ക്ക് അബക്കാസിസ് ആണ്. ഒരാഴ്ചയില്‍ മൂന്ന് മുതല്‍ അഞ്ച് വരെ കന്യകാത്വ ശസ്ത്രക്രിയകളാണ് ഡോ.മാര്‍ക്ക് ചെയ്യുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ ശസ്ത്രക്രിയയ്ക്ക് ലഭിക്കുന്ന പ്രചാരത്തിന് അദ്ദേഹം ക്രെഡിറ്റ് നല്‍കുന്നത് ഇന്റര്‍നെറ്റിനാണ്. കാരണം ഇന്റര്‍നെറ്റ് വഴിയാണ് ഈ ശസ്ത്രക്രിയയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമായത്. തങ്ങള്‍ കന്യകകളല്ല എന്നറിയുമ്പോള്‍ കുടുംബാംഗങ്ങളുടെ പ്രതികരണമോര്‍ത്തുള്ള ഭയമാണ് ക്രിസ്റ്റീനിനെപ്പോലെ നിരവധി പേരെ ഈ ശസ്ത്രക്രിയയ്ക്ക് നിര്‍ബന്ധിതരാക്കുന്നതെന്ന് ഡോ.മാര്‍ക്ക് പറയുന്നു. ഈ ശസ്ത്രക്രിയയ്ക്കായി സമീപിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് അത്യാവശ്യമാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടാല്‍ ഞങ്ങളതിന് തയ്യാറാകും. മിക്കപ്പോഴും അത് വളരെ പ്രധാനവുമാകുന്നു-ഡോ.മാര്‍ക്ക് വിശദീകരിക്കുന്നു. ഞങ്ങള്‍ ഒരിക്കലും ഇവരെ സംശയിച്ചിട്ടില്ല. ചിലപ്പോഴൊക്കെ അവര്‍ അപകടത്തിലാകാറുണ്ട്. ശാരീരികമായിട്ടല്ലെങ്കില്‍ മാനസികമായി-ഡോക്ടര്‍ പറഞ്ഞു.

കൂടുതലും മുസ്‌ലിം സമുദായത്തില്‍ നിന്നുള്ളവരാണ് സമീപിക്കുന്നതെങ്കിലും ഡോക്ടര്‍മാരായ ഗുന്തറും മാര്‍ക്കും ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നുള്‍പ്പടെ വ്യത്യസ്ത മത-സാംസ്‌കാരിക പശ്ചാത്തലത്തില്‍ നിന്നുള്ളവര്‍ക്കും ഈ ശസ്ത്രക്രിയ ചെയ്തുകൊടുത്തിട്ടുണ്ട്. യാഥാസ്ഥിതിക കുടുംബ പാരമ്പര്യവും മതപരമായ സങ്കീര്‍ണതകളുമാണ് പൊതുവായി ഈ ശസ്തക്രിയയ നടത്താന്‍ യുവതികളെ പ്രേരിപ്പിക്കുന്നത്.

എന്നാല്‍, മതപരവും സാംസ്‌കാരികവുമായ സമ്മര്‍ദങ്ങളെ അതിജീവിക്കാനുള്ള യഥാര്‍ത്ഥ പരിഹാരം കന്യകാത്വ ശസ്ത്രക്രിയയാണെന്ന് എല്ലാവരും വിശ്വസിക്കുന്നില്ല. സ്ത്രീകളുടെ അവകാശത്തിനായി നിലകൊള്ളുന്ന ജര്‍മനിയിലെ സംഘടനയായ ടെറെ ദെസ് ഫെമ്മെസ് ഈ ശസ്ത്രക്രിയയ്ക്ക് എതിരാണെന്ന് സംഘടനയുടെ പ്രതിനിധിയായ ആങ്കെ വോള്‍ഫ്-ഗ്രാഫ് പറഞ്ഞു.

എന്നാല്‍ ഭീഷണി മൂലം ഒരു സ്ത്രീയുടെ മാനസികമോ ശാരീരികമോ ആയ ആരോഗ്യം ശരിയായ നിലയിലല്ലെങ്കില്‍ ഈ ശസ്തക്രിയയെ തള്ളിക്കളയാനാവില്ലെന്നത് അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ മൂല്യപരമായി ഇതൊരു പരിഹാരമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. കാരണം കന്യകാത്വത്തിന്റെ വില കണക്കാക്കുന്നതിലേയ്ക്കാണ് ഈ ശസ്തക്രിയ യുവതികളെ നയിക്കുക. ടെറെ ദെസ് ഫെമ്മെസ് പോലുള്ള സംഘടനകള്‍ യുവജനതയ്ക്ക് നല്‍കാനുദ്ദേശിക്കുന്ന സന്ദേശത്തിന് പൂര്‍ണമായും കടകവിരുദ്ധമായ സന്ദേശമാണ് ഈ ശസ്ത്രക്രിയകള്‍ നല്‍കുന്നത്-ആങ്കെ വോള്‍ഫ്-ഗ്രാഫ് പറയുന്നു. എന്നാല്‍ സ്വയം നിര്‍ണയ ലൈംഗികതയും കന്യാചര്‍മ പുന:സ്ഥാപനവും പൂര്‍ണമായും വ്യക്തിപരമായ ഒരു വിഷയമാണെന്ന് ആങ്കെ വോള്‍ഫ്-ഗ്രാഫ് വ്യക്തമാക്കുന്നു.

കന്യാകത്വ ശസ്ത്രക്രിയ നടത്തിയ ക്രിസ്റ്റീന്‍ ഈ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. തന്റെ സാംസ്‌കാരിക പരിസരങ്ങളില്‍ കന്യകാത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറുമെന്നും അതുവഴി ഇത്തരം ശസ്ത്രക്രിയയകള്‍ ഒഴിവാക്കാനാകുമെന്നും ക്രിസ്റ്റീന്‍ പ്രത്യാശിക്കുന്നു.

നാളെ എനിക്കൊരു മകളുണ്ടായാല്‍ അവള്‍ക്കുണ്ടായിട്ടുള്ള ലൈഗികബന്ധത്തെക്കുറിച്ച് എന്നോട് തുറന്ന് സംസാരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാര്യങ്ങള്‍ ഒളിച്ചുവയ്ക്കപ്പെടുന്നത് ഞാനിഷ്ടപ്പെടുന്നില്ല-ക്രിസ്റ്റീന്‍ പറയുന്നു. ലൈംഗികബന്ധങ്ങളെക്കുറിച്ചും മുന്‍കരുതലെടുക്കേണ്ടതിനെക്കുറിച്ചും ഞാന്‍ തീര്‍ച്ചയായും അവളുമായി സംസാരിക്കും. കന്യാകത്വ ശസ്ത്രക്രിയയ്ക്കായി ഏതെങ്കിലും ഡോക്ടറെ സമീപിക്കേണ്ടതുണ്ടെന്ന തോന്നല്‍ അവളിലുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കില്ല-ക്രിസ്റ്റീന്‍ തന്റെ നിലപാട് വ്യക്തമാക്കി.

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___